പ്രവൃത്തികൾ
പഠനക്കുറിപ്പുകൾ—അധ്യായം 12
ഹെരോദ്: അതായത് മഹാനായ ഹെരോദിന്റെ കൊച്ചുമകനായ ഹെരോദ് അഗ്രിപ്പ ഒന്നാമൻ. (പദാവലി കാണുക.) ബി.സി. 10-ൽ ജനിച്ച ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം റോമിലായിരുന്നു. ചക്രവർത്തികുടുംബത്തിലെ പലരുമായും ഇദ്ദേഹം സുഹൃദ്ബന്ധം സ്ഥാപിച്ചു. അതിൽ ഒരാളായിരുന്നു കാലിഗുല എന്ന് അറിയപ്പെട്ടിരുന്ന ഗായൊസ്. അദ്ദേഹം എ.ഡി. 37-ൽ ചക്രവർത്തിപദം ഏറ്റെടുത്ത ഉടനെ അഗ്രിപ്പയെ ഇതൂര്യ, ത്രഖോനിത്തി, അബിലേന എന്നീ പ്രദേശങ്ങളുടെ ഭരണാധികാരിയാക്കി. പിൽക്കാലത്ത് ഗലീലയുടെയും പെരിയയുടെയും ഭരണംകൂടെ അഗ്രിപ്പയെ ഏൽപ്പിച്ചിട്ട് കാലിഗുല അദ്ദേഹത്തിനു രാജാവെന്ന സ്ഥാനപ്പേര് നൽകി. എ.ഡി. 41-ൽ കാലിഗുല വധിക്കപ്പെടുമ്പോൾ അഗ്രിപ്പ റോമിലുണ്ടായിരുന്നു. തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിൽ അഗ്രിപ്പ വളരെ പ്രധാനപ്പെട്ട ഒരു പങ്കു വഹിച്ചു എന്നാണു പറയപ്പെടുന്നത്. അഗ്രിപ്പയുടെ മറ്റൊരു സുഹൃത്തും പ്രബലനേതാവും ആയിരുന്ന ക്ലൗദ്യൊസും റോമൻ ഭരണസമിതിയും തമ്മിൽ നടന്ന ചൂടുപിടിച്ച ചർച്ചകൾ ഒത്തുതീർപ്പാക്കുന്നതിൽ അദ്ദേഹം മധ്യസ്ഥത വഹിച്ചു. തുടർന്ന് ക്ലൗദ്യൊസ് ചക്രവർത്തിയാകുകയും ആഭ്യന്തരയുദ്ധം ഒഴിവാകുകയും ചെയ്തു. ചർച്ചകളിൽ മധ്യസ്ഥനായിനിന്നതിനുള്ള പ്രതിഫലമായി ക്ലൗദ്യൊസ് യഹൂദ്യയുടെയും ശമര്യയുടെയും ഭരണംകൂടെ അഗ്രിപ്പയ്ക്കു നൽകി. എ.ഡി. 6 മുതൽ റോമൻ ഉദ്യോഗസ്ഥരുടെ ഭരണത്തിൻകീഴിലായിരുന്ന പ്രദേശങ്ങളായിരുന്നു അവ. അതോടെ അഗ്രിപ്പയുടെ ഭരണപ്രദേശം മഹാനായ ഹെരോദിന്റെ ഭരണപ്രദേശത്തോളം വിസ്തൃതമായി. യരുശലേമായിരുന്നു അഗ്രിപ്പയുടെ തലസ്ഥാനം. അവിടെയുള്ള മതനേതാക്കന്മാരുടെ പ്രീതി പിടിച്ചുപറ്റുന്നതിൽ അദ്ദേഹം വിജയിച്ചു. അഗ്രിപ്പ ജൂതന്മാരുടെ നിയമവും പാരമ്പര്യങ്ങളും കണിശമായി പാലിച്ചിരുന്നെന്നും ദിവസവും ദേവാലയത്തിൽ ബലികൾ അർപ്പിക്കുക, നിയമപുസ്തകം പരസ്യമായി വായിക്കുക എന്നിവ ഉൾപ്പെടെ ജൂതമതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചിട്ടയോടെ ചെയ്തുപോന്നിരുന്നെന്നും പറയപ്പെടുന്നു. ജൂതവിശ്വാസങ്ങൾക്കുവേണ്ടി