അലൈംഗിക ജീവിതം—വിവാഹാനന്തരവും?
യോസേഫുമായുള്ള വിവാഹജീവിതത്തിൽ മറിയ നിത്യകന്യകയായിരുന്നുവെന്ന അവകാശവാദത്തിനു വിശ്വാസ്യത വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി, അനേകം ചിത്രകാരന്മാരും കൊത്തുപണിക്കാരും യോസേഫിനെ വൃദ്ധനായി ചിത്രീകരിച്ചിട്ടുണ്ട്. ഭർത്താവ് എന്നതിനെക്കാൾ യോസേഫ് യഥാർഥത്തിൽ മറിയയ്ക്ക് ഒരു രക്ഷാകർത്താവായിരുന്നുവെന്നാണ് അവരുടെ വാദം. എന്നാൽ ജോൺ പോൾ രണ്ടാമൻ പാപ്പാ ഈയിടെ ഒരു വ്യത്യസ്ത കാഴ്ചപ്പാട് അവതരിപ്പിച്ചു. യോസേഫ് “ആ സമയത്ത് ഒരു വൃദ്ധനായിരുന്നില്ല” എന്ന് അദ്ദേഹം പറയുന്നു. മറിച്ച് “ദൈവദാനമായ അവന്റെ ആന്തരിക പൂർണത അലൈംഗിക സ്നേഹത്തിൽ മറിയയോടൊപ്പം വൈവാഹിക ജീവിതം നയിക്കാൻ അവനെ പ്രേരിപ്പിച്ചു.”
മറിയ നിത്യകന്യകയായി നിലകൊള്ളാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ, അവൾ എന്തിനു വിവാഹനിശ്ചയത്തിൽ ഏർപ്പെട്ടു? “കന്യകയായി ജീവിക്കാനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് യോസേഫും മറിയയും വിവാഹനിശ്ചയ സമയത്ത് ഒരു ധാരണയിലെത്തിയിരുന്നതായി ഊഹിക്കാം,” പാപ്പാ പറയുന്നു.
എന്നാൽ ബൈബിൾ പറയുന്നത് മറ്റൊന്നാണ്. “പുത്രനെ പ്രസവിക്കുംവരെ അവളുമായി” യോസേഫ് “ബന്ധപ്പെട്ടില്ല” എന്നു മത്തായിയുടെ വിവരണം പറയുന്നു. (മത്തായി 1:25, കത്തോലിക്കാ ന്യൂ അമേരിക്കൻ ബൈബിൾ, ചെരിച്ചെഴുത്തു ഞങ്ങളുടേത്.) യേശുവിന്റെ ജനനത്തിനുശേഷം, യോസേഫിന്റെയും മറിയയുടെയും വൈവാഹികബന്ധം യാതൊരു തരത്തിലും അലൈംഗികമായിരുന്നില്ല. ഇതിനുള്ള ഒരു തെളിവാണ് പിന്നീടുള്ള സുവിശേഷ വിവരണങ്ങളിൽ യേശുവിനു സഹോദരീസഹോദരന്മാരുള്ളതായി പറയുന്നത്.—മത്തായി 13:55, 56.
അതുകൊണ്ട്, യേശുവിനെ പ്രസവിക്കുമ്പോൾ മറിയ കന്യകയായിരുന്നുവെന്നു ബൈബിൾ പ്രസ്താവിക്കുന്നുണ്ടെങ്കിലും, ശിഷ്ടജീവിതം യോസേഫിനോടൊപ്പം അവൾ ലൈംഗികബന്ധമില്ലാതെ തുടർന്നുവെന്നു പറയുന്നതിനു യാതൊരു അടിസ്ഥാനവുമില്ല.