ദൈവത്തോട് അടുത്തുചെല്ലുക
‘പ്രാർത്ഥന കേൾക്കുന്നവൻ’
തന്റെ ഭക്തന്മാരുടെ പ്രാർഥനകൾക്ക് യഹോവയാം ദൈവം ഉത്തരം നൽകുമോ? യഹോവ ‘പ്രാർഥന കേൾക്കുന്നവനാണ്’ എന്ന വസ്തുതയ്ക്ക് അടിവരയിടുന്നു യബ്ബേസിനെക്കുറിച്ചുള്ള ബൈബിൾ വിവരണം. (സങ്കീർത്തനം 65:2) ഈ വ്യക്തിയെക്കുറിച്ച് നമുക്ക് അധികമൊന്നും അറിയില്ല. യബ്ബേസിനെക്കുറിച്ചുള്ള വിവരണം നാം കാണുന്നത് തീരെ പ്രതീക്ഷിക്കാത്ത ഒരു തിരുവെഴുത്തുഭാഗത്താണ്—1 ദിനവൃത്താന്തത്തിന്റെ ആദ്യഭാഗത്തു തുടങ്ങുന്ന വംശാവലിപ്പട്ടികയിൽ. 1 ദിനവൃത്താന്തം 4:9, 10-ലെ ഹ്രസ്വമായ ആ വിവരണം നമുക്കൊന്നു നോക്കാം.
ഈ രണ്ടുവാക്യങ്ങളിൽ കാണുന്ന വിവരങ്ങൾ മാത്രമേ യബ്ബേസിനെക്കുറിച്ച് നമുക്കറിയാവൂ. അവന്റെ അമ്മ, “ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ്a എന്നു പേരിട്ടു” എന്ന് 9-ാം വാക്യം പറയുന്നു. അവൾ എന്തുകൊണ്ടാണ് മകന് അങ്ങനെയൊരു പേരിട്ടത്? അതികഠിനമായ ഈറ്റുനോവോടെ അവനെ പ്രസവിച്ചതുകൊണ്ടാണോ? അതോ ആ സമയത്ത് അവൾ വിധവയായിരുന്നോ, കുഞ്ഞിനെ കാണാൻ അവന്റെ പിതാവ് ഇല്ലല്ലോ എന്ന ദുഃഖമായിരുന്നോ അവൾക്ക്? ബൈബിൾ അതേക്കുറിച്ചൊന്നും പറയുന്നില്ല. എന്നാൽ ഒരുനാൾ ഈ മകൻ അവളുടെ അഭിമാനമാകുമായിരുന്നു. യബ്ബേസിന്റെ കൂടെപ്പിറപ്പുകൾ നല്ലവരായിരുന്നിരിക്കാം. എങ്കിലും യബ്ബേസ് “അവന്റെ സഹോദരൻമാരെക്കാൾ ബഹുമാന്യനായിരുന്നു” (പി.ഒ.സി.ബൈബിൾ) എന്നാണ് വിവരണം പറയുന്നത്.
ദൈവത്തോട് ആത്മാർഥമായി പ്രാർഥിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു യബ്ബേസ്. തന്നെ അനുഗ്രഹിക്കണമേ എന്ന അപേക്ഷയോടെയാണ് യബ്ബേസ് തന്റെ പ്രാർഥന തുടങ്ങുന്നത്. പിന്നെ, അവൻ മൂന്നുകാര്യങ്ങൾക്കുവേണ്ടി അപേക്ഷിച്ചു; ശക്തമായ വിശ്വാസം പ്രതിഫലിക്കുന്നവയായിരുന്നു ആ അപേക്ഷകൾ.