ശക്തമായി വാദിച്ചിരുന്ന ആളായിരുന്നത്രേ അദ്ദേഹം. താൻ ദൈവത്തിന്റെ ആരാധകനാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ആ അവകാശവാദം തെറ്റാണെന്നു തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തികൾ. പ്രദർശനശാലകളിൽ ദ്വന്ദ്വയുദ്ധങ്ങൾ ഉൾപ്പെടെയുള്ള ക്രൂരവിനോദപരിപാടികളും വ്യാജമതാഘോഷങ്ങളും സംഘടിപ്പിച്ചത് അതിനു തെളിവാണ്. വഞ്ചകൻ, അവിവേകി, ധാരാളി എന്നെല്ലാമാണ് അഗ്രിപ്പയെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രവൃ 12:23-ൽ വിവരിച്ചിരിക്കുന്നതുപോലെ ഭരണത്തിലിരിക്കെ യഹോവയുടെ ദൂതന്റെ കൈകളാലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹെരോദ് അഗ്രിപ്പ ഒന്നാമന്റെ മരണം എ.ഡി. 44-ൽ ആയിരുന്നെന്നാണു പണ്ഡിതന്മാരുടെ പക്ഷം. മരിക്കുമ്പോൾ 54 വയസ്സുണ്ടായിരുന്ന അദ്ദേഹം യഹൂദ്യയുടെ ഭരണം ഏറ്റെടുത്തിട്ട് മൂന്നു വർഷമേ ആയിരുന്നുള്ളൂ.
യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളുകൊണ്ട് കൊന്നു: സാധ്യതയനുസരിച്ച് എ.ഡി. 44-നോട് അടുത്തായിരുന്നു ഈ സംഭവം. അങ്ങനെ യാക്കോബ് 12 അപ്പോസ്തലന്മാരിൽ ആദ്യത്തെ രക്തസാക്ഷിയായി. യേശുവുമായി വളരെ അടുപ്പമുണ്ടായിരുന്ന അപ്പോസ്തലനെന്ന് അറിയപ്പെട്ടിരുന്നതുകൊണ്ടാകാം ഹെരോദ് യാക്കോബിനെ നോട്ടമിട്ടത്. ഇനി, യാക്കോബിന്റെ തീക്ഷ്ണത വളരെ പ്രശസ്തമായിരുന്നതും അദ്ദേഹം ഹെരോദിന്റെ നോട്ടപ്പുള്ളിയാകാൻ വഴിവെച്ചിരിക്കാം. സാധ്യതയനുസരിച്ച് ഈ തീക്ഷ്ണതകൊണ്ടുതന്നെയാണു യാക്കോബിനും സഹോദരനായ യോഹന്നാനും “ഇടിമുഴക്കത്തിന്റെ മക്കൾ” എന്ന് അർഥമുള്ള ബൊവനേർഗെസ് എന്ന വിളിപ്പേര് മുമ്പ് ലഭിച്ചത്. (മർ 3:17) ഭീരുത്വം നിറഞ്ഞ, രാഷ്ട്രീയപ്രേരിതമായ ഈ നടപടി സന്തോഷവാർത്തയുടെ വ്യാപനത്തിനു തടയിട്ടില്ലെങ്കിലും സഭയ്ക്ക് അതു വലിയൊരു നഷ്ടമായിരുന്നു. തങ്ങൾക്കു വളരെ പ്രിയങ്കരനായിരുന്ന ഒരു അപ്പോസ്തലനെയും പ്രോത്സാഹനത്തിന്റെ ഉറവായ ഒരു ഇടയനെയും ആണ് അന്ന് അവർക്കു നഷ്ടമായത്. വാളുകൊണ്ട് എന്ന പദപ്രയോഗം സൂചിപ്പിക്കുന്നതു യാക്കോബിനെ വധിച്ചതു ശിരച്ഛേദം ചെയ്തായിരിക്കാമെന്നാണ്.
