നരകം ദണ്ഡനത്തിന്റെ ഒരു സ്ഥലമാണോ?
ചിലർ അതെ എന്നു പറയുന്നു; ചിലർ അല്ലെന്നു പറയുന്നു; മറ്റുള്ളവർക്കു കേവലം അറിഞ്ഞുകൂട. ഏതാനും നൂറ്റാണ്ടുകൾക്കു മുമ്പ് അനുതപിക്കാത്ത ദേഹികൾ മരണാനന്തരം പോകുന്ന തീയും ദണ്ഡനവുമുള്ള ഒരു സ്ഥലമെന്ന നിലയിൽ നരകത്തെക്കുറിച്ചുള്ള വിശ്വാസം ക്രൈസ്തവ മണ്ഡലത്തിൽ സർവ്വവ്യാപകമായിരുന്നു. ഇന്നു അനേകമാളുകളും ഇതു നിരസിക്കയും “നരകം ഈ ഭൂമിയിൽ തന്നെയാണ്” എന്ന പൊതു തത്വശാസ്ത്രത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സത്യം എന്താണ്? ദുഷ്ടൻമാർ യഥാർത്ഥത്തിൽ നരകത്തിലേക്കാണോ പോകുന്നത്? അതു ഒരു ദണ്ഡനസ്ഥലമാണോ?
നരകത്തെക്കുറിച്ച് അനേക സിദ്ധാന്തങ്ങൾ ഉണ്ട്. അനുതപിക്കാത്ത പാപികൾ എന്നേക്കും തീവ്രമായ യാതന സഹിക്കുന്ന ഒരു അധോലോക സ്ഥലമാണെന്നായിരുന്നു മദ്ധ്യയുഗ വിശ്വാസം. 13-ാം നൂറ്റാണ്ടിൽ ജനിച്ച പ്രസിദ്ധകവി ഡാന്റേ നരകത്തിലെ പതിനൊന്നു വേദനകൾ എന്ന തന്റെ കൃതിയിൽ ഇപ്രകാരം എഴുതി:
“ഈ ജീവിതത്തിൽ ഒരിക്കലും പള്ളിയിൽ പോകാത്തവരുടെ ദേഹികളെ തൂക്കുന്ന തീ മരങ്ങൾ ഉണ്ട്, . . .
“കുറ്റക്കാരായ ദേഹികളെ തീച്ചൂളയിലേക്കു തട്ടിയിടുന്ന ഏഴു ഭൂതങ്ങൾ നിൽക്കുന്ന കത്തി ജ്വലിക്കുന്ന ഒരു അടുപ്പുണ്ട്. . . .
“കുറ്റക്കാരായ ദേഹികൾക്കു ശാന്തിയില്ല.”
വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിൽ മൈക്കിൾ ആഞ്ചലോയുടെ ചിത്രത്തിൽ അത്തരത്തിലുള്ള ഒരു ഭീകര നരകത്തെ ചിത്രീകരിച്ചിട്ടുണ്ട്. അതിനു ചുമതലപ്പെടുത്തിയ പോൾ III-ാമൻ പാപ്പായെ അതു അങ്ങേയറ്റം ഭയപ്പെടുത്തി എന്ന് പറയപ്പെട്ടിരുന്നു.
കാൽവിനും ലൂഥറും നരകത്തെ സംബന്ധിച്ച കത്തോലിക്കാ ആശയത്തെ സ്വീകരിച്ചിരുന്നു. തീ നരകത്തെക്കുറിച്ചുള്ള ഉപദേശം ഇന്നും മുറുകെ പിടിച്ചിരിക്കുന്നു. പുതിയ കത്തോലിക്കാ സർവ്വവിജ്ഞാനകോശം ഇപ്രകാരം പ്രസ്താവിക്കുന്നു: “നരകത്തിന്റെ മുഖ്യ സവിശേഷത അതിന്റെ ദാഹം തീരാത്ത തീയാണ് . . . നിത്യതയും . . . ‘ദാഹം തീരാത്ത അഗ്നി,’ നിത്യാഗ്നി എന്നീ പദങ്ങളാൽ എന്തുതന്നെ അർത്ഥമാക്കിയാലും അവയെ അർത്ഥമില്ലാത്തതായി വിശദീകരിച്ചു തള്ളാൻ സാദ്ധ്യമല്ല.” പ്രസിദ്ധ അമേരിക്കൻ സുവിശേഷകനായ ബില്ലിഗ്രഹാം ഇപ്രകാരം കൂട്ടിച്ചേർത്തു: “എല്ലാ പ്രമുഖ സഭകളുടെയും വിശ്വാസ പ്രമാണങ്ങളിൽ ഒരു അക്ഷരീയ നരകത്തെ സംബന്ധിച്ചുള്ള ഉപദേശം കാണുന്നുണ്ട്. നരകം യാഥാർത്ഥ്യമാണെന്നു ദൈവം പരിഗണിക്കുന്നു എന്നതിനു മനുഷ്യവർഗ്ഗത്തെ നരകത്തിൽ നിന്നു രക്ഷിക്കുവാൻ തക്കവണ്ണം അവൻ തന്റെ സ്വന്ത പുത്രനെ ലോകത്തിലേക്കയച്ചു എന്നതു മതിയായ തെളിവാണ്.
