ബൈബിളിന്റെ അന്ധവിശ്വാസപരമായ ഉപയോഗത്തിനെതിരെ ജാഗ്രതപാലിക്കുക!
“ദൈവത്തിന്റെ വചനം ജീവനും ശക്തിയുമുള്ളത്.” (എബ്രാ. 4:12) ഹൃദയത്തെ സ്പർശിക്കാനും ജീവിതത്തിൽ പരിവർത്തനം വരുത്താനും ഉള്ള ദൈവവചനത്തിന്റെ ശക്തിക്ക് ഈ വാക്കുകളിലൂടെ അടിവരയിടുകയായിരുന്നു പൗലോസ് അപ്പൊസ്തലൻ.
അപ്പൊസ്തലന്മാരുടെ മരണശേഷം ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ വിശ്വാസത്യാഗം വേരുറച്ചതോടെ ബൈബിളിൽ അടങ്ങിയിരിക്കുന്ന സന്ദേശത്തിന്റെ ശക്തിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വികലമായി. (2 പത്രോ. 2:1-3) കാലാന്തരത്തിൽ സഭാനേതാക്കന്മാർ ദൈവവചനത്തിന് മാന്ത്രികശക്തി കൽപ്പിച്ചു. “മന്ത്രശക്തി കൽപ്പിച്ചുകൊണ്ടുള്ള ബൈബിൾ വാക്യങ്ങളുടെ ഉപയോഗത്തെക്കുറിച്ച്” പ്രൊഫസർ ഹാരി വൈ. ഗാംബെൽ എഴുതുകയുണ്ടായി. “വിശുദ്ധവാക്കുകൾ കേൾക്കുന്നതുതന്നെ കാതുകൾക്കു പുണ്യമാണ്. പുറജാതീയമന്ത്രങ്ങളിലെ വാക്കുകൾക്കു ശക്തിയുണ്ടെങ്കിൽ ദിവ്യോത്ഭവമുള്ള തിരുവചനങ്ങൾക്ക് എത്രത്തോളം ശക്തിയുണ്ടാകും!” എന്ന് മൂന്നാം നൂറ്റാണ്ടിൽ സഭാപിതാവായ ഓറിജെൻ പറഞ്ഞതായി അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. “സുവിശേഷപുസ്തകം വെച്ചിരിക്കുന്ന ഒരു ഭവനത്തിൽ പിശാച് അടുക്കാൻ ധൈര്യപ്പെടില്ല” എന്ന് നാലാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ജീവിച്ചിരുന്ന ജോൺ ക്രിസസ്റ്റം എഴുതി. സുവിശേഷങ്ങളിൽനിന്നുള്ള വാക്യശകലങ്ങൾ മന്ത്രത്തകിടുകളെന്നവണ്ണം ചിലർ കഴുത്തിലണിഞ്ഞിരുന്നതായും അദ്ദേഹം പറയുകയുണ്ടായി. “തലവേദനയുള്ളപ്പോൾ യോഹന്നാന്റെ സുവിശേഷം തലയിണയ്ക്കടിയിൽവെച്ച് ഉറങ്ങുന്നത് അനുവദനീയമായി” കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ അഗസ്റ്റിൻ കരുതിയിരുന്നെന്ന് പ്രൊഫസർ ഗാംബെൽ കൂട്ടിച്ചേർത്തു. അങ്ങനെ ബൈബിൾ വാക്യങ്ങൾക്ക് ഒരു മാന്ത്രികപരിവേഷം കൽപ്പിക്കപ്പെട്ടു. നിങ്ങൾ ബൈബിളിനെ ഒരു ‘രക്ഷ’ പോലെയാണോ കാണുന്നത്? ദോഷങ്ങളിൽനിന്നു സംരക്ഷിക്കാനുള്ള മാന്ത്രികശക്തി അതിനുണ്ടെന്നു നിങ്ങൾ കരുതുന്നുണ്ടോ?
