ഗർഭച്ഛിദ്രം—ഒരു ഭിന്നിച്ച ലോകം
ഓരോ വർഷവും നിയമാനുസൃതവും നിയമരഹിതവുമായ എത്ര ഗർഭച്ഛിദ്രങ്ങളാണ് നടത്തപ്പെടുന്നത്? “കുറഞ്ഞപക്ഷം മുതിർന്നവരുടെ മരണസംഖ്യയോടു തുല്യമായ” സംഖ്യ ആയിരിക്കാമെന്ന് ഗർഭച്ഛിദ്രം എന്ന പുസ്തകം പറയുന്നു—ഏതാണ്ട് 45 ദശലക്ഷം. എന്നാൽ സംഖ്യ 55 ദശലക്ഷത്തോളം ഉയർന്നതാണെന്ന് ആസൂത്രിത മാതാപിതാക്കളുടെ അന്താരാഷ്ട്ര ഫെഡറേഷൻ കണക്കാക്കിയിരിക്കുന്നു!
ഈ നടപടിയെ ആദ്യമായി നിയമാനുസൃതമാക്കിയ രാജ്യം യു. എസ്. എസ്. ആർ ആണ്, 1920-ാമാണ്ടിൽ. സ്ഥിരീകരിക്കപ്പെടാത്ത അടുത്തകാലത്തെ ഒരു റിപ്പോർട്ട് വർഷംതോറും ഏതാണ്ട് 50 ലക്ഷം എന്നു പട്ടികപ്പെടുത്തി. ചൈനയിലെ ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥൻമാർ പറയുന്നതനുസരിച്ച് അവിടത്തെ ഗർഭച്ഛിദ്രങ്ങൾ തൊണ്ണൂറു ലക്ഷത്തോടടുക്കുന്നു—ഗർഭധാരണങ്ങളുടെ മൂന്നിലൊന്ന്. ജപ്പാനിൽ ഇരുപതു ലക്ഷത്തിൽപരമാണ്. ഐക്യനാടുകൾ പതിനഞ്ചു ലക്ഷത്തിലധികം റിപ്പോർട്ടു ചെയ്യുന്നു. ബ്രിട്ടനിൽ രണ്ടരലക്ഷത്തോടടുത്താണ്.
റോമൻകത്തോലിക്കാ സ്പെയിനിലും അയർലണ്ടിലും ഗർഭച്ഛിദ്രം നിയമാനുസൃതമാക്കിയിട്ടില്ല. എന്നിരുന്നാലും പതിനായിരക്കണക്കിനു സ്ത്രീകൾ ഓരോ വർഷവും ഗർഭച്ഛിദ്രങ്ങൾ നടത്തുന്നു. എങ്ങനെ? തീർച്ചയായും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്ലിനിക്കുകൾ അവിടെയുണ്ട്. എന്നാൽ അനേകം സ്ത്രീകളുടെയും നയം കേവലം ഈ നടപടി നിയമാനുസൃതമാക്കിയിരിക്കുന്ന ഒരു രാജ്യത്തു പോകുകയെന്നതാണ്, ബ്രിട്ടനാണ് പ്രിയങ്കരമായ ഒരു രാജ്യം.
പ്രസ്പഷ്ടമായി, ശാരീരികമോ മാനസികമോ ആയ ഏതെങ്കിലും ന്യൂനതയോടെ ശിശുക്കൾ ജനിച്ചേക്കുമെന്നുള്ളതുകൊണ്ടോ ഗർഭധാരണം ബലാൽസംഗത്തിന്റെയോ നിഷിദ്ധ ബന്ധുവേഴ്ചയുടെയോ ഫലമായിരിക്കുന്നതുകൊണ്ടോ അല്ല ഈ ഗർഭച്ഛിദ്രങ്ങളെല്ലാം നടത്തുന്നത്. ഗർഭച്ഛിദ്രങ്ങളുടെ വെറും 2 ശതമാനം മാത്രമേ ഈ കാരണങ്ങളാൽ നടക്കുന്നുള്ളുവെന്ന് ബ്രിട്ടീഷ് സംഖ്യകൾ സൂചിപ്പിക്കുന്നു. ആ സ്ഥിതിക്ക് അവിടെ ഇത്രയധികം ഗർഭച്ഛിദ്രങ്ങൾ എന്തുകൊണ്ട്? രണ്ട് അടിസ്ഥാന കാരണങ്ങളുണ്ട്.
