രഹസ്യം 1
പണത്തെയും വസ്തുക്കളെയും സ്നേഹിക്കാതെ ആളുകളെ സ്നേഹിക്കുക
ബൈബിൾ പഠിപ്പിക്കുന്നത് “പണസ്നേഹം സകലവിധ ദോഷങ്ങൾക്കും മൂലമല്ലോ.”—1 തിമൊഥെയൊസ് 6:10.
വെല്ലുവിളി ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടിരിക്കരുത് എന്ന സന്ദേശം നമ്മുടെമേൽ അടിച്ചേൽപ്പിക്കാൻ മത്സരിക്കുകയാണ് ഇന്നത്തെ പരസ്യക്കമ്പനികൾ. വിപണിയിലെ ഏറ്റവും പുതിയ, ഏറ്റവും നല്ല, ഏറ്റവും വലിയ സാധനസാമഗ്രികൾ സ്വന്തമാക്കാനായി രാപകൽ ജോലിചെയ്ത് പണമുണ്ടാക്കാൻ ഇവർ ആളുകളെ നിർബന്ധിക്കുന്നു. പണത്തിന് അപാരമായ വശ്യതയുണ്ട്; ശ്രദ്ധിച്ചില്ലെങ്കിൽ നാം അതിന്റെ മാസ്മരവലയത്തിൽ കുടുങ്ങിപ്പോകും. എന്നാൽ ധനമോഹിയായ ഒരു വ്യക്തിക്ക് എത്ര പണം കിട്ടിയാലും തൃപ്തിവരില്ല എന്ന് ബൈബിൾ പറയുന്നു. “ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യപ്രിയന്നു ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല” എന്ന് ശലോമോൻ രാജാവ് എഴുതി.—സഭാപ്രസംഗി 5:10.
നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത് യേശുവിനെ അനുകരിക്കാൻ ശ്രമിക്കുക; വസ്തുവകകളെയല്ല, ആളുകളെ സ്നേഹിക്കാൻ പഠിക്കുക. ആളുകളോടുള്ള സ്നേഹംനിമിത്തം തനിക്കുള്ളതെല്ലാം, സ്വന്തം ജീവൻപോലും, ത്യജിക്കാൻ യേശു സന്നദ്ധനായി. (യോഹന്നാൻ 15:13) “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ” എന്നാണ് യേശു പറഞ്ഞത്. (പ്രവൃത്തികൾ 20:35) നമ്മുടെ സമയവും സമ്പത്തുമൊക്കെ മറ്റുള്ളവർക്കായി ചെലവഴിക്കുന്ന ശീലം നമുക്കുണ്ടെങ്കിൽ ആളുകൾ തിരിച്ചും അതു ചെയ്യും. “കൊടുത്തുശീലിക്കുവിൻ; അപ്പോൾ ആളുകൾ നിങ്ങൾക്കും തരും” എന്ന് യേശു പറഞ്ഞു. (ലൂക്കോസ് 6:38) പണത്തിന്റെ പുറകേ പായുന്നത് വലിയ വേദനയും ദുരിതങ്ങളും വരുത്തിവെക്കും. (1 തിമൊഥെയൊസ് 6:9, 10) നേരെമറിച്ച്, സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നത് യഥാർഥ സംതൃപ്തി കൈവരുത്തും.
ജീവിതം കുറച്ചുകൂടി ലളിതമാക്കാനാകുമോ എന്ന് ചിന്തിച്ചുനോക്കുക. നിങ്ങൾക്കുള്ളതോ നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നതോ ആയ സാധനസാമഗ്രികളുടെ എണ്ണം വെട്ടിച്ചുരുക്കാൻ കഴിയുമോ? അങ്ങനെയാകുമ്പോൾ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾക്കായി—മറ്റുള്ളവരെ സഹായിക്കാനും നിങ്ങൾക്കുള്ളതെല്ലാം നൽകിയ ദൈവത്തെ സേവിക്കാനും—സമയവും ഊർജവും മാറ്റിവെക്കാൻ നിങ്ങൾക്കാകും.—മത്തായി 6:24; പ്രവൃത്തികൾ 17:28.
[4-ാം പേജിലെ ചിത്രം]
“കൊടുത്തുശീലിക്കുവിൻ; അപ്പോൾ ആളുകൾ നിങ്ങൾക്കും തരും”