തന്റെ ‘അതിർ വിസ്താരമാക്കണം’ എന്നതായിരുന്നു യബ്ബേസിന്റെ ആദ്യത്തെ അപേക്ഷ. (10-ാം വാക്യം) മറ്റൊരാളുടെ ഭൂസ്വത്ത് തട്ടിയെടുക്കാൻ ആഗ്രഹിച്ച ഒരു അത്യാഗ്രഹിയല്ലായിരുന്നു യബ്ബേസ്. അതുകൊണ്ട് അവന്റെ അപേക്ഷ കേവലം ഭൂസ്വത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലുള്ളതായിരിക്കാൻ വഴിയില്ല. സത്യദൈവത്തെ ആരാധിക്കുന്നവരായ കൂടുതൽ ആളുകൾ തന്റെ ദേശത്ത് വന്നുപാർക്കാൻ ഇടയാകുംവിധം അതു കൂടുതൽ വിസ്തൃതമാക്കിത്തരണമെന്നായിരിക്കാം അവൻ ദൈവത്തോട് അപേക്ഷിച്ചത്.b
ദൈവത്തിന്റെ “കൈ” തന്നോടുകൂടെ ഇരിക്കണമേ എന്നതായിരുന്നു യബ്ബേസിന്റെ രണ്ടാമത്തെ അപേക്ഷ. തന്റെ ദാസന്മാരെ തുണയ്ക്കാൻ ദൈവം ഉപയോഗിക്കുന്ന തന്റെ ശക്തിയെയാണ് ആലങ്കാരികമായി അവന്റെ “കൈ” എന്നു പരാമർശിച്ചിരിക്കുന്നത്. (1 ദിനവൃത്താന്തം 29:12) തന്റെ ഹൃദയത്തിലെ ആഗ്രഹം നിറവേറ്റിക്കിട്ടാൻ യബ്ബേസ് യഹോവയിൽ ആശ്രയിച്ചു; തന്നിൽ വിശ്വസിക്കുന്നവരെ തുണയ്ക്കാൻ പ്രാപ്തനും സന്നദ്ധനുമായ ദൈവത്തിൽ.—യെശയ്യാവു 59:1.
യബ്ബേസിന്റെ മൂന്നാമത്തെ അപേക്ഷ ഇതായിരുന്നു: ‘അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കേണമേ.’ ‘എനിക്കു വ്യസനകാരണമായി തീരാതെ കാക്കേണമേ’ എന്ന് അവൻ പറഞ്ഞത്, ദുരനുഭവങ്ങൾ ഒന്നും തനിക്ക് ഉണ്ടാകാതെ കാക്കണം എന്ന അർഥത്തിലല്ല, കഷ്ടങ്ങളിൽ കാലിടറാതെയും അതിദുഃഖത്തിലാണ്ടുപോകാതെയും കാത്തുകൊള്ളണം എന്ന അർഥത്തിലാണ്.
സത്യാരാധനയോടുള്ള ആത്മാർഥതയും പ്രാർഥന കേൾക്കുന്നവനായ ദൈവത്തിലുള്ള വിശ്വാസവും ആശ്രയവും എടുത്തുകാട്ടുന്നതായിരുന്നു യബ്ബേസിന്റെ പ്രാർഥന. യഹോവ ആ പ്രാർഥന കേട്ടോ? തീർച്ചയായും! “അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നൽകി” എന്ന് വിവരണത്തിന്റെ അവസാനഭാഗത്തു പറയുന്നു.
പ്രാർഥന കേൾക്കുന്നവനായ യഹോവയാം ദൈവത്തിന് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. തന്റെ ഭക്തന്മാരുടെ പ്രാർഥനകൾ കേൾക്കാൻ അവനു സന്തോഷമേയുള്ളൂ. അവനിൽ വിശ്വാസമർപ്പിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവർക്ക് പിൻവരുന്ന ഉറപ്പുണ്ടായിരിക്കാനാകും: “തിരുഹിതപ്രകാരം നാം എന്ത് അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു.”—1 യോഹന്നാൻ 5:14.
[അടിക്കുറിപ്പുകൾ]
a “വേദന” എന്ന് അർഥം വരാവുന്ന ഒരു പദത്തിൽനിന്നാണ് യബ്ബേസ് എന്ന പേരിന്റെ ഉത്ഭവം.
b ടാർഗം (എബ്രായ തിരുവെഴുത്തുകളുടെ അരാമ്യയിലുള്ള പരാവർത്തനം) യബ്ബേസിന്റെ വാക്കുകളെ ഇങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു: “മക്കളെ നൽകി എന്നെ അനുഗ്രഹിക്കേണമേ; കൂടുതൽ ശിഷ്യന്മാരെ നൽകി എന്റെ അതിരുകളെ വിസ്തൃതമാക്കേണമേ.”