ചെറുപ്പക്കാർ ചോദിക്കുന്നു . . .
ഞാൻ ക്ഷോഭിക്കുന്നത് എന്തുകൊണ്ട്?
“എനിക്ക് കോപം വരുമ്പോൾ ഞാൻ അത്യന്തം ക്ഷുഭിതനാകുന്നു, നിങ്ങൾക്ക് എന്റെ അടുക്കൽവരാൻ തോന്നുകയില്ല. . . . എന്റെ മുഖം ചുവന്നു തുടിക്കും . . . ചിലപ്പോൾ ഞാൻ അങ്ങ് അലറും.”—11—വയസ്സുകാരനായ ഇവാൻ.
നിങ്ങളുടെ അനുജത്തി നിങ്ങളുടെ പ്രിയപ്പെട്ട ബ്ളൗസ് ചീത്തയാക്കുന്നു. നിങ്ങളുടെ അദ്ധ്യാപകൻ പരീക്ഷയിൽ നിങ്ങൾക്ക് മോശമായ മാർക്കു തരുന്നു. അത്യാവശ്യമുള്ള സമയത്ത് നിങ്ങളുടെ ഹെയർ ഡ്രൈയർ പ്രവർത്തിക്കാതിരിക്കുന്നു. അനേകം യുവാക്കളെ സംബന്ധിച്ചിടത്തോളം, ഇത്തരം ഏതെങ്കിലും അനിഷ്ടകാര്യങ്ങളോ അനീതികളോ അസൗകര്യങ്ങളോ കോപം ഇളക്കിവിടുന്നതിന് ഇടയാക്കിയേക്കാം.
ഹെൽത്ത് മാസികയിലെ ഡോക്ടർ ജോർജിയ വിററ്കിൻ—ലാനോയിലിന്റെ ഒരു ലേഖനം ഇപ്രകാരം വിശദീകരിക്കുന്നു: “ക്ഷോഭിപ്പിക്കുന്ന ഒരു സംഭവത്തോട് മസ്തിഷ്കം പ്രതികരിക്കുമ്പോൾ, സ്വയംപ്രവർത്തിത നാഡീവ്യവസ്ഥ ഉദ്ദീപിപ്പിക്കപ്പെടുന്നു. അധിവൃക്കഗ്രന്ഥിയിൽ നിന്നും പുറപ്പെടുന്ന അഡ്രീനാലിൻ രക്തധാരയിലേക്ക് പ്രവഹിക്കാൻ തുടങ്ങും. അത് ഹൃദയമിടിപ്പിനേയും ശ്വാസോച്ഛ്വാസത്തെയും വർദ്ധമാനമാക്കുകയും ഊർജ്ജത്തിനുവേണ്ടി സംഭരിക്കപ്പെട്ട പഞ്ചസാര പുറപ്പെടുവിക്കാൻ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.”
എന്തു ഫലത്തോടെ? “നമ്മുടെതന്നെ വൃക്കഗ്രൻഥികൾ ഉല്പാദിപ്പിക്കുന്ന ഹോർമോണുകളുടെ സ്വാധീനത്തിൽ നാം ചെയ്യുന്ന പ്രവൃത്തികൾ, മിക്കപ്പോഴും അമിത പ്രതികരണങ്ങളാണ്,” എന്ന് ഡോ. വിററ്കിൻ—ലാനോയിൽ തുടർന്നു പറയുന്നു: “നാം ആക്രോശിക്കുകയോ, വിദ്വേഷം പുരണ്ട അർദ്ധസത്യങ്ങൾ വർഷിക്കുകയോ, ഇടിക്കുകയോ, കേടുവരുത്തുകയോ, നശിപ്പിക്കുകയോ അല്ലെങ്കിൽ ക്രോധത്തോടെ രംഗം വിടുകയോ ചെയ്യുന്നു.” ററൻ മാസികയിലെ ഒരു ലേഖനം, കോപത്തിന്, നിങ്ങൾ ഉദ്ദേശിക്കാത്ത കാര്യങ്ങൾ പറയാൻ നിങ്ങളെ ഇടയാക്കുന്നതിനും, നിങ്ങളുടെ സുഹൃത്തുക്കളെ നഷ്ടപ്പെടുത്തുന്നതിനും—അകമെ ശാരീരികമായി വേദനിപ്പിക്കുന്നതിനുപോലും കഴിയും” എന്ന് സമാനമായി നിരീക്ഷിക്കുകയുണ്ടായി.
