വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
സാങ്കേതികമായി പറഞ്ഞാൽ, “വേറെ ആടുകൾ,” “മഹാപുരുഷാരം” എന്നീ ബൈബിൾപദങ്ങൾ തമ്മിൽ വ്യത്യാസമുണ്ടോ?
ഉണ്ട്, എന്നിരുന്നാലും പദത്തിന്റെ ഉപയോഗം സംബന്ധിച്ചു നാം അനുചിതമായി സൂക്ഷ്മവേദികളായിരിക്കേണ്ടതില്ല, അല്ലെങ്കിൽ ആരെങ്കിലും ഈ പദങ്ങൾ പരസ്പരം മാറിമാറി ഉപയോഗിക്കുന്നെങ്കിൽ അസ്വസ്ഥരാകുകയും വേണ്ട.
ഈ പദങ്ങൾ കാണുന്ന ഭാഗങ്ങൾ മിക്ക ക്രിസ്ത്യാനികൾക്കും പരിചിതമാണ്. ഒരു പ്രയോഗം യോഹന്നാൻ 10:16-ലാണ്. അവിടെ യേശു ഇങ്ങനെ പറഞ്ഞു: “ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു. അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻകൂട്ടവും ഒരിടയനും ആകും.” “മഹാപുരുഷാരം” എന്ന മറേറ പ്രയോഗം വെളിപ്പാടു 7:9-ൽ കാണുന്നു. നാം ഇങ്ങനെ വായിക്കുന്നു: “ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നിൽക്കുന്നതു ഞാൻ കണ്ടു.”
നമുക്ക് ആദ്യം യോഹന്നാൻ 10:16 പരിചിന്തിക്കാം. ആടുകൾ ആരാണ്? യേശുവിന്റെ വിശ്വസ്താനുഗാമികളെല്ലാം “ആടുകൾ” എന്നു പരാമർശിക്കപ്പെടുന്നുവെന്ന കാര്യം മനസ്സിൽപ്പിടിക്കുന്നതു നന്നായിരിക്കും. ലൂക്കൊസ് 12:32-ൽ സ്വർഗത്തിൽ പോകുവാനിരിക്കുന്ന തന്റെ ശിഷ്യൻമാരിൽപ്പെട്ടവരെ അവൻ ‘ചെറിയ ആട്ടിൻകൂട്ടം’ എന്നു വിളിച്ചു. എന്തു കൂട്ടം? ആടുകളുടെ കൂട്ടം. “ചെറിയ ആട്ടിൻകൂട്ട”ത്തിലെ “ആടുകൾ” സ്വർഗത്തിലെ രാജ്യത്തിന്റെ ഭാഗമായിരിക്കും. എന്നിരുന്നാലും, യേശു ആടുകളെന്നു പരിഗണിക്കുന്ന മററുള്ളവരും ഉണ്ട്, അവർക്ക് ഒരു വ്യത്യസ്ത പ്രത്യാശയാണുള്ളത്.
ഇതു നമുക്കു യോഹന്നാൻ 10-ാം അധ്യായത്തിൽ കാണാം. താൻ സ്വർഗത്തിലെ ജീവനിലേക്കു വിളിക്കുന്ന തന്റെ അപ്പോസ്തലൻമാരെപ്പോലെയുള്ള ആടുകളെക്കുറിച്ചു പറഞ്ഞശേഷം 16-ാം വാക്യത്തിൽ യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു. അവയെയും ഞാൻ നടത്തേണ്ടതാകുന്നു.” ഭൗമികപ്രതീക്ഷയുള്ള ആളുകളെക്കുറിച്ചായിരുന്നു യേശു ഈ വാക്യത്തിൽ സംസാരിച്ചത് എന്നു യഹോവയുടെ സാക്ഷികൾ നേരത്തെതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അബ്രാഹാം, സാറാ, നോഹ, മലാഖി എന്നിങ്ങനെ ക്രിസ്തീയപൂർവകാലത്തെ അനേകം വിശ്വസ്തർക്ക് അത്തരം പ്രതീക്ഷകളാണുണ്ടായിരുന്നത്. അതുകൊണ്ട് ഉചിതമായും നമുക്ക് അവരെ യോഹന്നാൻ 10:16-ലെ ‘വേറെ ആടുകളി’ൽപ്പെടുത്താം. സഹസ്രാബ്ദവാഴ്ചയിൽ അങ്ങനെയുള്ള വിശ്വസ്ത ക്രിസ്തീയപൂർവ സാക്ഷികൾ പുനരുത്ഥാനം പ്രാപിക്കുകയും അന്നു ക്രിസ്തുയേശുവിനെക്കുറിച്ചു പഠിക്കുകയും അവനെ സ്വീകരിക്കുകയും ചെയ്യും. അങ്ങനെ അവർ നല്ല ഇടയന്റെ “വേറെ ആടുകൾ” ആയിത്തീരും.
