അവർ ധൈര്യം സംഭരിച്ചു
സുവിശേഷ പ്രസംഗത്തിനായി ധൈര്യം സംഭരിക്കുന്നത് എല്ലായ്പോഴും അത്ര എളുപ്പമല്ല. ഒരു അവസരത്തിൽ അപ്രകാരം ചെയ്യുന്നതിനു തനിക്ക് ‘കഠിന ശ്രമം’ ചെയ്യേണ്ടി വന്നു എന്നു പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു. (1 തെസ്സലൊനീക്യർ 2:2, NW) പ്രസംഗിക്കുന്നതിനുള്ള അത്തരം ‘ശ്രമങ്ങൾ’ തക്ക മൂല്യമുള്ളതാണോ? എല്ലായ്പോഴും നല്ല അനുഭവങ്ങൾ ഉണ്ടാകുമെന്നതിന് യാതൊരു ഉറപ്പുമില്ല. എന്നാൽ ധൈര്യം സംഭരിച്ചത് ദൈവജനത്തിനു മിക്കപ്പോഴും സന്തുഷ്ടഫലങ്ങൾ കൈവരുത്തിയിട്ടുണ്ട്. ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
രണ്ടാം ലോകമഹായുദ്ധ കാലത്ത് തടങ്കൽ പാളയങ്ങളിലായിരുന്ന യഹൂദന്മാർ തങ്ങളുടെ തിരിച്ചറിയിക്കൽ അടയാളമായി മഞ്ഞ നിറമുള്ള ‘ദാവീദിന്റെ നക്ഷത്രം’ ധരിക്കണമായിരുന്നു എന്ന് ടീച്ചർ ക്ലാസ്സിനോട് പറഞ്ഞത് എട്ടു വയസ്സുകാരിയായ താര ശ്രദ്ധിച്ചു കേട്ടു. അതിനോടു ബന്ധപ്പെട്ട ഒരു കാര്യം പറഞ്ഞാലോ എന്ന് താര ചിന്തിച്ചു. “കണ്ണു തുറന്നുപിടിച്ചുകൊണ്ടുതന്നെ ഞാൻ പ്രാർഥിച്ചു,” അവൾ അനുസ്മരിക്കുന്നു. എന്നിട്ട് അവൾ കൈ ഉയർത്തി, യഹോവയുടെ സാക്ഷികളും ആ പാളയങ്ങളിൽ ഉണ്ടായിരുന്നെന്നും അവർ ‘പർപ്പിൾ ട്രയാങ്കിൾ’ ധരിക്കണമായിരുന്നു എന്നും പറഞ്ഞു. ടീച്ചറിന് അതിൽ താത്പര്യം തോന്നി. അവളോടു നന്ദി പറയുകയും ചെയ്തു. താരയുടെ ആ അഭിപ്രായ പ്രകടനം ടീച്ചറുമായുള്ള കൂടുതലായ ചർച്ചകൾക്കു വഴി തെളിച്ചു. ടീച്ചർ പിന്നീട് മുഴു ക്ലാസ്സിനെയും യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു എന്ന വീഡിയോ കാണിച്ചു.
പശ്ചിമ ആഫ്രിക്കയിലെ ഗിനിയിൽ നിന്നുള്ള ഐറിൻ എന്ന സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധിക തന്റെ ശുശ്രൂഷയിൽ പുരോഗതി വരുത്താൻ ആഗ്രഹിച്ചു. സഹപാഠികൾക്ക് വീക്ഷാഗോപുരം, ഉണരുക! മാസികകൾ സമർപ്പിക്കാൻ ഒന്നു ശ്രമിച്ചു നോക്കുന്നതിന് അവളെ ബൈബിൾ പഠിപ്പിച്ച മിഷനറി പ്രോത്സാഹിപ്പിച്ചു. എന്നാൽ സഹപാഠികൾക്ക് തീരെ താത്പര്യം ഇല്ലാഞ്ഞതിനാൽ ഐറിന് അക്കാര്യത്തിൽ മടിയായിരുന്നു. എന്നിരുന്നാലും, മിഷനറിയുടെ പ്രോത്സാഹനത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട ഐറിൻ ഏറ്റവും അധികം എതിർപ്പുള്ളവളായി തോന്നിച്ച വിദ്യാർഥിനിയെ തന്നെ ആദ്യം സമീപിക്കാൻ തീരുമാനിച്ചു. ഐറിനെ അതിശയിപ്പിച്ചുകൊണ്ട് ആ പെൺകുട്ടി അനുകൂലമായി പ്രതികരിക്കുകയും ആകാംക്ഷാപൂർവം മാസികകൾ സ്വീകരിക്കുകയും ചെയ്തു. മറ്റു കുട്ടികളും മാസികകൾ സ്വീകരിച്ചു. മുമ്പ്, അഞ്ചു മാസംകൊണ്ട് സമർപ്പിച്ചതിലേറെ മാസികകൾ ഐറിൻ ആ ഒറ്റ മാസംകൊണ്ട് സമർപ്പിച്ചു.
