നിങ്ങൾ ആസന്നമായിരിക്കുന്ന വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പു അനുസരിക്കുമോ?
ചില പ്രകൃതി വിപത്തുകൾ ആളുകളുടെ ജീവിതത്തിൽ കുറെ ശൈഥില്യം വരുത്തുന്നു; മററു ചിലത് വലിയ ജീവനാശവും വസ്തുനാശവും വരുത്തിക്കൂട്ടുന്നു. സാധാരണയായി, അങ്ങനെയുള്ളവ ഏതെങ്കിലുമൊരു സമയത്ത് ഭൂമിയുടെയും അതിലെ ജനസംഖ്യയുടെയും ഒരു ചെറിയ ഭാഗത്തെ മാത്രമേ ബാധിക്കുന്നുള്ളു. എന്നിരുന്നാലും, നമ്മുടെ ഇപ്പോഴത്തെ തലമുറ സകല മനുഷ്യവർഗ്ഗത്തെയും ബാധിക്കുന്നതായി ഭൂവ്യാപക പരിമാണങ്ങളോടുകൂടിയ ഒരു വിപത്തിനെ അഭിമുഖീകരിക്കുകയാണ്.
അല്ല, അത് വൻശക്തികൾ തമ്മിലുള്ള ഒരു ന്യൂക്ലിയർ യുദ്ധമല്ല, അത് ഒരു ഭയങ്കര വിപത്തായിരിക്കുമെങ്കിലും. എന്നാൽ നാം സംസാരിക്കുന്നത് ഭൂമുഖത്തുനിന്ന് സകല ദുഷ്ടതയേയും നീക്കം ചെയ്യാനുള്ള ദൈവത്തിന്റെ പ്രസ്താവിതോദ്ദേശ്യത്തെ സംബന്ധിച്ചാണ്.
ഈ വിപത്തിന്റെ വ്യാപ്തി ഈ വ്യവസ്ഥിതിയുടെ സമാപനത്തെ സംബന്ധിച്ചുള്ള യേശുവിന്റെ പ്രവചനത്തിൽ അവനാൽ വെളിപ്പെടുത്തപ്പെട്ടു: “ലോകാരംഭം മുതൽ ഇപ്പോൾ വരെ സംഭവിച്ചിട്ടില്ലാത്തതും, ഇല്ല, വീണ്ടും സംഭവിക്കുകയില്ലാത്തതുമായ മഹോപദ്രവം അന്ന് ഉണ്ടായിരിക്കും. യഥാർത്ഥത്തിൽ ആ നാളുകൾ ചുരുക്കപ്പെട്ടില്ലെങ്കിൽ യാതൊരു ജഡവും രക്ഷിക്കപ്പെടുകയില്ല.”—മത്താ. 24:3,21,22.
അവർ തങ്ങളുടെ ജീവനെ രക്ഷിച്ചു
യേശു ഈ ലോകവ്യാപക വിപത്തിനെ നേരത്തെ സംഭവിച്ച ഒരു ലോകാനർത്ഥത്തോട്, നോഹയുടെ നാളിലെ ജലപ്രളയത്തോടു താരതമ്യപ്പെടുത്തി. “എന്തെന്നാൽ നോഹയുടെ നാളുകൾ പോലെയായിരിക്കും മനുഷ്യപുത്രന്റെ സാന്നിദ്ധ്യം.” (മത്തായി 24:37) പ്രളയത്തിനു മുമ്പത്തെ നാളുകളിൽ “ഭൂമിയിൽ മമനുഷ്യന്റെ വഷളത്വം വലുതും അവന്റെ ഹൃദയവിചാരങ്ങളുടെ ഓരോ ചായ്വും എല്ലാസമയത്തും ചീത്ത മാത്രവുമായിരുന്നു”വെന്ന് ബൈബിൾ പ്രസ്താവിക്കുന്നു. “ഞാൻ സൃഷ്ടിച്ച മനുഷ്യനെ ഞാൻ ഭൂതലത്തിൽ നിന്ന് തുടച്ചുനീക്കാൻ പോകുകയാണ്” എന്ന് യഹോവ പറഞ്ഞു.—ഉല്പത്തി 6:5-8.
