ദൈവത്തോട് അടുത്തുചെല്ലുക
“ഞാൻ നിന്നെ മറക്കയില്ല”
തന്റെ ജനത്തിന്റെ കാര്യത്തിൽ ശരിക്കും കരുതലുള്ളവനാണോ യഹോവ? ഉണ്ടെങ്കിൽ അവന് അവരിൽ എത്രമാത്രം താത്പര്യമുണ്ട്? ഈ ചോദ്യങ്ങൾക്ക് ഉത്തരം അറിയാൻ ഒരേയൊരു മാർഗമേയുള്ളൂ—ദൈവത്തിന്റെതന്നെ വാക്കുകൾ പരിശോധിക്കുക. ബൈബിളിൽ യഹോവ അത് വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നു. യെശയ്യാവു 49:15-ലെ വാക്കുകൾ ഒന്നു നോക്കൂ.
നമുക്കെല്ലാം പരിചിതമായ ഹൃദയസ്പർശിയായ ഒരു ദൃഷ്ടാന്തം ഉപയോഗിച്ച് തന്റെ ജനത്തോടുള്ള ആർദ്രവികാരം യഹോവ യെശയ്യാവിലൂടെ വെളിപ്പെടുത്തുന്നു. ആദ്യമായി ചിന്തോദ്ദീപകമായ ഈ ചോദ്യങ്ങൾ യഹോവ ചോദിക്കുന്നു: “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ?” ഒറ്റനോട്ടത്തിൽ ഉത്തരം വ്യക്തമാണെന്ന് തോന്നിയേക്കാം. ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനെ എങ്ങനെ മറക്കാൻ കഴിയും! അമ്മയെക്കൂടാതെ കുഞ്ഞിന് ഒന്നും ചെയ്യാനാകില്ല. എല്ലായ്പോഴും അതിന് അമ്മയുടെ പരിചരണം ആവശ്യമാണ്. ആവശ്യമുള്ളപ്പോഴെല്ലാം അമ്മയുടെ ശ്രദ്ധ പിടിച്ചുപറ്റാനും അത് ശ്രമിക്കും. പക്ഷേ യഹോവയുടെ ചോദ്യത്തിൽ ഇതിലധികം ഉൾപ്പെട്ടിട്ടുണ്ട്.
ഒരമ്മ തന്റെ കുഞ്ഞിന്റെ എല്ലാ ആവശ്യങ്ങൾക്കും ശ്രദ്ധകൊടുക്കുകയും സ്നേഹപൂർവം പരിപാലിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? കുഞ്ഞിന്റെ കരച്ചിൽ അടക്കുന്നതിനുവേണ്ടി മാത്രമാണോ? അല്ല. “താൻ പ്രസവിച്ച മകനോട്” ഒരമ്മയ്ക്ക് കരുണ തോന്നും. ‘കരുണ തോന്നുക’ എന്ന് വിവർത്തനം ചെയ്തിരിക്കുന്ന എബ്രായ വാക്കിന്, അശക്തരോടും നിസ്സഹായരോടും ആർദ്രാനുകമ്പ കാണിക്കുക എന്ന അർഥമാണുള്ളത്. താൻ പ്രസവിച്ച കുഞ്ഞിനോട് ഒരമ്മയ്ക്ക് തോന്നുന്ന ആർദ്രതയാണ് നമുക്ക് വിഭാവന ചെയ്യാനാകുന്ന ഏറ്റവും ശക്തമായ വികാരം.
ദുഃഖകരമെന്നു പറയട്ടെ, ചില അമ്മമാർക്ക് താൻ മുലയൂട്ടി വളർത്തേണ്ട കുഞ്ഞിനോട് കരുണ തോന്നാറില്ല. ‘അവർ മറന്നുകളഞ്ഞേക്കാം’ എന്ന് യഹോവ പറയുന്നു. “അവിശ്വസ്തരും സഹജസ്നേഹമില്ലാത്തവരും” ആയ സ്ത്രീപുരുഷന്മാരാണ് ഈ ലോകത്തിൽ ഭൂരിഭാഗവും. (2 തിമൊഥെയൊസ് 3:1-5) തങ്ങളുടെ നവജാതശിശുക്കളെ അമ്മമാർ ഉപേക്ഷിക്കുന്നതായും അവഗണിക്കുന്നതായും ഉപദ്രവിക്കുന്നതായും നാം ചിലപ്പോഴെല്ലാം കേൾക്കാറുണ്ട്. “അമ്മമാരും പാപപ്രവണതയുള്ളവരാണ്. ചിലപ്പോഴെല്ലാം അവരുടെ സ്നേഹം ദുഷ്ടതയ്ക്ക് വഴിമാറുന്നു. ഏറ്റവും ഉദാത്തമായ മാനുഷസ്നേഹംപോലും നിലച്ചുപോയേക്കാം” എന്ന് യെശയ്യാവു 49:15-നെക്കുറിച്ച് ഒരു ബൈബിൾ പരാമർശകൃതി പറയുന്നു.
പക്ഷേ, യഹോവ ഉറപ്പു നൽകുന്നു: “അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.” ഇപ്പോൾ, യെശയ്യാവു 49:15-ൽ യഹോവ ചോദിച്ച ചോദ്യങ്ങളുടെ അർഥം നമുക്ക് കൂടുതൽ വ്യക്തമാകുന്നു. ഇവിടെ ഒരു താരതമ്യത്തെക്കാളേറെ വിപരീത താരതമ്യമാണ് യഹോവ നടത്തുന്നത്. തന്റെ കുഞ്ഞിനോട് അനുകമ്പ കാണിക്കാൻ അപൂർണരായ അമ്മമാർ ഒരുപക്ഷേ പരാജയപ്പെട്ടേക്കാം. എന്നാൽ, യഹോവ അങ്ങനെയല്ല; സഹായം ആവശ്യമുള്ള തന്റെ ആരാധകരെ അവൻ മറക്കുകയോ അവരോട് അനുകമ്പ കാണിക്കാൻ പരാജയപ്പെടുകയോ ഇല്ല. യെശയ്യാവു 49:15-നെക്കുറിച്ച് ആ പരാമർശകൃതി തുടർന്നു പറയുന്നത് ശ്രദ്ധേയമാണ്: “ഇത് ദൈവസ്നേഹത്തെക്കുറിച്ചുള്ള പഴയനിയമത്തിലെ ഏറ്റവും ശക്തമായ വർണനയാണെന്ന് പറയാനാകും.”
‘നമ്മുടെ ദൈവം ആർദ്രാനുകമ്പ’യുള്ളവനാണെന്ന് അറിയുന്നത് എത്ര ആശ്വാസദായകമാണ്! (ലൂക്കോസ് 1:76) അവനോട് അടുത്തുചെല്ലാനാകുന്നത് എങ്ങനെയെന്ന് അറിയാൻ എന്തുകൊണ്ട് ഒന്നു ശ്രമിച്ചുകൂടാ? സ്നേഹനിധിയായ ഈ ദൈവം തന്റെ ആരാധകർക്കു നൽകുന്ന ഉറപ്പ് ഇതാണ്: “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല; ഒരുപ്രകാരത്തിലും ഉപേക്ഷിക്കുകയുമില്ല.”—എബ്രായർ 13:5. (w12-E 02/01