വീണ്ടും സേവിക്കാൻ അവരെ സഹായിക്കുക
1 അപ്പോസ്തലനായ പൗലോസ് തന്റെ സഹക്രിസ്ത്യാനികൾക്കു സംഭവിക്കാൻ സാധ്യതയുള്ള ഒരു ആത്മീയ അപകടത്തെ തിരിച്ചറിഞ്ഞുകൊണ്ട് ഇങ്ങനെ എഴുതി: ‘ഉറക്കത്തിൽനിന്നു ഉണരുവാൻ നാഴിക വന്നിരിക്കുന്നു; നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു.’ (റോമ.13:11) ആത്മീയ മയക്കത്തിലായിത്തീർന്ന തന്റെ സഹോദരങ്ങളെക്കുറിച്ചു പൗലോസ് ഉത്കണ്ഠാകുലനായിരുന്നു; പുതുക്കിയ പ്രവർത്തനത്തിനായി അവരെ പുനരുജ്ജീവിപ്പിക്കാൻ അവൻ ആകാംക്ഷയുള്ളവനായിരുന്നു.
2 ഈ പഴയ ലോകത്തിന്റെ രാത്രി കഴിയാറായി, പുതിയ ലോകത്തിന്റെ പ്രഭാതം തൊട്ടുമുമ്പിലാണ് എന്നു സത്യമായും പറയാൻ കഴിയും. (റോമ. 13:12) സുവാർത്താ പ്രസംഗകരെന്നനിലയിൽ നമ്മോടുകൂടെ സഹവസിക്കുന്നതു നിർത്തിയിരിക്കുന്ന നമ്മുടെ സഹോദരങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടാൻ നമുക്കു നല്ല കാരണമുണ്ട്. കഴിഞ്ഞ സേവനവർഷത്തിൽ ഇന്ത്യയിൽ മാത്രമായി 230-ലധികം പ്രസാധകരിൽ പ്രവർത്തനവീര്യം പുനഃസ്ഥാപിക്കപ്പെട്ടു. നിഷ്ക്രിയരായ മറ്റുള്ളവരെ യഹോവയെ വീണ്ടും സേവിക്കാനായി നമുക്കെങ്ങനെ സഹായിക്കാൻ കഴിയും?
3 മൂപ്പന്മാർക്കു ചെയ്യാൻ കഴിയുന്നത്: നിഷ്ക്രിയരായ മിക്കവാറുമെല്ലാവരും സത്യം ഉപേക്ഷിച്ചിട്ടില്ല; നിരുത്സാഹം, വ്യക്തിഗത പ്രശ്നങ്ങൾ, ഭൗതികത്വം അല്ലെങ്കിൽ ജീവിതത്തിലെ മറ്റ് ഉത്കണ്ഠകൾ ഇവ നിമിത്തം അവർ കേവലം പ്രസംഗം നിർത്തിയിരിക്കുന്നു. (ലൂക്കൊ. 21:34-36) സാധ്യമെങ്കിൽ, നിഷ്ക്രിയരായിത്തീരുന്നതിനുമുമ്പ് അവരെ സഹായിക്കുന്നതു വളരെ നല്ലതാണ്. സേവന പ്രവർത്തനത്തിൽ ഒരു പ്രസാധകൻ ക്രമമില്ലാത്തവനായിത്തീരുമ്പോൾ സഭാ സെക്രട്ടറി സഭാപുസ്തകാധ്യയന നിർവാഹകനെ അറിയിക്കണം. ഇടയസന്ദർശനത്തിനു ക്രമീകരണങ്ങൾ ചെയ്യാൻ കഴിയും. പ്രശ്നത്തിന്റെ അടിസ്ഥാന കാരണത്തെക്കുറിച്ചും സഹായം നൽകാൻ കഴിയുന്ന വിധത്തെക്കുറിച്ചും തീരുമാനിക്കാൻ അവർ ശ്രമിക്കണം.—1993 സെപ്റ്റംബർ 15 വീക്ഷാഗോപുരത്തിന്റെ 20-3 പേജുകൾ കാണുക.