നിങ്ങൾ എന്നെങ്കിലും ക്ഷോഭിച്ചിട്ടുണ്ടോ? അങ്ങനെ ഉണ്ടെങ്കിൽ നിങ്ങൾ ഒററയ്ക്കല്ല. നമ്മിൽ മിക്കവരേയും പോലെ നിങ്ങൾക്ക് പിന്നീട് അത് തീരെ വിഡ്ഢിത്തമായിപ്പോയി എന്നു തോന്നുകയും ‘ഞാൻ എന്തിനത് ചെയ്തു?’ എന്ന് ചിന്തിക്കുകയും ചെയ്തു എന്നതിന് സംശയമില്ല. അതെ, തങ്ങളുടെ ക്ഷോഭം നിയന്ത്രിക്കാൻ ചിലർക്ക് ബുദ്ധിമുട്ട് ആയിരിക്കുന്നതെന്തുകൊണ്ട്? അതിന് ശ്രമിക്കുന്നത് ആ പ്രയത്നത്തിന് തക്ക വിലയുള്ളതാണോ?
നാം എന്തുകൊണ്ട് കോപിക്കുന്നു
സമയാസമയങ്ങളിൽ നമുക്ക് കോപിക്കാനുള്ള പ്രാപ്തിയുണ്ടെന്നുള്ളതിന്റെ ഭാഗികമായ കാരണം നാം “ദൈവത്തിന്റെ സാദൃശ്യത്തിൽ” നിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്നതാണ്. (ഉല്പത്തി 1:27) ദൈവത്തിനുതന്നെ കോപിഷ്ഠനാകാൻ കഴിയും! ഉദാഹരണത്തിന്, അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു. “ആകയാൽ അനീതികൊണ്ട് സത്യത്തെ അമർച്ച ചെയ്യുന്ന മനുഷ്യരുടെ സകല അഭക്ഷിക്കും അനീതിക്കും എതിരെ ദൈവക്രോധം വെളിപ്പെട്ടുവരികയാണ്.”—റോമർ 1:18.
എങ്കിലും, യഹോവയാം ദൈവത്തിന്റെ ക്രോധം നീതിയോടും ന്യായത്തോടുമുള്ള സ്നേഹത്തിൽ നിന്നുമുളവാകുന്നതാണ് എന്ന് കുറിക്കൊള്ളുക. ദൈവത്തിന്റെ ക്രോധം കേവലം ‘ക്തോഭിക്കുന്ന’ ഒരു സംഗതിയല്ല അവൻ തന്റെ കോപത്തെ നിയന്ത്രിക്കുകയും ഒരു നീതിപൂർവ്വകമായ വിധത്തിൽ അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ, ഒരു ആഗോള ജലപ്രളയത്താൽ ഒരു ദുഷ്ടലോകത്തിൻമേൽ അവൻ നാശം വരുത്തിയപ്പോൾ, സാഹചര്യം സംബന്ധിച്ച് അവൻ തന്റെ നിയന്ത്രണം വിട്ടില്ല. പ്രത്യുത അവൻ “നോഹയെ വേറെ ഏഴുപേരോടൊപ്പം സംരക്ഷിച്ചു.” (2 പത്രോസ് 2:5) അതുകൊണ്ട് യഹോവയാം ദൈവത്തെ, “കരുണയും കൃപയുമുള്ളവനും, കോപത്തിന് താമസമുള്ളവനും സ്നേഹദയയിലും സത്യത്തിലും സമ്പന്നനുമായ ഒരു ദൈവ”മായി വർണ്ണിക്കാൻ കഴിയും.—പുറപ്പാട് 34:6.
