പ്രവൃത്തികൾ
പഠനക്കുറിപ്പുകൾ—അധ്യായം 21
ഇടതുവശം: അഥവാ “തുറമുഖത്തിന്റെ വശം.” കിഴക്ക് സോർ ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന ആ കപ്പൽ സാധ്യതയനുസരിച്ച് ഇപ്പോൾ സൈപ്രസ് ദ്വീപിന്റെ തെക്കുപടിഞ്ഞാറേ അറ്റത്തുകൂടെ കടന്നുപോകുകയായിരുന്നു. ഏതാണ്ട് ഒൻപതു വർഷം മുമ്പ് ആദ്യത്തെ മിഷനറിയാത്രയിൽ പൗലോസും ബർന്നബാസും യോഹന്നാൻ മർക്കോസും, അവരുടെ പ്രസംഗപ്രവർത്തനത്തെ എതിർത്ത എലീമാസ് എന്ന ആഭിചാരകനെ കണ്ടുമുട്ടിയതു സൈപ്രസിൽവെച്ചാണ്. (പ്രവൃ 13:4-12) സൈപ്രസ് വീണ്ടും കണ്ടപ്പോൾ അന്നു സംഭവിച്ച കാര്യങ്ങളൊക്കെ പൗലോസിന്റെ മനസ്സിലേക്കു വന്നുകാണും. അത് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും തുടർന്ന് സംഭവിക്കാനിരുന്ന കാര്യങ്ങൾ നേരിടാനുള്ള ശക്തി പകരുകയും ചെയ്തിരിക്കാം.
സുവിശേഷകൻ: ഇവിടെ ‘സുവിശേഷകൻ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന യുഅംഗലിസ്റ്റേസ് എന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “സന്തോഷവാർത്ത അറിയിക്കുന്നവൻ” എന്നാണ്. (മത്ത 4:23-ന്റെ പഠനക്കുറിപ്പു കാണുക.) എല്ലാ ക്രിസ്ത്യാനികളും സന്തോഷവാർത്ത അറിയിക്കാൻ ഉത്തരവാദിത്വമുള്ളവരാണെങ്കിലും (മത്ത 24:14; 28:19, 20; പ്രവൃ 5:42; 8:4; റോമ 10:9, 10) യുഅംഗലിസ്റ്റേസ് എന്ന ഗ്രീക്കുപദം കാണുന്ന മൂന്നു തിരുവെഴുത്തുഭാഗങ്ങളുടെയും സന്ദർഭം പരിശോധിച്ചാൽ ആ പദം പ്രത്യേകമായ മറ്റൊരു അർഥത്തിലും ഉപയോഗിക്കാമെന്നു മനസ്സിലാക്കാം (പ്രവൃ 21:8; എഫ 4:11, അടിക്കുറിപ്പ്; 2തിമ 4:5, അടിക്കുറിപ്പ്). ഉദാഹരണത്തിന്, സന്തോഷവാർത്ത മുമ്പ് ഒരിക്കലും പ്രസംഗിച്ചിട്ടില്ലാത്ത ഒരിടത്ത് പ്രവർത്തനം തുടങ്ങിവെക്കുന്ന ഒരാളെക്കുറിച്ച് പറയുമ്പോൾ ഈ ഗ്രീക്കുപദത്തെ “മിഷനറി” എന്നും പരിഭാഷപ്പെടുത്താനാകും. പെന്തിക്കോസ്തിനു ശേഷം ഫിലിപ്പോസ് ശമര്യനഗരത്തിൽ സന്തോഷവാർത്ത എത്തിക്കുകയും അത് അറിയിക്കുന്നതിനു മുൻകൈയെടുക്കുകയും ചെയ്തു. അദ്ദേഹത്തിനു നല്ല ഫലവും ലഭിച്ചു. ഇനി, ഒരിക്കൽ ഒരു ദൈവദൂതന്റെ നിർദേശമനുസരിച്ച് അദ്ദേഹം എത്യോപ്യക്കാരൻ ഷണ്ഡനോടു ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുകയും ഒടുവിൽ അദ്ദേഹത്തെ സ്നാനപ്പെടുത്തുകയും ചെയ്തു. തുടർന്ന്, അസ്തോദിലും കൈസര്യ വരെയുള്ള എല്ലാ നഗരങ്ങളിലും പ്രസംഗിക്കാൻ ദൈവാത്മാവ് ഫിലിപ്പോസിനെ കൊണ്ടുപോയെന്നും വിവരണം പറയുന്നു. (പ്രവൃ 8:5, 12, 14, 26-40) ഏതാണ്ട് 20 വർഷം കഴിഞ്ഞ്, പ്രവൃ 21:8-ൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ നടക്കുമ്പോഴും ഫിലിപ്പോസിനെ ‘സുവിശേഷകൻ’ എന്നുതന്നെയാണു വിളിച്ചിരിക്കുന്നത്.
