ക്രിസ്തുമസ്സ്കാല സമാധാനം വർഷം മുഴുവൻ നിലനിൽക്കുമോ?
“അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു [“സന്മനസ്സുള്ള മനുഷ്യർക്കിടയിൽ,” NW] സമാധാനം.”—ലൂക്കൊസ് 2:14.
ദശലക്ഷങ്ങൾക്കു പരിചിതമായ ആ വാക്കുകൾ യേശുവിന്റെ ജനനം അറിയിച്ചുകൊണ്ട് ദൂതന്മാർ ഉദ്ഘോഷിച്ചതാണ്. രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാത്തുകൊണ്ട് വെളിമ്പ്രദേശത്തു കഴിഞ്ഞിരുന്ന ഇടയന്മാരോടാണ് അവർ അത് അറിയിച്ചത്. യേശു ജനിച്ചതായി സഭകൾ അവകാശപ്പെടുന്ന സമയത്തോട് അടുത്ത് പല നാമമാത്ര ക്രിസ്ത്യാനികളും തങ്ങളുടെ സ്വഭാവഗുണം മെച്ചപ്പെടുത്താൻ പ്രത്യേക ശ്രമം ചെയ്യാറുണ്ട്. ക്രിസ്തുമസ്സ് കാലത്ത് സന്തോഷം, സമാധാനം, സന്മനസ്സ് തുടങ്ങി ദൂതന്മാരുടെ പ്രഖ്യാപനത്തിൽ പരാമർശിച്ചിരിക്കുന്ന ഗുണങ്ങൾ പ്രകടിപ്പിക്കുന്നതിൽ ആളുകൾ പൊതുവേ ഉത്സുകരാണ്.
ക്രിസ്തുമസ്സിന് മതപരമായ പ്രാധാന്യമൊന്നും കൽപ്പിക്കാത്തവർപോലും ഇത്തരം ഗുണങ്ങൾ ഇഷ്ടപ്പെടുന്നു. ക്രിസ്തുമസ്സ് ആഘോഷം ഉന്നമിപ്പിക്കുന്നതായി കാണുന്ന ആ ഊഷ്മളവികാരം അവരും വിലമതിക്കാറുണ്ട്. ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് സ്കൂളിൽ പോകുന്നവർക്കും ജോലിക്കാർക്കും അവധി ലഭിക്കുന്നിടത്താണെങ്കിലോ? അത് വിശ്രമത്തിനോ സന്തോഷകരമായ സമയം ആസ്വദിക്കുന്നതിനോ കുടുംബത്തോടും സുഹൃത്തുക്കളോടുമൊത്ത് സമയം ചെലവഴിക്കുന്നതിനോ ഒക്കെയുള്ള അവസരമേകുന്നു. ആത്മാർഥഹൃദയരായ അനേകരുടെയും കാര്യത്തിൽ ക്രിസ്തുമസ്സ് തീർച്ചയായും യേശുക്രിസ്തുവിനെ ആദരിക്കുന്നതിനുള്ള ഒരു സമയമാണ്.
ക്രിസ്തുമസ്സിന് ആളുകൾ എന്തൊക്കെ പ്രാധാന്യം കൽപ്പിച്ചാലും ശരി, മിക്കവരും തുറന്നു സമ്മതിക്കുന്ന ഒരു കാര്യമുണ്ട്: അത് ഉളവാക്കുന്ന ആ ക്രിയാത്മക വികാരങ്ങൾ മിക്കപ്പോഴും നൈമിഷികം മാത്രമാണ് എന്നത്. എത്ര പെട്ടെന്നാണ് ആളുകൾ തങ്ങളുടെ സാധാരണ സ്വഭാവഗതിയിലേക്കു മടങ്ങുന്നത്! റോയൽ ബാങ്ക് ഓഫ് കാനഡ പ്രസിദ്ധീകരിച്ച “ക്രിസ്തുമസ്സ് മനോഭാവം” എന്ന ശീർഷകത്തോടു കൂടിയ ഒരു ഉപന്യാസം ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: “മിക്ക ‘ക്രിസ്ത്യാനികളും’ വർഷത്തിൽ ഏതാനും ആഴ്ചത്തേക്കു മാത്രമേ ആ വിശേഷണത്തിനു യോഗ്യരായി കാണപ്പെടുന്നുള്ളൂ, അതായത് പുതുവർഷപുലരി കഴിയുന്നതുവരെ മാത്രം. കാരണം അതിനുശേഷം സഹമനുഷ്യരുടെ ദയനീയാവസ്ഥ കാണുമ്പോൾ സന്മനസ്സിനു പകരം സ്വാർഥതയും നിസ്സംഗതയും മറ്റുമാണ് അവർ പ്രകടമാക്കുന്നത്.” ക്രിസ്തുമസ്സ് കാലത്ത് ആളുകൾ പ്രകടമാക്കുന്ന മനോഭാവത്തിന്റെ “അടിസ്ഥാന പ്രശ്നം” “വർഷത്തിൽ ഉടനീളം” അതു കാണിക്കുന്നില്ല എന്നതാണ് എന്ന് പ്രസ്തുത കത്ത് തുടർന്നു വ്യക്തമാക്കുകയുണ്ടായി.
നിങ്ങൾ അതിനോട് യോജിച്ചാലും ഇല്ലെങ്കിലും, അത് സുപ്രധാനമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു. പരസ്പരമുള്ള ഇടപെടലിൽ ആളുകൾക്ക് ഔദാര്യവും സമാനുഭാവവും സ്ഥിരമായ അടിസ്ഥാനത്തിൽ പ്രകടമാക്കാൻ കഴിയുന്ന ഒരു കാലം വരുമോ? യേശുവിന്റെ ജനനസമയത്ത് ദൂതന്മാർ ഉദ്ഘോഷിച്ച സംഗതി യാഥാർഥ്യമാകും എന്നു പ്രത്യാശിക്കുന്നതിനു വസ്തുനിഷ്ഠമായ എന്തെങ്കിലും കാരണമുണ്ടോ? അതോ യഥാർഥ സമാധാനത്തിനായുള്ള പ്രത്യാശ വെറുമൊരു സ്വപ്നമാണോ?