അടിസ്ഥാനപ്രശ്നങ്ങൾ
പുരാതന കാലങ്ങളിൽ ജനസംഖ്യാനിയന്ത്രണം ഒരു പ്രശ്നമായിരുന്നില്ല. ഗോത്രങ്ങളും ജനതകളും സംഖ്യാപരമായ വർദ്ധനവിനെ സ്വാഗതം ചെയ്തിരുന്നു. തങ്ങളുടെ കുടുംബങ്ങളുടെ വലിപ്പം പരിമിതപ്പെടുത്തുന്നതിന് സ്ത്രീകൾക്ക് അപൂർവ്വമായേ കാരണമുണ്ടായിരുന്നുള്ളു. ഏതു ഗർഭച്ഛിദ്രവും സാധാരണയായി നിയമവിരുദ്ധമായിരുന്നു, വ്യഭിചാരത്തിന്റെയോ ദുർവൃത്തിയുടെയോ പരിണതഫലവുമായിരുന്നു.
ഇതിൽനിന്നു വ്യത്യസ്തമായി, ഗർഭച്ഛിദ്രനയം ഇന്ന് ഗവൺമെൻറാഭിമുഖ്യത്തിലായിരിക്കാം. ജനസംഖ്യാസ്ഫോടനത്തിന്റെ അപകടമുള്ള രാജ്യങ്ങളിൽ ഈ മാർഗ്ഗത്തിൽ ജനന നിരക്കിനെ നിയന്ത്രിക്കാൻ കഴിയും.
അനേകം പാശ്ചാത്യരാജ്യങ്ങളിൽ അങ്ങനെയുള്ള ഒരു അപകടം സ്ഥിതി ചെയ്യുന്നില്ലെങ്കിലും ഗർഭച്ഛിദ്രങ്ങളുടെ എണ്ണം ഇപ്പോഴും വർദ്ധിക്കുകയാണ്. എന്തുകൊണ്ട്? “നാം വനിതാ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നുവെങ്കിൽ, തങ്ങളുടെ സ്വന്തം ധാർമ്മിക തെരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം വനിതകൾക്കുണ്ടെന്ന് നാം വിശ്വസിക്കേണ്ടിയിരിക്കുന്നു” വെന്ന് ന്യൂയോർക്ക് നഗരത്തിലെ ഗർഭച്ഛിദ്രാവകാശങ്ങൾക്കു വേണ്ടിയുള്ള മതപരമായ സഖ്യത്തിന്റെ ഒരു വനിതാ വക്താവ് ഊന്നിപ്പറയുന്നു.
എന്നാൽ ഒരു സ്ത്രീ ഗർഭിണിയായിക്കഴിഞ്ഞാൽ മാതാവിന്റെ ധർമ്മത്തെ നിരസിക്കുന്നതിന്, തന്റെ ഗർഭം അലസിപ്പിക്കുന്നതിന്, ഒരു സ്ത്രീക്ക് അവിതർക്കിതമായ അവകാശമുണ്ടോ? അങ്ങനെയുള്ള ഒരു പ്രവർത്തനഗതി സ്വീകാര്യമാണോ? ഗർഭച്ഛിദ്രത്തിന് അനുകൂലമായും പ്രതികൂലമായുമുള്ള ഇന്നത്തെ സംവാദത്തിന്റെ കേന്ദ്രാശയം ഇതാണ്. ഉത്തരം എന്താണ്?
വളരെയധികവും ചുററിത്തിരിയുന്നത് നിർവ്വചനങ്ങളിലാണ്. എന്താണു ജീവൻ? അത് എപ്പോൾ ആവിർഭവിക്കുന്നു? ഒരു അജാതശിശുവിന് നിയമപരമായ എന്തെങ്കിലും അവകാശമുണ്ടോ?