അവിവാഹിതരായ . . . പെൺമക്കൾ: അക്ഷ. “പെൺമക്കൾ; കന്യകമാർ.” ബൈബിളിൽ മിക്കപ്പോഴും “കന്യക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പാർഥെനൊസ് എന്ന ഗ്രീക്കുപദത്തിന്റെ അർഥം “ഒരിക്കലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത ആൾ” എന്നാണ്. വിവാഹം കഴിക്കാത്ത പുരുഷന്മാരെയും സ്ത്രീകളെയും കുറിക്കാൻ ഈ പദത്തിനാകും. (മത്ത 25:1-12; ലൂക്ക 1:27; 1കൊ 7:25, 36-38) ഇവിടെ ഈ ഗ്രീക്കുപദം സൂചിപ്പിക്കുന്നതു ഫിലിപ്പോസിന്റെ നാലു പെൺമക്കളും വിവാഹം കഴിച്ചിട്ടില്ലായിരുന്നു എന്നാണ്.
പ്രവചിക്കുന്നവരായിരുന്നു: പുരുഷന്മാരും സ്ത്രീകളും പ്രവചിക്കുമെന്നു പ്രവാചകനായ യോവേൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യോവ 2:28, 29) “പ്രവചിക്കുക” എന്നതിന്റെ മൂലഭാഷാപദങ്ങളുടെ അടിസ്ഥാനാർഥം ദൈവികമായ ഒരു ഉറവിൽനിന്നുള്ള സന്ദേശങ്ങൾ ആളുകളെ അറിയിക്കുക എന്നാണ്. എപ്പോഴും അതിന്, ഭാവി മുൻകൂട്ടിപ്പറയുക എന്നൊരു അർഥം വരണമെന്നില്ല. (പ്രവൃ 2:17-ന്റെ പഠനക്കുറിപ്പു കാണുക.) ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ നിവൃത്തിയെക്കുറിച്ച് ക്രിസ്തീയസഭയിലെ എല്ലാവരും സംസാരിച്ചിരിക്കാമെങ്കിലും 1കൊ 12:4, 10-ൽ പറഞ്ഞിരിക്കുന്ന ‘പ്രവചിക്കാനുള്ള’ കഴിവ്, പുതുതായി രൂപംകൊണ്ട ക്രിസ്തീയസഭയിലെ ചിലർക്കു മാത്രം പരിശുദ്ധാത്മാവ് അത്ഭുതകരമായി നൽകിയ കഴിവുകളിൽ ഒന്നായിരുന്നു. ഈ അത്ഭുതകരമായ കഴിവ് ലഭിച്ച അഗബൊസിനെപ്പോലുള്ള ചിലർക്കു ഭാവി മുൻകൂട്ടിപ്പറയാൻ കഴിഞ്ഞിരുന്നു. (പ്രവൃ 11:27, 28) യഹോവ ഈ പ്രത്യേകകഴിവ് നൽകിയ ക്രിസ്തീയസ്ത്രീകൾ സഭയിലെ പുരുഷന്മാരുടെ ശിരസ്ഥാനത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് യഹോവയോട് ആഴമായ ആദരവ് കാണിച്ചിരുന്നു എന്നതിനു സംശയമില്ല.—1കൊ 11:3-5.