നോഹയെ സംബന്ധിച്ച് നാം എബ്രായർ 11:7-ൽ ഇങ്ങനെ വായിക്കുന്നു: “വിശ്വാസത്താൽ നോഹ, അതുവരെ കാണാത്ത കാര്യങ്ങളെക്കുറിച്ച് ദിവ്യമുന്നറിയിപ്പു കിട്ടിയശേഷം ദൈവിക ഭയം പ്രകടമാക്കുകയും തന്റെ കുടുബത്തിന്റെ രക്ഷക്കുവേണ്ടി ഒരു പെട്ടകം പണിയുകയും ചെയ്തു.” നോഹയും അവന്റെ ഭാര്യയും അവന്റെ പുത്രൻമാരും അവരുടെ ഭാര്യമാരുമെല്ലാം ജീവനോടെ സംരക്ഷിക്കപ്പെട്ടു.
എന്നിരുന്നാലും, ആ കാലത്ത് മനുഷ്യവർഗ്ഗത്തിൽ ശേഷിച്ചവർ കൊടുക്കപ്പെട്ട മുന്നറിയിപ്പ് അവഗണിച്ചു. യേശുവിന്റെ വാക്കുകളനുസരിച്ചു പ്രളയത്തിനു മുമ്പത്തെ ആ നാളുകളിലെ ആളുകൾ നോഹ പെട്ടകത്തിൽ കയറിയ നാൾ വരെ തിന്നുകയും കുടിക്കുകയും പുരുഷൻമാർ വിവാഹം കഴിക്കുകയും സ്ത്രീകൾ വിവാഹത്തിനു കൊടുക്കപ്പെടുകയും ചെയ്തിരുന്നു; പ്രളയം വന്ന് എല്ലാവരെയും ഒഴുക്കിക്കൊണ്ടു പോകുന്നതുവരെ അവർ ഗൗനിച്ചില്ല.”—മത്തായി 24:38,39
ലോത്തിന്റെ നാളുകളിൽ, സോദോമിലെയും ഗോമോറയിലെയും നിവാസികളുടെ കടുത്ത ദുർമ്മാർഗ്ഗം നിമിത്തം അവരെ നശിപ്പിക്കാൻ ദൈവം തീരുമാനിച്ചു. എന്നിരുന്നാലും, അവർ യാതൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നുള്ള മട്ടിൽ ‘തിന്നുന്നതിലും കുടിക്കുന്നതിലും വാങ്ങുന്നതിലും വിൽക്കുന്നതിലും നടുന്നതിലും പണിയുന്നതിലും’ തുടർന്നു. ലോത്ത് തന്റെ മരുമക്കളാകാനിരുന്നവർക്ക് അപകടത്തെക്കുറിച്ച് മുന്നറിയിപ്പു കൊടുത്തുവെങ്കിലും ‘അവൻ അവരുടെ ദൃഷ്ടിയിൽ തമാശ പറയുന്ന ഒരു മനുഷ്യനെപ്പോലെ തോന്നി.’ ദൈവം ആകാശത്തുനിന്ന് തീയും ഗന്ധകവും വർഷിക്കുകയും അവരെയെല്ലാം നശിപ്പിക്കുകയും ചെയ്തു. ലോത്തും അവന്റെ പുത്രിമാരും മുന്നറിയിപ്പ് അനുസരിക്കുകയും തങ്ങളുടെ ജീവൻ രക്ഷിക്കുകയും ചെയ്തു.—ലൂക്കോസ് 17:28,29; ഉല്പത്തി 19:12-17,24.
