നിങ്ങൾ ദൈവത്തെ വിശ്വസിക്കുമോ?
നിങ്ങൾ ആഴമായി ബഹുമാനിക്കുന്ന ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടെന്നു വിചാരിക്കുക. അദ്ദേഹം എന്തുകൊണ്ടാണ് ഒരു പ്രത്യേകവിധത്തിൽ പ്രവർത്തിച്ചതെന്നു നിങ്ങൾക്കു മനസ്സിലാകുന്നില്ല. മറ്റുള്ളവർ ഈ പ്രവൃത്തിയെ വിമർശിക്കുകയും അദ്ദേഹത്തിന്റെ ആന്തരം ക്രൂരമാണെന്നു പറയുകയും ചെയ്യുന്നു. നിങ്ങൾ അവർ പറയുന്നതു കണ്ണുമടച്ചു വിശ്വസിക്കുമോ, അതോ നിങ്ങളുടെ സുഹൃത്തിന് എന്താണു പറയാനുള്ളതെന്നു കേൾക്കാൻ ക്ഷമ കാണിക്കുമോ? ഒരുപക്ഷേ തന്റെ ഭാഗം വിശദീകരിക്കാൻ അദ്ദേഹം സ്ഥലത്തില്ലെങ്കിൽ, അദ്ദേഹം വരുന്നതുവരെ സംശയിക്കാതിരിക്കാൻ നിങ്ങൾക്കാകുമോ?
വിമർശകർക്ക് ഉത്തരം കൊടുക്കുന്നതിനു മുമ്പ്, ഇങ്ങനെ ചിന്തിക്കുന്നതു ന്യായമായിരിക്കാം: ‘ഈ സുഹൃത്തിനെ എനിക്ക് എത്ര നന്നായി അറിയാം? അദ്ദേഹത്തെ ബഹുമാനിക്കാൻ എനിക്ക് എന്തു കാരണമാണ് ഉള്ളത്?’ ഇതേ യുക്തി, ദൈവം ക്രൂരനാണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ?
ഒരുപക്ഷേ ദൈവത്തിന്റെ ചില പ്രവൃത്തികൾ മനസ്സിലാക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്നുണ്ടാകാം, അല്ലെങ്കിൽ സംഭവിക്കാൻ അവൻ അനുവദിച്ച ചില കാര്യങ്ങൾ നിങ്ങളെ ചിന്താക്കുഴപ്പത്തിലാക്കുന്നുണ്ടാകാം. മാത്രമല്ല, പല ആളുകളും ദൈവം ക്രൂരനാണെന്നു പറയുകയും അവർ ചെയ്യുന്നതുപോലെ നിങ്ങളും അവന്റെ ആന്തരത്തെ വിധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. എന്നാൽ അങ്ങനെ ചെയ്യുന്നതിനുമുമ്പ്, ദൈവത്തെക്കുറിച്ചു കൂടുതൽ അറിയുന്നത് ഉചിതമായിരിക്കില്ലേ? ദൈവം എന്തെല്ലാം നന്മകളാണ് ഇതിനോടകം നിങ്ങൾക്കു ചെയ്തിട്ടുള്ളതെന്ന് ഒന്നു ചിന്തിച്ചുനോക്കൂ.
ദുരിതം നിറഞ്ഞ ഒരു ജീവിതമാണു നിങ്ങളുടേതെങ്കിൽ ‘ദൈവം ഒരു നന്മയും എനിക്ക് ഇതുവരെ ചെയ്തിട്ടില്ല’ എന്നു നിങ്ങൾ പറഞ്ഞേക്കാം. ഒന്നു ചിന്തിക്കൂ, ദുരിതങ്ങൾക്കാണോ ദൈവം ഉത്തരവാദിയായിരിക്കുന്നത്, അതോ അനുഗ്രഹങ്ങൾക്കോ? നാം കണ്ടതുപോലെ, “ഈ ലോകത്തിന്റെ അധിപതി” സാത്താനാണ്; യഹോവയല്ല. (യോഹന്നാൻ 12:31) അതിനാൽ, സാത്താനാണ് നമുക്കു ചുറ്റുമുള്ള അനീതികളുടെയും ദുരിതങ്ങളുടെയും ഏറിയ പങ്കിനും ഉത്തരവാദി. കൂടാതെ, നമ്മുടെതന്നെ അപൂർണതയും യാദൃച്ഛികസംഭവങ്ങളും പ്രശ്നങ്ങൾക്കിടയാക്കുന്നു എന്നതിനോടു നിങ്ങൾ യോജിക്കില്ലേ?
