വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യഹോവയുടെ സാക്ഷിയായ ഒരാൾക്ക് സാക്ഷികളല്ലാത്ത ബന്ധുക്കളുടെയോ പരിചയക്കാരുടെയോ വിവാഹത്തിൽ സംബന്ധിക്കാമോ?
സന്തോഷകരമായ ഒരു വേളയാണ് വിവാഹം. ഒരു ക്രിസ്ത്യാനി ആ സന്തോഷത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നതു സ്വാഭാവികംമാത്രം. മൈനറായ കുട്ടികൾ ഇക്കാര്യത്തിൽ മാതാപിതാക്കളുടെയും രക്ഷകർത്താക്കളുടെയും അഭിപ്രായത്തെ മാനിക്കണം. അന്തിമ തീരുമാനം അവരുടേതാണ്. (എഫെസ്യർ 6:1-3) എന്നാൽ പള്ളിയിൽവെച്ചു നടക്കുന്ന വിവാഹത്തിൽ തന്നോടൊപ്പം വരാൻ സാക്ഷിയല്ലാത്ത ഒരു വ്യക്തി സാക്ഷിയായ ഭാര്യയോട് ആവശ്യപ്പെടുന്നെങ്കിലോ? അവിടെ നടക്കുന്ന മതപരമായ യാതൊരു ചടങ്ങിലും പങ്കുപറ്റില്ല എന്ന ദൃഢനിശ്ചയത്തോടെ, ഒരു കാഴ്ചക്കാരിയെന്ന നിലയിൽ പോകാൻ മനസ്സാക്ഷി അവളെ അനുവദിച്ചേക്കാം.
അങ്ങനെ നോക്കുമ്പോൾ, ഒരു വിവാഹത്തിൽ സംബന്ധിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. എന്നാൽ അത്തരം തീരുമാനം എടുക്കേണ്ടിവരുമ്പോൾ, തങ്ങൾ യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടവരാണെന്ന കാര്യം ഓരോ ക്രിസ്ത്യാനിയും ഓർത്തിരിക്കുകയും തിരുവെഴുത്തു തത്ത്വങ്ങൾ പരിചിന്തിക്കുകയും വേണം.
ദൈവത്തിന്റെ അംഗീകാരം നേടുന്നതായിരിക്കണം ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനം. യേശു പറഞ്ഞു: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹന്നാൻ 4:24) അതുകൊണ്ട് ബൈബിൾ സത്യത്തിന് വിരുദ്ധമായ പ്രാർഥനകളും ആചാരങ്ങളും ചടങ്ങുകളുംപോലുള്ള മിശ്രവിശ്വാസപരമായ കാര്യങ്ങളിൽ യഹോവയുടെ സാക്ഷികൾ ഉൾപ്പെടുകയില്ല.—2 കൊരിന്ത്യർ 6:14-17.
തന്റെ തീരുമാനം മറ്റുള്ളവരെ ബാധിച്ചേക്കാമെന്ന വസ്തുതയും ഒരു ക്രിസ്ത്യാനി തിരിച്ചറിയുന്നു. നിങ്ങൾ വിവാഹത്തിനു പോകുകയും എന്നാൽ എല്ലാ ചടങ്ങുകളിലും പങ്കുപറ്റാതിരിക്കുകയും ചെയ്യുന്നത് ബന്ധുക്കളുടെ വികാരങ്ങളെ മുറിപ്പെടുത്തുമോ? സഹവിശ്വാസികളുടെ വികാരങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. (റോമർ 14:13) സാക്ഷിയല്ലാത്ത ഒരാളുടെ വിവാഹത്തിന് സംബന്ധിക്കുന്നതുകൊണ്ട് കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് നിങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ തോന്നിയാലും, ആത്മീയ സഹോദരങ്ങളെ അതു ബാധിക്കാൻ ഇടയുണ്ടോ? അതു ചിലരുടെയെങ്കിലും മനസ്സാക്ഷിയെ വ്രണപ്പെടുത്തുമോ?