യേശുവിന്റെ നാളിലെ മുന്നറിയിപ്പ്
യേശുവിന്റെ നാളിൽ യഹൂദജനം തങ്ങളുടെ സ്വന്തം പാരമ്പര്യങ്ങളെ അനുകൂലിച്ചുകൊണ്ട് ദൈവവചനത്തെ തള്ളിക്കളഞ്ഞിരുന്നു. അവർ ക്രിസ്തു അഥവാ മശിഹാ എന്ന നിലയിൽ ദൈവപുത്രനെയും നിരസിച്ചു. റോമാ സൈന്യങ്ങളെ ഉപയോഗിച്ച് അവരുടെമേലും അവരുടെ മഹത്തായ യരൂശലേം നഗരത്തിൻമേലും ന്യായവിധി നടത്താൻ ദൈവം തീരുമാനിച്ചു. യേശു ഇതിനെക്കുറിച്ച് മുന്നറിയിപ്പു കൊടുക്കുകയും ആ ന്യായവിധിയിൽ നിന്ന് എങ്ങനെ രക്ഷ പ്രാപിക്കാമെന്ന് തന്റെ ശിഷ്യൻമാരോടു പറയുകയും ചെയ്തു. അവൻ പറഞ്ഞു:
“ദാനിയേൽ പ്രവാചകൻ മുഖാന്തരം പറയപ്പെട്ട ശൂന്യമാക്കുന്ന മ്ലേച്ഛത ഒരു വിശുദ്ധ സ്ഥലത്തു നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ . . . യഹൂദ്യയിലുള്ളവർ പർവ്വതങ്ങളിലേക്ക് ഓടാൻ തുടങ്ങട്ടെ.” കൂടാതെ “പാളയമടിച്ചിരിക്കുന്ന സൈന്യങ്ങൾ യരൂശലേമിനെ വളഞ്ഞിരിക്കുന്നതു നിങ്ങൾ കാണുമ്പോൾ, അവളുടെ ശൂന്യമാക്കൽ അടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുക. അപ്പോൾ യഹൂദ്യയിലുള്ളവർ പർവ്വതങ്ങളിലേക്ക് ഓടിപ്പോകാൻ തുടങ്ങട്ടെ, അവളുടെ നടുവിലുള്ളവർ പിൻവാങ്ങട്ടെ, നാട്ടിൻപുറങ്ങളിലുള്ളവർ അവളിലേക്ക് പ്രവേശിക്കാതിരിക്കട്ടെ; എന്തുകൊണ്ടെന്നാൽ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങളെല്ലാം നിവർത്തിക്കപ്പെടേണ്ടതിന് ഇവ നീതി നടത്തുന്നതിനുള്ള നാളുകളാകുന്നു.” (മത്തായി 24:15,16; ലൂക്കോസ് 21:20-22) അത് അടിയന്തിര പ്രവർത്തനത്തിനുള്ള ഒരു സമയമായിരിക്കുമായിരുന്നു. ഒരു വ്യക്തി തന്റെ ഭൗതിക വസ്തുക്കൾ സുരക്ഷിതമാക്കാൻ പോലും സമയമെടുക്കരുതായിരുന്നു. യേശു പറഞ്ഞു: “പുരമുകളിലെ മനുഷ്യൻ തന്റെ വീട്ടിൽനിന്ന് സാധനങ്ങളെടുക്കാൻ താഴെയിറങ്ങരുത്; വയലിലിരിക്കുന്ന മനുഷ്യൻ തന്റെ ബാഹ്യവസ്ത്രമെടുക്കാൻ വീട്ടിലേക്ക് മടങ്ങരുത്.”—മത്തായി 24:17,18.
