യഹോവയുടെ സാക്ഷികളുടെ 1995 വാർഷികപ്പുസ്തകത്തിൽനിന്നുള്ള അനുഭവങ്ങൾ
◆ആത്മീയ താത്പര്യങ്ങൾ ഭൗതിക താത്പര്യങ്ങൾക്കു മുന്നിൽ വെക്കാൻ ദൃഢമായ തീരുമാനം ചെയ്യുന്നത് ക്രിസ്തീയ പക്വതയിലേക്കു വളരുന്നതിലെ ഒരു പ്രധാന പടിയാണ്. ഫ്രാൻസിലെ ഒരു മത്സ്യത്തൊഴിലാളിയായ ജാക്വെസിന്റെ കാര്യത്തിൽ അതു സത്യമായിരുന്നു. അദ്ദേഹം ജോലി ചെയ്യുന്നത് മെഡിറ്ററേനിയൻ സമുദ്രത്തിലെ ഒരു തുറമുഖത്തിനു വെളിയിലാണ്. ജാക്വെസ് യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയിട്ട് അധികംനാളായിരുന്നില്ല. വേനൽക്കാലത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പങ്കെടുക്കാൻ അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ വർഷത്തിൽ ഏറ്റവും മത്സ്യകൊയ്ത്തുള്ള സമയത്തായിരുന്നു അത്, ആ സീസണിലെ മത്സ്യം മുഴുവൻ പിടിക്കാൻ മിക്ക മുക്കുവൻമാരും രാപകൽ അധ്വാനിക്കുന്ന സമയം. മാത്രമല്ല, ജാക്വെസിന്റെ ബോട്ടിൽ 12 ജോലിക്കാർ ജോലി ചെയ്തിരുന്നു. സീസണിലെ ചാകരയുടെ സമയത്ത് പല ദിവസങ്ങളോളം മത്സ്യബന്ധനം ഉണ്ടായിരിക്കുകയില്ലെന്ന് അദ്ദേഹം അവരോട് എങ്ങനെ വിശദീകരിക്കും? ആളുകൾ അദ്ദേഹത്തെ മടയൻ എന്നു വിളിച്ചു, വളരെയധികം പരിഹാസം സഹിക്കേണ്ടിവന്നു അദ്ദേഹത്തിന്, എങ്കിലും ജാക്വെസ് ദൃഢമായി ആത്മീയ കാര്യങ്ങൾ ഒന്നാമതു വെക്കുകയും ഭാര്യയോടും തങ്ങളുടെ രണ്ടു കൊച്ച് ആൺകുട്ടികളോടുമൊപ്പം കൺവെൻഷനിൽ സംബന്ധിക്കുകയും ചെയ്തു.
കൺവെൻഷനെ തുടർന്നുള്ള തിങ്കളാഴ്ച ജാക്വെസ് വീണ്ടും തൊഴിലാളികളുമൊത്ത് ബോട്ടുമായി മത്സ്യബന്ധനത്തിനു പുറപ്പെട്ടു. അവർ വലകളിറക്കിയപ്പോൾ സാധാരണ കിട്ടാറുള്ള ഏതാണ്ട് 650 പൗണ്ട് മത്തിക്കുപകരം ഉയർന്ന വിലയുള്ള ഒരു ടണ്ണോളം ഇറച്ചികക്കാ ആണ് കിട്ടിയത്, അവർ വിസ്മയിച്ചുപോയി. അതിന് അവർ ജോലി ചെയ്യാതിരുന്ന കൺവെൻഷൻ ദിവസങ്ങളിൽ പിടിച്ചിരുന്നെങ്കിൽ കിട്ടാമായിരുന്നതിന്റെ അഞ്ചിരട്ടി വിലവരുമായിരുന്നു! ഇങ്ങനെയൊന്ന് ആരെങ്കിലും എന്നെങ്കിലും പിടിച്ചതായി ആ ഗ്രാമത്തിലെ ഒരു മുക്കുവനും ഓർമയില്ല!