എന്നിരുന്നാലും തീ നരകവും ദണ്ഡനവും സംബന്ധിച്ച ഉപദേശം അക്ഷരീയമാണെന്നതു തരം താഴ്ത്തി കാണിക്കുക എന്നതാണ് ഒരു ആധുനിക ചായ്വ്. ഒരുവൻ നഷ്ടപ്പെടുകയും നിത്യമായി ദൈവത്തിൽ നിന്നു അന്യപ്പെടുകയും ചെയ്യുന്നതിന്റെ സാദ്ധ്യതയെ—മാനസ്സികമായ ഒരു കഠോര വേദനയെ സൂചിപ്പിക്കുന്നതായി വിശദീകരിക്കയും ചെയ്യുന്നു. എന്നിരുന്നാലും 1979-ൽ ജോൺപോൾ II-ാമൻ പാപ്പായുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ച ഒരു വത്തിക്കാൻ കത്തിൽ, അനുതപിക്കാത്ത പാപികൾ ഒരു അഗ്നി നരകത്തിൽ പോകുമെന്നു പുനഃപ്രസ്താവിക്കയും അതു സംബന്ധിച്ച് സംശയങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പു നൽകുകയും ചെയ്തു.
ജീവിതത്തിലെ ഫലങ്ങൾ
ഒരു അഗ്നിദണ്ഡനത്തെ സംബന്ധിച്ചുള്ള വികാരം തന്നെ പറയപ്പെടാത്ത മാനസിക ദണ്ഡനത്തിനു ഇടയാക്കിയിട്ടുണ്ട്. പിൽഗ്രീം പ്രോഗ്രസ്സിന്റെ ഗ്രന്ഥകർത്താവായ ജോൺബൺയാൻ, താൻ ഒൻപതോപത്തോ വയസ്സുപ്രായമുള്ള ഒരു കുട്ടിയായിരുന്നപ്പോൾ “ഭയപ്പെടുത്തുന്ന സ്വപ്നങ്ങളാൽ ഞെട്ടിപ്പിക്കപ്പെട്ടിരുന്നു. . . . അഗ്നിനരകത്തിലെ ദണ്ഡനങ്ങളെ സംബന്ധിച്ചുള്ള ഭയജനകമായ വിചാരങ്ങൾകൊണ്ട് വിറയ്ക്കുകയും ചെയ്തിരുന്നു.” ഇതേ വിധത്തിൽ മറ്റനേകരും പ്രയാസം അനുഭവിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ദർബനിലെ ഒരാൾ ഇപ്രകാരം ഓർമ്മിക്കുന്നു: “ഞാനൊരു കുട്ടിയായിരുന്നപ്പോൾ എനിക്കു നരകത്തെ സംബന്ധിച്ച് ഭയങ്കര ദുസ്വപ്നങ്ങൾ ഉണ്ടാകയും രാത്രിയിൽ മിക്കപ്പോഴും കരയുകയും ചെയ്തിരുന്നു. എന്റെ സ്നേഹമുള്ള മാതാപിതാക്കൻമാർ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.”
നൂറ്റാണ്ടുകളായി അഗ്നിനരകം സംബന്ധിച്ച ഉപദേശം യുവജനങ്ങളുടെ വേഗം സ്വാധീനിക്കാവുന്ന മനസ്സുകളിൽ അടിച്ചു കയറ്റുകയും സ്റ്റേജുകളിൽനിന്നു മുഴക്കുകയും ചെയ്തിരുന്നു. ആളുകളുടെ ഹൃദയങ്ങളിൽ ഈ വിശ്വാസത്തിനു എന്തു ഫലമാണുണ്ടായിരുന്നിട്ടുള്ളത്? അതു അവർ മറ്റുള്ളവരോടുള്ള ഇടപെടലുകളിൽ കൂടുതൽ ദയ ഉള്ളവരും സ്നേഹവും കരുണയും ഉള്ളവരും ആയിത്തീരാൻ ഇടയാക്കിയിട്ടുണ്ടോ?
