ആരായിരിക്കും സുവിശേഷകർ?
ഏതാണ്ട് 40 വർഷംമുമ്പ്, സഭകളുടെ ലോക സമിതിയുടെ ഒരു യോഗത്തിൽ, “സുവിശേഷഘോഷണ മനോഭാവം വളർത്തിയെടു”ക്കാനും തങ്ങളുടെ ആടുകളെ “സുവിശേഷഘോഷണത്തിനു പോകാ”ൻ പഠിപ്പിക്കാനും അംഗങ്ങൾ ഉദ്ബോധിപ്പിക്കപ്പെട്ടു. കേവലം “നമ്മുടെ വീട്ടിലിരുന്നുകൊണ്ടല്ല,” മറിച്ച് “ആളുകളുടെ അടുക്കലേക്കു ചെന്ന്” പുതിയ ശിഷ്യരെ ഉളവാക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് കത്തോലിക്കാ പുരോഹിതനായ ജോൺ എ. ഒബ്രൈൻ അഞ്ചു വർഷത്തിനുശേഷം എഴുതി. 1994 ജനുവരിയിൽ, ഇതു “സുവിശേഷത്തെക്കുറിച്ചു ലജ്ജിക്കേണ്ട സമയമല്ല, പുരമുകളിൽനിന്നു പ്രസംഗിക്കാനുള്ള സമയമാണ്” എന്നു ജോൺ പോൾ II-ാമൻ പാപ്പാ പറഞ്ഞു.
സുവിശേഷഘോഷകർക്കായുള്ള ഇത്തരം ഇടവിട്ടുള്ള ആഹ്വാനങ്ങൾക്ക് ആരും ചെവികൊടുത്തിട്ടില്ലെന്നു വ്യക്തം. ഓസ്ട്രേലിയൻ പത്രമായ ഇലവാര മെർക്കുറിയിലെ ഒരു ലേഖനം പ്രസ്താവിച്ചു: “ദക്ഷിണതീര കത്തോലിക്കാ പ്രമുഖർക്കു തങ്ങളുടെ വിശ്വാസ ത്തിന്റെ കാര്യത്തിൽ യഹോവയുടെ സാക്ഷികളുടെ രീതി അവലംബിക്കുന്നതിനോടു താത്പര്യമില്ല.” സുവിശേഷഘോഷണം “കത്തോലിക്കാ ചിന്താഗതിയുടെ ഭാഗമേയല്ലെ”ന്നായിരുന്നു ഒരാളുടെ അഭിമതം. മറ്റൊരാളുടെ ന്യായവാദമാകട്ടെ ഇങ്ങനെയും: “സ്വന്തം വളർച്ചയ്ക്കായി പ്രവർത്തിക്കുന്നതു കത്തോലിക്ക സഭയ്ക്കു നല്ലതാണ്, എന്നാൽ അതു വീടുതോറും കയറിയിറങ്ങിയല്ല. സ്കൂളുകളിലൂടെയോ തപാലിലൂടെയോ ചെയ്യുന്നതാവും നല്ലത്.” പ്രാദേശിക കത്തീഡ്രലിലെ പ്രധാനോപദേഷ്ടാവിനുപോലും പാപ്പായുടെ പരാമർശം വ്യാഖ്യാനിക്കേണ്ടതെങ്ങനെയെന്ന് അറിയില്ലായിരുന്നു. “തങ്ങൾക്കറിയാവുന്ന സുവിശേഷം പ്രാവർത്തികമാക്കി ജീവിക്കാ നാണു ഞങ്ങൾ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത്,” അദ്ദേഹം പറഞ്ഞു. “അതിനർഥം വീടുതോറും പോകണമെന്നാണോ എന്നൊന്നും ഞാൻ പറയുന്നില്ല.” ഒരു വാർത്താലേഖന ശീർഷകം അതിനെ കൃത്യമായിത്തന്നെ സംഗ്രഹിച്ചു: “പ്രസംഗിക്കാനുള്ള പാപ്പായുടെ ആഹ്വാനം കത്തോലിക്കർ ചെവിക്കൊള്ളില്ല.”
സുവിശേഷപ്രഘോഷണം നടത്തുന്നതിനു ക്രൈസ്തവലോകം പരാജയപ്പെടുന്നെങ്കിലും, 50 ലക്ഷത്തിലധികം യഹോവയുടെ സാക്ഷികൾ “നിങ്ങൾ പുറപ്പെട്ടു, . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുവിന്റെ കൽപ്പന പിൻപറ്റുന്നുണ്ട്. (മത്തായി 28:19, 20; പ്രവൃത്തികൾ 5:42 താരതമ്യം ചെയ്യുക.) 230-ലധികം വരുന്ന രാജ്യങ്ങളിൽ വീടുതോറുമുള്ള അവരുടെ പ്രസംഗപ്രവർത്തനം നടക്കുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള ബൈബിളിന്റെ മഹത്തായ വാഗ്ദത്തങ്ങൾ എടുത്തുകാട്ടുന്ന ക്രിയാത്മക സന്ദേശമാണ് അവർ കൊണ്ടുവരുന്നത്. അടുത്ത പ്രാവശ്യം അവർ സന്ദർശിക്കുമ്പോൾ അവരുമായി സംസാരിക്കരുതോ?