അതിരാവിലെ ഉണരുന്നവൻ
മെഡിറററേനിയൻ പ്രദേശത്തെ ഏററവും ശ്രദ്ധേയമായ ഫലവൃക്ഷങ്ങളിൽ ഒന്നാണു ബദാംവൃക്ഷം. ജനുവരി അവസാനമോ ഫെബ്രുവരിയിലോ മററു മിക്ക മരങ്ങൾക്കും വളരെ മുമ്പെ ഇതു ശിശിരത്തിലെ അതിന്റെ മഹാസുഷുപ്തിയിൽനിന്ന് ഉണരുന്നു. എന്തൊരു ഉറക്കമുണരൽ! മുഴുവൃക്ഷവും കോമളമായ ഇളംചുവപ്പു പൂക്കളുടെയോ വെള്ളപ്പൂക്കളുടെയോ ആവരണമണിയുന്നു, വെള്ളപ്പൂക്കളാണെങ്കിൽ പ്രായമായവരുടെ വെളുത്ത മുടിയോട് ഏറെക്കുറെ സദൃശം—സഭാപ്രസംഗി 12:5 താരതമ്യം ചെയ്യുക.
പുരാതന എബ്രായർ ബദാംവൃക്ഷത്തെ, അതിന്റെ നേരത്തെയുള്ള പുഷ്പിക്കലിനെ സൂചിപ്പിച്ചുകൊണ്ട് “ഉറക്കമുണർത്തുന്നവൻ” എന്നു വിളിച്ചിരുന്നു. ഒരു സുപ്രധാന സന്ദേശം വ്യക്തമാക്കാൻ യഹോവ ഈ സഹജലക്ഷണത്തെ ഉപയോഗിച്ചു. തന്റെ ശുശ്രൂഷയുടെ ആരംഭത്തിങ്കൽ യിരെമ്യാവിനെ ഒരു ദർശനത്തിൽ ഒരു ബദാം കൊമ്പു കാണിച്ചു. അത് എന്തർത്ഥമാക്കി? യഹോവ വിശദീകരിച്ചു: “എന്റെ വചനം നിവർത്തിക്കേണ്ടതിന്നു ഞാൻ ജാഗരിച്ചുകൊള്ളും.”—യിരെമ്യാവു 1:12.
ബദാംവൃക്ഷം അതിരാവിലെ “ഉണരുന്നതു”പോലെതന്നെ യഹോവയാം ദൈവം അനുസരണക്കേടിന്റെ പരിണതഫലങ്ങളെക്കുറിച്ചു തന്റെ ജനത്തിനു മുന്നറിയിപ്പു നൽകാൻ തന്റെ പ്രവാചകൻമാരെ അയക്കുന്നതിന് ആലങ്കാരികമായി “അതിരാവിലെ എഴുന്നേ”ററിരുന്നു. (യിരെമ്യാവു 7:25, NW) തന്റെ പ്രവാചക വചനം സഫലമാകുന്നതുവരെ അവിടുന്നു വിശ്രമിക്കുകയില്ലായിരുന്നു—അവിടുന്ന് ‘ഉണർന്നിരിക്കു’മായിരുന്നു. അങ്ങനെ, പൊ.യു.മു. 607-ലായിരുന്നു, നിയമിത സമയത്ത്, വിശ്വാസത്യാഗിയായ യഹൂദാദേശത്തിൻമേൽ യഹോവയുടെ ന്യായവിധി വന്നത്.
സമാനമായ ഒരു ന്യായവിധി നാം ജീവിക്കുന്ന ദുഷ്ട വ്യവസ്ഥിതിക്കെതിരെ വരുമെന്നു ദൈവവചനം മുൻകൂട്ടിപ്പറയുന്നു. (സങ്കീർത്തനം 37:9, 10; 2 പത്രൊസ് 3:10-13) ഇത്തരം നീതിന്യായ നടപടിയെ പരാമർശിച്ചുകൊണ്ടു പ്രവാചകനായ ഹബക്കൂക്ക് നമുക്ക് ഉറപ്പു നൽകുന്നു: “ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; . . . അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.” (ഹബക്കൂക്ക് 2:3) തന്റെ വചനം നടപ്പിലാക്കുന്നതിനായി അതു സംബന്ധിച്ചു യഹോവ ഉണർന്നിരിക്കുമെന്നു മനോഹരമായ ബദാമിന്റെ പുഷ്പിക്കൽ നമ്മെ അനുസ്മരിപ്പിക്കുന്നു.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.