ദൈവത്തോട് അടുത്തുചെല്ലുക
‘നീ ഇക്കാര്യങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയിരിക്കുന്നു’
ദൈവത്തെക്കുറിച്ചുള്ള സത്യം അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ഉദാഹരണത്തിന്, ദൈവം ആരാണ്? എന്തൊക്കെയാണ് അവന്റെ നിലവാരങ്ങൾ? അവന്റെ ഇഷ്ടം എന്താണ്? തന്നെക്കുറിച്ചുള്ള സത്യം മുഴുവൻ യഹോവയാംദൈവം തന്റെ വചനമായ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബൈബിൾ വായിക്കുന്ന സകലർക്കും ആ സത്യങ്ങൾ ഗ്രഹിക്കാനാവില്ല. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം അത്തരം ആത്മീയസത്യങ്ങൾ മനസ്സിലാക്കാനാകുന്നത് ഒരു പദവിയാണ്, ആ പദവി എല്ലാവർക്കും ലഭിക്കില്ല. യേശു ഇതേക്കുറിച്ച് പറയുകയുണ്ടായി. നമുക്ക് അത് നോക്കാം.—മത്തായി 11:25 വായിക്കുക.
മത്തായി 11:25 ആരംഭിക്കുന്നത് ‘ആ സമയത്ത് യേശു പറഞ്ഞു’ എന്ന വാക്കുകളോടെയാണ്. അതുകൊണ്ടുതന്നെ യേശു തുടർന്ന് സംസാരിക്കുന്ന കാര്യങ്ങൾക്ക് തൊട്ടുമുമ്പു നടന്ന സംഭവവുമായി ബന്ധമുണ്ടായിരിക്കണം. താൻ ചെയ്ത വീര്യപ്രവൃത്തികൾ കണ്ടിട്ടും യാതൊരു പ്രതികരണവും ഇല്ലാതിരുന്ന മൂന്നുഗലീലാപട്ടണങ്ങളിലെ ആളുകളെ യേശു അപ്പോൾ ശകാരിച്ചതേ ഉള്ളൂ. (മത്തായി 11:20-24) ‘യേശുവിന്റെ അത്ഭുതചെയ്തികൾ കണ്ടവർക്ക് അവൻ പഠിപ്പിച്ച സത്യം സ്വീകരിക്കാതിരിക്കാൻ എങ്ങനെ കഴിഞ്ഞു’ എന്ന് ഒരുപക്ഷേ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. അവരുടെ ഹൃദയം തഴമ്പിച്ചുപോയി എന്നതായിരുന്നു കാരണം.—മത്തായി 13:10-15.
ദൈവത്തിന്റെ സഹായവും ശരിയായ ഹൃദയനിലയും ഉണ്ടെങ്കിലേ ബൈബിളിലെ ആത്മീയസത്യങ്ങളുടെ ചുരുളഴിക്കാൻ കഴിയുകയുള്ളൂ എന്ന് യേശുവിന് അറിയാമായിരുന്നു. അവൻ പറഞ്ഞു: “പിതാവേ, സ്വർഗത്തിനും ഭൂമിക്കും നാഥനായവനേ, നീ ഇക്കാര്യങ്ങൾ ജ്ഞാനികൾക്കും ബുദ്ധിശാലികൾക്കും മറച്ചുവെച്ച് ശിശുക്കൾക്കു വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു.” ബൈബിളിലെ ആത്മീയസത്യങ്ങൾ ഗ്രഹിക്കാനാകുന്നത് ഒരു പദവിയായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് മനസ്സിലായോ? “സ്വർഗത്തിനും ഭൂമിക്കും നാഥനായ,” പരമാധികാരിയായ യഹോവയ്ക്ക് ആ സത്യങ്ങൾ ആർക്കു വെളിപ്പെടുത്തണം എന്നു തീരുമാനിക്കാനുള്ള അധികാരമുണ്ട്. ഇതിനർഥം ആത്മീയസത്യങ്ങൾ വെളിപ്പെടുത്തുന്നതിൽ ദൈവം പക്ഷപാതമുള്ളവനാണെന്നല്ല. എങ്കിൽപ്പിന്നെ ദൈവം എന്തിന്റെ അടിസ്ഥാനത്തിലാണ് ആ സത്യങ്ങൾ ചിലർക്കുമാത്രം വെളിപ്പെടുത്തിക്കൊടുക്കുന്നത്?
