നിങ്ങൾക്ക് അറിയാമോ?
ചെങ്ങാലിപ്രാവിനെയും നാട്ടുപ്രാവിനെയും ബലി അർപ്പിക്കാൻ യഹോവ അനുവദിച്ചത് ഇസ്രായേല്യർക്ക് എങ്ങനെ പ്രയോജനം ചെയ്തു?
യഹോവ മോശയിലൂടെ കൊടുത്ത നിയമത്തിൽ, ചെങ്ങാലിപ്രാവിനെയും നാട്ടുപ്രാവിനെയും ബലി അർപ്പിക്കാൻ അനുവാദം നൽകിയിരുന്നു. ബലികളെക്കുറിച്ച് പറയുന്നിടത്തെല്ലാം ഈ രണ്ടു പക്ഷികളെയും ഒരുമിച്ച് പരാമർശിച്ചിട്ടുണ്ട്. ഇവയിൽ ഏതിനെ വേണമെങ്കിലും അവർക്ക് അർപ്പിക്കാമായിരുന്നു. (ലേവ്യ 1:14; 12:8; 14:30) അങ്ങനെയൊരു നിയമം നൽകിയതുകൊണ്ട് പ്രയോജനമുണ്ടായിരുന്നു. കാരണം ചെങ്ങാലിപ്രാവുകളെ എല്ലാ കാലത്തും എളുപ്പത്തിൽ കിട്ടുമായിരുന്നില്ല.
ചെങ്ങാലിപ്രാവുകൾ ദേശാടനപ്പക്ഷികളാണ്. ചൂടുകാലത്ത് ഇസ്രായേലിൽ എല്ലായിടത്തും അവയെ കാണാം. എന്നാൽ ഒക്ടോബർ മാസത്തോടെ അവ ചൂടു കൂടിയ തെക്കൻ രാജ്യങ്ങളിലേക്കു പോകുന്നു. പിന്നെ തിരികെ എത്തുന്നത് ഏപ്രിൽ മാസത്തോട് അടുത്താണ്. (ഉത്ത. 2:11, 12; യിരെ. 8:7) അതുകൊണ്ടുതന്നെ ഇസ്രായേല്യർക്കു തണുപ്പുകാലത്ത് ബലി അർപ്പിക്കുന്നതിനു ചെങ്ങാലിപ്രാവുകളെ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു.
അതേസമയം നാട്ടുപ്രാവുകൾ പൊതുവേ ദേശാടനം ചെയ്യാറില്ല. അതുകൊണ്ട് അവയെ എല്ലാ കാലത്തും ഇസ്രായേലിലെങ്ങും കാണാമായിരുന്നു. ഇനി, അവയെ വീടുകളിൽ വളർത്താറുമുണ്ടായിരുന്നു. (യോഹന്നാൻ 2:14, 16 താരതമ്യം ചെയ്യുക.) ബൈബിളിലെ ചെടികളും മൃഗങ്ങളും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച് “പലസ്തീനിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒക്കെ നാട്ടുപ്രാവുകളെ വളർത്തുന്ന രീതിയുണ്ടായിരുന്നു. ഓരോ വീട്ടിലും ഈ പക്ഷികൾക്കു കഴിയാൻവേണ്ടി ഭിത്തിയിൽ പൊത്തുകൾ ഉണ്ടാക്കിയിരുന്നു.” —യശയ്യ 60:8 താരതമ്യം ചെയ്യുക.
ഇസ്രായേലിലെങ്ങും എല്ലാ കാലത്തും കണ്ടിരുന്ന പക്ഷികളെ ബലിയായി അർപ്പിക്കാൻ അനുവാദം നൽകിയതിൽനിന്ന് യഹോവയുടെ സ്നേഹവും ന്യായബോധവും നമുക്കു മനസ്സിലാക്കാനാകും.