ദൈവം മനുഷ്യരെ തന്റെ പ്രതിച്ഛായയിൽ സൃഷ്ടിച്ചതുകൊണ്ട് നമുക്ക് ഒരു നീതിബോധം ജൻമനാ ഉണ്ട്. അതുകൊണ്ട് അന്യായമായ പെരുമാററമോ അനീതിയേയോ അഭിമുഖീകരിക്കുമ്പോൾ തികച്ചും സ്വാഭാവികമായി നമ്മുടെ ഉള്ളിൽ കോപം ഉയരുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ബൈബിൾ കാലങ്ങളിൽ ധാരാളം ദൈവഭക്തരായ ആളുകൾക്ക് ഇത് സംഭവിച്ചിട്ടുണ്ട്.
ഉദാഹരണത്തിന്, യിസ്രായേൽ ജനതയുടെ നായകനായ മോശെ, നിരവധി ആളുകൾ തനിക്കെതിരെ മത്സരിച്ചപ്പോൾ കോപിഷ്ഠനായി. (സംഖ്യാപുസ്തകം 16:15) കൂടാതെ, യേശുക്രിസ്തുപോലും കോപം പ്രകടിപ്പിക്കുകയുണ്ടായി! ദൈവത്തിന്റെ ആരാധനാലയത്തിൽ വാണിജ്യവ്യാപാരം നടത്തുന്നത് നിരീക്ഷിച്ച അവൻ ക്രൂദ്ധനായി ഇങ്ങനെ ആജ്ഞാപിച്ചു: “ഇവയെല്ലാം ഇവിടെ നിന്ന് കൊണ്ടുപോകുവിൻ! എന്റെ പിതാവിന്റെ ഭവനത്തെ വാണിഭശാലയാക്കുന്നത് നിർത്തുവിൻ!” (യോഹന്നാൻ 2:13-16) ന്യായയുക്തമായ കോപം, അതിനാൽ ഒരു ക്രിസ്ത്യാനിക്ക് തികച്ചും ഉചിതമാണ്.
ഖേദകരമെന്നു പറയട്ടെ, നമ്മുടെ മിക്കവാറും കോപവും നീതിപൂർവ്വം പ്രേരിപ്പിക്കപ്പെടുന്നതല്ല. ഇതിനു കാരണം, ബൈബിൾ പറയുന്നതുപോലെ, നാം “എല്ലാം പാപത്തിന് അധീനരാണ്” എന്നതാണ്. ബൈബിൾ അതുകൊണ്ട് തുടർന്നു പറയുന്നു: “നീതിമാൻ ആരുമില്ല, ഒരുത്തൻപോലും.” (റോമർ 3:9, 10) അതുകൊണ്ട് നമ്മുടെതന്നെ അപൂർണ്ണതകൾ—മററുള്ളവരുടെ വീഴ്ചകളും—ഇച്ഛാഭംഗത്തിന്റെ പ്രബലമായ ഉറവുകളാണ്. “ചിലപ്പോൾ ആളുകൾ ഒരു പരിധിയില്ലാതെ നിങ്ങളുടെ തലയ്ക്കു പെരുപ്പ് കയററുന്നു,” എന്ന് ചെറുപ്പക്കാരിയായ സ്കെഫാനി പറയുന്നു.
എന്നാൽ പലപ്പോഴും നാം ന്യായമായ കാരണമില്ലാതെ ആണ് കോപിക്കുന്നത്! എല്ലാം കാണുന്ന യഹോവയിൽനിന്നും വ്യത്യസ്തമായി, നമുക്ക് ഏതു കാര്യം സംബന്ധിച്ചും ഒരു പരിമിതമായ വീക്ഷണമേ ഉള്ളു. (എബ്രായർ 4:12, 13) ഉദാഹരണത്തിന്, ജ്ഞാനിയായ ശലോമോൻ നിരീക്ഷിച്ചതനുസരിച്ച് “വേദനിപ്പിക്കുന്ന വാക്ക് കോപം ജ്വലിക്കുന്നതിന് ഇടയാക്കുന്നു.” (സദൃശവാക്യങ്ങൾ 15:1) എങ്കിലും ചിലപ്പോൾ, ഒരു “ഒരു വാക്കു” പറയപ്പെടുന്നത് നിഷ്കളങ്കതയിലായിരിക്കാം, അല്ലെങ്കിൽ അസമയത്ത് പ്രയോഗിച്ചുപോയ ഒരു ഫലിതമായിരിക്കാം, അല്ലെങ്കിൽ തമാശാരൂപത്തിലുള്ള കളിയാക്കലായിരിക്കാം. ഇത് തിരിച്ചറിയാതെ നാം കുപിതരാകുന്നു.
