നിങ്ങൾക്ക് അറിയാമോ?
അരകല്ലുകൾ പുരാതനനാളിൽ ഉപയോഗിച്ചിരുന്നത് എങ്ങനെയാണ്?
അരകല്ലുകളോ ആട്ടുകല്ലുകളോ ഉപയോഗിച്ച് ആഹാരത്തിനുള്ള ധാന്യങ്ങൾ പൊടിച്ചിരുന്നു. മിക്കവാറും എല്ലാ വീടുകളിലും സ്ത്രീകളോ വേലക്കാരോ അത് പതിവായി ഉപയോഗിച്ചിരുന്നു. പുരാതനനാളുകളിൽ അനുദിന ജീവിതത്തിന്റെ ഭാഗമായി ധാന്യങ്ങൾ പൊടിക്കുന്നതിന്റെ ശബ്ദം എവിടെയും കേൾക്കാമായിരുന്നു.—പുറപ്പാടു 11:5; യിരെമ്യാവു 25:10.
ധാന്യങ്ങൾ പൊടിച്ചിരുന്ന വിധത്തെക്കുറിച്ച് പുരാതന ഈജിപ്തിലെ ചിത്രങ്ങളും ശില്പങ്ങളും കാണിച്ചുതരുന്നു. ആദ്യം, അകം കുഴിഞ്ഞ നീണ്ട കല്ലിന്മേൽ ധാന്യം വെക്കുന്നു. ഇതാണ് അരകല്ല്. തുടർന്ന്, പൊടിക്കുന്ന വ്യക്തി അതിന്റെ മുമ്പിൽ മുട്ടുകുത്തിനിന്ന് പിള്ളക്കല്ല് രണ്ട് കൈകൊണ്ടും പിടിച്ച് മുന്നോട്ടും പിന്നോട്ടും നിരക്കുന്നു. ഒരു ഉറവിടം പറയുന്നതനുസരിച്ച്, പിള്ളക്കല്ലിന് രണ്ട് മുതൽ നാല് കിലോ വരെ തൂക്കം വരും. ഇതിനെ ഒരു ആയുധമാക്കി കൊല നടത്തിയ സംഭവവും ബൈബിളിലുണ്ട്.—ന്യായാധിപന്മാർ 9:50-54.
ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം, ധാന്യം പൊടിക്കുക എന്നത് ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നതിനാൽ അരകല്ലോ തിരികല്ലോ (ആട്ടുകല്ലുപോലുള്ള ഒന്ന്) പണയം വെക്കുന്നതിനെ ബൈബിൾനിയമം വിലക്കിയിരുന്നു. “തിരികല്ലാകട്ടെ അതിന്റെ മേൽക്കല്ലാകട്ടെ ആരും പണയം വാങ്ങരുതു; അതു ജീവനെ പണയം വാങ്ങുകയല്ലോ” എന്ന് ആവർത്തനപുസ്തകം പറയുന്നു.—ആവർത്തനപുസ്തകം 24:6.
‘മടിയിലിരിക്കുക’ എന്ന പദം എന്താണ് അർഥമാക്കുന്നത്?
‘പിതാവിന്റെ മടിയിലിരിക്കുന്നവൻ’ എന്ന് യേശുവിനെക്കുറിച്ച് ബൈബിൾ പറയുന്നു. (യോഹന്നാൻ 1:18) ഇവിടെ ‘മടിയിലിരിക്കുക’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന പദം യേശുവിന് ദൈവത്തോടുള്ള പ്രത്യേക അടുപ്പത്തെയും ദൈവത്തിന്റെ അംഗീകാരത്തെയും ആണ് സൂചിപ്പിക്കുന്നത്. ഈ വാക്കുകൾ, യഹൂദന്മാർ ആഹാരം കഴിക്കുമ്പോൾ പിൻപറ്റിയിരുന്ന ഒരു പ്രത്യേകരീതിയെ പരാമർശിക്കുന്നു.
യേശുവിന്റെ നാളുകളിൽ, യഹൂദന്മാർ ഭക്ഷണ മേശയ്ക്കു ചുറ്റും ക്രമീകരിച്ചിരുന്ന ഇരിപ്പിടങ്ങളിൽ ചാരിക്കിടക്കുക പതിവായിരുന്നു. ഭക്ഷണത്തിന് ഇരിക്കുന്ന വ്യക്തിയുടെ തല മേശയോട് അടുത്തും കാൽ മേശയിൽനിന്ന് അകലെയും ആയിരിക്കും. താങ്ങിനുവേണ്ടി ഇടത് കൈമുട്ട് ഒരുതരം കൈമെത്തയിൽ വെക്കുന്നു. ഇങ്ങനെ ഇരിക്കുന്നതുമൂലം വലത് കൈ സ്വതന്ത്രമായി ഉപയോഗിക്കാനാകും. ഭക്ഷണത്തിന് ഇരിക്കുന്നവരെല്ലാം ഇടതുവശം ചാഞ്ഞ് ഒന്നിനുപുറകെ ഒന്നായി ഇരിക്കുന്നതുകൊണ്ട്, “ഒരു വ്യക്തിയുടെ തല തന്റെ തൊട്ടു പുറകിൽ ഇരിക്കുന്ന വ്യക്തിയുടെ നെഞ്ചോട് ചേർന്നിരിക്കുന്ന വിധത്തിലായിരിക്കും. അതുകൊണ്ട്, ഒരർഥത്തിൽ ആ വ്യക്തി മറ്റൊരാളുടെ മടിയിൽ ഇരിക്കുന്നുവെന്ന് പറയാൻ കഴിയും” എന്ന് ഒരു ഉറവിടം വിശദീകരിക്കുന്നു.
ഒരു കുടുംബത്തിലെ തലവന്റെ അല്ലെങ്കിൽ ഒരു വിരുന്ന് ഒരുക്കുന്ന ആതിഥേയന്റെ നെഞ്ചോട് ചേർന്ന് ഇരിക്കുന്നത്, ഒരു പ്രത്യേകപദവിയായി വീക്ഷിച്ചിരുന്നു. യേശുവിന്റെ അവസാനത്തെ അത്താഴത്തിൽ “യേശു സ്നേഹിച്ച ശിഷ്യ”നായ അപ്പൊസ്തലനായ യോഹന്നാനായിരുന്നു യേശുവിന്റെ മാറോട് ചേർന്ന് ഇരുന്നത്. ഈ അർഥത്തിലാണ് യോഹന്നാൻ ഒരു ചോദ്യം ചോദിക്കാനായി ‘യേശുവിന്റെ മാറിൽ ചാരിയത്.’—യോഹന്നാൻ 13:23-25; 21:20. ▪ (w15-E 07/01)