ചരിത്രസ്മൃതികൾ
‘കൊയ്ത്തുവേല ഇനിയും വളരെയുണ്ട്’
വർഷം 1923. സാവോ പൗലോയിലെ സംഗീത-നാടക പ്രദർശനശാല തിങ്ങിനിറഞ്ഞിരിക്കുന്നു. ജോർജ് യങ്ങിന്റെ ഉറച്ച ശബ്ദം നിങ്ങൾക്ക് കേൾക്കാൻ കഴിയുന്നുണ്ടോ? അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഓരോ വാചകവും പോർച്ചുഗീസ് ഭാഷയിലേക്കു മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്. സന്നിഹിതരായിരിക്കുന്ന 585 പേരും കാതുകൂർപ്പിച്ചിരിക്കുകയാണ്! പോർച്ചുഗീസ് ഭാഷയിലുള്ള ബൈബിൾവാക്യങ്ങൾ ഒരു പ്രൊജക്ടറിന്റെ സഹായത്തോടെ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നുമുണ്ട്. പ്രസംഗത്തിന്റെ പാരമ്യത്തിൽ, ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല (മലയാളത്തിൽ ലഭ്യമല്ല) എന്ന ചെറുപുസ്തകത്തിന്റെ നൂറു കോപ്പികൾ വിതരണം ചെയ്യപ്പെട്ടു; ഇംഗ്ലീഷ്, ജർമൻ, ഇറ്റാലിയൻ ഭാഷകളിലുള്ള കോപ്പികളും ഉണ്ടായിരുന്നു. പ്രസംഗം ഒരു വൻവിജയമായി! വാർത്ത നാടെങ്ങും പരന്നു. രണ്ട് സായാഹ്നങ്ങൾക്കു ശേഷം അതേ ശാലയിൽ മറ്റൊരു പ്രസംഗത്തിനായി വേദിയൊരുങ്ങി, ആളുകൾ തിങ്ങിനിറഞ്ഞു. ആകട്ടെ, ഈ സംഭവങ്ങളിലേക്ക് വഴിതെളിച്ചത് എന്താണ്?
1867-ൽ സാറാ ബെല്ലോണാ ഫെർഗ്യൂസൺ എന്നൊരു വനിതയും കുടുംബവും ഐക്യനാടുകളിൽനിന്ന് ബ്രസീലിലേക്ക് കുടിയേറി. 1899-ൽ സാറായ്ക്ക് താൻ സത്യം കണ്ടെത്തിയെന്നു മനസ്സിലായി. സാറായുടെ ഇളയ സഹോദരൻ ഐക്യനാടുകളിൽനിന്നു കൊണ്ടുവന്ന ചില ബൈബിൾപ്രസിദ്ധീകരണങ്ങൾ വായിച്ചതോടെയായിരുന്നു അത്. ഒരു വായനാകുതുകിയായ സാറാ ഇംഗ്ലീഷ് വീക്ഷാഗോപുരത്തിന്റെ വരിക്കാരിയായി. ബൈബിളിന്റെ സന്ദേശത്തിൽ ആവേശഭരിതയായ സാറാ സി. റ്റി. റസ്സൽ സഹോദരന് ഒരു കത്തെഴുതി; “എത്തിപ്പെടാനാവാത്തത്ര അകലത്തിലല്ല ആരും എന്നതിന്റെ ജീവിക്കുന്ന തെളിവാണ്” താൻ എന്ന് സാറാ ആ കത്തിൽ എഴുതുകയുണ്ടായി.