ചരിത്രകാരനായ ഹെൻട്രി സി. ലീ മദ്ധ്യയുഗത്തിലെ മത കോടതി വിചാരണയുടെ ഒരു ചരിത്രത്തിൽ അപകീർത്തിപരമായ മതകോടതി വിചാരണ നടത്തിയിരുന്നവർ തങ്ങളുടെ വിപരീതോപദേശകരമായ ഇരകൾ “നിത്യാഗ്നിയിൽനിന്നു താല്ക്കാലിക തീയാൽ രക്ഷിക്കപ്പെടും” എന്നു വിചാരിച്ചിരുന്നു എന്നു പരാമർശിച്ചശേഷം ഇങ്ങനെ എഴുതുന്നു: “ഒരു നീതിമാനും സർവ്വശക്തനുമായ ദൈവം തന്നോട് എതിർത്ത തന്റെ സൃഷ്ടികൾക്കെതിരെ ദിവ്യ പ്രതികാരം നടത്തുന്നു എങ്കിൽ തന്റെ വഴികളുടെ ശരി സംബന്ധിച്ച് മനുഷ്യൻ ചോദ്യം ചെയ്യേണ്ടതില്ല. എന്നാൽ അവന്റെ ദൃഷ്ടാന്തം താഴ്മയോടെ അംഗീകരിക്കയും അപ്രകാരം ചെയ്യുന്നതിനുള്ള അവസരം തനിക്കു നൽകി അനുഗ്രഹിക്കുമ്പോൾ സന്തോഷിക്കയും ചെയ്യണമായിരുന്നു.”
സ്പാനിഷ് ചരിത്രകാരനായ ഫെലിപ്പ് ഫെർനാൻഡിസ്—ആർമെസ്റ്റെയും ഇപ്രകാരം പറയുന്നു: “തെളിവു ലഭിക്കുന്നതിനുവേണ്ടി ദണ്ഡനം ഉപയോഗിക്കുന്നതിൽ വിചാരണ ചെയ്തിരുന്ന മതകോടതികൾ തീർച്ചയായും കരുണയില്ലാത്തവയായിരുന്നു എന്നതു സത്യമാണെങ്കിലും; വീണ്ടും, ദണ്ഡനമുറകളുടെ ക്രൂരതകൾ, അനുതപിക്കാത്ത പാഷണ്ഡികൾക്കായി നരകത്തിൽ കാത്തിരിക്കുന്ന ദണ്ഡനങ്ങളോടുള്ള താരതമ്യത്തിൽ വേണം വിധിക്കാൻ.—ഇറ്റാലിക്സ് ഞങ്ങളുടേത്.
നിത്യദണ്ഡനത്തിന്റെ ഉപദേശം അനേകം പള്ളിയിൽ പോക്കുകാരെയും നിരീശ്വരവാദികളാക്കി മാറ്റിക്കളഞ്ഞിട്ടുണ്ട്. “അംഗീകരിക്കുന്നതിനു ഏറ്റവും പ്രയാസമുള്ള ക്രിസ്തീയ ഉപദേശമായിരുന്നു” ഇത് എന്നു ബില്ലിഗ്രഹാം പോലും സമ്മതിച്ചു. എന്നാൽ ഇത് യഥാർത്ഥത്തിൽ ബൈബിൾ പിന്താങ്ങുന്ന ഒരു ഉപദേശമാണോ?
ക്രിസ്ത്യാനിത്വത്തിന്റെ ഒരു ഉപദേശമോ?
അനേകരും പറയുന്നു, ‘തീർച്ചയായും അതു ബൈബിളിലുണ്ട്.’ ആളുകളെ തീയിൽ എറിയുന്നതായി ബൈബിൾ പറയുകതന്നെ ചെയ്യുന്നുണ്ട്. എന്നാൽ പ്രതീകാത്മക പ്രയോഗങ്ങൾ ബൈബിളിൽ സർവ്വസാധാരണമാണ്. അതുകൊണ്ട്, തീയ് അക്ഷരീയമാണോ അതോ പ്രതീകാത്മകമോ? പ്രതീകാത്മകമെങ്കിൽ അത് എന്തിനെ പ്രതിനിധീകരിക്കുന്നു?