മനസ്സു മാറ്റാൻ നോക്കുക: അഥവാ “ഹൃദയം ദുർബലമാക്കാൻ ശ്രമിക്കുക.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയയുടെ അക്ഷരാർഥം “തകർക്കുക; കഷണങ്ങളാക്കുക” എന്നൊക്കെയാണ്. “ഹൃദയം” എന്നതിന്റെ ഗ്രീക്കുപദത്തോടൊപ്പം ആലങ്കാരികമായിട്ടാണ് അത് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
യഹോവയുടെ ഇഷ്ടം: “ഇഷ്ടം” എന്നതിന്റെ ഗ്രീക്കുപദം (തെലീമ) ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നതു ദൈവത്തിന്റെ ഇഷ്ടവുമായി ബന്ധപ്പെടുത്തിയാണ്. (മത്ത 7:21; 12:50; മർ 3:35; റോമ 12:2; 1കൊ 1:1; എബ്ര 10:36; 1പത്ര 2:15; 4:2; 1യോഹ 2:17) ദൈവത്തിന്റെ ഇഷ്ടം, ദൈവത്തിന്റെ സന്തോഷം എന്നൊക്കെ അർഥമുള്ള എബ്രായ പദപ്രയോഗങ്ങൾ പരിഭാഷപ്പെടുത്താനാണു പലപ്പോഴും സെപ്റ്റുവജിന്റിലും തെലീമ എന്ന ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്നത്. മൂല എബ്രായപാഠത്തിൽ ദൈവനാമം കാണുന്ന തിരുവെഴുത്തുഭാഗങ്ങളാണ് അവ. [സങ്ക 40:8, 9; (39:9, 10, LXX); 103:21 (102:21, LXX); 143:9-11 (142:9-11, LXX); യശ 44:24, 28; യിര 9:24 (9:23, LXX); മല 1:10] മത്ത 26:42-ൽ രേഖപ്പെടുത്തിയിരിക്കുന്ന “അങ്ങയുടെ ഇഷ്ടം നടക്കട്ടെ” എന്ന യേശുവിന്റെ വാക്കുകളിൽ കാണുന്നതും സമാനമായൊരു ആശയമാണ്. അതു പിതാവിനോടുള്ള പ്രാർഥനയായിരുന്നുതാനും.—അനു. സി കാണുക.
യാക്കോബ്: സാധ്യതയനുസരിച്ച് ഇതു യേശുവിന്റെ അർധസഹോദരനാണ്. പ്രവൃ 12:17; 15:13 എന്നിവിടങ്ങളിൽ പറഞ്ഞിരിക്കുന്നതും ഈ യാക്കോബിനെക്കുറിച്ചായിരിക്കാം.—മത്ത 13:55; പ്രവൃ 12:17; 15:13 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
മൂപ്പന്മാരെല്ലാം: പ്രവൃ 15:2; 16:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക. എ.ഡി. 56-ൽ നടന്ന ഈ യോഗത്തിൽ അപ്പോസ്തലന്മാർ ആരും പങ്കെടുത്തതായി സൂചനയില്ല. അതിന്റെ കാരണത്തെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ലെങ്കിലും യരുശലേമിന്റെ നാശത്തിനു മുമ്പുള്ള ആ സമയത്തെക്കുറിച്ച് ചരിത്രകാരനായ യൂസേബിയസ് (ഏതാണ്ട് എ.ഡി. 260-ൽ ജനിച്ചു.) ഇങ്ങനെ പറയുന്നുണ്ട്: “ബാക്കിയുണ്ടായിരുന്ന അപ്പോസ്തലന്മാർക്കു നിരന്തരമായ വധഭീഷണിയുണ്ടായിരുന്നതുകൊണ്ട് അവർക്ക് യഹൂദ്യ വിട്ട് പോകേണ്ടിവന്നു. പക്ഷേ രാജ്യസന്ദേശം ആളുകളെ അറിയിക്കാൻ അവർ ക്രിസ്തുവിന്റെ ശക്തിയാൽ എല്ലാ ദേശങ്ങളിലും എത്തി.” (യൂസേബിയസ്, പുസ്തകം III, V, v. 2) യൂസേബിയസ് പറഞ്ഞ ഈ വാക്കുകൾ ദൈവപ്രചോദിതമായ തിരുവെഴുത്തുകളിൽ കാണുന്നില്ലെങ്കിലും ഇതു ബൈബിളുമായി യോജിപ്പിലാണ്. ഉദാഹരണത്തിന്, എ.ഡി. 62 ആയപ്പോഴേക്കും പത്രോസ് യരുശലേമിൽനിന്ന് വളരെ ദൂരെ, ബാബിലോണിൽ ആയിരുന്നെന്നാണു ബൈബിൾ പറയുന്നത്. (1പത്ര 5:13) എന്നാൽ ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന യോഗം നടക്കുമ്പോൾ യേശുവിന്റെ സഹോദരനായ യാക്കോബ് യരുശലേമിൽത്തന്നെയുണ്ടായിരുന്നു. പൗലോസും ‘മൂപ്പന്മാരെല്ലാവരും’ കൂടിവന്ന ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചത് അദ്ദേഹമായിരുന്നിരിക്കാം.
ആയിരക്കണക്കിന്: അക്ഷ. “പതിനായിരക്കണക്കിന്.” ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “പതിനായിരത്തിന്റെ കൂട്ടം” എന്നാണെങ്കിലും ക്ലിപ്തമല്ലാത്ത, വലിയൊരു സംഖ്യയെ കുറിക്കാനും ആ പദത്തിനാകും.
