ആരാധന—സ്ഥലങ്ങൾ നമുക്ക് അവ ആവശ്യമാണോ?
‘ബസിലിക്കയുടെ മുഖമണ്ഡപത്തിലും ചുറ്റുമുള്ള തെരുക്കളിലും ആളുകൾ തിങ്ങിനിറഞ്ഞു. വർണപ്പകിട്ടുള്ള വസ്ത്രങ്ങൾ ധരിച്ച് രാജ്യത്തിന്റെ നാനാദിക്കുകളിൽനിന്നും എത്തിയിരിക്കുന്ന ആയിരക്കണക്കിന് തീർഥാടകർ, സ്പെയിൻകാരുടെ അധിനിവേശത്തിനു മുമ്പുള്ളതെന്നു കരുതപ്പെടുന്ന നൃത്തം ചെണ്ടകളുടെ താളത്തിനൊത്തു പുനരവതരിപ്പിക്കുന്ന അമേരിക്കൻ ഇന്ത്യക്കാർ, ആൾക്കൂട്ടത്തിനിടയിലൂടെ വളരെ ത്യാഗം സഹിച്ച് മുട്ടിൽ ഇഴഞ്ഞു ദേവാലയത്തിലേക്കു നീങ്ങുന്ന ഭക്തർ എന്നിവരെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു.’
അപ്രകാരമാണ് എൽ ഇക്കോണോമിസ്റ്റാ എന്ന വർത്തമാനപ്പത്രം 2001 ഡിസംബറിലെ ഒരു വൻ ജനാവലിയെ വർണിച്ചത്. ആ സമയത്ത് 30 ലക്ഷത്തോളം പേർ ‘ഗ്വാഡലൂപ്പിലെ കന്യക’യിലുള്ള തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാനായി മെക്സിക്കോ നഗരത്തിലെ ബസിലിക്ക സന്ദർശിക്കുകയുണ്ടായി. റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക പോലുള്ള മറ്റ് മതസൗധങ്ങളും സന്ദർശകകൂട്ടങ്ങളെ ആകർഷിക്കുന്നു.
മതപരമായ കെട്ടിടങ്ങൾക്കു പ്രത്യേക പ്രാധാന്യമുള്ളതായി ദൈവത്തെ ആരാധിക്കാൻ ആഗ്രഹിക്കുന്ന അനേകരും കരുതുന്നു. ബ്രസീലിൽനിന്നുള്ള മരിയ പറയുന്നു: “എന്നെ സംബന്ധിച്ചിടത്തോളം, ദൈവത്തോട് അടുത്തുചെല്ലാൻ പറ്റിയ ഒരിടമായിരുന്നു പള്ളി. അതൊരു വിശുദ്ധ സ്ഥലമായിരുന്നു. പള്ളിയിൽ പോകുന്നത് ആത്മാവിനെ ശുദ്ധീകരിക്കുമെന്നായിരുന്നു എന്റെ വിശ്വാസം. ഏതെങ്കിലുമൊരു ഞായറാഴ്ച കുർബാനയോ കുമ്പസാരമോ മുടക്കിയാൽ അതു പാപമാണെന്നും ഞാൻ കരുതി.” മെക്സിക്കോയിൽനിന്നുള്ള കോൺസ്വീലോ പറയുന്നു: “പള്ളി എന്നിൽ ഒരു പ്രത്യേക അനുഭൂതി ഉളവാക്കിയിരുന്നു; വളരെ വിലമതിപ്പോടെയാണ് ഞാൻ പള്ളിയെ വീക്ഷിച്ചിരുന്നത്. അവിടെ ആയിരിക്കുമ്പോൾ സ്വർഗത്തിൽ ആയിരിക്കുന്ന പ്രതീതിയായിരുന്നു എനിക്ക്.”