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം: പെസഹയുടെ (നീസാൻ 14) തൊട്ടടുത്ത ദിവസമായ നീസാൻ 15-നാണ് ഇത് ആരംഭിച്ചിരുന്നത്. ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഒരു ഉത്സവമായിരുന്നു ഇത്. (പദാവലിയും അനു. ബി15-ഉം കാണുക.) സുവിശേഷവിവരണങ്ങളിലും പ്രവൃത്തികളുടെ പുസ്തകത്തിലും വിവിധ ഉത്സവങ്ങളെക്കുറിച്ച് കൂടെക്കൂടെ പറഞ്ഞിരിക്കുന്നു എന്ന വസ്തുത സൂചിപ്പിക്കുന്നതു ജൂതന്മാർ യേശുവിന്റെയും അപ്പോസ്തലന്മാരുടെയും കാലത്തും ജൂതകലണ്ടർ പിൻപറ്റിപ്പോന്നിരുന്നു എന്നാണ്. അക്കാലത്തെ പല ബൈബിൾസംഭവങ്ങളും നടന്ന ഏകദേശസമയം കണക്കാക്കാൻ ഉത്സവകാലങ്ങളെക്കുറിച്ചുള്ള ഇത്തരം പരാമർശങ്ങൾ സഹായിക്കുന്നുണ്ട്.—മത്ത 26:2; മർ 14:1; ലൂക്ക 22:1; യോഹ 2:13, 23; 5:1; 6:4; 7:2, 37; 10:22; 11:55; പ്രവൃ 2:1; 12:3, 4; 20:6, 16; 27:9
യഹോവയുടെ ഒരു ദൂതൻ: പ്രവൃ 5:19-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
വസ്ത്രം ധരിക്കൂ: അഥവാ “അര കെട്ടൂ.” അയഞ്ഞ ഉള്ളങ്കിയും മറ്റും ഒരു അരപ്പട്ടകൊണ്ടോ തുണികൊണ്ടോ മുറുക്കിക്കെട്ടുന്നതിനെ ആയിരിക്കാം ഇതു കുറിക്കുന്നത്.—ലൂക്ക 12:35-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവ ഒരു ദൂതനെ അയച്ചു: “ദൂതനെ അയച്ചു” എന്ന പദപ്രയോഗം കാണുമ്പോൾ യഹോവ മുമ്പ് ഇതേ രീതിയിൽ ആളുകളെ വിടുവിച്ചതിനെക്കുറിച്ച് പറയുന്ന എബ്രായ തിരുവെഴുത്തുഭാഗങ്ങൾ ഓർമയിലേക്കു വന്നേക്കാം. ഉദാഹരണത്തിന്, ദാനിയേലിനെയും കൂട്ടുകാരെയും രക്ഷിക്കാൻ ദൈവം തന്റെ ‘ദൂതനെ അയച്ചതായി’ ദാനി 3:28; 6:22 എന്നിവിടങ്ങളിൽ കാണാം.—സങ്ക 34:7 താരതമ്യം ചെയ്യുക; അനു. സി കാണുക.
മറിയയുടെ വീട്: തെളിവനുസരിച്ച് യരുശലേംസഭ കൂടിവന്നിരുന്നത് ഒരു വീട്ടിലായിരുന്നു, യോഹന്നാൻ മർക്കോസിന്റെ അമ്മയായ മറിയയുടെ വീട്ടിൽ. ആരാധനയ്ക്കുവേണ്ടി ‘കുറെ പേർക്ക്’ ഒന്നിച്ചുകൂടാൻ മാത്രം വലുപ്പമുള്ള ഒരു വീടായിരുന്നു അത്. ജോലിക്കുവേണ്ടി അവിടെ ഒരു ദാസിപ്പെൺകുട്ടിയും ഉണ്ടായിരുന്നു. അതിൽനിന്ന് മറിയ സാമാന്യം സാമ്പത്തികശേഷിയുള്ള ഒരു സ്ത്രീയായിരുന്നെന്ന് അനുമാനിക്കാം. (പ്രവൃ 12:13) ഇനി, ആ വീടിനെക്കുറിച്ച് പറഞ്ഞിരിക്കുന്നതു ‘മറിയയുടെ വീട്’ എന്നാണ്. അവിടെ ഭർത്താവിന്റെ പേര് പറയാത്ത സ്ഥിതിക്ക് മറിയ ഒരു വിധവയായിരുന്നിരിക്കാനും സാധ്യതയുണ്ട്.