സ്വർഗത്തിലേക്കുള്ള കൂട്ടത്തിന്റെ പൊതുവിളി അവസാനിച്ചശേഷം ലക്ഷക്കണക്കിനാളുകൾ സത്യക്രിസ്ത്യാനികളായിത്തീർന്നിട്ടുണ്ടെന്നും നമുക്കറിയാം. അവർ “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ ഭാഗമല്ലാത്തതിനാൽ അവരും ഉചിതമായി “വേറെ ആടുകൾ” എന്നു വിളിക്കപ്പെടുന്നു. ഇന്നു വേറെ ആടുകൾ ഒരു ഭൗമികപറുദീസയിലേക്ക് അതിജീവിച്ച് തുടർന്നും ജീവിക്കുന്നതിനു നോക്കിപ്പാർത്തിരിക്കുന്നു.
ഇപ്പോൾ, വെളിപ്പാടു 7:9-ൽ പറഞ്ഞിരിക്കുന്ന “മഹാപുരുഷാരം” ഏതാണ് എന്നതു സംബന്ധിച്ചെന്തു പറയാൻ കഴിയും? 13-ാം വാക്യവും അതിലെ ചോദ്യവും ശ്രദ്ധിക്കുക, ‘ഇവർ ആർ? എവിടെനിന്നു വന്നു?’ വെളിപ്പാടു 7:14-ൽ നാം ഉത്തരം കണ്ടെത്തുന്നു: “ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ.” അതുകൊണ്ടു മഹാകഷ്ടത്തിൽനിന്നു പുറത്തുവരുന്നവർ, അഥവാ അതിനെ അതിജീവിക്കുന്നവർ, ചേർന്ന് ഉളവാകുന്നതാണു “മഹാപുരുഷാരം.” 17-ാം വാക്യം പറയുന്നതുപോലെ, അവർ ഭൂമിയിൽ ‘ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തപ്പെടും.’
എന്നിരുന്നാലും, ഇവർ മഹോപദ്രവത്തെ അതിജീവിക്കണമെങ്കിൽ സത്യാരാധകർ ആയിത്തീർന്നുകൊണ്ടു കുഞ്ഞാടിന്റെ രക്തത്തിൽ നേരത്തെതന്നെ തങ്ങളുടെ അങ്കികൾ അലക്കിയിരിക്കണം എന്നു മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട്, കഷ്ടത്തിനുശേഷമുള്ള ഈ പുരുഷാരത്തെയാണു വെളിപ്പാടു 7:9 വർണിക്കുന്നതെങ്കിലും രാഷ്ട്രങ്ങൾ വ്യാജമതങ്ങളെ ആക്രമിക്കുന്നതോടെ ആരംഭിക്കുന്ന മഹാകഷ്ടത്തിനുമുമ്പു യഹോവക്ക് ഇപ്പോൾ വിശുദ്ധസേവനം അർപ്പിക്കുന്നവരായി ഭൗമികപ്രത്യാശയുള്ള എല്ലാവർക്കും “മഹാപുരുഷാരം” എന്ന പദം നമുക്കു ബാധകമാക്കാൻ കഴിയും.
ചുരുക്കത്തിൽ, ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള എല്ലാ ദൈവദാസൻമാരെയും ഉൾപ്പെടുത്തുന്ന വിശാലമായ പദമാണു “വേറെ ആടുകൾ” എന്നു നമുക്ക് ഓർത്തിരിക്കാം. ആസന്നമായിരിക്കുന്ന മഹാകഷ്ടത്തെ അതിജീവിക്കാനുള്ള പ്രത്യാശയോടെ ഒരു “മഹാപുരുഷാര”മായി ഇന്നു കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്ന, എണ്ണത്തിൽ താരതമ്യേന പരിമിതമായ ചെമ്മരിയാടുതുല്യർ അതിലുൾപ്പെടുന്നു. അതുകൊണ്ട് ഇന്നു ജീവിക്കുന്ന വിശ്വസ്ത ക്രിസ്ത്യാനികളിൽ മിക്കവരും “വേറെ ആടുക”ളാണ്, അവർ “മഹാപുരുഷാര”ത്തിന്റെ ഭാഗവുമാണ്.
എന്നിരുന്നാലും, ഈ പ്രത്യേക വിവരങ്ങൾ സംബന്ധിച്ചു വ്യക്തതയുള്ളവരായിരിക്കുന്നതു നല്ലതാണെങ്കിലും യാതൊരു ക്രിസ്ത്യാനിയും അമിത പദബോധമുള്ളവൻ—പദവിമർശകൻ—ആയിരിക്കേണ്ടതില്ലെന്ന് ആവർത്തിച്ചുപറയുന്നതു പ്രയോജനകരമാണ്. “അഹങ്കാരംകൊണ്ടു ചീർത്തിരി”ക്കുന്ന, “വാക്കുകളെക്കുറിച്ചു വാഗ്വാദങ്ങളി”ലേർപ്പെടുന്ന ചിലർക്കു പൗലോസ് മുന്നറിയിപ്പു കൊടുക്കുകയുണ്ടായി. (1 തിമോത്തി 6:4, NW) പദങ്ങൾ തമ്മിലുള്ള ചില വ്യത്യാസങ്ങൾ നാം വ്യക്തിപരമായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ നല്ലതുതന്നെ. എന്നിരുന്നാലും, അതേ കൃത്യതയോടെ ബൈബിൾ പദങ്ങൾ ഉപയോഗിക്കാതിരുന്നേക്കാവുന്ന മറെറാരാളെ നാം പുറമേയോ അകമേയോ വിമർശിക്കേണ്ടതില്ല.