ജീവൻ എപ്പോൾ ആവിർഭവിക്കുന്നു?
പുരുഷ ബീജാണു അതിന്റെ 23 ക്രോമോസോമുകളെ ഒരു സ്ത്രീയുടെ അണ്ഡത്തിലെ അത്രയും ക്രോമോസോമുകളുമായി സംയോജിപ്പിക്കുമ്പോൾ ഒരു പുതിയ മനുഷ്യജീവൻ ഗർഭം ധരിക്കപ്പെടുന്നു. ഈ ഗർഭധാരണ സമയം മുതൽ ലിംഗവും മററു വ്യക്തിഗത വിശദാംശങ്ങളും മാററമില്ലാതെ സ്ഥാപിക്കപ്പെടുന്നു. ഗർഭകാലത്തിന്റെ ഒൻപതു മാസത്തെ വളർച്ചയിൽ മാത്രമാണ് മാററമുള്ളത്. “നിങ്ങൾ ഒരിക്കൽ ഒരു ഏകകോശമായിരുന്നുവെന്ന് പറയുന്നത് ജീവശാസ്ത്രപരമായ ഒരു വസ്തുതയാണ്” എന്ന് ഡോ. ജോൺ സി. വിൽക്ക് എഴുതുന്നു. അതുകൊണ്ട് ഗർഭധാരണ നിമിഷത്തിൽ ജീവൻ ആരംഭിക്കുന്നുവോ? അനേകർ കേവലം ഉവ്വ് എന്ന് ഉത്തരം പറയുന്നു. ഈ വിധത്തിൽ ചിന്തിക്കുന്നവർക്ക് ഏതു സമയത്തും ഗർഭച്ഛിദ്രം കൊലപാതകത്തിനു സമമാണ്.
‘പ്രാരംഭ ഗർഭധാരണത്തിനുശേഷം ഏതാണ്ട് 20 ആഴ്ച കഴിഞ്ഞാണ് ജീവൻ ആരംഭിക്കുന്നത്’ എന്ന് മററുചിലർ വിശ്വസിക്കുന്നു. അവർ ഈ വിധത്തിൽ വീക്ഷിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഈ സമയത്തോട് അടുത്താണ് മാതാവ് ഗർഭസ്ഥശിശുവിന്റെ അനക്കം അറിഞ്ഞു തുടങ്ങുന്നത്. ഈ കാലഘട്ടത്തെ ചിലപ്പോൾ “ഉദ്ദീപനം” എന്നു പരാമർശിക്കുന്നു. 20-ാമത്തെ ആഴ്ച മുതൽ ജീവനുള്ള ജനനങ്ങൾ നടക്കാൻ കഴിയും. ഗർഭധാരണത്തിന്റെ 24-ാമത്തെ ആഴ്ചവരെയുള്ള ഏതു സമയത്തും സാധാരണയായി ഗർഭച്ഛിദ്രങ്ങൾ നടത്തുന്നു. ഇത് പൊതുവേ അംഗീകരിക്കപ്പെടുന്ന ഒരു സമയഘടകമാണ്. അപ്പോൾ ഒരു ശിശുവിനെ നിയമപരമായി ജീവനുള്ളതായി പരിഗണിക്കുന്ന സമയം ഇതാണോ?
ബ്രിട്ടനിൽ നിയമം ഒരു അജാതശിശുവിനെ ഒരു മനുഷ്യജീവിയായി അംഗീകരിക്കുന്നില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ യാതൊരു ഗർഭച്ഛിദ്രത്തെയും കൊലപാതകമെന്നു നിയമപരമായി വിളിക്കാൻ കഴിയുന്നതല്ല. എന്നാൽ ഒരു ശിശു അതിന്റെ അമ്മയുടെ ശരീരത്തിൽനിന്നു പുറത്തുവന്നാൽ, പൊക്കിൾക്കൊടിയിൽ തൊട്ടിട്ടില്ലാത്തപ്പോൾപോലും, ആ ശിശുവിനെ കൊല്ലുന്നത് ഒരു കുററകൃത്യമാണ്. ആ സമയത്ത് കുട്ടിക്ക് നിയമപരമായ അവകാശങ്ങളുണ്ട്. അപ്പോൾ നിയമപരമായി, ഈ നിലപാടിൽ, ജീവൻ ജനനത്തിങ്കൽ ആരംഭിക്കുന്നു.