ദൃഷ്ടാന്തത്തിനു വെളിപ്പാട് 20-ാം അദ്ധ്യായം 15-ാം വാക്യം (ജെയിംസ് രാജാവിന്റെ ഭാഷാന്തരം) ഇപ്രകാരം പറയുന്നു: “ജീവന്റെ പുസ്തകത്തിൽ പേരെഴുതി കാണാത്ത ഏവനെയും തീത്തടാകത്തിൽ എറിഞ്ഞു.” എന്നാൽ 14-ാം വാക്യം പറയുന്നു: “മരണത്തെയും നരകത്തെയും തീത്തടാകത്തിൽ എറിഞ്ഞു.” അതിശയകരം! നരകത്തെ ദണ്ഡിപ്പിക്കുന്നുവോ? ഒരു അവസ്ഥയായ മരണത്തെ അക്ഷരീയ തീയിലേക്ക് എങ്ങനെ എറിയാൻ കഴിയും? 14-ാം വാക്യത്തിന്റെ ശേഷിച്ചഭാഗം ഇപ്രകാരം വായിക്കപ്പെടുന്നു: “ഇതു [തീത്തടാകം] രണ്ടാം മരണമാകുന്നു.” വെളിപ്പാട് 21, വാക്യം ഈ ആശയം ആവർത്തിക്കുന്നു. ഈ രണ്ടാം മരണം” എന്താണ്? കാത്തലിക്ക് യെരൂശലേം ബൈബിൾ “രണ്ടാം മരണത്തെ” സംബന്ധിച്ച് ഈ അടിക്കുറിപ്പു ചേർക്കുന്നു: “നിത്യമരണം. തീയ് പ്രതീകാത്മകമാണ്.” വളരെ ശരി, എന്തുകൊണ്ടെന്നാൽ ഇത് പൂർണ്ണമായി നാശത്തെ അഥവാ വിനാശത്തെ കുറിക്കുന്നു.
എത്ര താല്പര്യജനകം! “നരകം” നശിപ്പിക്കപ്പെടാനുള്ളതാണ്! എന്നിരുന്നാലും, ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു വാക്ക് ഹെഡീസ് എന്നതാണ്, സ്ട്രോംഗിന്റെ എക്സോസ്റ്റീവ് കൺകോർഡൻസ് ഓഫ് ദ ബൈബിൾ അനുസരിച്ച് അതിന്റെ അർത്ഥം “ശവക്കുഴി” എന്നാണ്. മരിച്ചവർ നരകത്തിൽ അഥവാ ഹെഡീസിൽ ബോധത്തോടിരിക്കയോ അഥവാ പ്രയാസമനുഭവിക്കയോ ചെയ്യുന്നുവോ? ബൈബിൾ മറുപടി പറയുന്നു: “മരിച്ചവർ ഒന്നും അറിയുന്നില്ല . . . എന്തുകൊണ്ടെന്നാൽ നീ ചെല്ലുന്ന നരകത്തിൽ പ്രവർത്തിയോ ന്യായബോധമോ ജ്ഞാനമോ അറിവോ ഒന്നുമില്ല.”—സഭാപ്രസംഗി 9:5, 10. കത്തോലിക്ക് ഡുവേ ഭാഷാന്തരം.
മരിച്ചവർ ഹെഡീസിൽ സ്ഥിരമായി കിടക്കുന്നുവോ? ഇല്ല. സഭാ വിശ്വാസങ്ങൾ അനുസരിച്ചും ബൈബിൾ പഠിപ്പിക്കുന്നതനുസരിച്ചും യേശു തന്നേയും ഹെഡീസിൽ അഥവാ നരകത്തിലായിരുന്നു, “മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും” ചെയ്തു. (1 കൊരിന്ത്യർ 15:4; പ്രവൃത്തികൾ 2:29-32; സങ്കീർത്തനം 16:10) കൂടാതെ, അവൻ മുഖാന്തരം “നീതിമാൻമാരുടെയും നീതികെട്ടവരുടെയും ഒരു പുനരുത്ഥാനമുണ്ടാവാനിരിക്കയും ചെയ്യുന്നു.” (പ്രവൃത്തികൾ 24:15) അതുകൊണ്ട് അന്തിമായി ഹെഡീസ് ശൂന്യമാക്കപ്പെടുകയും അസ്തിത്വം ഇല്ലാതാകയും ചെയ്യും—“തീത്തടാകത്തിലേക്ക് എറിയും.”
