രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിൽ യുവജനങ്ങൾ ദൈവത്തെ സ്തുതിക്കുന്നു
നൂറ്റാണ്ടുകൾക്കു മുമ്പ്, നിത്യതയുടെ രാജാവിനെ സ്തുതിക്കുന്നതിൽ പങ്കുചേരുന്നതിനു യുവജനങ്ങളെ സങ്കീർത്തനക്കാരൻ ഊഷ്മളമായി ക്ഷണിച്ചു: “യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും, . . . യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു.” (സങ്കീർത്തനം 148:12, 13) കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിൽനിന്നുള്ള പിൻവരുന്ന അനുഭവങ്ങൾ ഈ അതുല്യ പദവിയെ പ്രദീപ്തമാക്കുന്നു.
• ഒരു പ്രത്യേക പയനിയർ താമസിച്ചിരുന്ന വീടിന്റെ ഉടമയ്ക്ക് യഹോവയുടെ സാക്ഷികളുടെ നടത്തയിൽ വളരെ വിലമതിപ്പായിരുന്നു. അതുകൊണ്ട്, സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തന്റെ അഞ്ചു വയസ്സുള്ള മകൾ ഫീഫിയെ അദ്ദേഹം അനുവദിച്ചു. എന്റെ ബൈബിൾ കഥാ പുസ്തകംa പഠിക്കുന്നതിൽ ഫീഫിയുടെ പുരോഗതി കണ്ടിട്ട് രാജ്യഹാളിൽ യോഗങ്ങൾക്കു ഹാജരാകാൻ പിതാവ് അവളെ അനുവദിച്ചു. അവിടെവെച്ചു ഫീഫി സാക്ഷികളുടെ പാട്ടുപുസ്തകത്തിൽനിന്നു രാജ്യഗീതങ്ങൾ പഠിച്ചു. “ദൈവത്തിന്റെ പറുദീസാ വാഗ്ദത്തം” എന്ന 4-ാം നമ്പർ ഗീതമായിരുന്നു അവൾക്ക് ഏറ്റവുമിഷ്ടം.
ഒരു ദിവസം ഫീഫിയുടെ പിതാവ് അവളെ പള്ളിയിൽ കൊണ്ടുപോയി. എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ഫീഫി പള്ളിപ്പാട്ടുകൾ പാടാൻ വിസമ്മതിച്ചു. കാരണം? പള്ളിപ്പാട്ടുകൾ ബൈബിളധ്യയനത്തിൽനിന്നു താൻ പഠിച്ച കാര്യങ്ങൾക്കു ചേർച്ചയിലല്ലെന്ന് അവൾക്കു തോന്നി. പകരം, അവൾ സധൈര്യം തന്റെ പ്രിയപ്പെട്ട രാജ്യഗീതം പാടി.
പള്ളിപ്രമാണികൾ പലവട്ടം ശ്രമിച്ചിട്ടും അവർക്ക് അവളുടെ മനസ്സുമാറ്റാനായില്ല. ഒടുവിൽ, അവർ അഞ്ചുവയസ്സുകാരി ഫീഫിയെ പുറത്താക്കാൻ തീരുമാനിച്ചു! ഈ ദുഷ്പെരുമാറ്റം വകവയ്ക്കാതെ അവളുടെ പിതാവു ശാന്തനായിരുന്നു. ഫീഫി തന്റെ വിശ്വാസത്തിനു ചേർച്ചയിൽ ഉറച്ച നിലപാടു സ്വീകരിച്ചതിൽ അവളുടെ പിതാവിന് അഭിമാനം തോന്നി. ഫീഫി യഹോവയുടെ സാക്ഷികളുമായുള്ള സഹവാസം തുടരണമെന്നാണ് അവളുടെ മാതാപിതാക്കളുടെ ആഗ്രഹം.
• കൗമാരപ്രായക്കാരനായ ലൂക്കോഡി, യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തീരുമാനിച്ചു. എന്നാൽ അവന്റെ പിതാവ് അതിനെ ശക്തമായി എതിർത്തു. ഒരിക്കൽ ലൂക്കോഡി രാജ്യഹാളിൽ യോഗത്തിനു പോകാൻ ഒരുങ്ങവേ, പിതാവ് വെട്ടുകത്തി കാട്ടി അവനെ ഭീഷണിപ്പെടുത്തി. മറ്റൊരു സന്ദർഭത്തിൽ ലൂക്കോഡിയുടെ പിതാവ് അവന്റെ പുറത്ത് വടികൊണ്ടടിച്ച് ആഴമായ മുറിവുണ്ടാക്കി. ശക്തമായ എതിർപ്പുണ്ടായിരുന്നിട്ടും യഹോവയുടെ സാക്ഷിയാകാനുള്ള തീരുമാനത്തിൽ ലൂക്കോഡി ഉറച്ചുനിന്നു. അവൻ പുരോഗതി കൈവരിച്ച് സ്നാപനമേറ്റു. ഇപ്പോഴവൻ നിരന്തരപയനിയറായി സേവിക്കുന്നു.
ലൂക്കോഡിയുടെ നിലപാട് അവന്റെ ഇളയ പെങ്ങൾ സോനായിൽ വളരെയധികം മതിപ്പുളവാക്കി. അങ്ങനെ അവളും യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. എന്നാൽ അതിൽനിന്നു സോനായെ തടയുന്നതിന് പിതാവ് അവളെ സാക്ഷികളാരുമില്ലാത്ത മറ്റൊരു ഗ്രാമത്തിലെ സ്കൂളിലാക്കി. എന്നുവരികിലും, താൻ പഠിച്ച കാര്യങ്ങളെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതു സോനാ ഒരു ശീലമാക്കി. തത്ഫലമായി, അവളുടെ അമ്മാവന്റെ മകൾക്കും താത്പര്യമായി.
സോനായുടെ പ്രസംഗപ്രവർത്തനത്തെക്കുറിച്ചു സമീപ ഗ്രാമത്തിലെ സാക്ഷികൾ കേട്ടപ്പോൾ അവർ അവളെ സന്ദർശിച്ച് ക്രമമായ ഒരു കുടുംബ ബൈബിളധ്യയനത്തിനു ക്രമീകരണം ചെയ്തു. അവൾ പുരോഗതി കൈവരിച്ച് പെട്ടെന്നുതന്നെ തന്റെ ആങ്ങളയെപ്പോലെ സമർപ്പിച്ചു സ്നാപനമേറ്റ ഒരു യഹോവയുടെ സാക്ഷിയായി. മാത്രമല്ല, അവളുടെ അമ്മാവന്റെ മകൾ ഇപ്പോൾ സ്നാപനമേൽക്കാത്ത ഒരു പ്രസാധികയാണ്. ഇപ്പോൾ ഈ ഗ്രാമത്തിൽ ഒരു പുസ്തകാധ്യയനം നടത്തിവരുന്നു.
യുവജനങ്ങൾ യഹോവയുടെ നാമത്തെ സ്തുതിക്കുന്നതിൽ പങ്കുചേരുന്നത് എത്ര മനോഹരവും ഉന്മേഷദായകവുമാണ്!
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.