◆അന്റീഗ്വയിലെ “ദൈവ ഭയ” ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ അവസാന ദിവസത്തെ പരിപാടിയിൽ സംബന്ധിക്കാനായി വന്ന, യഹോവയുടെ സാക്ഷികളോടൊത്തു പുതുതായി സഹവസിക്കുന്ന ഒരു സ്ത്രീ സമ്മേളന ഹാളിന്റെ പ്രവേശന കവാടത്തിങ്കൽ കാർ നിർത്തിയിറങ്ങി. 2,000-ത്തിലധികം ഡോളർ ഇസി (23,000 രൂപ) അടങ്ങുന്ന തന്റെ പേഴ്സ് കളഞ്ഞുപോയതായി അന്നുരാവിലെ കുറെ നേരം കഴിഞ്ഞ് അവൾ തിരിച്ചറിഞ്ഞു. കാറിൽനിന്നിറങ്ങുന്നതിന് തൊട്ടുമുമ്പ് അത് അവസാനം കണ്ടത് അവൾ ഓർത്തു. നടന്നുവന്ന പാത സൂക്ഷ്മമായി പരിശോധിക്കുകയും പാർക്കു ചെയ്യുന്നിടത്തു നിൽക്കുന്ന സേവകൻമാരോടു ചോദിക്കുകയും ചെയ്തെങ്കിലും ഒരു ഫലവുമുണ്ടായില്ല. “സമ്മേളന ഹാളിലോ അതിന്റെ പരിസരത്തോ അതു കണ്ടുകിട്ടുകയാണെങ്കിൽ സുഹൃത്തുക്കൾ അതു തിരികെ നൽകും, എന്തുകൊണ്ടെന്നാൽ യഹോവയുടെ സാക്ഷികൾ സത്യസന്ധരും സ്നേഹമുള്ളവരുമാണ്” എന്ന് അവളെ ക്ഷണിച്ചിരുന്ന സാക്ഷി അവൾക്ക് ഉറപ്പുകൊടുത്തു.
തന്റെ പേരിലുള്ള, മാറാത്ത ഒരു ചെക്ക് പേഴ്സിനുള്ളിൽ ഉണ്ടായിരുന്ന കാര്യം ഓർമിച്ചുകൊണ്ട് പിറ്റേന്നു രാവിലെ ആ സ്ത്രീ അതു തന്ന ബിസിനസ്സ് സ്ഥാപനത്തിനു ഫോൺ ചെയ്തു. അവളെ വല്ലാതെ അതിശയിപ്പിച്ചുകൊണ്ട് ബിസിനസ്സുകാരി അത്ഭുതത്തോടെ ഇപ്രകാരം പറഞ്ഞു: “എനിക്ക് നിങ്ങളെ അറിയാമോയെന്നും നിങ്ങളെ എവിടെ കണ്ടെത്താൻ കഴിയുമെന്നും ചോദിച്ചുകൊണ്ട് യഹോവയുടെ സാക്ഷിയായ ഒരു മനുഷ്യൻ ഇപ്പോൾ ഇങ്ങോട്ടു വിളിച്ചതേയുള്ളൂ. കൺവെൻഷൻ സ്ഥലത്തിനു വെളിയിൽ അദ്ദേഹം നിങ്ങളുടെ പേഴ്സ് ഇന്നലെ കണ്ടെത്തി.” യഹോവയുടെ സാക്ഷികൾ സത്യമായും ദൈവ-ഭയമുള്ളവരാണെന്ന് ആ സ്ത്രീക്ക് മുമ്പെന്നത്തെക്കാൾ ബോധ്യമായി.
◆മെക്സിക്കോയിലെ എഡിൽബെർട്ടൊ ജ്വാരെസ്സ് തന്റെ സഹോദരന്റെയും മകന്റെയും മരണം നിമിത്തം ദുഃഖിതനായിരുന്നു. അവരിരുവരും ഒരേ ദിവസമാണ് ആത്മഹത്യചെയ്തത്. അദ്ദേഹം ഇപ്രകാരം അനുസ്മരിക്കുന്നു, “ഈ അനിഷ്ട സംഭവം കണ്ടയുടനെ ഞാൻ വീടിന്റെ ഒരുവശത്തെ ഭിത്തിയിൽ മുഴുവൻ സ്ഥാനം പിടിച്ചിരുന്ന എന്റെ ദൈവങ്ങളോടു (വിഗ്രഹങ്ങളോടു) പ്രാർഥിച്ചു. എന്റെ മകനെ ജീവനിലേക്കു തിരികെ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം എനിക്ക് അവയെ എറിഞ്ഞുകളയേണ്ടിവരുമെന്നും ഞാൻ അവയോടു പറഞ്ഞു. എട്ടു ദിവസം കഴിഞ്ഞ്, ആ ദൈവങ്ങൾ തങ്ങളുടെ ശക്തി കാണിച്ചില്ലെന്നു കണ്ടപ്പോൾ ഞാൻ അവയെ വീട്ടിൽനിന്നും തൂത്തെറിഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടമായതിനാൽ ഞാൻ വല്ലാതെ കരഞ്ഞു.