ഉപേക്ഷിക്കാൻ: അഥവാ “വിശ്വാസത്യാഗം കാണിക്കാൻ.” ഇവിടെ കാണുന്ന അപൊസ്റ്റാസിയ എന്ന ഗ്രീക്ക് നാമപദം വന്നിരിക്കുന്നത് അഫൈസ്റ്റെമി എന്ന ക്രിയാപദത്തിൽനിന്നാണ്. ആ ക്രിയാപദത്തിന്റെ അക്ഷരാർഥം “അകന്നു നിൽക്കുക” എന്നാണെങ്കിലും സന്ദർഭമനുസരിച്ച് അതിനെ, “വിട്ടുപോകുക; വിട്ടകലുക” എന്നൊക്കെ പരിഭാഷപ്പെടുത്താനാകും. (പ്രവൃ 19:9; 2തിമ 2:19) അപൊസ്റ്റാസിയ എന്ന നാമപദത്തിന്റെ അർഥം “ഉപേക്ഷിച്ചുപോകൽ, ധിക്കാരം” എന്നൊക്കെയാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെയും 2തെസ്സ 2:3-ലും മാത്രമേ അതു കാണുന്നുള്ളൂ. ഗ്രീക്കുസാഹിത്യത്തിൽ ഈ നാമപദം രാഷ്ട്രീയ കൂറുമാറ്റത്തെ കുറിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഗലീലക്കാരനായ യൂദാസിനെക്കുറിച്ച് പറയുന്ന പ്രവൃ 5:37-ൽ അതിന്റെ ക്രിയാപദം ഉപയോഗിച്ചിരിക്കുന്നതും ഇതേ അർഥത്തിലായിരിക്കാം. അവിടെ യൂദാസ് ‘കുറെ ആളുകളെ വശീകരിച്ച് (അഫൈസ്റ്റെമിയുടെ ഒരു രൂപം.) അയാളുടെ പക്ഷത്ത് ചേർത്തതിനെക്കുറിച്ചാണു’ പറയുന്നത്. ഉൽ 14:4-ൽ അതേ ക്രിയാപദം സെപ്റ്റുവജിന്റ് ഉപയോഗിച്ചിരിക്കുന്നതും അത്തരമൊരു രാഷ്ട്രീയകലാപത്തെ കുറിക്കാൻതന്നെയാണ്. ഇനി, യോശ 22:22; 2ദിന 29:19; യിര 2:19 എന്നീ വാക്യങ്ങളിൽ അപൊസ്റ്റാസിയ എന്ന നാമപദം സെപ്റ്റുവജിന്റ് ഉപയോഗിച്ചിരിക്കുന്നത് ‘എതിർപ്പ്,’ “അവിശ്വസ്തത” എന്നൊക്കെ അർഥമുള്ള എബ്രായ പദപ്രയോഗങ്ങൾ പരിഭാഷപ്പെടുത്താനാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മതപരമായ കൂറുമാറ്റത്തെ കുറിക്കാനാണ് അപൊസ്റ്റാസിയ എന്ന നാമപദം പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. സത്യാരാധനയും ദൈവസേവനവും ഉപേക്ഷിക്കുന്നതും ഒരിക്കൽ അംഗീകരിച്ചിരുന്ന കാര്യങ്ങൾ തള്ളിപ്പറയുന്നതും തത്ത്വങ്ങളും വിശ്വാസവും പൂർണമായി വിട്ടുകളയുന്നതും എല്ലാം അതിൽപ്പെടും.
ശ്വാസംമുട്ടി ചത്തത്: പ്രവൃ 15:20-ന്റെ പഠനക്കുറിപ്പു കാണുക.
ലൈംഗിക അധാർമികത: പ്രവൃ 15:20-ന്റെ പഠനക്കുറിപ്പു കാണുക.