ബ്രിട്ടനിലെ മുഖ്യ റബ്ബി പ്രസ്താവിച്ചപ്രകാരം യഹൂദവീക്ഷണം യോജിക്കുന്നു. “ജനനത്തിന്റെ നിമിഷംവരെ ജീവൻ ആരംഭിക്കുന്നില്ല” എന്ന് അദ്ദേഹം പറയുന്നു, ഒരു അജാത ശിശുവിന്റെ നാശത്തെ ഞങ്ങൾ കൊലപാതകമെന്നു കരുതുന്നില്ല” എന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. ആ സ്ഥിതിക്ക് വളർന്നുവരുന്ന ഗർഭസ്ഥശിശുവിനെ സംബന്ധിച്ചെന്ത്? യഹൂദനിയമത്തിൽ ദാമ്പത്യബന്ധങ്ങളും ജനന നിയന്ത്രണവും ഗർഭച്ഛിദ്രവും എന്ന പുസ്തകത്തിൽ ന്യൂയോർക്കിലെ റബ്ബിയായ ഡേവിഡ് എം. ഫെൽഡ് മാൻ ഇങ്ങനെ പ്രസ്താവിച്ചു: “ഗർഭസ്ഥശിശു ‘ദൈവത്തിന്റെ രഹസ്യങ്ങളുടെ’ അജ്ഞാതമായ, ഭാവിയിലെ, ശക്തമായ, ഭാഗമാണ്.”
ചിന്തയിലെ വൈരുദ്ധ്യം
ഇതിൽനിന്ന് ഗർഭച്ഛിദ്രം മതപരമായി സ്വീകാര്യമാണെന്ന് ന്യായവാദം ചെയ്യുക എളുപ്പമാണ്. എന്നാൽ എല്ലാ മതങ്ങളും ആ വിധത്തിൽ ചിന്തിക്കുന്നില്ല. ഔദ്യോഗിക റോമൻ കത്തോലിക്കാ വീക്ഷണം പരിചിന്തിക്കുക.
പീയൂസ് IX-ാമൻ പാപ്പാ 1869-ൽ ഏതു ഘട്ടത്തിലും ഭ്രൂണത്തെ അലസിപ്പിക്കുന്നതിന് സഭയിൽനിന്നുള്ള ബഹിഷ്ക്കരണം ശിക്ഷയായി വിധിച്ചു. 1951-ൽ പീയൂസ് XII-ാമൻ തത്വം പുനഃപ്രസ്താവിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഓരോ മനുഷ്യജീവിക്കും, മാതാവിന്റെ ഗർഭാശയത്തിലെ ശിശുവിനുപോലും, ജീവനുവേണ്ടിയുള്ള അവകാശം അതിന്റെ മാതാപിതാക്കളിൽനിന്നല്ല, ദൈവത്തിൽനിന്നാണ് നേരിട്ടു ലഭിക്കുന്നത്.” 1985-ൽ കെനിയായിൽ പ്രസംഗിച്ചപ്പോൾ ജോൺപോൾ II-ാമൻ “ഗർഭനിരോധനവും ഗർഭച്ഛിദ്രവും പോലുള്ള പ്രവർത്തനങ്ങൾ തെററാണ്” എന്ന് തുറന്നടിച്ചു പ്രഖ്യാപിച്ചു.
