‘എല്ലാവർക്കും നന്മ ചെയ്യുക’
1 “ദൈവവചനം പൂർണമായി പ്രസംഗിക്കുക,” ‘സൽപ്രവൃത്തികളിൽ സമ്പന്നരായിരിപ്പിൻ’ എന്നിവ യഥാക്രമം ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ വിഷയങ്ങളായിരുന്നു. (കൊലൊ. 1:25, NW; 1 തിമൊ. 6:18) താത്പര്യക്കാരെ സ്മാരകത്തിനു ഹാജരാകാനും നിഷ്ക്രിയരെ സഭാ പ്രവർത്തനങ്ങളിൽ വീണ്ടും പങ്കെടുക്കാനും കുട്ടികളെയും യോഗ്യതയുള്ള ബൈബിൾ വിദ്യാർഥികളെയും സുവാർത്തയുടെ പുതിയ പ്രസാധകരായിത്തീരാനും സഹായിക്കുന്നതിനു കൂടുതലായ ഒരു ശ്രമം നടത്താൻ ആ ലക്കങ്ങളിലൂടെ നമുക്കു പ്രോത്സാഹനം ലഭിച്ചു. നമ്മുടെ നല്ല ശ്രമത്തിനു കുറെയൊക്കെ ഫലമുണ്ടായി എന്നതിനു സംശയമില്ല. ഇപ്പോൾ, “അവസരം കിട്ടുംപോലെ നാം എല്ലാവർക്കും. . .നന്മചെയ്ക.”—ഗലാ. 6:10.
2 വീണ്ടും ഹാജരാകാൻ അവരെ ക്ഷണിക്കുക: ഇന്ത്യാ ബ്രാഞ്ചിന്റെ കീഴിലുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ വർഷം സുവാർത്തയുടെ പ്രസാധകരല്ലാത്ത മുപ്പതിനായിരത്തിലധികം പേരാണു സ്മാരകത്തിനു ഹാജരായത്. അവരുടെ സാന്നിധ്യം ഒരളവുവരെയുള്ള താത്പര്യത്തെ സൂചിപ്പിക്കുന്നതിനാൽ, “നിത്യജീവനു ചേർന്ന ശരിയായ മനോനിലയുള്ള” വ്യക്തികളെ “വിശ്വാസികൾ” ആയിത്തീരാൻ പ്രചോദിപ്പിക്കുന്നതിനു നാം എന്തു ചെയ്യേണ്ടതുണ്ട്? (പ്രവൃ. 13:48, NW) കഴിവതും വേഗം സഭായോഗങ്ങൾക്കു ഹാജരാകാൻ അവരെ പ്രോത്സാഹിപ്പിക്കുക.
3 യെശയ്യാ പ്രവചനത്തിന്റെ രസകരമായ ചർച്ച ആസ്വദിക്കുന്നതിന് സഭാ പുസ്കാധ്യയന കൂട്ടത്തിലേക്ക് ഒരു താത്പര്യക്കാരനെ എന്തുകൊണ്ടു ക്ഷണിച്ചുകൂടാ? നിങ്ങൾ ആ വ്യക്തിയുടെ ബന്ധുവോ പരിചയക്കാരനോ ആണെങ്കിൽ, ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ നിങ്ങൾ ഒരു നിയമനം ഉടൻ നടത്താൻ പോകുന്നപക്ഷം, ആ പ്രസംഗം കേൾക്കാൻ നിങ്ങൾക്ക് അദ്ദേഹത്തെ ക്ഷണിക്കാവുന്നതാണ്. വരും വാരങ്ങളിലെ പരസ്യപ്രസംഗത്തിന്റെ വിഷയങ്ങൾ അദ്ദേഹത്തെ അറിയിച്ചുകൊണ്ടിരിക്കുക. (ഏറ്റവും പുതിയ ലിസ്റ്റ് നോട്ടീസ് ബോർഡിൽ ഇടേണ്ടതാണ്.) യഹോവയെ സേവിക്കാനുള്ള ആഗ്രഹം ആ വ്യക്തിയിൽ ഉണർത്താൻ ലഭിക്കുന്ന ഏതൊരു അവസരവും പ്രയോജനപ്പെടുത്തുക. കൂടാതെ, ആ വ്യക്തിക്ക് സഭയിലെ മറ്റാരും ബൈബിൾ അധ്യയനം നടത്തുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഒരു അധ്യയനം വാഗ്ദാനം ചെയ്യാവുന്നതാണ്.