യഹോവ താഴ്മയുള്ളവരെയാണ് കടാക്ഷിക്കുന്നത്, അഹങ്കാരികളെയല്ല. (യാക്കോബ് 4:6) “ജ്ഞാനികൾക്കും ബുദ്ധിശാലികൾക്കും” അവൻ ആ സത്യങ്ങൾ മറച്ചുവെക്കുന്നു. ആരാണ് ഈ ജ്ഞാനികളും ബുദ്ധിശാലികളും? ദൈവത്തിന്റെ സഹായം തിരസ്കരിക്കുന്ന അഹങ്കാരികളായ പണ്ഡിതന്മാരും ജ്ഞാനികളും ആണ് അവർ. (1 കൊരിന്ത്യർ 1:19-21) എന്നാൽ “ശിശുക്കൾക്ക്,” അതായത് കുട്ടികളെപ്പോലെ താഴ്മയോടെയും ആത്മാർഥഹൃദയത്തോടെയും തന്നെ സമീപിക്കുന്നവർക്ക്, അവൻ സത്യം വെളിപ്പെടുത്തുന്നു. (മത്തായി 18:1-4; 1 കൊരിന്ത്യർ 1:26-28) ദൈവപുത്രനായ യേശുവിന് ഈ രണ്ടുതരത്തിലുള്ള ആളുകളെയും അറിയാമായിരുന്നു. ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിരുന്ന അഹങ്കാരികളായ പല മതനേതാക്കന്മാർക്കും യേശു പറഞ്ഞതിന്റെ അർഥം ഗ്രഹിക്കാനായില്ല. പക്ഷേ താഴ്മയുണ്ടായിരുന്ന മുക്കുവർക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞു. (മത്തായി 4:18-22; 23:1-5; പ്രവൃത്തികൾ 4:13) അതേസമയം സമ്പത്തും വിദ്യാഭ്യാസവും ഉണ്ടായിരുന്ന ചിലർ യഥാർഥതാഴ്മ പ്രകടിപ്പിച്ചു, അവർ യേശുവിന്റെ അനുഗാമികളുമായിത്തീർന്നു.—ലൂക്കോസ് 19:1, 2, 8; പ്രവൃത്തികൾ 22:1-3.
ലേഖനാരംഭത്തിൽ കണ്ട ചോദ്യം ഒന്നുകൂടി ചിന്തിക്കുക. ദൈവത്തെക്കുറിച്ചുള്ള സത്യം അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ ജ്ഞാനികളായി സ്വയം കണക്കാക്കുന്നവരിൽ ദൈവം പ്രീതിപ്പെടുന്നില്ലെന്നും മറിച്ച് ആ ‘ജ്ഞാനികളുടെ’ മുമ്പിൽ ഒന്നുമല്ലാത്തവരെയാണ് ദൈവം കടാക്ഷിക്കുന്നതെന്നും അറിയുന്നത് നിങ്ങൾക്ക് ആശ്വാസപ്രദമായിരിക്കും. ശരിയായ മനോഭാവത്തോടും ഹൃദയനിലയോടും കൂടി ദൈവവചനം നിങ്ങൾ പഠിക്കുന്നെങ്കിൽ യഹോവയെക്കുറിച്ചുള്ള സത്യം മനസ്സിലാക്കാനുള്ള അമൂല്യമായ പദവി ലഭിക്കുന്ന ഒരാളായിരിക്കും നിങ്ങൾ. ആ സത്യം ഗ്രഹിക്കുന്നത് നിങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തിന് അർഥം പകരും. മാത്രമല്ല, ‘യഥാർഥജീവനിലേക്ക്,’ അതായത് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ആസന്നമായ നീതിവസിക്കുന്ന പുതിയലോകത്തിലെ അനന്തജീവിതത്തിലേക്ക്, അത് നിങ്ങളെ നയിക്കും.a—1 തിമൊഥെയൊസ് 6:12, 19; 2 പത്രോസ് 3:13. ▪ (w13-E 01/01)
നിർദിഷ്ട ബൈബിൾ വായനാഭാഗം
a ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സത്യം അറിയാൻ നിങ്ങളെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾക്ക് സന്തോഷമേ ഉള്ളൂ. ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം ഉപയോഗിച്ച് സൗജന്യമായി ബൈബിൾ പഠിക്കാൻ അവർ നിങ്ങളെ സഹായിക്കും.