“ഒരു സ്കൂൾ അധ്യാപകൻ എന്നെ സമീപിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹം എനിക്ക് ഒരു പുതിയ നിയമം തന്നിട്ട് അതു വായിക്കാൻ നിർദേശിച്ചു. ഞാൻ ബൈബിൾ ഒരിക്കലും കണ്ടിട്ടില്ലാതിരുന്നതിനാൽ എനിക്ക് അതിൽ താത്പര്യം തോന്നിയില്ല. ഞാൻ അത് എവിടെയോ തള്ളി. ഏതാണ്ട് ആ സമയത്താണ് ഒരു പെന്തക്കോസ്തുകാരൻ എന്നെ സന്ദർശിച്ചത്. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ, ബ്രീഫ്കേസുമായി പോകുന്ന ഒരാളെ ഞാൻ കണ്ടു. അതൊരു യഹോവയുടെ സാക്ഷിയാണെന്ന് പെന്തക്കോസ്തുകാരൻ തിരിച്ചറിഞ്ഞു, തിരുവെഴുത്തുകളെക്കുറിച്ച് അയാൾക്ക് കൂടുതൽ അറിയാമായിരിക്കുമെന്നതിനാൽ അയാളെ അകത്തേക്കു ക്ഷണിക്കണമെന്നു നിർദേശിക്കുകയും ചെയ്തു. സാക്ഷി അകത്തു വന്നു. ഞാൻ ദുഃഖിതയാണെന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹം പുനരുത്ഥാനത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങി. അത് എന്നിൽ യഥാർഥത്തിൽ വളരെയധികം താത്പര്യമുണർത്തി.”
ദീർഘദൂരം നടക്കേണ്ടിവരുമായിരുന്നിട്ടും ഈ സാക്ഷി എഡിൽബെർട്ടൊയെ ക്രമമായി സന്ദർശിച്ചു തുടങ്ങി. എഡിൽബെർട്ടൊ ഇപ്രകാരം പറഞ്ഞു: “പിന്നെ ഞാൻ എന്റെ പുതിയ വിശ്വാസത്തെക്കുറിച്ചു മറ്റുള്ളവരോടു സംസാരിച്ചു തുടങ്ങി. സത്യത്തിൽ താത്പര്യം കാട്ടിയ അവരിൽ മൂന്നു പേർ എന്റെ വീട്ടിൽ കൂടിവരാൻ തുടങ്ങി; അങ്ങനെ പ്രസാധകൻ ഞങ്ങളെ സന്ദർശിക്കുമ്പോൾ ഞങ്ങൾ നാലു പേരായിരുന്നു പഠിക്കുന്നത്.” ഈ തുടക്കത്തോടെ എഡിൽബെർട്ടൊ ജ്വാരെസ്സ് സത്യം സ്വീകരിക്കുകയും യഹോവയുടെ സേവനം ആരംഭിക്കുകയും ചെയ്തു.