4 നിഷ്ക്രിയർക്കു പ്രോത്സാഹനം നൽകുന്നതു തുടരുക: സ്മാരകത്തിനു ഹാജരാകുന്ന നിരവധി പേരും ഇതിനോടകം യഹോവയ്ക്കു തങ്ങളെത്തന്നെ സമർപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും, ഇടയ്ക്ക് അവർ സുവാർത്ത സതീക്ഷ്ണം പ്രസംഗിക്കുന്നത് നിറുത്തുകയുണ്ടായി. എന്നാൽ, “വിശേഷാൽ സഹവിശ്വാസികൾക്കും നന്മ” ചെയ്യാൻ പൗലൊസ് നമ്മെ ബുദ്ധിയുപദേശിച്ചിരിക്കുന്നു. (ഗലാ. 6:10) അതുകൊണ്ട്, നിഷ്ക്രിയർക്ക് നാം പ്രഥമ പരിഗണന നൽകേണ്ടതാണ്.
5 മൂപ്പന്മാരിൽനിന്നോ മറ്റുള്ളവരിൽനിന്നോ ഉള്ള പ്രോത്സാഹനത്തിന്റെ ഫലമായി ചിലർ ഇതിനോടകംതന്നെ ശുശ്രൂഷയിൽ വീണ്ടും ഏർപ്പെട്ടുതുടങ്ങിയിരിക്കാം. പുനഃക്രിയനായിത്തീർന്ന ഒരു പ്രസാധകന്റെ കൂടെ പ്രവർത്തിക്കാൻ മൂപ്പന്മാർ നിങ്ങളെ നിയമിക്കുന്നെങ്കിൽ, ഒരു കാര്യം മനസ്സിൽപ്പിടിക്കുക: യഹോവയോടും വയൽസേവനത്തോടുമുള്ള നിങ്ങളുടെ സ്നേഹം അദ്ദേഹത്തിന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തും. ശുശ്രൂഷയുടെ വ്യത്യസ്ത വശങ്ങളിൽ എങ്ങനെ ഏർപ്പെടാമെന്ന് ആ വ്യക്തിക്കു കാണിച്ചുകൊടുക്കുക. അങ്ങനെയാകുമ്പോൾ, ശുശ്രൂഷയിൽ സന്തോഷം കണ്ടെത്താനും പ്രസംഗവേലയിൽ സ്ഥിരോത്സാഹം കാട്ടാനും യഹോവയിൽ നിന്നുള്ള അനുഗ്രഹങ്ങൾ ആസ്വദിക്കാനും അദ്ദേഹത്തിനു സാധിക്കും.
6 പുതിയ പ്രസാധകർക്ക് നല്ല ഒരു തുടക്കം ഇട്ടുകൊടുക്കുക: പുതുതായി താത്പര്യം പ്രകടമാക്കിയ ഒരു സ്ത്രീ, താൻ ദൈവത്തിന്റെ യഥാർഥ സംഘടനയെ കണ്ടെത്തിയിരിക്കുന്നുവെന്നു മനസ്സിലാക്കിയ ഉടൻതന്നെ സേവനത്തിൽ ഏർപ്പെടാൻ ആഗ്രഹം പ്രകടിപ്പിച്ചു. തന്നിൽനിന്ന് എന്താണ് ആവശ്യപ്പെടുന്നത് എന്നു പഠിച്ചശേഷം അവർ പറഞ്ഞു: “എനിക്ക് എത്രയും പെട്ടെന്ന് അതിൽ പങ്കെടുക്കണം.” നിങ്ങളുടെ ബൈബിൾ അധ്യയനത്തിലുള്ള ആർക്കെങ്കിലും വയൽസേവനത്തിന് ഇറങ്ങാനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിൽ, ഉടൻ അതിൽ പങ്കെടുത്തു തുടങ്ങേണ്ടതിന്റെ ആവശ്യം മനസ്സിലാക്കാൻ സഹായിച്ചുകൊണ്ട് ആ പുതിയ പ്രസാധകന് നല്ല ഒരു തുടക്കം ഇട്ടുകൊടുക്കുക. ഓരോ വാരവും വയൽ ശുശ്രൂഷയ്ക്കായി തയ്യാറാകാനും അതിൽ പങ്കെടുക്കാനും ഉള്ള ഒരു ശീലം വളർത്തിയെടുക്കാൻ ആ വ്യക്തിയെ സഹായിക്കുക.
