അവർ തന്റെ വിശ്വാസത്തിനുവേണ്ടി പൊരുതി
മൂന്നു വർഷംമുമ്പു സ്പെയ്നിലെ കാഡിസിൽ, യഹോവയുടെ സാക്ഷികളിലൊരുവളായ കാരിഡാഡ് ബാസാൻ ലിസ്ററാന് അത്യന്താപേക്ഷിതമായി ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. പിത്തകോശപിണ്ഡം അവർക്കു പനി വരുത്തുകയും രക്തപ്രവാഹത്തെ വിഷലിപ്തമാക്കുകയും ചെയ്തുകൊണ്ടിരുന്നു. അവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രക്തപ്പകർച്ച നിരസിക്കുന്നതിനുള്ള തന്റെ ബൈബിളധിഷ്ഠിതമായ നിലപാട് അവർ വിശദീകരിച്ചു. ഡോക്ടർമാർ രക്തംകൂടാതെ ശസ്ത്രക്രിയ ചെയ്യാമെന്നു സമ്മതിച്ചു. എങ്കിലും ശസ്ത്രക്രിയനടത്തുന്ന മുറിയിലേക്കു കൊണ്ടുപോകുന്നതിനു തൊട്ടുമുമ്പ് ഒരു പ്രമാണത്തിൽ ഒപ്പിടാൻ ഡോക്ടർമാർ അവരോട് ആവശ്യപ്പെട്ടു. രക്തത്തെ സംബന്ധിച്ചുള്ള സഹോദരിയുടെ തീരുമാനത്തെ ബഹുമാനിക്കാൻ അവർ മനസ്സൊരുക്കമുള്ളവരാണെന്നും, എന്നാൽ ഒരു അടിയന്തിരഘട്ടം വന്നാൽ ആവശ്യമെന്നു കരുതുന്ന ഏതു ചികിത്സയും നടത്തുന്നതിന് തങ്ങളെ അവർ അനുവദിക്കണമെന്നും ഈ പ്രമാണം സൂചിപ്പിച്ചു.
ആശുപത്രിയിൽ സന്നിഹിതനായിരുന്ന സഭയിലെ ഒരു മൂപ്പനും സാക്ഷിയായ കാരിഡാഡിന്റെ മകനും ചേർന്ന് അപ്രകാരം ഒരു ഫാറം ഒപ്പിടുന്നതിന്റെ അർഥത്തെപ്പററി കാരിഡാഡിനെ ഉപദേശിച്ചു. അടിയന്തിരഘട്ടത്തിൽ രക്തപ്പകർച്ച നടത്തുന്നതിന് അവരുടെ ഒപ്പ് ഡോക്ടർമാരെ അധികാരപ്പെടുത്തുമായിരുന്നു. അവരെ ശസ്ത്രക്രിയാമുറിയിലേക്കു കൊണ്ടുപോകുന്നതിനു മെഡിക്കൽ ഉദ്യോഗസ്ഥർ വന്നപ്പോൾ ആ കടലാസിൽ താൻ ഒപ്പിടുകയില്ല എന്ന് അവർ വിശദീകരിച്ചു. ഉടനെ അവരെ മുറിയിലേക്കു തിരികെക്കൊണ്ടുപോവുകയും അവരുടെ മനസ്സുമാററാൻ ശക്തമായി സമ്മർദം ചെലുത്തുകയും ചെയ്തു.
പല സംഭാഷണങ്ങൾക്കുശേഷം അവരെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ഫോറൻസിക് ജഡ്ജിയെ വിളിപ്പിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല. തന്നിൽ രക്തപ്പകർച്ചനടത്താൻ അവരെ അനുവദിച്ചാൽ ദൈവമുമ്പാകെ താൻ കുററക്കാരിയായിത്തീരുമെന്നു കരുതുന്നതായി കാരിഡാഡ് വിശദീകരിച്ചു. മോശൈക ന്യായപ്രമാണത്തിൻകീഴിൽ, ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നെങ്കിൽ, സഹായത്തിനായി നിലവിളിച്ചുകൊണ്ട് എതിർത്താൽ അവൾ കുററക്കാരി ആകുമായിരുന്നില്ല എന്ന് അവർ ചൂണ്ടിക്കാട്ടി. (ആവർത്തനം 22:23-27) “ഡോക്ടർമാർ എന്റെ ഹിതത്തെ അവഗണിക്കുകയും മനസ്സാക്ഷിയെ അതിക്രമിക്കുവാൻ മുതിരുകയും ആണ്, അതുകൊണ്ട് അവരെന്നെ ബലാത്സംഗം ചെയ്യുന്നുവെന്നപോലെ ഞാൻ എതിർക്കേണ്ടതുണ്ട്” എന്ന് അവർ പറഞ്ഞു.
പല മണിക്കൂറുകൾ കടന്നുപോയി, അവസാനം രക്തപ്പകർച്ചകൂടാതെ അവരിൽ ശസ്ത്രക്രിയനടത്താൻ ഡോക്ടർമാർ സമ്മതിച്ചു. ശസ്ത്രക്രിയാമുറിയിൽ യഹോവയോടു പ്രാർഥിക്കുന്നതിനായി കാരിഡാഡ് അനുവാദം വാങ്ങി. അവർ അതുചെയ്തു, ശസ്ത്രക്രിയ ഒരു വിജയവും ആയിരുന്നു.
എന്നിരുന്നാലും, പിന്നീടു കാരിഡാഡിന്റെ അവസ്ഥ വഷളായി, അവരുടെ ഹിതത്തെ അവഗണിച്ചുകൊണ്ടു ബലമായി രക്തപ്പകർച്ചനടത്തുന്നതിനു ഡോക്ടർമാർ തീരുമാനിച്ചു. അങ്ങനെ ഒരു ഡോക്ടറും നേഴ്സും രക്തപ്പകർച്ചക്കു തയ്യാറെടുത്തു. തന്റെ ബലഹീനമായ അവസ്ഥകൂട്ടാക്കാതെ കാരിഡാഡ് സർവശക്തിയും ഉപയോഗിച്ചു ചെറുത്തുനിന്നു. അവർ ഒരുപ്രകാരത്തിൽ രക്തം പകരാനുള്ള കുഴൽ കടിച്ചുകീറുകപോലും ചെയ്തു. അവസാനം തങ്ങൾ ചെയ്തതിൽ ലജ്ജിതനായി ഡോക്ടർ പിൻവാങ്ങി. “എനിക്ക് ഇതു പൂർത്തിയാക്കാൻ കഴിയില്ല. ഞാൻ കീഴടങ്ങുന്നു!” അദ്ദേഹം പറഞ്ഞു.
കാരിഡാഡ് വിഷമഘട്ടം തരണംചെയ്യുകയും മററുകുഴപ്പങ്ങളൊന്നുമില്ലാതെ സുഖംപ്രാപിക്കുകയും ചെയ്തു. ഡോക്ടർമാർക്കും നേഴ്സുമാർക്കും അവരുടെ വിശ്വാസത്തിലും ധൈര്യത്തിലും മതിപ്പുപ്രകടമാക്കാതിരിക്കാൻ കഴിഞ്ഞില്ല. ഈ സംഭവങ്ങളെല്ലാം നടന്നതു കാരിഡാഡിന് 94 വയസ്സുള്ളപ്പോഴായിരുന്നു.