വിശ്വാസികളല്ലാത്ത ബന്ധുക്കൾ ഉൾപ്പെട്ട വിവാഹച്ചടങ്ങുകൾ പല ബുദ്ധിമുട്ടുകളും ഉളവാക്കിയേക്കാം. വരന്റെയോ വധുവിന്റെയോ കൂടെ നിൽക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നെങ്കിലോ? നിങ്ങളുടെ ഇണ സാക്ഷിയല്ലാതിരിക്കുകയും മുഴുചടങ്ങുകളിലും പങ്കുപറ്റാൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിലെന്ത്? ഒരു ഗവൺമെന്റ് അധികാരിയുടെ മുമ്പാകെയുള്ള വിവാഹത്തിൽ സംബന്ധിക്കുന്നതിൽ ചില നിയമനടപടികൾക്ക് സാക്ഷ്യം വഹിക്കുന്നതു മാത്രമായിരിക്കാം ഉൾപ്പെട്ടിരിക്കുന്നത്.
എന്നാൽ മതപരമായ ചടങ്ങുകൾ സഹിതം പള്ളിയിലോ അമ്പലത്തിലോ വെച്ച് നടക്കുന്ന ഒരു വിവാഹം മറ്റു ചില വെല്ലുവിളികൾ ഉയർത്തിയേക്കാം. ബൈബിൾ പരിശീലിത മനസ്സാക്ഷിയോടു പറ്റിനിൽക്കാനും വിശ്വാസങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാനും നവദമ്പതികളെയും വീട്ടുകാരെയും വിഷമിപ്പിച്ചേക്കാവുന്ന എന്തെങ്കിലും ചെയ്യുന്നത് ഒഴിവാക്കാനുംവേണ്ടി പോകാതിരിക്കാൻ ഒരുപക്ഷേ നിങ്ങൾ തീരുമാനിച്ചേക്കാം. (സദൃശവാക്യങ്ങൾ 22:3) ചടങ്ങുകളിൽ എത്രത്തോളം നിങ്ങൾക്കു പങ്കുപറ്റാനാകുമെന്നു സൂചിപ്പിച്ചുകൊണ്ട് ബൈബിളധിഷ്ഠിത വിശ്വാസങ്ങളെക്കുറിച്ച് നേരത്തേതന്നെ സംസാരിക്കുന്നത് നിങ്ങളെയും കുടുംബത്തെയും പല ആകുലതകളിൽനിന്നും സംരക്ഷിക്കും.
എല്ലാ ഘടകങ്ങളും വിലയിരുത്തിയതിനുശേഷം സാക്ഷിയല്ലാത്ത ഒരാളുടെ വിവാഹത്തിൽ വെറുമൊരു കാഴ്ചക്കാരനെന്ന നിലയിൽ സംബന്ധിക്കുന്നതിൽ തെറ്റില്ലെന്ന് ഒരു ക്രിസ്ത്യാനി തീരുമാനിച്ചേക്കാം. എന്നാൽ വിവാഹത്തിനു സംബന്ധിച്ചാൽ, ദൈവിക തത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനുള്ള പ്രലോഭനമുണ്ടാകും എന്നു തോന്നുന്നപക്ഷം സംബന്ധിക്കാതിരിക്കുന്നതാണ് ഉചിതമെന്ന നിഗമനത്തിൽ അദ്ദേഹം എത്തിയേക്കാം. വിവാഹച്ചടങ്ങിന് പോകാതെ അതു കഴിഞ്ഞുള്ള സദ്യയ്ക്കും മറ്റും പോകാനാണ് തീരുമാനിക്കുന്നതെങ്കിൽ ‘എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്യാൻ’ അദ്ദേഹം ശ്രദ്ധിക്കണം. (1 കൊരിന്ത്യർ 10:31) അത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ, ഉത്തരവാദിത്വമാകുന്ന ‘ചുമട് ഓരോരുത്തൻ ചുമക്കേണ്ടതാണ്.’ (ഗലാത്യർ 6:5) അതുകൊണ്ട് നിങ്ങൾ എന്തു തീരുമാനം എടുത്താലും ദൈവമുമ്പാകെ ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുന്നതാണ് പ്രധാനം എന്നതു മനസ്സിൽപ്പിടിക്കുക.