എന്നിരുന്നാലും, അങ്ങനെയുള്ള മനോഭാവം കാലഹരണപ്പെട്ടതും നവീകരിക്കപ്പെടേണ്ടതുമാണെന്ന് ഇക്കാലത്ത് അനേകം കത്തോലിക്കർ വിശ്വസിക്കുന്നു. തൽഫലമായി, ഈ പ്രശ്നം സംബന്ധിച്ച് റോമൻ കത്തോലിക്കർ വിഭിന്നാഭിപ്രായക്കാരാണ്. ചില വസ്തുതകൾ ഇവയാണ്.
റോമൻ കത്തോലിക്കാ വിഷമപ്രശ്നം
ജീവൻ—അനുകൂല പ്രവർത്തനങ്ങൾക്കായുള്ള അമേരിക്കൻ ബിഷപ്പൻമാരുടെ കമ്മിററി ചെയർമാനായ കാർഡിനൽ ബർനാർഡിൻ ഗർഭച്ഛിദ്രം ഒരു ധാർമ്മികാപരാധമാണെന്നും സഭയുടെ ഔദ്യോഗിക നിലപാട് എല്ലാ റോമൻ കത്തോലിക്കർക്കും ബാധകമാണെന്നും തറപ്പിച്ചുപറയുന്നു. വീണ്ടും, ഐക്യനാടുകളിലെ നോട്ടർഡാം യൂണിവേഴ്സിററിയിലെ ധാർമ്മിക ദൈവശാസ്ത്രത്തിന്റെ റോമൻ കത്തോലിക്കാ പ്രൊഫസ്സറായ ജയിംസ് ററി. ബർച്ചായൽ 1982-ൽ ഇങ്ങനെ എഴുതി: “എന്റെ വാദം വളച്ചുകെട്ടില്ലാത്തതാണ്. ഗർഭച്ഛിദ്രം നരഹത്യയാണ്: ഒരു ശിശുവിനെ നശിപ്പിക്കലാണ്.” എന്നിരുന്നാലും, നാലുവർഷം കഴിഞ്ഞ്, അതേ യൂണിവേഴ്സിററിയിലെ ദൈവശാസ്ത്രവകുപ്പിന്റെ ചെയർമാനായ റിച്ചാർഡ് പി. മക്കബ്രിയൻ പുരോഹിതൻ തന്റെ സഭയുടെ ഒരു സുസ്ഥാപിത ഉപദേശമല്ല ഗർഭച്ഛിദ്രമെന്ന് വിശദീകരിക്കാൻ ബദ്ധപ്പെട്ടു.a ഈ വീക്ഷണപ്രകാരം, ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരെ സഭാഭ്രഷ്ടരാക്കാൻ കഴിയുകയില്ല, അവർ അവിശ്വസ്തരെന്നു വീക്ഷിക്കപ്പെട്ടാലും.
സഭാധികാരത്തിന്റെ ഈ അവ്യക്തത നിമിത്തം പ്രമുഖരായ അനേകം കത്തോലിക്കർ തുറന്ന ഗർഭച്ഛിദ്രാനുകൂലികളാണ്. ഐക്യനാടുകളിൽ ചില പുരോഹിതൻമാരും അവരിൽ ഉൾപ്പെടുന്നു. നിരവധി കന്യാസ്ത്രീകളും ഉൾപ്പെടുന്നു. അവരിൽ ചിലർ വിവാദപരമായ ഒരു വർത്തമാനപ്പത്രപരസ്യത്തെ പിന്താങ്ങിയതിന് അവരുടെ സഭകളിൽനിന്ന് പുറന്തള്ളപ്പെടുമെന്ന് ഭീഷണിപ്പെടുത്തപ്പെട്ടു.