ബൈബിളിന്റെ കാര്യത്തിൽ അന്ധവിശ്വാസപരമായ മറ്റൊരു സമീപനമുണ്ട്. എന്താണ് അത്? ബൈബിൾ പെട്ടെന്നു തുറന്നിട്ട് ആദ്യം കണ്ണിൽപ്പെടുന്ന വേദഭാഗം നമുക്കുള്ള മാർഗനിർദേശമായിക്കരുതി വായിക്കുന്ന രീതി. ഉദാഹരണത്തിന്, “എടുത്തുവായിക്കൂ, എടുത്തുവായിക്കൂ” എന്ന് അടുത്ത വീട്ടിലെ കുട്ടി പറയുന്നതായി കേട്ട അഗസ്റ്റിൻ, ബൈബിൾ തുറന്ന് ആദ്യം കണ്ണിൽപ്പെടുന്ന ഭാഗം വായിക്കാനുള്ള ഒരു ദിവ്യ അരുളപ്പാടായി അതിനെ കണക്കാക്കി എന്ന് പ്രൊഫസർ ഗാംബെൽ എഴുതി.
എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുമ്പോൾ ദൈവത്തോടു പ്രാർഥിച്ച ശേഷം ബൈബിൾ തുറക്കുമ്പോൾ കാണുന്ന ആദ്യത്തെ വാക്യം പ്രശ്നത്തെ നേരിടാൻ തങ്ങളെ സഹായിക്കും എന്നു വിശ്വസിക്കുന്നവരെ നിങ്ങൾക്ക് അറിയാമോ? അവർ അങ്ങനെ ചെയ്യുന്നത് സദുദ്ദേശ്യത്തോടെ ആയിരിക്കാമെങ്കിലും തിരുവെഴുത്തിൽനിന്നു മാർഗനിർദേശം തേടേണ്ട ശരിയായ വഴി അതല്ല.
യേശു ശിഷ്യന്മാരോട് താൻ ‘പരിശുദ്ധാത്മാവ് എന്ന സഹായകനെ’ അയയ്ക്കുമെന്നു പറഞ്ഞു. തുടർന്ന് അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “പരിശുദ്ധാത്മാവ് എന്ന സഹായകൻ നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓർമപ്പെടുത്തുകയും ചെയ്യും.” (യോഹ. 14:26) എന്നാൽ പലരും ചെയ്യുന്നതുപോലെ പെട്ടെന്ന് ബൈബിൾ തുറന്ന് ആദ്യം കാണുന്ന ഭാഗം വായിക്കാനാണെങ്കിൽ തിരുവെഴുത്തുകൾ പഠിക്കേണ്ട ആവശ്യമില്ലല്ലോ.
ബൈബിളിനോടു ബന്ധപ്പെട്ട് മേൽപ്പറഞ്ഞതുൾപ്പെടെ അന്ധവിശ്വാസപരമായ പല സമീപനങ്ങളും ഇന്ന് സാധാരണമാണ്. എന്നാൽ, ലക്ഷണം നോക്കുന്നതിനെ ദൈവവചനം കുറ്റംവിധിക്കുന്നു. (ലേവ്യ. 19:26; ആവ. 18:9-12; പ്രവൃ. 19:19) “ദൈവത്തിന്റെ വചനം ജീവനും ശക്തിയുമുള്ള”താണ്; പക്ഷേ അത് ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിക്കാൻ പഠിക്കണം. ബൈബിളിന്റെ അന്ധവിശ്വാസപരമായ ഉപയോഗമല്ല അതിന്റെ പരിജ്ഞാനമാണ് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നത്. സദാചാരനിഷ്ഠ പുലർത്താനും ആപത്കരമായ ജീവിതശൈലികൾ ഉപേക്ഷിക്കാനും കുടുംബബന്ധങ്ങൾ കെട്ടുറപ്പുള്ളതാക്കാനും ബൈബിളിന്റെ രചയിതാവായ ദൈവവുമായി വ്യക്തിപരമായ ബന്ധത്തിലേക്കു വരാനും ആ പരിജ്ഞാനം അനേകരെ സഹായിച്ചിരിക്കുന്നു.