ഇനി, സ്വഭാവപ്രകൃതികൾ വിവിധങ്ങളായിരിക്കും എന്ന ഒരു വസ്തുതയും കൂടെ ഉണ്ട്. നമ്മിൽ ചിലർ മററു ചിലരേക്കാൾ കോപത്തിന് ചായ്വുള്ളവരായി കാണപ്പെടുന്നു. കൂടാതെ ഒരു യുവാവായ നിങ്ങൾ കൗമാരം കൈവരുത്തുന്ന സകല പുതു അഭിലാഷങ്ങളെയും ചോദനകളെയും നിയന്ത്രിക്കുന്നതിന് പഠിക്കാൻ തുടങ്ങുന്നതേയുള്ളു. നിങ്ങൾക്ക് നിങ്ങളെക്കുറിച്ചുതന്നെ നിശ്ചയമില്ലാതെ വരുകയും, വിമർശനത്തോട് അമിത സംവേദിയായിരിക്കുകയും ചെയ്തേക്കാം. നിങ്ങളുടെ വികാരങ്ങളെ അല്പമൊക്കെ കീഴടക്കാൻ സാധിക്കുന്നതുവരെ നിങ്ങൾ പ്രകോപനത്തിന് വശംവദനാണ്—വിശേഷാൽ കുടുംബവൃത്തത്തിനുള്ളിൽ നിന്ന്. “ഞാൻ എന്റെ സഹോദരിയോട് ക്ഷോഭിക്കാറുണ്ട്,” എന്ന് 15 വയസ്സുകാരിയായ ലോറി പറയുന്നു. “എന്നെ എങ്ങനെ ദേഷ്യം പിടിപ്പിക്കാമെന്ന് അവൾക്ക് അറിയാം, എന്തെങ്കിലും വിഡ്ഢിത്തം പറയുകയോ അല്ലെങ്കിൽ ഞാൻ പറയുന്ന എല്ലാം തിരുത്തിപ്പറയുകയോ ചെയ്തുകൊണ്ട്.” നിങ്ങളും നിങ്ങളുടെ മാതാപിതാക്കൻമാർ തമ്മിലും സമാനമായി സംക്ഷോഭം ഉയരുന്നതിന് ഇടയുണ്ട്.
എങ്കിലും, യഥാർത്ഥത്തിൽ നിങ്ങൾ അനുവദിക്കുകയാണെങ്കിൽ എന്തിനും നിങ്ങളെ കോപിഷ്ഠനാക്കാൻ കഴിയും. അതുകൊണ്ട് ചോദ്യം ഇതാണ്, ആ കോപവികാരങ്ങളെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും?
അഴിച്ചു വിടുന്ന കോപം
“പല ആളുകൾക്കും കോപം എങ്ങനെ വിവേകപൂർവ്വം പ്രകടിപ്പിക്കണമെന്ന് അറിയാൻ പാടില്ല;” എന്ന് “നിങ്ങളുടെ കൗമാരപ്രായക്കാരിലേക്ക് ചെല്ലുക” എന്ന ഗ്രൻഥം നിരീക്ഷിക്കുകയുണ്ടായി. ചിലർ ബാലിശമായ ക്രോധപ്രകടനങ്ങൾ പുറത്തുവിടുന്നു. ചിലർ ഒന്നുകിൽ വാക്കുകൊണ്ട് അല്ലെങ്കിൽ കായികമായി അക്രമാസക്തരാവുന്നു. മററുചിലർ പുറമെ ശാന്തരായിരിക്കും പക്ഷേ അകമേ തിളച്ചുമറിയുന്നവരായിരിക്കും. ഒരു ചെറുപ്പക്കാരി പറഞ്ഞതുപോലെ: “എനിക്ക് ദേഷ്യം വരുമ്പോൾ ഞാൻ അലറാറില്ല, ഞാൻ നിരുൻമേഷവതിയും സംസാരിക്കാതെയുമായി തീരുന്നു.” ഇനിയും മററുചിലർ തങ്ങളുടെ കാറിൽ കയറി തങ്ങൾ ഡ്രൈവ് ചെയ്യുന്ന വിധത്തിൽ കോപം പുറത്തെടുക്കുന്നു.