പള്ളികൾക്ക് ചിലർ വലിയ പ്രാധാന്യം കൽപ്പിക്കുന്നുണ്ടെങ്കിലും ആരാധനാ സ്ഥലങ്ങൾ എന്ന നിലയിലുള്ള അവയുടെ ആവശ്യം സംബന്ധിച്ച് മറ്റുചിലർ സംശയാലുക്കളാണ്. കുറഞ്ഞുവരുന്ന പള്ളിഹാജരിനെ കുറിച്ച് സംസാരിക്കവേ ഇംഗ്ലണ്ടിലെ ഒരു കത്തോലിക്കാ പുരോഹിതനായ പീറ്റർ സിബെർട്ട് പറയുന്നു: “മതത്തിലെ തങ്ങൾക്കിഷ്ടപ്പെട്ട കാര്യങ്ങളാണ് [ആളുകൾ] തിരഞ്ഞെടുക്കുന്നത്. കത്തോലിക്കാസഭയിലെ മുതിർന്നവരിൽ അനേകരും വലിയ ഭക്തരാണ്, അവർ അവരുടെ വിശ്വാസം അനുസരിച്ചു ജീവിക്കുന്നു. എന്നാൽ ചെറുപ്പക്കാർക്കിടയിൽ ആ പ്രതിബദ്ധതയില്ല.” ലണ്ടനിലെ, 1998 നവംബർ 20-ാം തീയതിയിലെ ഡെയ്ലി ടെലിഗ്രാഫ് ഇപ്രകാരം പറഞ്ഞു: “ഇംഗ്ലണ്ടിൽ 1979 മുതൽ 495 പള്ളികൾ ഭക്തർക്കായി തുറന്നുകൊടുക്കുകയും 150 പള്ളികൾ പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ടെങ്കിലും ആ കാലയളവിൽ അവിടെ ഏതാണ്ട് 1,500 പള്ളികൾ അടച്ചുപൂട്ടേണ്ടതായി വന്നു.”
ജർമനിയിലെ മ്യൂണിക്കിലുള്ള സ്യൂറ്റ്ഡോയിച്ച് റ്റ്സൈറ്റുങ് എന്ന വർത്തമാനപ്പത്രം 1997-ൽ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “പള്ളികൾ സിനിമാശാലകളും അപ്പാർട്ടുമെന്റുകളുമായി മാറിക്കൊണ്ടിരിക്കുകയാണ്: വിശ്വാസികൾ കുർബാനകളിൽ സംബന്ധിക്കുന്നില്ല, ആരാധനാസ്ഥലങ്ങൾ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു. . . നെതർലൻഡ്സിലും ഇംഗ്ലണ്ടിലുമൊക്കെ ഇതിനോടകം സർവസാധാരണമായിത്തീർന്ന സംഗതി ഇപ്പോൾ ജർമനിയിലും തുടങ്ങിയിരിക്കുന്നു.” അത് ഇങ്ങനെ കൂട്ടിച്ചേർത്തു: “കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ജർമനിയിൽ 30-ഓ 40-ഓ പള്ളികളുടെ വിൽപ്പന നടന്നു എന്നതു തികച്ചും ശ്രദ്ധേയമാണ്.”
ദൈവത്തെ ആരാധിക്കാൻ മതപരമായ കെട്ടിടങ്ങൾ യഥാർഥത്തിൽ ആവശ്യമാണോ? ബസിലിക്കകൾക്കും പ്രൗഢഗംഭീരമായ പള്ളികൾക്കും തിരുവെഴുത്തുകളിൽ മുൻമാതൃകകൾ ഉണ്ടോ? ജീവനുള്ള സത്യദൈവത്തിന്റെ ആരാധനയുമായി ഏതുതരം കെട്ടിടങ്ങളാണു ബന്ധപ്പെട്ടിരിക്കുന്നത്? ആരാധനാസ്ഥലങ്ങൾ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം, അവിടെ നടക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അവ നമ്മെ എന്തു പഠിപ്പിക്കുന്നു?