ഉപകാരം ചെയ്യണമോ അതോ ഉപദ്രവിക്കാതിരുന്നാൽ മതിയോ?
“മറ്റുള്ളവർ നിങ്ങളോടു ചെയ്യാൻ ആഗ്രഹിക്കാത്തത് അവരോടും ചെയ്യരുത്.” പ്രസിദ്ധ ചൈനീസ് ഗുരുവും തത്ത്വചിന്തകനുമായ കൺഫ്യൂഷ്യസിനെ ഈ ധാർമിക തത്ത്വത്തിന്റെ പിതാവായി കണക്കാക്കുന്നു. ഇന്ന്, ഏതാണ്ട് 2,500 വർഷത്തിനു ശേഷവും, മറ്റുള്ളവർക്ക് ഉപദ്രവമൊന്നും ചെയ്യാതിരുന്നാൽ ഒരുവൻ തന്റെ ധാർമിക കടമ നിർവഹിച്ചുവെന്ന വിശ്വാസം നിരവധി പേർ വെച്ചുപുലർത്തുന്നു.
കൺഫ്യൂഷ്യസിന്റെ ആ തത്ത്വത്തിന് അതിന്റേതായ മൂല്യമുണ്ട് എന്നതു ശരിതന്നെ. എന്നാൽ, മാനുഷിക പെരുമാറ്റത്തിന്റെയും ഇടപെടലുകളുടെയും മറ്റൊരു വശം ബൈബിൾ വെളിപ്പെടുത്തുന്നു. സഹമനുഷ്യരോട് തെറ്റു ചെയ്യുന്നത് മാത്രമല്ല, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുന്നതും പാപം ആണെന്ന് അതു പറയുന്നു. ക്രിസ്തീയ ശിഷ്യനായ യാക്കോബ് ഇപ്രകാരം എഴുതി: “നന്മ ചെയ്വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ.” (യാക്കോബ് 4:17) ക്രിസ്ത്യാനികളോട് മറ്റുള്ളവരെ ദ്രോഹിക്കരുതെന്ന് കേവലം പറയുന്നതിനുപകരം, യേശു അവർക്ക് ഈ ബുദ്ധിയുപദേശം നൽകി: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ.”—മത്തായി 7:12.
മറ്റുള്ളവർ തങ്ങളോട് എങ്ങനെ പെരുമാറാൻ ആഗ്രഹിക്കുന്നുവോ അതുപോലെ സകലരും പരസ്പരം പെരുമാറണം എന്നതായിരുന്നു ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം. മറ്റുള്ളവരുടെ ക്ഷേമത്തിൽ താത്പര്യം കാണിക്കുന്നതിന്റെ ഏറ്റവും നല്ല മാതൃക അവൻ മനുഷ്യരെ സൃഷ്ടിച്ച വിധത്തിൽ പ്രകടമാക്കുകയുണ്ടായി: “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പത്തി 1:27) സ്നേഹപൂർവം ദൈവം അവർക്ക് ഒരു മനസ്സാക്ഷി നൽകിയെന്ന് ഇത് അർഥമാക്കുന്നു. അതിനെ ഉചിതമായി പരിശീലിപ്പിക്കുന്നപക്ഷം മറ്റുള്ളവർ തങ്ങളോട് എങ്ങനെ പെരുമാറാൻ നാം പ്രതീക്ഷിക്കുന്നുവോ അതേവിധത്തിൽ മറ്റുള്ളവരോടും പെരുമാറാൻ അതു നമ്മെ പ്രേരിപ്പിക്കും.
ചിന്താശൂന്യരും സ്വാർഥരുമായ ആളുകളാൽ ഇന്ന് അനേകർ കഷ്ടപ്പാട് അനുഭവിക്കുന്നു, പ്രത്യാശയ്ക്കോ ആശ്വാസത്തിനോ വകയില്ലാതെ. വ്യക്തമായും മറ്റുള്ളവരോട് കേവലം മോശമായി പെരുമാറാതിരിക്കുകയോ അവരെ ദ്രോഹിക്കാതിരിക്കുകയോ ചെയ്താൽ മാത്രം പോരാ, മറിച്ച് അവരുടെ ക്ഷേമത്തിനുതകുന്ന നല്ല കാര്യങ്ങൾ ചെയ്യുകയും വേണം. ഇക്കാരണത്താൽ, ദൈവവചനത്തിൽ കാണുന്ന മഹത്തായ പ്രത്യാശയെ കുറിച്ച് പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾ സ്വമേധയാ ക്രിയാത്മക പടികൾ സ്വീകരിക്കുന്നു. ബൈബിൾ സുവാർത്തയുമായി അവർ ആളുകളെ സമീപിക്കുന്നത് സ്നേഹത്തിന്റെ ആത്മാവോടെയാണ്. അങ്ങനെ, മറ്റുള്ളവർ തങ്ങളോട് ചെയ്യാൻ ആഗ്രഹിക്കുന്നത് അവർ അവരോടു ചെയ്യുന്നു.