രാജ്യപ്രഘോഷകർ റിപ്പോർട്ടുചെയ്യുന്നു
“ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു”
യഹോവയുടെ സാക്ഷികൾ അനന്യരായി നിലകൊള്ളുന്നു. രക്തപ്പകർച്ച സ്വീകരിക്കാത്തതിന്റെപേരിൽ മിക്കപ്പോഴും അവർ ദുഷ്കീർത്തിക്കു പാത്രമാകുന്നു. എന്നിരുന്നാലും ഈ നിലപാടു തികച്ചും ബൈബിളധിഷ്ഠിതമാണ്. ദൈവദൃഷ്ടിയിൽ രക്തം വിലയേറിയതായതുകൊണ്ട് അതിന്റെ ദുരുപയോഗത്തെ അവൻ കുറ്റംവിധിക്കുന്നുവെന്ന് അതു പ്രകടമാക്കുന്നു. (ഉല്പത്തി 9:3, 4; ലേവ്യപുസ്തകം 17:14) ഈ വിഷയത്തെ സംബന്ധിച്ചുള്ള തിരുവെഴുത്തുകളുടെ പരിശോധനയുടെ ഫലമായി ‘രക്തത്തിൽനിന്ന് ഒഴിഞ്ഞിരിക്കാനുള്ള’ ബൈബിളിന്റെ കൽപ്പനയിൽ രക്തപ്പകർച്ചയുടെ ആധുനിക നടപടിയും ഉൾപ്പെടുമെന്നു യഹോവയുടെ സാക്ഷികൾ നിഗമനം ചെയ്യുന്നു.—പ്രവൃത്തികൾ 15:19, 20, 28, 29.
സമീപവർഷങ്ങളിൽ വൈദ്യശാസ്ത്ര രംഗത്തുള്ളവരും അതുപോലെതന്നെ ചില രാജ്യങ്ങളിലെ കോടതികളും ഈ കാര്യത്തിൽ യഹോവയുടെ സാക്ഷികളെ പിന്തുണച്ചിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ഡെൻമാർക്കിൽ, രക്തം സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം അറിഞ്ഞിരുന്ന ഒരു യുവ മാതാവ് വാഹനാപകടത്തിന്റെ ഫലമായി മരിച്ചു. രക്തം സ്വീകരിക്കാനുള്ള വിസമ്മതം മൂലം അവരുടെ ഡോക്ടർമാർ യഹോവയുടെ സാക്ഷികൾക്കെതിരെ വാർത്താ മാധ്യമങ്ങളിലൂടെ ഒരു മാസത്തോളം നീണ്ടുനിന്ന വിദ്വേഷഭരിതമായ പ്രചരണത്തിന് ഇന്ധനമേകി.
ആ യുവതിയുടെ മാതാപിതാക്കൾ ഒരു അന്വേഷണത്തിന് ആവശ്യപ്പെട്ടു. 1994 ഏപ്രിലിൽ രോഗികളുടെ പരാതിക്കുള്ള ഡെൻമാർക്ക് കമ്മീഷന്റെ തീരുമാനം പ്രഖ്യാപിക്കപ്പെട്ടു. രോഗി മരിച്ചത് അവർ രക്തപ്പകർച്ചക്കു വിസമ്മതിച്ചതുകൊണ്ടല്ല മറിച്ച് ചികിത്സാപരമായ അഴിമതികൊണ്ടാണെന്ന് അതു പറഞ്ഞു. ബോർഡ് ഓഫ് ഫോറൻസിക് മെഡിസിന്റെയും ആരോഗ്യ അധികാരികളുടെയും അന്വേഷണത്തിൽ അധിഷ്ഠിതമായിരുന്നു തീരുമാനം. യഹോവയുടെ സാക്ഷികളുടെ രക്തം സ്വീകരിക്കാനുള്ള വിസമ്മതം കണക്കിലെടുത്തുകൊണ്ട് ലഭ്യമായ ഏറ്റവും മെച്ചപ്പെട്ട പകര ചികിൽസ നൽകുന്നതിനുള്ള കടപ്പാട് ഡോക്ടർമാർക്കുണ്ടെന്ന് ഡെൻമാർക്കിലെ എല്ലാ ആരോഗ്യപരിപാലന കേന്ദ്രങ്ങൾക്കുമുള്ള ഒരു സർക്കുലറിൽ നാഷണൽ ബോർഡ് ഓഫ് ഹെൽത്ത് പ്രസ്താവിച്ചു.
ലുക്കീമിയ പിടിപെട്ടു മരിച്ച 15 വയസ്സുകാരൻ ദാൻ എന്ന സാക്ഷി ഉൾപ്പെട്ടതായിരുന്നു മറ്റൊരു കേസ്. ഈ അവസരത്തിൽ രക്തപ്പകർച്ച നിരസിക്കാനുള്ള ദാനിന്റെ ധൈര്യപൂർവമായ തീരുമാനത്തെ ഡോക്ടർമാർ ആദരിച്ചു. ഇത് ദാനിന്റെ മരണത്തിനു മാധ്യമങ്ങൾ ഡോക്ടർമാരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വ്യാപകമായ വാർത്താ പ്രചരണത്തിന് ഇടയാക്കി. എന്നിരുന്നാലും പലരും ഈ ദുഷ്പ്രചരണത്തെ അനുകൂലിച്ചില്ല.
ദൃഷ്ടാന്തത്തിന്, ദാൻ പഠിച്ചിരുന്ന സ്കൂളിലെ ഹെഡ്മാസ്റ്റർ രാജ്യഹാളിലെ ശവസംസ്കാര ചടങ്ങിനു ഹാജരാ യിരുന്നു. ദാനിന്റെ മരണത്തെക്കുറിച്ചുള്ള അനുചിത വാർത്താ പ്രചരണത്തിൽ അദ്ദേഹം ഞെട്ടൽ പ്രകടമാക്കി. യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളുമായി സാക്ഷിയായ ഒരു സഹപ്രവർത്തകനെ സമീപിച്ചശേഷം യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം എന്ന വീഡിയോയുടെ പ്രതി അദ്ദേഹം സ്വീകരിച്ചു. ആ വീഡിയോയിൽ വളരെയധികം മതിപ്പു തോന്നിയ അദ്ദേഹം സ്കൂളിലെ എല്ലാ അധ്യാപകരും അതു കാണുന്നതിനുള്ള ക്രമീകരണം ചെയ്തു. പിന്നീട്, ഓരോ ക്ലാസ്സിലുമായി എല്ലാ വിദ്യാർഥികളെയും വീഡിയോ കാണിച്ചു.
ഡെൻമാർക്കിലെ ആരോഗ്യ മന്ത്രിയും ദാനിന്റെ ഡോക്ടർമാർക്കുണ്ടായ ദുഷ്കീർത്തിയോടു വിയോജിച്ചിരുന്നു. ദാനിന്റെ പക്വതയുള്ള തീരുമാനത്തെയും അടിയുറച്ച വിശ്വാസത്തെയും ആദരിക്കുന്നതിൽ അവന്റെ ഡോക്ടർമാർ ഉചിതമായതു ചെയ്തുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ദൈവനിയമത്തോട് അനുസരണം പ്രകടമാക്കുന്ന ലക്ഷക്കണക്കിനു രാജ്യപ്രഘോഷകരുണ്ട്. തങ്ങളുടെ അനുസരണം നിമിത്തം “ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശി”ച്ചുകൊണ്ട് അവർ മുന്തിനിൽക്കുന്നു.—ഫിലിപ്പിയർ 2:12, 15.