നിയമനം ലഭിച്ച് സ്ഥലത്തെത്തിയപ്പോൾ, വാരാന്ത്യങ്ങളിൽ ബസ് സർവീസ് ഇല്ലാത്തതുമൂലം യോഗത്തിൽ പങ്കെടുക്കാനായി 10 കിലോമീറ്റർ ദൂരം നടന്നുവരുന്ന നാല് പ്രസാധകർ അവിടെയുള്ളതായി വടക്കൻ ബ്രസീലിലെ ഒരു പ്രത്യേക പയനിയർ എഴുതുന്നു. ആ പ്രസാധകർ താമസിച്ചിരുന്ന പട്ടണത്തിൽ യോഗങ്ങൾ നടത്താൻ പയനിയർമാർ തീരുമാനിച്ചു. ആദ്യത്തെ ഞായറാഴ്ച 40 പേർ ഹാജരുണ്ടായിരുന്നു. രണ്ടാമത്തെ ഞായറാഴ്ചയും വീടിനുള്ളിൽ അത്രതന്നെ ആളുകളെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അസംബ്ലി ഓഫ് ഗോഡ് എന്ന സഭയിലെ പാസ്റ്ററും അദ്ദേഹത്തിന്റെ കൂട്ടത്തിലെ 15 പേരും പുറത്തു നിൽപ്പുണ്ടായിരുന്നു. അവരെ അകത്തേക്കു ക്ഷണിച്ചെങ്കിലും പുറത്തുനിന്നു കേൾക്കാനായിരുന്നു അവർക്കിഷ്ടം. പയനിയർ ഇപ്രകാരം വിവരിക്കുന്നു: “യോഗം കഴിഞ്ഞപ്പോൾ അവരോടു സംസാരിക്കാനും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാനും ഞാൻ പുറത്തുചെന്നു. ഞാനും അദ്ദേഹത്തെപ്പോലെ ഒരു പാസ്റ്റർ ആയിരുന്നുവെന്ന് ഞാൻ ആ പാസ്റ്ററോടു പറഞ്ഞു. ‘അങ്ങനെയെങ്കിൽ ഇപ്പോൾ നിങ്ങൾക്ക് ഒരു യഹോവയുടെ സാക്ഷിയായിരിക്കാൻ എങ്ങനെ കഴിയും?’ എന്ന് അദ്ദേഹം ചോദിച്ചു. ആ ചോദ്യത്തിന് ഉത്തരം കൊടുക്കാനായി ഞാൻ അദ്ദേഹത്തെ ഞങ്ങളുടെ വീട്ടിലേക്കു ക്ഷണിച്ചു, അദ്ദേഹം സമ്മതിച്ചു. ഏതാനും ആഴ്ചകൾക്കുള്ളിൽ അദ്ദേഹവും അദ്ദേഹത്തിന്റെ കൂട്ടത്തിലുള്ള ചിലരും തങ്ങളുടെ സഭ ഉപേക്ഷിച്ച് ഞങ്ങളോടൊപ്പം ബൈബിൾ പഠനമാരംഭിച്ചു.”
ടൗണിലെ ആദ്യത്തെ സ്മാരകാഘോഷത്തിനായി 140 പേർ അര മണിക്കൂർ മുമ്പേ എത്തി. ഗതികേടെന്നു പറയട്ടെ, ഉച്ചഭാഷിണികളൊന്നും ലഭ്യമായിരുന്നില്ല. തന്റെ പള്ളിയിൽനിന്ന് ഒന്ന് കടം വാങ്ങാമോ എന്നു നോക്കട്ടെ എന്ന് ഒരു കത്തോലിക്കാ സ്ത്രീ പറഞ്ഞു. അവൾ അതിനെക്കുറിച്ച് പുരോഹിതനോടു ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികൾക്കു വേണ്ടിയാണോ?” അവളുടെ മറുപടി ഇതായിരുന്നു: “അല്ല, അവിടെ വെറും എട്ടു സാക്ഷികളേയുള്ളൂ. ഉച്ചഭാഷിണി ആവശ്യമായിരിക്കുന്നത് അവിടെ കൂടിയിരിക്കുന്ന 100-ലധികം വരുന്ന കത്തോലിക്കർക്കാണ്!” ആ വാദം ഫലിച്ചില്ല. ഒരു പ്രൊട്ടസ്റ്റൻറ് വനിതയും ഇതേ നിർദേശം വച്ചു. എന്നാൽ വൈദികൻ പറഞ്ഞു: “യഹോവയുടെ സാക്ഷികൾക്കാണെങ്കിൽ തരില്ല!” വനിത ഇപ്രകാരം വാദിച്ചു: “ഞാനും പള്ളിയിലെ മറ്റ് അംഗങ്ങളും അതിനുവേണ്ടി സംഭാവന കൊടുത്തതാണ്. അതുകൊണ്ട് ഞങ്ങൾക്ക് അത് ഉപയോഗിക്കാനുള്ള ഒരു നിശ്ചിത അവകാശമുണ്ട്!” അതു കേട്ടപ്പോൾ അദ്ദേഹം അത് അവർക്കു വായ്പ കൊടുത്തു. ആ സ്മാരകത്തെത്തുടർന്ന് അനേകം പുതിയ ബൈബിളധ്യയനങ്ങൾ ആരംഭിച്ചു. യഹോവയുടെ സാക്ഷികൾ ഒറ്റപ്പെട്ടവരെ യഥാർഥത്തിൽ സഹായിക്കുന്ന വിധം സംബന്ധിച്ച് പട്ടണത്തിലെങ്ങും സംസാരമായിരുന്നു.