വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വിജനഭൂമിയിൽവെച്ച് ഇസ്രായേല്യർക്കു മന്നയും കാടപ്പക്ഷികളും അല്ലാതെ മറ്റെന്തെങ്കിലും കഴിക്കാനുണ്ടായിരുന്നോ?
വിജനഭൂമിയിലായിരുന്ന 40 വർഷവും ഇസ്രായേല്യരുടെ പ്രധാനഭക്ഷണം മന്നയായിരുന്നു. (പുറ. 16:35) രണ്ടു തവണ യഹോവ അവർക്കു കാടപ്പക്ഷികളെയും കൊടുത്തു. (പുറ. 16:12, 13; സംഖ്യ 11:31) പക്ഷേ ചെറിയ അളവിലാണെങ്കിലും മറ്റു ഭക്ഷണസാധനങ്ങളും ആ സമയത്ത് അവർക്കു കഴിക്കാൻ കിട്ടിയിട്ടുണ്ട്.
ഉദാഹരണത്തിന്, യഹോവ ചിലപ്പോഴൊക്കെ തന്റെ ജനത്തെ ‘ഒരു വിശ്രമസ്ഥലത്തേക്കു’ നയിച്ചു. (സംഖ്യ 10:33) അവിടെ അവർക്കു കുടിക്കാൻ വെള്ളവും കഴിക്കാൻ ഭക്ഷണവും ഒക്കെ കിട്ടിയിരുന്നു. അത്തരത്തിലുള്ള ഒരു സ്ഥലമായിരുന്നു ഏലിം. “അവിടെ 12 നീരുറവകളും 70 ഈന്തപ്പനകളും” ഉണ്ടായിരുന്നു. (പുറ. 15:27) ബൈബിളിലെ സസ്യങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ഈന്തപ്പനയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “വിജനഭൂമിയിൽ പലയിടങ്ങളിലും ഇതു വളരുന്നു. ഭക്ഷണത്തിനായി ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു മരമാണ് ഇത്. അവ ലക്ഷക്കണക്കിന് ആളുകൾക്കു ഭക്ഷണവും എണ്ണയും തണലും നൽകുന്നു.”
സീനായ് ഉപദ്വീപിലെ ഒരു പ്രധാന മരുപ്പച്ചയാണു ഫെയ്റൻ. ഫെയ്റൻa നീർച്ചാലിന്റെ ഭാഗമായ ആ മരുപ്പച്ചയിലും ഇസ്രായേല്യർ താമസിച്ചിട്ടുണ്ടാകണം. ബൈബിളിലെ ലോകത്തേക്ക് ഒരു എത്തിനോട്ടം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച്, “ഈ നീർച്ചാലിന് 81 മൈൽ (130 കിലോമീറ്റർ) നീളമുണ്ട്. സീനായ് ഉപദ്വീപിലെ ഏറ്റവും നീളമുള്ളതും ഭംഗിയുള്ളതും പേരുകേട്ടതും ആയ നീർച്ചാലാണ് ഇത്. . . . ഈ നീർച്ചാലിന്റെ വായ്ഭാഗത്തുനിന്ന് ഏതാണ്ട് 28 മൈൽ (45 കിലോമീറ്റർ) ഉള്ളിലേക്കു ചെല്ലുമ്പോൾ 3 മൈൽ (4.8 കിലോമീറ്റർ) നീളത്തിൽ നല്ല ഭംഗിയുള്ള, ഈന്തപ്പനകൾ നിറഞ്ഞ ഫെയ്റൻ മരുപ്പച്ച കാണാം. അതു സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 2,000 അടി ഉയരത്തിലാണ്. സീനായിലെ ഏദെൻ എന്നാണ് അതിനെ വിളിക്കുന്നത്. പണ്ടുകാലം മുതലേ അവിടത്തെ ആയിരക്കണക്കിന് ഈന്തപ്പനകൾ ആളുകളെ അങ്ങോട്ട് ആകർഷിച്ചിട്ടുണ്ട്.”
ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പോന്നപ്പോൾ മാവ് കുഴയ്ക്കാനുള്ള പാത്രവും കുഴച്ച മാവും കൂടാതെ, സാധ്യതയനുസരിച്ച് കുറച്ച് ധാന്യവും എണ്ണയും കൂടെ കൊണ്ടുപോന്നു. പക്ഷേ അതൊന്നും അധികം ദിവസത്തേക്ക് ഉണ്ടായിരുന്നിരിക്കില്ല. ‘ആടുമാടുകൾ ഉൾപ്പെടെ വലിയൊരു കൂട്ടം മൃഗങ്ങളെയും’ അവർ അവിടെനിന്ന് കൊണ്ടുപോന്നു. (പുറ. 12:34-39) വിജനഭൂമിയിലെ മോശമായ കാലാവസ്ഥയൊക്കെ കാരണം പല മൃഗങ്ങളും ചത്തുപോയിട്ടുണ്ടാകണം. ഇനി, ചിലതിനെ അവർ ഭക്ഷണത്തിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ടാകും. മറ്റു ചിലതിനെ ബലിയർപ്പിക്കുകയും ചെയ്തിരിക്കാം, ചിലപ്പോൾ വ്യാജദൈവങ്ങൾക്കുപോലും.b (പ്രവൃ. 7:39-43) എങ്കിലും അപ്പോഴും അവർക്കു കുറെ ആടുമാടുകളുണ്ടായിരുന്നു. ഇസ്രായേല്യർ അനുസരണക്കേടു കാണിച്ചപ്പോൾ യഹോവ അവരോടു പറഞ്ഞ വാക്കുകളിൽനിന്ന് ഇതു വ്യക്തമാണ്. യഹോവ പറഞ്ഞു: “നിങ്ങളുടെ മക്കൾ 40 വർഷം ഈ വിജനഭൂമിയിൽ ഇടയന്മാരായിരിക്കും.” (സംഖ്യ 14:33) അതുകൊണ്ട് സാധ്യതയനുസരിച്ച് ഇസ്രായേല്യർക്ക് അവയിൽനിന്ന് പാലും ഇടയ്ക്കൊക്കെ ഇറച്ചിയും കിട്ടിയിട്ടുണ്ട്. പക്ഷേ 40 വർഷത്തേക്ക് 30 ലക്ഷത്തോളം വരുന്ന ആളുകൾക്കു കഴിക്കാൻ എന്തായാലും അതു മതിയാകുമായിരുന്നില്ല.c
ഇസ്രായേല്യരുടെ മൃഗങ്ങൾക്ക് എവിടെനിന്നാണു ഭക്ഷണവും വെള്ളവും ഒക്കെ കിട്ടിയത്?d ആ സമയത്ത് കൂടുതൽ മഴ കിട്ടിയിരുന്നതുകൊണ്ട് വിജനഭൂമിയിൽ ധാരാളം ചെടികളുണ്ടായിരുന്നിരിക്കാം. തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 1 പറയുന്നതനുസരിച്ച്, “3,500 വർഷം മുമ്പ് ഇസ്രായേല്യർ ഉണ്ടായിരുന്ന ആ സ്ഥലത്ത് ഇന്നത്തെ അപേക്ഷിച്ച് ധാരാളം വെള്ളമുണ്ടായിരുന്നു. ഇന്ന് അവിടെ നല്ല ആഴമുള്ള, വരണ്ടുണങ്ങിയ പല നീർച്ചാലുകളും കാണാം. അതു കാണിക്കുന്നതു മുമ്പ് എപ്പോഴോ അവിടെ ധാരാളം മഴ കിട്ടിയിരുന്നെന്നും അതുവഴി വെള്ളം ഒഴുകിയിരുന്നെന്നും ആണ്.” എങ്കിലും ആൾത്താമസമില്ലാത്ത ആ വിജനഭൂമി വരണ്ടുണങ്ങിയ, വളരെ പേടിപ്പെടുത്തുന്ന ഒരു സ്ഥലമായിരുന്നു. (ആവ. 8:14-16) യഹോവ അത്ഭുതകരമായി വെള്ളം കൊടുത്തില്ലായിരുന്നെങ്കിൽ ഇസ്രായേല്യരും അവരുടെ മൃഗങ്ങളും എല്ലാം ഉറപ്പായിട്ടും ചത്തുപോയേനെ.—പുറ. 15:22-25; 17:1-6; സംഖ്യ 20:2, 11.
‘മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല, യഹോവയുടെ വായിൽനിന്ന് വരുന്ന എല്ലാ വചനങ്ങൾകൊണ്ടുമാണു ജീവിക്കുന്നതെന്ന് അവർ അറിയേണ്ടതിന്’ ആണ് യഹോവ അവർക്കു മന്ന കൊടുത്തതെന്നു മോശ ഇസ്രായേല്യരോടു പറഞ്ഞു.—ആവ. 8:3.
b വിജനഭൂമിയിൽവെച്ച് മൃഗങ്ങളെ യഹോവയ്ക്കു ബലിയർപ്പിച്ച രണ്ടു സന്ദർഭങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നു. ആദ്യത്തേത്, പൗരോഹിത്യക്രമീകരണം നിലവിൽവന്നപ്പോഴാണ്. രണ്ടാമത്തേത്, പെസഹയുടെ സമയത്തും. അതു രണ്ടും നടന്നതു ബി.സി. 1512-ലായിരുന്നു, അതായത് ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പോന്നതിന്റെ രണ്ടാമത്തെ വർഷം.—ലേവ്യ 8:14–9:24; സംഖ്യ 9:1-5.
c വിജനഭൂമിയിലെ 40 വർഷത്തെ ജീവിതത്തിന്റെ അവസാനത്തോട് അടുത്ത് യുദ്ധത്തിനു പോയപ്പോൾ ഇസ്രായേല്യർക്കു ലക്ഷക്കണക്കിനു മൃഗങ്ങളെ കൊള്ളമുതലായി കിട്ടി. (സംഖ്യ 31:32-34) എങ്കിലും വാഗ്ദത്തദേശത്ത് കടക്കുന്നതുവരെ ഇസ്രായേല്യർ തുടർന്നും മന്ന കഴിച്ചു.—യോശു. 5:10-12.
d മൃഗങ്ങൾ മന്ന കഴിച്ചതിന്റെ യാതൊരു സൂചനയുമില്ല. കാരണം ഓരോരുത്തർക്കും കഴിക്കാൻ പറ്റുന്നത്ര മന്ന മാത്രം ശേഖരിക്കാനാണ് യഹോവ ഇസ്രായേല്യരോടു പറഞ്ഞത്.—പുറ. 16:15, 16.