ബൈബിൾസത്യം പങ്കുവെക്കുന്നതിൽ സാറാ ഫെർഗ്യൂസൺ തന്റെ പരമാവധി പ്രവർത്തിച്ചു. എങ്കിലും, തന്നെയും കുടുംബത്തെയും ബ്രസീലിലുള്ള സത്യസ്നേഹികളായ മറ്റ് ആളുകളെയും തുടർന്നു സഹായിക്കാൻ ആരാണുണ്ടാകുക എന്ന ആശങ്ക അവളെ അലട്ടുന്നുണ്ടായിരുന്നു. മരിച്ചവർ എവിടെ? എന്ന ലഘുലേഖയുടെ പോർച്ചുഗീസ് ഭാഷയിലുള്ള ആയിരക്കണക്കിന് കോപ്പികളുമായി ഒരാളെ സാവോ പൗലോയിലേക്ക് അയയ്ക്കുന്നുണ്ടെന്ന് ബ്രുക്ലിൻ ബെഥേൽ 1912-ൽ സാറായെ അറിയിച്ചു. പല ബൈബിൾവിദ്യാർഥികളും സ്വർഗത്തിലേക്ക് എടുക്കപ്പെടാൻ പ്രതീക്ഷിച്ചിരിക്കുന്നതായി അറിഞ്ഞപ്പോഴൊക്കെ തനിക്ക് അതിശയം തോന്നിയിരുന്നെന്ന് 1915-ൽ സാറ പറഞ്ഞു. തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് അവൾ ഇങ്ങനെ എഴുതിയറിയിച്ചു: “ബ്രസീലിന്റെ കാര്യം എന്താകും, തെക്കേ അമേരിക്ക മുഴുവന്റെയും കാര്യമോ? . . . ഭൂമിയുടെ കാതലായൊരു ഭാഗം വരുന്ന തെക്കേ അമേരിക്കയെപ്പറ്റി ചിന്തിക്കുമ്പോൾ കൊയ്ത്തുവേല വളരെവളരെയുണ്ടെന്ന് കാണാവുന്നതല്ലേയുള്ളൂ.” അതെ, കൊയ്ത്തുവേല വളരെയുണ്ടായിരുന്നു!
ഏകദേശം 1920 കാലഘട്ടത്തിൽ ബ്രസീലുകാരായ എട്ട് യുവനാവികർ ന്യൂയോർക്ക് നഗരത്തിൽ നടത്തപ്പെട്ടിരുന്ന നമ്മുടെ ചില സഭായോഗങ്ങളിൽ സംബന്ധിക്കാനിടയായി. അവരുടെ യുദ്ധക്കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെയായിരുന്നു ഇത്. റിയോ ഡി ജനീറോയിൽ തിരിച്ചെത്തിയ അവർ പുതുതായി കണ്ടെത്തിയ ബൈബിൾപ്രത്യാശയെക്കുറിച്ച് മറ്റുള്ളവരോടു പറയാൻതുടങ്ങി. അധികം വൈകാതെ, 1923 മാർച്ചിൽ ജോർജ് യങ് എന്ന പിൽഗ്രിം അഥവാ സഞ്ചാരമേൽവിചാരകൻ റിയോ ഡി ജനീറോയിൽ എത്തി. സത്യത്തോട് താത്പര്യമുള്ളവരെ അവിടെ അദ്ദേഹം കണ്ടു. നിരവധി പ്രസിദ്ധീകരണങ്ങൾ പോർച്ചുഗീസ് ഭാഷയിലേക്കു പരിഭാഷപ്പെടുത്താൻ അദ്ദേഹം ക്രമീകരണം ചെയ്തു. താമസിയാതെ യങ് സഹോദരൻ സാവോ പൗലോയിലേക്കു പോയി, 6 ലക്ഷത്തോളം പേർ അധിവസിക്കുന്ന ഒരു നഗരമായിരുന്നു അത്. തുടക്കത്തിൽ പറഞ്ഞ സംഭവങ്ങൾ നടക്കുന്നത് അവിടെയാണ്. അദ്ദേഹം അവിടെ ആ പ്രഭാഷണം നടത്തുകയും ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല എന്ന ചെറുപുസ്തകത്തിന്റെ കോപ്പികൾ വിതരണം ചെയ്യുകയും ചെയ്തു. “ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് പത്രത്തിലൂടെ പരസ്യംചെയ്യുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളൂ” എന്ന് അദ്ദേഹം പറഞ്ഞു. “ഐ.ബി.എസ്.എ.-യുടെ അംഗീകാരത്തോടെ പത്രപ്പരസ്യം നൽകി നടത്തിയ ആദ്യത്തെ പരസ്യപ്രസംഗങ്ങളായിരുന്നു അവ,” അദ്ദേഹം പറഞ്ഞു.a