നമ്മുടെ ജീവിതത്തിലെ ദുരിതങ്ങൾക്കാണോ ദൈവം ഉത്തരവാദിയായിരിക്കുന്നത്, അതോ അനുഗ്രഹങ്ങൾക്കോ?
അങ്ങനെയെങ്കിൽ, ദൈവം എന്തിനാണ് ഉത്തരവാദിയായിരിക്കുന്നത്? “ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ”തു യഹോവയാണെന്നും അവൻ നമ്മുടെ ശരീരത്തെ ‘അതിശയകരമായി സൃഷ്ടിച്ചിരിക്കുന്നു’ എന്നും അവൻ നമ്മുടെ ‘ശ്വാസം കൈവശമുള്ള’ ദൈവമാണെന്നും ബൈബിൾ പറയുന്നു. (സങ്കീർത്തനം 124:8; 139:14; ദാനീയേൽ 5:23) ഇതിന്റെയെല്ലാം അർഥം എന്താണ്?
നമ്മുടെ ഓരോ ശ്വാസത്തിനും, അതായത് നിലനിൽപ്പിനുതന്നെയും, നാം സ്രഷ്ടാവിനോടു കടപ്പെട്ടിരിക്കുന്നു എന്നാണ് അതിന്റെ അർഥം. (പ്രവൃത്തികൾ 17:28) നമ്മുടെ ജീവൻ, സുന്ദരമായ ഈ ഭൂമി, സൗഹൃദങ്ങളിലൂടെയും സ്നേഹം പങ്കുവയ്ക്കുന്നതിലൂടെയും ലഭിക്കുന്ന സന്തോഷം, രുചി, സ്പർശം, ശബ്ദം, ഗന്ധം എന്നിവയിൽനിന്നു ലഭിക്കുന്ന അനുഭൂതികൾ ഇവയെല്ലാം ദൈവത്തിൽനിന്നുള്ള ദാനങ്ങളാണ്. (യാക്കോബ് 1:17) നമുക്കു ലഭിച്ച ഈ അനുഗ്രഹങ്ങളെല്ലാം, ദൈവം നമ്മുടെ ആദരവും വിശ്വാസവും അർഹിക്കുന്ന ഒരു ഉത്തമസുഹൃത്താണെന്നു തെളിയിക്കുന്നില്ലേ?
എന്നിരുന്നാലും, ദൈവത്തെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നു നിങ്ങൾക്കു തോന്നിയേക്കാം. ഒരുപക്ഷേ അവനെ വിശ്വസിക്കാൻ മാത്രം കൂടുതലായൊന്നും അവനെക്കുറിച്ച് അറിയില്ല എന്നായിരിക്കാം നിങ്ങൾ വിചാരിക്കുന്നത്. അതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. ദൈവം ക്രൂരനാണെന്ന് ആളുകൾ പറയുന്നതിന്റെ എല്ലാ കാരണങ്ങളും ഈ ഏതാനും ലേഖനങ്ങളിൽ ചർച്ചചെയ്യുക എളുപ്പമല്ല. എങ്കിലും, ദൈവത്തെക്കുറിച്ചു കൂടുതൽ അറിയാനുള്ള ശ്രമം നിറുത്തിക്കളയരുത്; അതു തക്ക മൂല്യമുള്ളതാണ്.a അങ്ങനെ ചെയ്യുമ്പോൾ ദൈവത്തെക്കുറിച്ചുള്ള സത്യം നിങ്ങൾ ഗ്രഹിക്കുമെന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്. ബൈബിൾ പറയുന്നു, “ദൈവം സ്നേഹമാകുന്നു.” അങ്ങനെയെങ്കിൽ, ദൈവം ക്രൂരനാണോ? ഒരിക്കലുമല്ല!—1 യോഹന്നാൻ 4:8. ▪ (w13-E 05/01)
a കൂടുതൽ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിലെ “ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്?” എന്ന 11-ാം അധ്യായം കാണുക.