എന്നിരുന്നാലും ചിലർ ചോദിച്ചേക്കാം: ‘വെളിപ്പാട് 20-ാം അദ്ധ്യായം 10-ാം വാക്യത്തിൽ പിശാച് തീത്തടാകത്തിൽ ദണ്ഡിപ്പിക്കപ്പെടും. എന്നു പറഞ്ഞിരിക്കുന്നതെന്തുകൊണ്ട്?’ നാം കണ്ടു കഴിഞ്ഞതുപോലെ തീത്തടാകം പ്രതീകാത്മകമാണെങ്കിൽ, അപ്പോൾ, യുക്ത്യാനുസരണം, ദണ്ഡനവും പ്രതീകാത്മകമായിരിക്കും.
ബൈബിൾ കാലങ്ങളിൽ ജയിൽ സൂക്ഷിപ്പുകാർ മിക്കപ്പോഴും തങ്ങളുടെ തടവുകാരെ ക്രൂരമായി ദണ്ഡിപ്പിച്ചിരുന്നു, അതുകൊണ്ട് അവരെ ദണ്ഡിപ്പിക്കുന്നവർ” എന്നു വിളിച്ചിരുന്നു. യേശുവിന്റെ ഉപമകളിലൊന്നിൽ ഒരു ക്രൂരനായ അടിമയെ ‘ജയിൽ സൂക്ഷിപ്പുകാർക്ക് ഏൽപ്പിച്ചു കൊടുത്തതായി’ പറഞ്ഞു. (ഗ്രീക്കു വാക്ക്, ബസാനിസെറ്റ്സ, അതിന്റെ യഥാർത്ഥ അർത്ഥം “ദണ്ഡിപ്പിക്കുന്നവർ എന്നാണ്, പല ഭാഷാന്തരങ്ങളും അപ്രകാരമാണ് ഭാഷാന്തരം ചെയ്തിരിക്കുന്നതും). (മത്തായി 18:34) അതുകൊണ്ട് വെളിപ്പാടിൽ പിശാചും മറ്റുള്ളവരും തീത്തടാകത്തിൽ “എന്നേക്കും . . . ദണ്ഡിപ്പിക്കപ്പെടും” എന്നു പറയുമ്പോൾ അവർ സമ്പൂർണ്ണവിനാശത്തിന്റെ രണ്ടാം മരണത്തിൽ മുഴു നിത്യതയിലും “തടവിലാക്കപ്പെടും” എന്നർത്ഥമാക്കുന്നു. പിശാചും ആദിയിൽ നിന്നവകാശപ്പെടുത്തിയ മരണവും അനുതാപമില്ലാത്ത ദുഷ്ടൻമാരും എല്ലാം നിത്യമായി നശിപ്പിക്കപ്പെടുന്നതായി—തീത്തടാകത്തിൽ “തടവിലാക്കപ്പെടുന്നതായി” പറഞ്ഞിരിക്കുന്നു.—എബ്രായർ 2:14; 1 കൊരിന്ത്യർ 15:26; സങ്കീർത്തനം 37:38 ഇവ താരതമ്യപ്പെടുത്തുക.