മർക്കോസ് എന്ന് അറിയപ്പെട്ട യോഹന്നാൻ: യേശുവിന്റെ ഒരു ശിഷ്യനായിരുന്ന ഇദ്ദേഹം ‘ബർന്നബാസിന്റെ ഒരു ബന്ധുവും’ (കൊലോ 4:10) മർക്കോസിന്റെ സുവിശേഷത്തിന്റെ എഴുത്തുകാരനും ആണ്. (മർക്കോസ് തലക്കെട്ടിന്റെ പഠനക്കുറിപ്പു കാണുക.) “യഹോവ പ്രീതി കാണിച്ചിരിക്കുന്നു; യഹോവ കൃപ കാണിച്ചിരിക്കുന്നു” എന്നൊക്കെ അർഥമുള്ള യഹോഹാനാൻ അഥവാ യോഹാനാൻ എന്ന എബ്രായപേരിനു തത്തുല്യമായ പേരാണ് യോഹന്നാൻ. പ്രവൃ 13:5, 13 വാക്യങ്ങളിൽ ഈ ശിഷ്യനെ യോഹന്നാൻ എന്നു മാത്രമേ വിളിച്ചിട്ടുള്ളൂ. എന്നാൽ ഇവിടെയും പ്രവൃ 12:25; 15:37 എന്നീ വാക്യങ്ങളിലും അദ്ദേഹത്തിന്റെ മർക്കോസ് എന്ന റോമൻ പേരുംകൂടെ കൊടുത്തിട്ടുണ്ട്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മറ്റെല്ലായിടത്തും അദ്ദേഹത്തെ മർക്കോസ് എന്നു മാത്രമേ വിളിച്ചിട്ടുള്ളൂ.—കൊലോ 4:10; 2തിമ 4:11; ഫിലേ 24; 1പത്ര 5:13.
പത്രോസിന്റെ ദൈവദൂതൻ: “ദൈവദൂതൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ, ഗ്രീക്ക് പദങ്ങളുടെ അർഥം “സന്ദേശവാഹകൻ” എന്നാണ്. (യോഹ 1:51-ന്റെ പഠനക്കുറിപ്പു കാണുക.) വാതിൽക്കൽ നിൽക്കുന്നത് അപ്പോസ്തലന്റെ വക്താവായി വന്നിരിക്കുന്ന ഒരു ദൈവദൂതനാണ് എന്ന അർഥത്തിലായിരിക്കാം ‘പത്രോസിന്റെ ദൈവദൂതൻ’ എന്ന് അവർ പറഞ്ഞത്. ഓരോ ദൈവദാസനുവേണ്ടിയും കാവൽമാലാഖയായി ഒരു ദൈവദൂതനുണ്ടെന്നു ചില ജൂതന്മാർ വിശ്വസിച്ചിരുന്നതായി തോന്നുന്നു. ദൈവവചനം നേരിട്ട് പഠിപ്പിക്കാത്ത ഒരു കാര്യമാണ് ഇത്. അതേസമയം ചരിത്രത്തിലുടനീളം ദൂതന്മാർ ദൈവജനത്തിൽ പലർക്കും വ്യക്തിപരമായ സഹായം നൽകിയിട്ടുണ്ടെന്ന് യേശുവിന്റെ ശിഷ്യന്മാർക്ക് അറിയാമായിരുന്നുതാനും. ഉദാഹരണത്തിന്, തന്നെ ‘എല്ലാ ആപത്തുകളിൽനിന്നും രക്ഷിച്ച ദൈവദൂതനെക്കുറിച്ച്’ യാക്കോബ് പറഞ്ഞിട്ടുണ്ട്. (ഉൽ 48:16) ഇനി, യേശു ഒരിക്കൽ തന്റെ ശിഷ്യന്മാരെക്കുറിച്ച് ‘അവരുടെ ദൂതന്മാർ എപ്പോഴും സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം കാണുന്നവരാണ്’ എന്നും പറഞ്ഞു. ഓരോ ക്രിസ്തുശിഷ്യന്റെയും കാര്യത്തിൽ ദൈവദൂതന്മാർക്കു പ്രത്യേക താത്പര്യമുണ്ടെന്നാണ് അതു കാണിക്കുന്നത്. എന്തായാലും, പത്രോസ് മരിച്ച് ആത്മാവായി ഒരു ദൈവദൂതന്റെ രൂപത്തിൽ അവിടെ വന്നിരിക്കുകയാണെന്നു മറിയയുടെ വീട്ടിൽ കൂടിയിരുന്നവർ ചിന്തിച്ചിരിക്കാൻ ഒരു സാധ്യതയുമില്ല. കാരണം മരിച്ചവരുടെ അവസ്ഥയെക്കുറിച്ച് എബ്രായതിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നത് അവർക്ക് അറിയാമായിരുന്നു.—സഭ 9:5, 10.