കൂടാതെ, കത്തോലിക്കാ അൽമായക്കാർ ഇപ്പോൾ സജീവമായ ഒരു ഗർഭച്ഛിദ്രാനുകൂല ഉപശാലയായിരിക്കുകയാണ്. യു. എസ്. എ. യിലെ വാഷിംഗ്ടൺ ഡി. സി. യിൽ നടന്ന ഒരു ഗർഭച്ഛിദ്രറാലിയിൽ വനിതാദേശീയ സംഘടനയായ നൗവിന്റെ പ്രസിഡണ്ടായ മിസ്സിസ് എലീനർ സി. സ്മീൽ “കത്തോലിക്കാ അൽമായ ചിന്തയുടെ മുഖ്യധാരയിലാണു ഞാൻ” എന്നു തറപ്പിച്ചു പറഞ്ഞു. അതേസമയം, ദ ന്യൂയോർക്ക് റൈറസ് പറയുന്നപ്രകാരം ഗർഭച്ഛിദ്രാവകാശത്തിന് അവർ കൊടുക്കുന്ന പിന്തുണ റോമൻ കത്തോലിക്കാ സഭയിൽനിന്നുള്ള അവരുടെ ബഹിഷ്ക്കരണത്തിലേക്കു നയിച്ചേക്കാമെന്നുള്ള സൂചനയെ അവർ ഹാസ്യമാക്കി.
റോമാസഭ അതിന്റെ അണികൾക്കുള്ളിലെ അത്തരം വിരുദ്ധ വീക്ഷണങ്ങൾക്കു തീരുമാനമുണ്ടാക്കുന്നത് വളരെ പ്രയാസമാണെന്ന് കണ്ടെത്തുന്നു.
നിയമവിരുദ്ധ ഗർഭച്ഛിദ്രങ്ങൾ അപകടങ്ങൾ
നിയമങ്ങളും ശാസനങ്ങളും പാസാക്കുന്നത് ഒരു സംഗതിയും ഗർഭച്ഛിദ്രം സംബന്ധിച്ച ഒരു ചട്ടം നടപ്പിലാക്കാൻ ഏതെങ്കിലും അധികാരം ഏററം നല്ല ആന്തരങ്ങളോടെപോലും ശ്രമിക്കുന്നത് തികച്ചും മറെറാരു സംഗതിയുമാണ്. അഗാധമായും വ്യക്തിപരമായും ഉൾപ്പെട്ടിരിക്കുന്നത് ആളുകളാണ്. സമ്മർദ്ദത്തിൻകീഴായിരിക്കുമ്പോൾ ആളുകൾ പ്രവചനാതീതരായിരിക്കാൻ കഴിയും.
ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നതിൽനിന്നോ നിലവിലുള്ള നിയമം റദ്ദുചെയ്യുന്നതിൽനിന്നോ ഒരു ഗവൺമെൻറിനെ തടയുന്നതിൽ ഒരു ഗർഭച്ഛിദ്രാനുകൂല ഉപശാല വിജയിക്കുന്നുവെങ്കിൽ എന്ത്? അത് ഏതെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കുന്നുവോ? “ഒരു സ്ത്രീ ചിലപ്പോൾ സ്വന്തജീവൻ നഷ്ടപ്പെടുത്തിക്കൊണ്ടുപോലും [ഒരു ഗർഭച്ഛിദ്രം നടത്താനുള്ള] വഴി കണ്ടെത്തും” എന്നും “രാജ്യതന്ത്രജ്ഞൻമാർക്കോ നിയമങ്ങൾക്കോ അവളെ തടയാൻ യാതൊന്നും ചെയ്യാൻ കഴികയില്ല” എന്നും ന്യൂസീലണ്ടിലെ ഒരു ഗർഭച്ഛിദ്രാനുകൂല പാർലമെൻറഗം പ്രസ്താവിച്ചു. അവിടെയാണ് ശക്തമായ ഒരു വാദം സ്ഥിതിചെയ്യുന്നത്. ‘ഏതാണു കൂടുതൽ അഭികാമ്യം?’ ഗർഭച്ഛിദ്രത്തെ ശുപാർശ ചെയ്യുന്നവർ ചോദിക്കുന്നു.