അഴിച്ചു വിടുന്ന കോപം, എന്നിരുന്നാലും, അപൂർവ്വമായേ സൃഷ്ടിപരമാകാറുള്ളു. ‘മറേറതൊരു വികാരത്തേക്കാളും, ഭയത്തേക്കാൾപോലും, ഏറെ രൂക്ഷവും നിലനിൽക്കുന്നതുമായ ഫലങ്ങൾ കോപം ഉളവാക്കുന്നു’ എന്ന് യെയ്ൻ സർവ്വകലാശാലയിലെ പ്രൊഫസ്സർ ഗാരി ഷ്വാർട്ട്സ് അവകാശപ്പെടുന്നു. ഡ്യൂക്ക് സർവ്വകലാശാലയിലെ ഡോ. റെഡ് ഫോർഡ് ബി. വില്യംസ്, ജൂണിയർ ഇപ്രകാരം പ്രസ്താവിച്ചു: “അകാലചരമങ്ങളിൽ ഒരു അതിശയിപ്പിക്കുന്ന സംഖ്യയെ ദ്വേഷഭാവത്തോട് ബന്ധപ്പെടുത്താം എന്ന് അനവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.” ഏതു പ്രകോപനത്തിനും ‘നിങ്ങളുടെ കച്ചിതുറുവിന് തീ കൊടുക്കുന്ന’ സമ്പ്രദായം വെച്ചുപുലർത്തുന്നത് ആരോഗ്യകരമായിരിക്കാൻ കഴിയുന്നതല്ല. “ഒരു ശാന്തഹൃദയം ദേഹത്തിന് ജീവനാകുന്നു” എന്ന് ഒരു പുരാതന പഴമൊഴി പ്രസ്താവിക്കുകയുണ്ടായി.—സദൃശവാക്യങ്ങൾ 14:30.
കൂടാതെ കടിഞ്ഞാണിടാത്ത കോപം സാധാരണ ഒരു മോശമായ അവസ്ഥയെ കൂടുതൽ വഷളാക്കുന്നു. ശിമയോൻ, ലേവി എന്ന രണ്ടു സഹോദരൻമാരുടെ ബൈബിൾ വിവരണം ഓർക്കുക. അവരുടെ സഹോദരി ലൈംഗികമായി വഷളാക്കപ്പെട്ടു. അതിനെക്കുറിച്ച് കേട്ടപ്പോൾ അവർ അത്യന്തം രോഷാകുലരായി എന്നത് മനസ്സിലാക്കാവുന്നതാണ്! പക്ഷേ അവർ എങ്ങനെയാണ് തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്? ബൈബിൾ വിവരിക്കുന്നതനുസരിച്ച് അവർ ആ ബലാൽസംഗത്തിന് ഉത്തരവാദിയായ യുവാവിനെ—അവന്റെ കുടുംബത്തിലെ പുരുഷൻമാരോടും സഹപട്ടണക്കാരോടും ഒപ്പം—നിഷ്ക്കരുണം വധിക്കാൻ തക്കവണ്ണം സംഭവങ്ങളെ ആസൂത്രണം ചെയ്തു!—ഉല്പത്തി, അദ്ധ്യായം 34.
