രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
“സഹകരണ മനോഭാവത്തിന്റെ ഒരു സ്മരണകുടീരം”
സ്പെയിനിന്റെ ദക്ഷിണതുഞ്ചത്തിൽ ജിബ്രാൾട്ടർ പാറ എന്ന് അറിയപ്പെടുന്ന ചുണ്ണാമ്പുകല്ലുകൊണ്ടുള്ള ഭീമാകാരമായ ഒരു ഏകശിലാസ്തംഭം തല ഉയർത്തിനിൽക്കുന്നു. നൂറുകണക്കിനു വർഷങ്ങളായി ഈ പാറ രാഷ്ട്രീയ വിവാദത്തിന്റെയും അന്താരാഷ്ട്ര വിയോജിപ്പിന്റെയും മൂകസാക്ഷിയായി നിലകൊള്ളുകയാണ്. എന്നാൽ അതിനു നേർവിപരീതമായി, ഇന്നു ലോകത്തിൽ വളരെ അസുലഭമായിക്കാണുന്ന സഹകരണത്തിന്റെയും ഐക്യത്തിന്റെയും സാക്ഷാത്കാരത്തിന് ജിബ്രാൾട്ടർ ഈയിടെ പശ്ചാത്തലമൊരുക്കുകയുണ്ടായി.
സ്പെയിനിലെ ലാ ലിനിയ എന്ന പട്ടണം ഈ പാറയിൽനിന്നു വെറും മൂന്നു കിലോമീററർ അകലെയാണു സ്ഥിതിചെയ്യുന്നത്. അവിടെ യഹോവയുടെ സാക്ഷികളുടെ ഒരു രാജ്യഹാളിന്റെ നിർമാണത്തിനായി തങ്ങളുടെ സമയവും ആരോഗ്യവും സംഭാവനചെയ്യാൻ ഉത്സുകരായ നൂറു കണക്കിന് സ്വമേധയാ സേവകർ കൂടിവരുകയുണ്ടായി. സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ ആരാധനക്കായി ഉചിതമായ ഒരു സ്ഥലം പണിതുയർത്തുന്നതിനുള്ള അവരുടെ അധ്വാനം കണ്ട് അവർക്കു ഘനഗംഭീരമായ ഒരു പശ്ചാത്തലമൊരുക്കിയിരുന്ന ജിബ്രാൾട്ടർ പാറപോലും ശിരസ്സുനമിച്ചതുപോലെ തോന്നി.
ലോകത്തിന്റെ ആ ഭാഗത്തുള്ള രാജ്യപ്രഘോഷകർ പിൻവരുന്ന റിപ്പോർട്ട് അയച്ചുതരികയുണ്ടായി:
“1993 സെപ്ററംബർ 24 വെള്ളിയാഴ്ച ഉച്ച മുതൽ 900 സ്വമേധയാ സേവകർ അഹോരാത്രം വേലചെയ്തു. കെട്ടിടം യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ ആണെന്നു തിരിച്ചറിയിക്കുന്ന ഒരു പുതിയ ബോർഡ് ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെ സ്ഥാപിക്കുകയും ആകർഷകമായ ഈ പുതിയ കെട്ടിടം ആദ്യത്തെ പരസ്യയോഗത്തിന് ഉപയോഗിക്കുകയുമുണ്ടായി.
“ജിബ്രാൾട്ടറിന് ചുററുപാടുമുള്ള അനേകം സഹോദരങ്ങൾ സ്പാനിഷ്കാരായ തങ്ങളുടെ സഹോദരങ്ങളെ സഹായിക്കുന്നതിന് അതിർത്തി കടന്നു വരുകയുണ്ടായി. ‘രാഷ്ട്രീയ ഭിന്നതകൾ ഞങ്ങളുടെ സാർവദേശീയ സഹോദരവർഗത്തിന്റെ ഉത്സാഹത്തെ കെടുത്തിക്കളയുകയില്ല.’ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: ‘ഏതാനും വർഷങ്ങൾക്കുമുമ്പ് ലാ ലിനിയയിലുള്ള സുഹൃത്തുക്കൾ ജിബ്രാൾട്ടറിൽ രാജ്യഹാൾ പണിയുന്നതിനു ഞങ്ങളെ സഹായിക്കാൻ വന്നിരുന്നു. അതുകൊണ്ട് ഇപ്പോൾ അവർക്കു പ്രത്യുപകാരം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.’
“യഹോവയുടെ സാക്ഷികളുടെ രണ്ടു സഭകളുടെയും അൻഡാലൂഷ്യൻ പ്രദേശത്തുള്ള നൂറുകണക്കിനു വിദഗ്ധരായ സഹായികളുടെയും നിർലോഭമായ പ്രവർത്തനങ്ങൾക്ക് ഒരു പിന്തുണയെന്നവണ്ണം അവർക്ക് അത്യാവശ്യമുള്ള സ്ഥലം നൽകാമെന്നു ലാ ലിനിയ പട്ടണം തീരുമാനിച്ചു. ‘കത്തോലിക്കാ പള്ളികൾ പണിയുന്നതിനു സ്പെയിനിലെ പ്രാദേശിക അധികാരികൾ പരമ്പരാഗതമായി എല്ലായ്പോഴും നിലം നൽകിയിട്ടുണ്ട്’ എന്നു ലാ ലിനിയയുടെ മേയർ നിർമാണ സ്ഥലം സന്ദർശിച്ചപ്പോൾ വിശദീകരിച്ചു. ‘മററു മതവിഭാഗങ്ങളുടെ കാര്യത്തിലും എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ? സ്വമേധയാ സേവകരുടെ നിസ്വാർഥതയിൽ എനിക്കു വളരെ മതിപ്പു തോന്നുന്നു, അതുകൊണ്ട് അവർ ഞങ്ങളുടെ പിന്തുണ അർഹിക്കുന്നുവെന്നും എനിക്കു തോന്നുന്നു. ഇന്നത്തെ വിഭജിത ലോകത്തിൽ ഇത്തരം മനോഭാവം നമുക്ക് ഇനിയും വളരെയധികം ആവശ്യമാണ്.’
“അദ്ദേഹം രാജ്യഹാളിനെ ‘സഹകരണ മനോഭാവത്തിന്റെ ഒരു സ്മരണകുടീരം’ എന്നു പരാമർശിക്കുകയുണ്ടായി. ഏററവും ഹൃദയംഗമമായ സംഗതി അതിന്റെ രൂപകല്പനയോ കെട്ടിടത്തിന്റെ വലിപ്പമോ ആയിരുന്നില്ല. മറിച്ച്, ആ സമുദായത്തിലെ അനേകരിലും മതിപ്പുളവാക്കിയത് അതിന്റെ മുഴു നിർമാണവും സ്വമേധയാ സേവകർ ചെയ്തുവെന്നതും വെറും 48 മണിക്കൂറിനുള്ളിൽ അതു പണിതുയർത്തിയെന്നതുമായിരുന്നു!”
ലാ ലിനിയയിലും സമീപ പ്രദേശങ്ങളിലുമുള്ള യഹോവയുടെ സാക്ഷികൾ ഗലാത്യർ 6:10-ലെ വാക്കുകളോടു വിശ്വസ്തത പുലർത്തുന്നുവെന്നതിനു സ്പഷ്ടമായ തെളിവാണിത്. അവിടെ അപ്പോസ്തലനായ പൗലോസ് സഹവിശ്വാസികളെ ഇപ്രകാരം അനുശാസിച്ചു: “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നൻമചെയ്ക.”