സൈന്യാധിപൻ: ഖിലിയാർഖോസ് (സഹസ്രാധിപൻ) എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “ആയിരത്തിന്റെ (അതായത്, ആയിരം പടയാളികളുടെ) അധിപൻ” എന്നാണ്. അത് ഒരു റോമൻ സൈന്യാധിപനെ കുറിക്കുന്ന പദപ്രയോഗമായിരുന്നു. (യോഹ 18:12-ന്റെ പഠനക്കുറിപ്പു കാണുക.) ഏതാണ്ട് എ.ഡി. 56-ൽ യരുശലേമിലെ കാവൽസേനാകേന്ദ്രത്തിന്റെ അധിപൻ ക്ലൗദ്യൊസ് ലുസിയാസ് ആയിരുന്നു. (പ്രവൃ 23:22, 26) പ്രവൃത്തികൾ 21 മുതൽ 24 വരെയുള്ള അധ്യായങ്ങളിൽ വിവരിച്ചിരിക്കുന്നതുപോലെ അദ്ദേഹമാണു തെരുവിലെ ജനക്കൂട്ടത്തിൽനിന്നും സൻഹെദ്രിനിലുണ്ടായ ലഹളയിൽനിന്നും പൗലോസിനെ സംരക്ഷിച്ചത്. ഇനി, പൗലോസിനെ കൈസര്യയിലേക്കു രഹസ്യമായി കൊണ്ടുപോയപ്പോൾ വസ്തുതകൾ വിശദീകരിച്ചുകൊണ്ട് ഗവർണറായ ഫേലിക്സിനു കത്ത് അയച്ചതും അദ്ദേഹമായിരുന്നു.
സൈനികോദ്യോഗസ്ഥർ: അഥവാ “ശതാധിപന്മാർ.” റോമൻ സൈന്യത്തിലെ ഏകദേശം 100 പടയാളികളുടെ മേധാവിയായിരുന്നു ശതാധിപൻ.
പടയാളികളുടെ താമസസ്ഥലം: അതായത് യരുശലേമിലെ അന്റോണിയ ഗോപുരത്തിൽ, അഥവാ കോട്ടയിൽ, സ്ഥിതി ചെയ്തിരുന്ന റോമൻ സൈനികകേന്ദ്രം. ദേവാലയമുറ്റത്തിന്റെ വടക്കുപടിഞ്ഞാറേ മൂലയിലായിരുന്നു ഈ കോട്ടയുടെ സ്ഥാനം. അവിടെ നിന്നാൽ ദേവാലയപരിസരം മുഴുവൻ കാണാമായിരുന്നു. നെഹമ്യ മുമ്പ് നിർമിച്ച “ദേവാലയത്തിന്റെ കോട്ടയുടെ” (നെഹ 2:8) സ്ഥാനത്തായിരിക്കാം ഇതു സ്ഥിതി ചെയ്തിരുന്നത്. മഹാനായ ഹെരോദ് ധാരാളം പണം മുടക്കി, വിപുലമായ രീതിയിൽ അതിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയും പ്രതിരോധസംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. റോമൻ സൈന്യാധിപനായിരുന്ന മാർക്ക് ആന്റണിയുടെ ബഹുമാനാർഥമാണു ഹെരോദ് അതിന് അന്റോണിയ എന്ന പേര് നൽകിയത്. ഹെരോദിന്റെ കാലത്തിനു മുമ്പ് ഈ കോട്ടയുടെ പ്രധാനോദ്ദേശ്യം വടക്കുനിന്നുള്ള ആക്രമണങ്ങളിൽനിന്ന് സംരക്ഷണമേകുക എന്നതായിരുന്നു. എന്നാൽ പിൽക്കാലത്ത് ഇതു പ്രധാനമായും, ജൂതന്മാരെ വരുതിയിൽ നിറുത്താനും ദേവാലയപരിസരത്ത് ക്രമസമാധാനം ഉറപ്പുവരുത്താനും ഉള്ള ഒരു കേന്ദ്രമായി മാറി. അന്റോണിയ കോട്ടയും ദേവാലയപരിസരവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഇടനാഴിയുണ്ടായിരുന്നതുകൊണ്ട് [ജോസീഫസ്, യഹൂദപുരാവൃത്തങ്ങൾ XV, (ഇംഗ്ലീഷ്) 424 (xi, 7)] ആ കാവൽസേനാകേന്ദ്രത്തിലെ പടയാളികൾക്കു ദേവാലയപരിസരത്തേക്ക് എളുപ്പം എത്താനാകുമായിരുന്നു. പൗലോസിനെ ജനക്കൂട്ടത്തിന്റെ കൈയിൽനിന്ന് രക്ഷിക്കാൻ പടയാളികൾക്കു സാധിച്ചത് അതുകൊണ്ടായിരിക്കാം.—പ്രവൃ 21:31, 32; അന്റോണിയ കോട്ടയുടെ സ്ഥാനം അറിയാൻ അനു. ബി11 കാണുക.
എബ്രായ ഭാഷയിൽ: യോഹ 5:2-ന്റെ പഠനക്കുറിപ്പു കാണുക.