യഹോവ: മിക്ക ഗ്രീക്ക് കൈയെഴുത്തുപ്രതികളിലും ഇവിടെ “കർത്താവ്” (ഗ്രീക്കിൽ, ഹോ കിരിയോസ്) എന്നാണു കാണുന്നത്. എന്നാൽ അനു. സി-യിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, ഈ വാക്യത്തിന്റെ മൂലപാഠത്തിൽ ദൈവനാമം ഉണ്ടായിരുന്നെന്നും പിന്നീട് അതിനു പകരമായി “കർത്താവ്” എന്ന സ്ഥാനപ്പേര് ചേർത്തതാണെന്നും വിശ്വസിക്കാൻ തക്കതായ കാരണമുണ്ട്. അതുകൊണ്ടാണ് ഈ വാക്യത്തിൽ യഹോവ എന്ന പേര് ഉപയോഗിച്ചിരിക്കുന്നത്.
യാക്കോബ്: സർവസാധ്യതയുമനുസരിച്ച് ഇതു യേശുവിന്റെ അർധസഹോദരനായ യാക്കോബാണ്. യോസേഫിലൂടെ മറിയയ്ക്കു ജനിച്ച നാലു പുത്രന്മാരെക്കുറിച്ച് പറയുന്നിടത്ത് (യാക്കോബ്, യോസേഫ്, ശിമോൻ, യൂദാസ്) ആദ്യം കാണുന്നതു യാക്കോബിന്റെ പേരാണ്. അതുകൊണ്ട് യേശുവിന്റെ നേരെ ഇളയ അനിയൻ ഇദ്ദേഹമായിരുന്നിരിക്കാം. (മത്ത 13:55; മർ 6:3; യോഹ 7:5) എ.ഡി. 33-ലെ പെന്തിക്കോസ്തിൽ മറ്റു ദേശങ്ങളിൽനിന്ന് യരുശലേമിലേക്കു വന്ന ആയിരക്കണക്കിനു ജൂതന്മാർ സന്തോഷവാർത്ത കേട്ട് സ്നാനമേറ്റപ്പോൾ ഒരു ദൃക്സാക്ഷിയായി യാക്കോബ് അവിടെയുണ്ടായിരുന്നു. (പ്രവൃ 1:14; 2:1, 41) ഇനി, ‘ഈ കാര്യങ്ങൾ യാക്കോബിനെ അറിയിക്കുക’ എന്നാണു പത്രോസ് ശിഷ്യന്മാരോടു പറഞ്ഞത്. യരുശലേംസഭയിൽ നേതൃത്വമെടുത്തിരുന്നതു യാക്കോബായിരുന്നെന്ന് ഇതു സൂചിപ്പിക്കുന്നു. പ്രവൃ 15:13; 21:18; 1കൊ 15:7; ഗല 1:19 (ഇവിടെ അദ്ദേഹത്തെ ‘കർത്താവിന്റെ സഹോദരൻ’ എന്നു വിളിച്ചിട്ടുണ്ട്.); 2:9, 12 എന്നീ വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന യാക്കോബും, യാക്കോബ് എന്ന പേരിലുള്ള ബൈബിൾപുസ്തകം എഴുതിയ വ്യക്തിയും ഇദ്ദേഹംതന്നെയായിരിക്കാം.—യാക്ക 1:1; യൂദ 1.
കൊട്ടാരത്തിലെ കാര്യങ്ങൾ നോക്കിനടത്തിയിരുന്ന: അക്ഷ. “രാജാവിന്റെ പള്ളിയറയുടെ ചുമതലയുണ്ടായിരുന്ന.” സാധ്യതയനുസരിച്ച്, രാജകൊട്ടാരത്തിലെ കാര്യങ്ങൾക്കു പുറമേ രാജാവിന്റെ വ്യക്തിപരമായ കാര്യങ്ങൾ നോക്കിനടത്താനുള്ള ചുമതലയും ഒരു പരിധിവരെ ഇദ്ദേഹത്തിനായിരുന്നു. വളരെ ആദരണീയമായ ഒരു സ്ഥാനമായിരുന്നു ഇത്.
യഹോവയുടെ ദൂതൻ: പ്രവൃ 5:19-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
യഹോവയുടെ വചനം: പ്രവൃ 8:25-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
ദുരിതാശ്വാസപ്രവർത്തനങ്ങൾ: അഥവാ “ദുരിതാശ്വാസശുശ്രൂഷ.”—പ്രവൃ 11:29-ന്റെ പഠനക്കുറിപ്പു കാണുക.