“ആകാശത്തിലെ വിശ്വസ്തസാക്ഷി”
ആദ്യമനുഷ്യൻ ഭൂമിയിലൂടെ നടന്നതിനു ദീർഘനാൾമുമ്പുമുതൽ ചന്ദ്രൻ നിശാനഭസ്സിൽ ഉജ്ജ്വലമായി ശോഭിച്ചിരിക്കുന്നു. ഒരു കാലത്ത് അനേകർ അതിനെ ഒരു ദേവതയായി ആരാധിച്ചു. മരണാനന്തരം ശുദ്ധിയുള്ള ദേഹികൾ അന്തിമമായി ചെന്നെത്തേണ്ടതു ചന്ദ്രനിലാണെന്നു ഗ്രീക്ക് ഗ്രന്ഥകാരനായ പ്ലൂട്ടാർക്ക് അവകാശപ്പെട്ടു. ബാൾട്ടിക് പുരാണത്തിൽ ചന്ദ്രൻ ഒരു പുരുഷനായിരുന്നു, സൂര്യന്റെ ഭർത്താവ്. അവർക്ക് ഒരു വൈവാഹിക വഴക്ക് ഉണ്ടായി. ചന്ദ്രൻ തന്റെ ഭാര്യയുടെ അടുക്കൽനിന്ന് ഓടിപ്പോകുകയും ആകാശങ്ങളിൽ അവളോടുകൂടെ അപൂർവമായിമാത്രം പ്രത്യക്ഷപ്പെടുകയും ചെയ്തു!
ഇന്ന് യുവകാമുകരും അത്ര യുവാക്കളല്ലാത്ത കാമുകരും ചന്ദ്രനിലേക്കു നോക്കുകയും പ്രേമാത്മകചിന്തകളിൽ വ്യാപരിക്കുകയും ചെയ്യുന്നു. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ ശാസ്ത്രജ്ഞൻമാർ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും ഗവേഷണത്തിനായി ചുരുക്കംചില കിലോഗ്രാം പാറ കൊണ്ടുവരുന്നതിനും വമ്പിച്ച തുകകൾ ചെലവഴിച്ചു. ചന്ദ്രനെ സംബന്ധിച്ച് ഒരു സംഗതി തീർച്ചയാണ്. ഓരോ ദിവസവും കൃത്യസമയത്തുതന്നെ അത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും. അതിന്റെ നിശ്ചിത കറക്കങ്ങളോട് അതു വളരെ വിശ്വസ്തമായി പററിനിൽക്കുന്നതിനാൽ കഴിഞ്ഞ ആയിരക്കണക്കിനു വർഷങ്ങളിലെ അതിന്റെ വൃദ്ധിക്ഷയങ്ങളെയും ഗ്രഹണങ്ങളെയും നമുക്കു കണക്കുകൂട്ടാൻ കഴിയും.
ഇസ്രയേല്യർ ചന്ദ്രനെ നോക്കിയപ്പോൾ, അവർ അത്ഭുതകരമായ ചിലതു ഓർത്തു. ദാവീദുരാജാവിന്റെ രാജവംശം നീങ്ങിപ്പോകുകയില്ലെന്നു ദൈവം വാഗ്ദാനംചെയ്തു. അവൻ പറഞ്ഞു: “അതു [ദാവീദിന്റെ സന്തതി] ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്ത സാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” (സങ്കീർത്തനം 89:35-37) “ദാവീദ്പുത്ര”നായ യേശുവിൽ ഈ പ്രവചനം നിവൃത്തിയായി. (ലൂക്കൊസ് 18:38) യേശു മരണശേഷം ഒരു അമർത്ത്യാത്മാവായി പുനരുത്ഥാനം പ്രാപിക്കുകയും സ്വർഗ്ഗാരോഹണംചെയ്യുകയും ചെയ്തു. (പ്രവൃത്തികൾ 2:34-36) തക്കസമയത്ത് അവൻ ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യത്തിന്റെ രാജാവായി അവരോധിതനായി. (വെളിപ്പാടു 12:10) ആ രാജ്യം ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുകയാണ്, അത് “എന്നേക്കും നിലനിൽക്കുകയും ചെയ്യും.” (ദാനിയേൽ 2:44) ഈ വിധത്തിൽ ദാവീദിന്റെ രാജകീയവംശത്തിന്റെ അമർത്ത്യ പ്രതിനിധിയായ യേശു, “ആകാശത്തിലെ വിശ്വസ്തസാക്ഷി”യായ ചന്ദ്രൻ നിലനിൽക്കുന്നടത്തോളം കാലം നിലനിൽക്കും.
അതുകൊണ്ട് നിശാനഭസ്സിൽ ചന്ദ്രൻ ഉജ്ജ്വലമായി ശോഭിക്കുന്നതു നിങ്ങൾ കാണുന്ന ഓരോ സമയത്തും ദാവീദിനോടുള്ള ദൈവത്തിന്റെ വാഗ്ദത്തം ഓർക്കുകയും, ദൈവമഹത്വത്തിനായും വിശ്വസ്തമനുഷ്യവർഗ്ഗത്തിന്റെ നിത്യാനുഗ്രഹത്തിനായും ദൈവരാജ്യം ഇപ്പോൾ ഭരിക്കുന്നതുനിമിത്തവും എന്നേക്കും ഭരിക്കുമെന്നുള്ളതുകൊണ്ടും നന്ദികൊടുക്കുകയും ചെയ്യുക.—വെളിപ്പാടു 11:15. (w93 1⁄1)
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Frank Zullo