7 നിങ്ങളുടെ കുട്ടിയാണ് സ്നാപനമേറ്റിട്ടില്ലാത്ത പുതിയ പ്രസാധകൻ ആയിത്തീർന്നിരിക്കുന്നതെങ്കിൽ, അവന്റെ പ്രായത്തിനും കഴിവിനും അനുസരിച്ചുള്ള പുരോഗതി കൈവരിക്കാൻ അവനെ സഹായിക്കുക. നിങ്ങളുടെ ചെറിയൊരു സഹായംകൊണ്ട് അവന് ആളുകളുമായി എത്ര മെച്ചമായി സംഭാഷണത്തിൽ ഏർപ്പെടാനും ബൈബിളിൽനിന്നു വായിക്കാനും സാഹിത്യം സമർപ്പിക്കാനും സാധിക്കുന്നുവെന്നത് നിങ്ങളെ അതിശയിപ്പിച്ചേക്കാം. വയൽസേവനത്തിൽ ആയിരിക്കെ അവൻ താത്പര്യമുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടുന്നെങ്കിൽ, മടക്കസന്ദർശനം നടത്താനും അയാളുടെ താത്പര്യം നിലനിറുത്താനും അവനെ പരിശീലിപ്പിക്കുക.
8 നിങ്ങളുടെതന്നെ ശുശ്രൂഷ വികസിപ്പിക്കുക: സ്മാരകകാലത്തിനു ശേഷവും പ്രസംഗവേലയിലെ നിങ്ങളുടെ പങ്കു വർധിപ്പിക്കാൻ സാഹചര്യങ്ങൾ നിങ്ങളെ അനുവദിക്കുന്നുവോ? ഓരോ ആഴ്ചയിലും നിങ്ങൾ സേവനത്തിൽ ചെലവഴിക്കുന്ന സമയത്തോട് ഒന്നോ രണ്ടോ മണിക്കൂർ കൂട്ടാൻ സാധിക്കുമോ? ഏതു മാസമാണ് സഹായ പയനിയറിങ് ചെയ്യാൻ സാധിക്കുന്നത് എന്നറിയാൻ നിങ്ങൾ മുന്നമേ കലണ്ടറിൽ നോക്കുന്നുണ്ടോ? അല്ലെങ്കിൽ മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കാൻ കഴിയുംവിധം ജീവിതരീതിയിൽ മാറ്റം വരുത്താൻ നിങ്ങൾക്കു സാധിക്കുമോ? ശുശ്രൂഷയിൽ നാം ചെയ്യുന്ന സകല ശ്രമവും സത്യം പഠിക്കാൻ ആരെയെങ്കിലും സഹായിച്ചേക്കാം. (പ്രവൃ. 8:26-39) വരുംനാളുകളിലേക്കു നോക്കവേ, നമുക്ക് “എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരി”ക്കാം.—1 തെസ്സ. 5:15.
[3-ാം പേജിലെ ചതുരം]
തുടർന്നും സഹായിക്കുക:
□✔ സ്മാരകത്തിനു ഹാജരാകുന്നവരെ
□✔ പുനഃക്രിയരായിത്തീർന്ന പ്രസാധകരെ
□✔ സ്നാപനമേറ്റിട്ടില്ലാത്ത പുതിയ പ്രസാധകരെ