ക്രി. വ. 66-ാമാണ്ടിൽ യേശുവിന്റെ പ്രവചനനിവൃത്തിയായി സെസ്ററ്യസ് ഗാലസിന്റെ കീഴിൽ റോമാസൈന്യങ്ങൾ യരൂശലേമിനെ വളഞ്ഞു. യഥാർത്ഥത്തിൽ ആലയമതിലിനു തുരങ്കം വെക്കുകയും അങ്ങനെ യഹൂദൻമാരുടെ വിശുദ്ധ സ്ഥലത്തു നിൽക്കുകയും ചെയ്തിരുന്ന റോമാക്കാർ യഹൂദൻമാർക്ക് മ്ലേച്ഛരായിരുന്നു. മുന്നറിയിപ്പിൻ അടയാളം അവിടെയുണ്ടായിരുന്നു, എന്നാൽ ഓടിപ്പോകാൻ അവസരമില്ലായിരുന്നു. അങ്ങനെയിരിക്കെ സെസ്ററിയസ് ഗാലസ് അപ്രതീക്ഷിതമായി തന്റെ സൈന്യങ്ങളെ പിൻവലിച്ചു. ക്രിസ്ത്യാനികൾ പർവ്വതങ്ങളിലേക്ക് ഓടിപ്പോകാൻ തുടങ്ങി. എന്നിരുന്നാലും ജനങ്ങളിൽ ഭൂരിപക്ഷവും നഗരത്തിൽ തന്നെ കഴിഞ്ഞു. മററു യഹൂദൻമാർ തങ്ങളുടെ മതപരമായ ഉൽസവങ്ങൾക്കുവേണ്ടി നഗരത്തിലേക്ക് തുടർന്നു വന്നുകൊണ്ടിരുന്നു.
ക്രി.വ.70-ൽ നഗരത്തിൽ പെസഹാ ആഘോഷകരെക്കൊണ്ടു തിങ്ങിനിറഞ്ഞപ്പോൾ തീത്തോസ് സൈന്യാധിപന്റെ കീഴിലെ സൈന്യം പ്രതികാര ബുദ്ധിയോടെ തിരിച്ചുവരികയും യരൂശലേമിനെ ഉപരോധിക്കുകയും ചെയ്തു. കാലക്രമത്തിൽ മതിലുകൾ ഭേദിക്കുകയും ആലയത്തെയും മുഴുനഗരത്തെയും നശിപ്പിക്കുകയും ചെയ്തു. ചരിത്രകാരനായ ജോസീഫസ് പറയുന്നതനുസരിച്ച് 11,00,000 ആളുകൾ മരിച്ചു. അതിജീവിച്ച 97,000 പേർ ഈജിപ്ററിലും മററു രാജ്യങ്ങളിലും അടിമത്വത്തിലേക്കു വിൽക്കപ്പെട്ടു. യേശുവിന്റെ മുന്നറിയിപ്പ് അനുസരിക്കാഞ്ഞവരുടെ ഭാഗധേയം ഇതായിരുന്നു. യേശു കൽപ്പിച്ചിരുന്നതുപോലെ, നഗരത്തിൽനിന്ന് ഓടിപ്പോയവർ തങ്ങളുടെ ജീവനെ സംരക്ഷിച്ചു.
ഇപ്പോൾ മുന്നറിയിപ്പനുസരിക്കുക.
മത്തായി 24, മർക്കോസ് 13, ലൂക്കോസ് 21എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിരുന്ന യേശുവിന്റെ പ്രവചനത്തിന് വലിപ്പമേറിയ ഒരു നിവൃത്തി ഉണ്ടാകണമായിരുന്നു. യേശു തന്റെ സാന്നിദ്ധ്യത്തിന്റെ അടയാളത്തെക്കുറിച്ചുള്ള തന്റെ അപ്പോസ്തലൻമാരുടെ ചോദ്യത്തിനും ഉത്തരം പറയുകയായിരുന്നുവെന്ന് ഓർക്കുക. ബൈബിൾ അതിനെ മുഴുലോകവ്യവസ്ഥിതിയുടെയും അവസാനത്തോടു ബന്ധിപ്പിക്കുന്നു. (ദാനിയേൽ 2:44; മത്തായി 24:3,21) തന്റെ അദൃശ്യമായ തിരിച്ചുവരവിന്റെ അഥവാ സാന്നിദ്ധ്യത്തിന്റെ അടയാളത്തിൽ യുദ്ധങ്ങളും ഭക്ഷ്യദൗർല്ലഭ്യങ്ങളും ഭൂകമ്പങ്ങളും മഹാമാരികളും അധർമ്മത്തിന്റെ വർദ്ധനവും തന്റെ ശിഷ്യൻമാരുടെ പീഡനവും ജനതകളുടെ അതിവേദനയും ഉൾപ്പെടുമെന്നും നിവസിത ഭൂമിമേൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഭയത്താലും പ്രതീക്ഷയാലും മനുഷ്യർ മോഹാലസ്യപ്പെടുമെന്നും യേശു വിവരിച്ചു പറഞ്ഞു.—മത്തായി 24:7,8,12; ലൂക്കോസ് 21:10,11,25,26.
