പ്രകൃതിവിപത്തുകൾ ദൈവം ക്രൂരനാണെന്ന് കാണിക്കുന്നുവോ?
ചില ആളുകൾ പറയുന്നു: “ദൈവമല്ലേ ലോകത്തെ ഭരിക്കുന്നത്? അപ്പോൾ അവനല്ലേ പ്രകൃതിവിപത്തുകൾക്കു കാരണക്കാരൻ? അവൻ ക്രൂരനായതുകൊണ്ടാണ് ഇതെല്ലാം വരുത്തുന്നത്.”
ബൈബിൾ പറയുന്നത്: “സർവലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) ആരാണ് ഈ ‘ദുഷ്ടൻ?’ സാത്താനാണ് അതെന്നു ബൈബിൾ പറയുന്നു. (മത്തായി 13:19; മർക്കോസ് 4:15) ഇതു വിശ്വസിക്കാൻ പ്രയാസമാണോ? ഒന്നു ചിന്തിച്ചുനോക്കൂ, സാത്താനാണ് ഈ ലോകത്തിന്റെ അധികാരിയെങ്കിൽ, മനുഷ്യരും തന്നെപ്പോലെ സ്വാർഥരും അത്യാഗ്രഹികളും ദീർഘവീക്ഷണമില്ലാത്തവരും ആയിത്തീരാൻ അവൻ അവരെ സ്വാധീനിക്കും, അല്ലേ? ഈ വസ്തുത, മനുഷ്യർ ഭൂമിയുടെ പരിസ്ഥിതിക്ക് ഇത്രയധികം ദോഷം വരുത്തിയിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കുന്നില്ലേ? പ്രകൃതിവിപത്തുകൾ ഉണ്ടാകുന്നതിൽ ഇത്തരം പ്രവൃത്തികൾ ഒരു പങ്കു വഹിക്കുന്നു എന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. എങ്ങനെ? അവ പ്രകൃതിവിപത്തുകൾക്കു കാരണമായിത്തീരുകയോ അവ വർധിപ്പിക്കുകയോ മനുഷ്യവർഗത്തെ കൂടുതൽ അപകടാവസ്ഥയിലാക്കിത്തീർക്കുകയോ ചെയ്തേക്കാം.
അങ്ങനെയെങ്കിൽ, ഇത്രയധികം സ്വാധീനം ചെലുത്താൻ സാത്താനെ ദൈവം അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്? ഉത്തരം ലഭിക്കാൻ നമുക്കു മനുഷ്യചരിത്രത്തിന്റെ ആരംഭത്തിലേക്കു പോകാം. നമ്മുടെ ആദ്യമാതാപിതാക്കൾ ദൈവത്തിനെതിരെ മത്സരിച്ചുകൊണ്ട് അവന്റെ ഭരണത്തെ തള്ളിക്കളഞ്ഞു. അന്നുമുതൽ മനുഷ്യവർഗത്തിൽ ഭൂരിഭാഗവും അതേ പാത പിന്തുടർന്നിരിക്കുന്നു. ആ തിരഞ്ഞെടുപ്പ് മനുഷ്യവർഗലോകത്തെ ദൈവത്തിന്റെ ശത്രുവായ സാത്താന്റെ കൈയിലാക്കിത്തീർത്തു. ഇക്കാരണത്താലാണ് യേശു സാത്താനെ “ലോകത്തിന്റെ അധിപതി” എന്നു വിളിച്ചത്. (യോഹന്നാൻ 14:30) സാത്താന്റെ ഈ ഭരണം എന്നേക്കും തുടരുമോ? ഇല്ല!
യഹോവ,a സാത്താൻ വരുത്തുന്ന ദുരിതങ്ങൾ കണ്ണിൽച്ചോരയില്ലാതെ നോക്കിനിൽക്കുകയല്ല. വാസ്തവത്തിൽ, മനുഷ്യരുടെ ദുരിതങ്ങൾ അവനെ അതിയായി വേദനിപ്പിക്കുന്നു. ഉദാഹരണത്തിന്, ഇസ്രായേൽജനത കഷ്ടപ്പാടിലൂടെ കടന്നുപോയ സമയത്ത് ‘അവരുടെ കഷ്ടതയിൽ ഒക്കെയും ദൈവം കഷ്ടപ്പെട്ടു’ എന്നു ബൈബിൾ പറയുന്നു. (യെശയ്യാവു 63:9) സാത്താന്റെ ഈ ക്രൂരമായ ഭരണത്തിനു വേഗത്തിൽ അറുതി വരുത്താൻ ദൈവം കരുണാപൂർവം ക്രമീകരണം ചെയ്തിട്ടുണ്ട്. തന്റെ പുത്രനായ യേശുക്രിസ്തുവിനെ നീതിയും ന്യായവും നടപ്പിലാക്കുന്ന നിത്യരാജാവായി അവൻ അവരോധിച്ചിരിക്കുന്നു.
നിങ്ങളെ ബാധിക്കുന്ന വിധം: മനുഷ്യരെ പ്രകൃതിവിപത്തുകളിൽനിന്നു സംരക്ഷിക്കുന്നതിൽ സാത്താന്റെ ഭരണം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. എന്നാൽ യേശുവിന്റെ ഭരണം അക്കാര്യത്തിൽ വിജയിക്കും. ഒരിക്കൽ യേശു തന്റെ ശിഷ്യന്മാരെ ശക്തമായ കൊടുങ്കാറ്റിൽനിന്നു സംരക്ഷിച്ചതിനെക്കുറിച്ചു ബൈബിൾ വിവരിക്കുന്നു: ‘അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു കടലിനോട്, “അടങ്ങുക! ശാന്തമാകുക!” എന്നു പറഞ്ഞു. അപ്പോൾ കാറ്റ് ശമിച്ചു; വലിയ ശാന്തതയുണ്ടായി.’ ഇതു കണ്ട ശിഷ്യന്മാർ തമ്മിൽ പറഞ്ഞു: “ഇവൻ ആരാണ്? കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നല്ലോ.” (മർക്കോസ് 4:37-41) ആ സംഭവം, രാജാവെന്നനിലയിലുള്ള യേശുവിന്റെ ഭരണത്തിൻകീഴിൽ അനുസരണമുള്ള മനുഷ്യവർഗത്തിനു സംരക്ഷണം ലഭിക്കുമെന്നു നമുക്ക് ഉറപ്പുനൽകുന്നു.—ദാനീയേൽ 7:13, 14. (w13-E 05/01)
a ബൈബിൾ പറയുന്നപ്രകാരം ദൈവത്തിന്റെ പേര് യഹോവ എന്നാണ്.