ബൈബിളിന്റെ പ്രതീകാത്മക പ്രയോഗം വിലമതിക്കുന്നതു, യേശു പാപികളെ “തീ നരകത്തിൽ എറിയപ്പെടുന്നതായും, അവിടെ അവരുടെ പുഴു ചാകുന്നില്ലെന്നും തീ കെടുന്നില്ലെന്നും” പറഞ്ഞപ്പോൾ അവൻ എന്തർത്ഥമാക്കിയെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. (മർക്കോസ് 9:47, 49 KJ) ഇവിടെ “തീ നരകം എന്നു ഭാഷാന്തരം ചെയ്തിരിക്കുന്നതിന്റെ ഗ്രീക്ക് പദം ഗീയെന്നാ അഥവാ ഗീഹെന്നാ ആണ്. ആ പേരിൽ യെരൂശലേമിനു തൊട്ടു വെളിയിലായി ഒരു താഴ്വര സ്ഥിതിചെയ്തിരുന്നു. അതു മലിന വസ്തുക്കൾ ഇടുന്നതിനായി ഉപയോഗിച്ചുമിരുന്നു. നഗരമാലിന്യങ്ങൾ നശിപ്പിക്കുന്നതിനായി ഉപയോഗിച്ചുമിരുന്നു. നഗരമാലിന്യങ്ങൾ നശിപ്പിക്കുന്നതിനായി അവിടെ രാവും പകലും തീ കത്തിക്കൊണ്ടിരുന്നു. ഇതിൽ ചിലപ്പോൾ, ഒരു യോഗ്യമായ സംസ്ക്കാരത്തിന്റെ പുനരുത്ഥാനത്തിനോ യോഗ്യരല്ലെന്നു പരിഗണിച്ചിരുന്ന കുറ്റപ്പുള്ളികളുടെ ശവശരീരങ്ങളും ഉൾപ്പെട്ടിരുന്നു. നശീകരണ ഉപാധികൾ എന്ന നിലയിൽ ആ താഴ്വരയിൽ പുഴുക്കളും ഉണ്ടായിരുന്നു, എന്നാൽ അവ നിശ്ചയമായും അമർത്യമായിരുന്നില്ല! അനുതാപമില്ലാത്ത ദുഷ്ടൻമാർ നിത്യമായി നശിപ്പിക്കപ്പെടും എന്നു യഹൂദൻമാർക്കു നന്നായി മനസ്സിലാക്കുന്ന ഒരു വിധത്തിൽ യേശു കേവലം ചിത്രോപമരൂപത്തിൽ ദൃഷ്ടാന്തീകരിക്കയായിരുന്നു. അതുകൊണ്ട് ഗീഹെന്നക്ക് “തീത്തടാകം” എന്നതിനുള്ള അതേ അർത്ഥം തന്നെയാണുള്ളത്—അതു നിത്യനാശത്തിന്റെ രണ്ടാം മരണത്തെ പ്രതിനിധീകരിക്കുന്നു.
നിത്യദണ്ഡനത്തിന്റെ ഉപദേശം അമർത്യ—ദേഹി സിദ്ധാന്തത്തിൻമേൽ അടിസ്ഥാനപ്പെട്ടതാണ്. എന്നിരുന്നാലും ബൈബിൾ വ്യക്തമായും ഇപ്രകാരം പ്രസ്താവിക്കുന്നു: “പാപം ചെയ്യുന്ന ദേഹി—അതു തന്നെ മരിക്കും.” (യെഹെസ്ക്കേൽ 18:4, 20; പ്രവൃത്തികൾ 3:23 കൂടെ കാണുക.) തീ നരകത്തിന്റെ വക്താക്കൾ, സത്യദൈവമായ യഹോവ യഥാർത്ഥത്തിൽ ആയിരിക്കുന്ന: സ്നേഹത്തിന്റെ ഒരു ദൈവം, “കരുണയും കൃപയും ഉള്ളവൻ . . . സ്നേഹദയയിൽ സമൃദ്ധൻ” എന്നതിനുപകരം ഒരു തീരാപകയുള്ളവൻ—ഒരു അതിക്രൂര രാക്ഷസൻ—ആയി പ്രകടിപ്പിച്ചിരിക്കുന്നു.—പുറപ്പാട് 34:6.
ദൈവം മനുഷ്യരെ ദണ്ഡനത്തിൽ നിന്നല്ല പിന്നെയോ നാശത്തിൽനിന്നു രക്ഷിക്കുന്നതിനു സ്നേഹപൂർവ്വം കരുതൽ ചെയ്തിരിക്കുന്നു. യേശു ഇപ്രകാരം പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വാസം പ്രകടമാക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നൽകാൻ തക്കവണ്ണം ലോകത്തെ അത്രയധികം സ്നേഹിച്ചു.”—യോഹന്നാൻ 3:16. (g86 4/22)
[25-ാം പേജിലെ ആകർഷകവാക്യം]
മത കോടതി വിചാരണ നടത്തിയിരുന്നവർ തങ്ങളുടെ ഭയങ്കര ദണ്ഡനങ്ങൾ, പാപികളെ ഒരു മോശമായ വിധിയിൽ നിന്നു രക്ഷിക്കുമായിരുന്നു എന്ന് വിശ്വസിച്ചിരുന്നു
[24-ാം പേജിലെ ചിത്രം]
ഈ അടുത്ത കാലം വരെയും മിക്കവാറും മുഴു ക്രൈസ്തവ മണ്ഡലവും ഇതുപോലുള്ള ഒരു സ്ഥലത്തിൽ വിശ്വസിച്ചിരുന്നു