ട്രിനിഡാഡിലെ ഒരു മൂപ്പന് അവിടുത്തെ ഒരു സ്കൂളിലെ പ്രിൻസിപ്പലിനെ സമീപിച്ച് ഉണരുക!യുടെ വിദ്യാഭ്യാസ മൂല്യം കാണിച്ചുകൊടുക്കാൻ വളരെ മടി തോന്നി. പക്ഷേ, അദ്ദേഹം ധൈര്യം സംഭരിച്ചു. അദ്ദേഹം ഇങ്ങനെ പറയുന്നു: “കോമ്പൗണ്ടിൽ പ്രവേശിച്ചപ്പോൾ ഞാൻ പ്രാർഥിച്ചു. പ്രിൻസിപ്പൽ അസാധാരണമാംവിധം സൗഹൃദം കാട്ടി. എനിക്കതു വിശ്വസിക്കാനേ കഴിഞ്ഞില്ല.” “ഇന്നത്തെ യുവജനങ്ങൾക്ക് എന്തു പ്രത്യാശ?” എന്ന വിഷയം ചർച്ചചെയ്യുന്ന ഉണരുക! മാസിക അവർ സ്വീകരിച്ചു. ക്ലാസ്സിനെ പഠിപ്പിക്കാൻ അത് ഉപയോഗിക്കാമെന്നു പോലും അവർ സമ്മതിച്ചു. അന്നുമുതൽ, വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്യുന്ന 40 മാസികകൾ അവർ സ്വീകരിച്ചിരിക്കുന്നു.
ഒരു യുവാവ് എന്ന നിലയിൽ വോണിന് പ്രസംഗപ്രവർത്തനം എന്നും ബുദ്ധിമുട്ടായി തോന്നിയിരുന്നു. “എനിക്ക് ആകെപ്പാടെ അങ്കലാപ്പു തോന്നും, ഉള്ളങ്കൈ വിയർക്കും, സംസാരമാകട്ടെ അതിവേഗത്തിലും, സാവധാനം സംസാരിക്കാനേ എനിക്കു കഴിഞ്ഞിരുന്നില്ല.” എന്നിരുന്നാലും, അവൻ ഒരു മുഴുസമയ ശുശ്രൂഷകനായി. എന്നിട്ടും, സംസാരിക്കാനായി ധൈര്യം സംഭരിക്കുക അവന് പലപ്പോഴും എളുപ്പമായിരുന്നില്ല. ഒരു ദിവസം തൊഴിൽ തേടി ഇറങ്ങിയിട്ട് യാതൊരു ഫലവും ഉണ്ടാകാതെ വന്നപ്പോൾ, “ആ ഫലശൂന്യമായ ദിനത്തെ അൽപ്പമെങ്കിലും ഫലപ്രദമാക്കാനായി” ട്രെയിനിലെ ഒരു യാത്രക്കാരനോടു സാക്ഷീകരിക്കാൻ അവൻ ആഗ്രഹിച്ചു. എന്നാൽ ആ ഭൂഗർഭ ട്രെയിനിൽ ഉണ്ടായിരുന്ന, പ്രമുഖരായി തോന്നിച്ച വ്യാപാരികളോടു സംസാരിക്കാൻ അവനു ഭയം തോന്നി. ഒടുവിൽ അടുത്തിരിക്കുന്ന വയോധികനോടു സംസാരിക്കാൻ അവൻ ധൈര്യം സംഭരിച്ചു. അത് ഒരു സുദീർഘ സംഭാഷണത്തിലേക്കു നയിച്ചു. “ചെറുപ്പമായിട്ടും താങ്കൾക്ക് ഇത്ര നല്ല വാദമുഖങ്ങൾ അറിയാമല്ലോ, താങ്കൾ ഒരു ദൈവശാസ്ത്രജ്ഞനാണോ?” ആ വ്യാപാരി ചോദിച്ചു. “അല്ല, ഞാൻ യഹോവയുടെ സാക്ഷിയാണ്,” വോൺ മറുപടി പറഞ്ഞു. “ഓ,” അദ്ദേഹം ചിരിച്ചു, “അപ്പോൾ അതാണല്ലേ കാര്യം!”
പ്രസംഗിക്കാനായി ധൈര്യം സംഭരിച്ചതിൽ ഈ സാക്ഷികളും മറ്റനേകരും സന്തുഷ്ടരാണ്. നിങ്ങളും അപ്രകാരം ധൈര്യം സംഭരിക്കുമോ?
[25-ാം പേജിലെ ചിത്രം]
താര
[25-ാം പേജിലെ ചിത്രം]
വോൺ