ബ്രസീലിനെ സംബന്ധിച്ച ഒരു റിപ്പോർട്ടിൽ 1923 ഡിസംബർ 15 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഇങ്ങനെ അഭിപ്രായപ്പെട്ടു: “ജൂൺ ഒന്നിന് വേലയാരംഭിച്ചപ്പോൾ പ്രസിദ്ധീകരണങ്ങൾ ഒന്നും കൈവശമുണ്ടായിരുന്നില്ല. അതോർക്കുമ്പോഴാണ് കർത്താവ് നമ്മുടെ വേലയെ എത്രയധികം അനുഗ്രഹിച്ചെന്ന് നാം മനസ്സിലാക്കുന്നത്.” റിപ്പോർട്ട് തുടർന്നു പറയുന്നപ്രകാരം, യങ് സഹോദരൻ ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ 21 പരസ്യപ്രസംഗങ്ങൾ നടത്തി. ആകെ ഹാജർ 3,600. അതിൽ രണ്ടെണ്ണം സാവോ പൗലോയിൽ ആയിരുന്നു. റിയോ ഡി ജനീറോയിൽ രാജ്യസന്ദേശം ക്രമേണ വ്യാപിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ പോർച്ചുഗീസ് ഭാഷയിലുള്ള 7,000-ലധികം പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ പോർച്ചുഗീസ് ഭാഷയിലുള്ള വീക്ഷാഗോപുരം 1923 നവംബർ-ഡിസംബർ ലക്കത്തോടെ പ്രസിദ്ധീകരണം ആരംഭിച്ചു.
യങ് സഹോദരൻ, സാറാ ഫെർഗ്യൂസണെ സന്ദർശിച്ചു. അതേക്കുറിച്ച് വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “സ്വീകരണമുറിയിലേക്കു വന്ന സഹോദരി ഒരു നിമിഷം സ്തംഭിച്ചുനിന്നു! യങ് സഹോദരന്റെ കൈപിടിച്ച് സഹോദരി അദ്ദേഹത്തിന്റെ മുഖത്തേക്ക് ഉറ്റുനോക്കി. എന്നിട്ട് ഇങ്ങനെ ചോദിച്ചു: ‘ശരിക്കും ഒരു പിൽഗ്രിംതന്നെയാണോ എന്റെ മുമ്പിൽ നിൽക്കുന്നത്?’” സഹോദരിയും മക്കളിൽ ചിലരും പെട്ടെന്നുതന്നെ സ്നാനമേറ്റു. അതെ, കഴിഞ്ഞ 25 വർഷമായി സ്നാനമേൽക്കാനായി അവൾ കാത്തിരിക്കുകയായിരുന്നു. ബ്രസീലിൽ 50 പേർ സ്നാനമേറ്റതായി 1924 ആഗസ്റ്റ് ഒന്ന് ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) പറഞ്ഞു. അവരിൽ ഭൂരിഭാഗവും റിയോ ഡി ജനീറോയിൽ നിന്നുള്ളവരായിരുന്നു.
ഇപ്പോൾ ഏതാണ്ട് 90 വർഷം പിന്നിട്ടിരിക്കുന്നു. “ബ്രസീലിന്റെ കാര്യം എന്താകും, തെക്കേ അമേരിക്ക മുഴുവന്റെയും കാര്യമോ?” എന്ന അന്നത്തെ ചോദ്യം ഇപ്പോൾ അപ്രസക്തമാണ്. 7,60,000-ത്തിലധികം യഹോവയുടെ സാക്ഷികൾ ഇന്ന് ബ്രസീലിൽ സുവാർത്ത പ്രസംഗിക്കുന്നു. പോർച്ചുഗീസിലും സ്പാനിഷിലും മറ്റ് അനേകം നാട്ടുഭാഷകളിലും ആയി തെക്കേ അമേരിക്ക മുഴുവൻ ഇന്ന് രാജ്യസന്ദേശം ഘോഷിക്കപ്പെടുന്നു. 1915-ലെ, സാറാ ഫെർഗ്യൂസണിന്റെ ആശങ്കയിൽ ന്യായമുണ്ടായിരുന്നു. അതെ, ‘കൊയ്ത്തുവേല വളരെയുണ്ടായിരുന്നു.’—ബ്രസീലിലെ ശേഖരത്തിൽനിന്ന്.
a ഐ.ബി.എസ്.എ. (International Bible Students Association) അഥവാ അന്തർദേശീയ ബൈബിൾ വിദ്യാർഥി സംഘടന.