ഒന്നാം ലോകമഹായുദ്ധം മുതലുള്ള തലമുറ ഈ കൊടും വേദനയുടെയെല്ലാം വർദ്ധനവ് അനുഭവിച്ചിട്ടുണ്ടെന്നുള്ളതിനെ ആർക്കു നിഷേധിക്കാൻ കഴിയും? ഈ കാര്യങ്ങളുടെ പ്രാധാന്യം ആളുകൾ ഗ്രഹിക്കേണ്ടതിന് യേശു ഇങ്ങനെ പ്രവചിച്ചു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) യഹോവയുടെ സാക്ഷികൾ ആസന്നമായിരിക്കുന്ന ദൈവികന്യായവിധിയെക്കുറിച്ച് മുന്നറിയിപ്പുകൊടുത്തുകൊണ്ട് 200 വ്യത്യസ്ത ഭാഷകളിൽ 200-ൽ പരം രാജ്യങ്ങളിൽ രാജ്യത്തിന്റെ ഈ സുവാർത്ത തീക്ഷ്ണമായി പ്രസംഗിച്ചിരിക്കുന്നു. ഒന്നാം ലോകമഹായുദ്ധത്തോടെ തുടങ്ങിയ കൊടുംവേദനകളുടെ തുടക്കം കാണുന്നവരെ പരാമർശിച്ച് യേശു ഇങ്ങനെ പ്രസ്താവിച്ചു: “ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ യാതൊരു പ്രകാരത്തിലും നീങ്ങിപ്പോകുകയില്ല.”—മത്തായി 24:34.
യേശുവിന്റെ മുന്നറിയിപ്പ് അനുസരിക്കുന്നതിനുള്ള മാർഗ്ഗം അക്ഷരീയ പർവ്വതങ്ങളിലേക്ക് ഓടുകയോ ഭൂമിയുടെ മറേറതെങ്കിലും ഭാഗത്തേക്കു രക്ഷപ്പെടുകയോ അല്ല, പിന്നെയോ സത്യദൈവമായ യഹോവയിലേക്ക് തിരിയുകയും ജീവന്റെ സംരക്ഷണത്തിനുവേണ്ടിയുള്ള അവന്റെ കരുതലിനെക്കുറിച്ചു പഠിക്കുകയുമാണ്. ഈ മുന്നറിയിപ്പു കൊടുക്കുന്നവരായ യഹോവയുടെ സാക്ഷികളോടു സമ്പർക്കം പുലർത്തുകയും നിങ്ങളോടൊത്ത് ബൈബിൾ അദ്ധ്യയനം ചെയ്യാൻ അവരെ അനുവദിക്കുകയും ചെയ്യുന്നതിനാൽ നിങ്ങൾക്ക് ഇതു ചെയ്യാൻ കഴിയും.
അഗ്നിപർവ്വതത്താലുള്ള നാശത്തിൽ നിന്ന് രക്ഷപ്പെട്ട ഏതാണ്ട് പതിനായിരം ജപ്പാൻകാർക്ക് മുന്നറിയിപ്പുകളനുസരിക്കുന്നതു നിർണ്ണായകമായിരുന്നെങ്കിൽ ഈ അന്ത്യകാലത്ത് ലോകവ്യാപകനാശത്തിൽ യഹോവയുടെ സംരക്ഷണം ലഭിക്കുന്നതിന് നാം ഇപ്പോൾ പ്രവർത്തിക്കുന്നത് എത്രയധികം ജീവൽപ്രധാനമാണ്! (g87 7/8)
[10-ാം പേജിലെ ചിത്രം]
മുന്നറിയിപ്പുകൾ അനുസരിച്ചതുകൊണ്ട് ലോത്തും അവന്റെ പുത്രിമാരും നാശത്തിൽ രക്ഷപ്പെട്ടു