4 മറ്റുള്ളവർക്കു സഹായിക്കാൻ കഴിയുന്ന വിധം: നിഷ്ക്രിയനായിത്തീർന്ന ഒരുവനെ മിക്കവാറും നാമെല്ലാം അറിയുന്നു. കഴിഞ്ഞകാലത്തു നമ്മോടു തികച്ചും അടുപ്പമുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നിരിക്കാം അദ്ദേഹം. സഹായിക്കാൻ നമുക്ക് എന്തുചെയ്യാൻ കഴിയും? എന്തുകൊണ്ട് ഒരു ഹ്രസ്വസന്ദർശനം നടത്തിക്കൂടാ? നിങ്ങൾക്ക് അദ്ദേഹത്തിന്റെ സൗഹൃദം നഷ്ടമാകുന്നതിൽ വിഷമമുണ്ടെന്നു പറയുക. പ്രസന്നവും ക്രിയാത്മകവുമായ മനോഭാവമുണ്ടായിരിക്കുക. അദ്ദേഹം ആത്മീയ രോഗിയാണെന്നു പരാമർശിക്കാതെ നിങ്ങളുടെ താത്പര്യം പ്രകടമാക്കുക. കെട്ടുപണി ചെയ്യുന്ന അനുഭവങ്ങളോ സഭ സാധിച്ചെടുത്ത മറ്റു നല്ല കാര്യങ്ങളോ വിവരിക്കുക. “ദൈവ സമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനെക്കുറിച്ച് അദ്ദേഹത്തോട് ഉത്സാഹപൂർവം പറയുകയും ഹാജരാകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. സഭയുമായി വീണ്ടും സഹവസിക്കുന്നതു മറ്റെന്തിനെക്കാളുമധികം അദ്ദേഹത്തെ സഹായിച്ചേക്കാം. യോഗങ്ങൾക്ക് ഒരുമിച്ചു പോകാമെന്നു വാഗ്ദാനം ചെയ്യുക. നിങ്ങൾക്കു ലഭിച്ച പ്രതികരണം മൂപ്പന്മാർ അറിയട്ടെ.
5 നിഷ്ക്രിയനായിത്തീർന്ന ഒരു വ്യക്തി യോഗങ്ങൾക്കു തിരികെ വരുമ്പോൾ, തനിക്കു നേരത്തെ അറിയാവുന്ന മറ്റുള്ളവരെ അഭിമുഖീകരിക്കാൻ വിഷമം തോന്നിയേക്കാം. “നിങ്ങൾ എവിടെയായിരുന്നു?” എന്നു ചോദിക്കരുത്. പകരം സ്വാഗതം ചെയ്യുന്നതായി അദ്ദേഹത്തിനനുഭവപ്പെടാൻ ഇടയാക്കുക. അദ്ദേഹത്തെ സംഭാഷണത്തിൽ ഉൾപ്പെടുത്തുക. അറിയാത്തവർക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊടുക്കുക. അദ്ദേഹത്തിനു പാട്ടുപുസ്തകവും പഠിക്കാനുള്ളവയും ഉണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ടു യോഗസമയത്ത് അദ്ദേഹത്തോടൊപ്പം ഇരിക്കുക. തിരികെവരാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക, ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ സഹായം വാഗ്ദാനം ചെയ്യുക.
6 വഴിവിട്ടുപോയവരോട് ഊഷ്മളമായ ആർദ്രപ്രിയം ഉണ്ടായിരിക്കുക, അത്തരത്തിലുള്ളവർ ആത്മീയസൗഖ്യം പ്രാപിക്കുമ്പോൾ യഹോവയും യേശുവും സന്തോഷിക്കുന്നു. (മലാ. 3:7; മത്താ. 18:12-14) വീണ്ടും യഹോവയെ സേവിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ നാം വിജയിക്കുന്നെങ്കിൽ നമുക്കും അതേ സന്തോഷം ആസ്വദിക്കാൻ കഴിയും.