ഗർഭച്ഛിദ്രം നിയമാനുസൃതമാക്കിയിരിക്കുന്നടത്ത് ഇപ്പോഴും കുറെ മരണങ്ങൾ നടക്കുന്നുണ്ടെങ്കിലും നടപടി കർശനമായ മെഡിക്കൽ മേൽനോട്ടത്തിലാണ് നടക്കുന്നത്. നിയമവിരുദ്ധമായ “രഹസ്യ” ഗർഭച്ഛിദ്രങ്ങൾക്ക് ഞെട്ടിക്കുന്ന മരണനിരക്കാണുള്ളത്, കാരണം അവ ശുചിത്വരഹിതമായ അവസ്ഥകളിൽ അയോഗ്യരായ വ്യക്തികളാണ് മിക്കപ്പോഴും നടത്തുന്നത്. ദൃഷ്ടാന്തത്തിന്, ബംഗ്ലാദേശിൽ അങ്ങനെയുള്ള ഗർഭച്ഛിദ്രങ്ങളുടെ ഫലമായി ഓരോ വർഷവും 12000 സ്ത്രീകൾ മരണമടയുന്നതായി കണക്കാക്കപ്പെടുന്നു.
എന്നാൽ ഇതിലെല്ലാം മറെറാരു മാനുഷിക ഘടകം ഉണ്ട്. ഒരു അസംബ്ലി ലൈൻ അടിസ്ഥാനത്തിൽ ഗർഭച്ഛിദ്രങ്ങൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ഡോക്ടർമാരും നേഴ്സുമാരും എങ്ങനെ വിചാരിക്കുന്നു? ശാരീരികവും മാനസികവും വൈകാരികവുമായ , ഏതുതരം അംശമാണ് ഭാവി മാതാവിൽനിന്നും പിതാവിൽനിന്നും ഗർഭച്ഛിദ്രം ഈടാക്കുന്നത്? ഇവ ഞങ്ങൾ അടുത്തതായി പരിചിന്തിക്കുന്ന ചോദ്യങ്ങളാണ്. (g87 4/8)
[അടിക്കുറിപ്പുകൾ]
a ഒരു “സുസ്ഥാപിത ഉപദേശം” പാപ്പായുടെ അധികാരത്തിൻ കീഴിൽ റോമൻ കത്തോലിക്കാസഭയാൽ നിയമമായി പ്രഖ്യാപിക്കപ്പെട്ടതുപോലെ തെററുവരാൻ സാദ്ധ്യമല്ലാത്തതുപോലെ വീക്ഷിക്കപ്പെടുന്ന ഒന്നാണ്.
[5-ാം പേജിലെ ചതുരം]
ഭിന്നനാമകരണങ്ങൾ
ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവർ മിക്കപ്പോഴും തെരഞ്ഞെടുപ്പ്—അനുകൂല പ്രസ്ഥാനക്കാർ എന്നു പരാമർശിക്കപ്പെടാൻ കൂടുതലിഷ്ടപ്പെടുന്നു; അതുപോലെ ഈ നടപടിയെ എതിർക്കുന്നവർ ജീവൻ—അനുകൂല പ്രവർത്തകർ എന്നു തങ്ങളേത്തന്നെ വിളിക്കുന്നു. ഈ ലേഖനങ്ങൾ കേവലം വ്യക്തതക്കുവേണ്ടി ഗർഭച്ഛിദ്രാനുകൂലികൾ എന്നും ഗർഭച്ഛിദ്ര വിരുദ്ധർ എന്നുമുള്ള പദപ്രയോഗങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്നു.
[5-ാം പേജിലെ ചിത്രം]
“തങ്ങളുടെ സ്വന്തം ധാർമ്മിക തെരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം വനിതകൾക്കുണ്ടെന്ന് നാം വിശ്വസിക്കേണ്ടിയിരിക്കുന്നു”വെന്ന് അനേകർ പറയുന്നു
[കടപ്പാട]
H. Armstrong Roberts
[7-ാം പേജിലെ ചിത്രം]
അനേകം സ്ത്രീകൾ തങ്ങൾ ഗർഭച്ഛിദ്ര വിരുദ്ധരാണെന്നു തുറന്നു പറയുന്നു
[കടപ്പാട]
H. Armstrong Roberts