വർഷങ്ങൾക്കുശേഷം തന്റെ മരണശയ്യയിൽ, അവരുടെ പിതാവായ യാക്കോബ് ഈ ദാരുണസംഭവത്തെ അനുസ്മരിച്ചു. അവരുടെ ക്രോധപ്രതികാരത്തെ അവൻ അഭിനന്ദിച്ചോ? നേരെ മറിച്ച്, അവൻ അവരുടെ കോപത്തെ “അതു നിഷ്ഠൂരമായതുകൊണ്ടും, അവരുടെ ക്രോധത്തെ, അത് നിർദ്ദയമായി പ്രവർത്തിക്കകൊണ്ടും” ശപിക്കുകയുണ്ടായി. (ഉല്പത്തി 49:7) അതെ, തങ്ങൾ ക്ഷോഭിക്കുന്നതുവഴി അവർ ചെയ്ത പ്രവൃത്തി തുടക്കത്തിൽ അവരെ പ്രകോപിപ്പിച്ച സംഭവത്തേക്കാൾ മോശമായിരുന്നു. അവർ ഒന്നുംതന്നെ സൃഷ്ടിപരമായി നേടിയില്ല പക്ഷേ അവരുടെ സൽപേര് കളഞ്ഞുകുളിക്കുകയും ചെയ്തു.
അപ്പോൾ “ക്ഷിപ്രകോപി ഭോഷത്വം പ്രവർത്തിക്കും” എന്ന് സദൃശവാക്യം പറയുന്നതിൽ ഒട്ടും അതിശയിക്കാനില്ല. (സദൃശവാക്യങ്ങൾ 14:17) പ്രകോപിതാവസ്ഥയിലുള്ള ഒരുവന് അപൂർവ്വമായേ സർഗ്ഗപരമായി ചിന്തിക്കുന്നതിനോ പ്രവർത്തിക്കുന്നതിനോ സാധിക്കുകയുള്ളു. അപൂർവ്വമായേ കോപിഷ്ഠനായ ഒരുവൻ ഒരു തെററിനെ നേരെയാക്കാൻ ക്രിസ്തീയ മാർഗ്ഗങ്ങൾ തേടുകയുള്ളു. ബൈബിൾ എഴുത്തുകാരനായ യാക്കോബിന്റെ വാക്കുകൾ അങ്ങനെ സത്യമായി മുഴങ്ങുന്നു: “മമനുഷ്യന്റെ ക്രോധം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.” (യാക്കോബ് 1:20) ക്രോധപ്രകടനങ്ങൾ, ദൂഷണം ചൊരിയുക, ദുശ്ശാഠ്യം എന്നിവ എതിർ ഫലങ്ങൾ ഉളവാക്കുന്നവയാണ്.
നിങ്ങളോട് തെററു ചെയ്ത ഒരുവന്റെ നേരെ ശകാരവർഷം ചൊരിയുന്നത് ആ സമയത്ത് നല്ലതെന്ന് തോന്നിയേക്കാമെന്നത് സത്യംതന്നെ. പക്ഷേ സാധാരണയായി നിങ്ങൾക്ക് ആ എടുത്തു ചാട്ടത്തിൽ പശ്ചാത്താപം പിന്നീട് തോന്നും—പ്രത്യേകിച്ച് അത് ഒരു തൊഴിലുടമയോ, അദ്ധ്യാപകനോ മാതാപിതാക്കളോ ആകുമ്പോൾ. (സഭാപ്രസംഗി 10:4 താരതമ്യപ്പെടുത്തുക) സദൃശ്യവാക്യം 29:11 അതുകൊണ്ട് പറയുന്നു: “മൂഢൻ തന്റെ സർവ്വവീര്യവും പുറത്തുവിടുന്നു [ക്തോഭിക്കുന്നതിനാൽ], എന്നാൽ ജ്ഞാനി അതിനെ അവസാനത്തോളം ശാന്തമായി കാക്കുന്നു.”
എന്നാൽ നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? ഭാവിയിൽ വരുന്ന ഒരു ലേഖനം അത് ചർച്ചചെയ്യും. (g87 4/22)
[21-ാം പേജിലെ ആകർഷകവാക്യം]
നമ്മുടെതന്നെ അപൂർണ്ണതകൾ—മററുള്ളവരുടെ വീഴ്ചകളും—ഇച്ഛാഭംഗത്തിന്റെ പ്രബലമായ ഉറവുകളാണ്
[22-ാം പേജിലെ ചിത്രം]
നിങ്ങൾ ക്ഷോഭിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടോ?