മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ചപ്പാടിൽ
ഭാഗം 15: ക്രി.വ. 1095-1453 വാളിൽ ആശ്രയിക്കുന്നു
“മനുഷ്യർ മതത്തിനുവേണ്ടി വഴക്കടിക്കും, അതിനുവേണ്ടി എഴുതും, അതിനുവേണ്ടി മരിക്കും; അതിനുവേണ്ടി ജീവിക്കാതെ എന്തും ചെയ്യും.”—19-ാം നൂററാണ്ടിലെ ഇംഗ്ലീഷ് വൈദികനായിരുന്ന ചാൾസ് കേലബ് കോൾട്ടൻ
ക്രിസ്ത്യാനിത്വം അതിന്റെ പ്രാരംഭ വർഷങ്ങളിൽ തങ്ങളുടെ മതമനുസരിച്ചു ജീവിച്ച വിശ്വാസികളാൽ അനുഗ്രഹിക്കപ്പെട്ടിരുന്നു. അവരുടെ വിശ്വാസത്തിന്റെ പ്രതിവാദത്തിൽ അവർ തീക്ഷ്ണതയോടെ “ആത്മാവിന്റെ വാൾ, അതായത് ദൈവത്തിന്റെ വചനം” പ്രയോഗിച്ചിരുന്നു. (എഫേസ്യർ 6:17) എന്നാൽ പിന്നീട്, 1095നും 1453നും ഇടക്കുള്ള സംഭവങ്ങൾ ചിത്രീകരിക്കുന്നതുപോലെ, യഥാർത്ഥ ക്രിസ്ത്യാനിത്വത്തിനനുയോജ്യമായി ജീവിതം നയിക്കാഞ്ഞ നാമധേയക്രിസ്ത്യാനികൾ മററു പ്രകാരത്തിലുള്ള വാളുകൾ ഉപയോഗിക്കുന്നതിലേക്ക് തിരിഞ്ഞു.
ആറാം നൂററാണ്ടോടെ പശ്ചിമ റോമാസാമ്രാജ്യം മൃതമായിത്തീർന്നു. കോൺസ്ററാൻറിനോപ്പിൾ തലസ്ഥാനമാക്കിയുള്ള ബൈസൻറയ്ൻ എന്ന അതിന്റെ പൗരസ്ത്യ മറുഘടകം അതിന്റെ സ്ഥാനത്ത് വന്നു. എന്നാൽ ഏററവും ഉലഞ്ഞുപോയ ബന്ധങ്ങളോടുകൂടിയ അവയുടെ യഥാക്രമ സഭകൾ പെട്ടെന്ന് ഒരു പൊതുശത്രുവിനാൽ, ശീഘ്രത്തിൽ വ്യാപിച്ചുകൊണ്ടിരുന്ന ഇസ്ലാമിക ആധിപത്യത്താൽ, ഭീഷണിപ്പെടുത്തപ്പെടുന്നതായി കാണപ്പെട്ടു.
പൗരസ്ത്യസഭ, ഏററവും താമസിച്ചാലും, മുസ്ലീങ്ങൾ ഏഴാം നൂററാണ്ടിൽ ഈജിപ്ററും വടക്കെ ആഫ്രിക്കയിൽ സ്ഥിതിചെയ്തിരുന്ന ബൈസൻറയ്ൻ സാമ്രാജ്യത്തിന്റെ മററു ഭാഗങ്ങളും പിടിച്ചെടുത്തപ്പോൾ ഇതു മനസ്സിലാക്കി.
ഒരു നൂററാണ്ടു കഴിയുന്നതിനുമുമ്പ് ഇസ്ലാം സ്പെയിനിൽകൂടി മുന്നോട്ടുനീങ്ങി ഫ്രാൻസിലേക്ക് പാരീസിന്റെ നൂറു മൈലോളം അടുക്കൽ വരെ എത്തുന്നതു കണ്ടപ്പോൾ പശ്ചിമസഭ ഞെട്ടിപ്പോയി. അനേകം സ്പാനിഷ് കത്തോലിക്കർ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തു, അതേ സമയം മററുള്ളവർ മുസ്ലീം ആചാരങ്ങൾ സ്വീകരിക്കുകയും പകർത്തുകയും മുസ്ലീം സംസ്കാരത്തെ ആശ്ലേഷിക്കുകയും ചെയ്തു. “അതിന്റെ നഷ്ടങ്ങളാൽ രോഷാകുലമായ സഭ അതിന്റെ സ്പാനീഷ് മക്കളുടെയിടയിൽ പ്രതികാരത്തിന്റെ തീനാളങ്ങൾ ആളിക്കുന്നതിനുവേണ്ടി അശ്രാന്തയത്നം ചെയ്തു” എന്ന് പൂർവ്വ ഇസ്ലാം എന്ന പുസ്തകം പറയുന്നു.
പല നൂററാണ്ടുകൾക്കുശേഷം സ്പാനീഷ് കത്തോലിക്കർ തങ്ങളുടെ ദേശത്തിന്റെ അധികഭാഗവും തിരികെ പിടിച്ചശേഷം അവർ “തങ്ങളുടെ മുസ്ലീം പ്രജകളിലേക്ക് തിരിയുകയും കരുണകൂടാതെ അവരെ പീഡിപ്പിക്കുകയും ചെയ്തു. അവർ അവരുടെ വിശ്വാസത്തെ തള്ളിപ്പറയുന്നതിന് നിർബന്ധിക്കുകയും രാജ്യത്തുനിന്ന് ഓടിക്കുകയും സ്പാനീഷ്-മുസ്ലീം സംസ്കാരത്തിന്റെ സകല കണികയെയും പിഴുതെറിയുന്നതിന് കർശനനടപടികൾ സ്വീകരിക്കുകയും ചെയ്തു.”
വാൾ ചൂണ്ടി
ആയിരത്തിതൊണ്ണൂററിയഞ്ചിൽ അർബൻ II-ാമൻ പാപ്പാ യൂറോപ്യൻ കത്തോലിക്കരോട് അക്ഷരീയ വാൾ എടുക്കാൻ ആജ്ഞാപിച്ചു. ക്രൈസ്തവലോകം തങ്ങൾക്ക് പൂർണ്ണമായ അവകാശങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ട മദ്ധ്യപൂർവദേശത്തെ വിശുദ്ധനാടുകളിൽനിന്ന് ഇസ്ലാമിനെ നിഷ്കാസനം ചെയ്യണമായിരുന്നു.
ഒരു “നീതിയുള്ള” യുദ്ധം എന്ന ആശയം പുതിയതായിരുന്നില്ല. ദൃഷ്ടാന്തത്തിന്, സ്പെയിനിലും സിസിലിയിലും മുസ്ലീങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ അതിന് ആഹ്വാനംചെയ്യപ്പെട്ടു. അർബന്റെ അഭ്യർത്ഥനക്ക് കുറഞ്ഞപക്ഷം ഒരു ദശകം മുമ്പ് ഗ്രിഗറി VII-ാമൻ പാപ്പാ “ദൈവത്തിന്റെ എല്ലാ ശത്രുക്കൾക്കുമെതിരെയുള്ള പോരാട്ടത്തിനുവേണ്ടി ഒരു മിലീഷ്യാ ക്രിസ്ററി വിഭാവനചെയ്യുകയും കിഴക്കോട്ട് ഒരു സൈന്യത്തെ അയക്കുന്നതിനെക്കുറിച്ച് അപ്പോൾത്തന്നെ ചിന്തിക്കുകയുംചെയ്തു” എന്ന് പ്രിൻസ്ററൺ തിയളോജിക്കൽ സെമിനാരിയിലെ കാൾഫ്രൈഡ് ഫ്രോലിക്ക് പറയുന്നു.
അർബന്റെ പ്രവർത്തനം ഭാഗികമായി ബൈസൻറയ്ൻ ചക്രവർത്തിയായിരുന്ന അലക്സിയസിന്റെ സഹായാഭ്യർത്ഥനയോടുള്ള പ്രതികരണമായിട്ടായിരുന്നു. എന്നാൽ ക്രൈസ്തവലോകത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള വിഭാഗങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതായി തോന്നിയതിനാൽ ഇത് വഴക്കടിച്ചുകൊണ്ടിരുന്ന സഹോദരീസഭകളെ പുനരേകീകരിക്കാൻ ഉളവാക്കിയ സാധ്യതയാലും പോപ്പ് പ്രേരിതനായിത്തീർന്നിരിക്കാം. എന്തായാലും, അദ്ദേഹം ക്ലെർമോണ്ടിലെ കൗൺസിൽ വിളിച്ചുകൂട്ടി, അത് ഈ “വിശുദ്ധ” കർമ്മത്തിൽ പങ്കെടുക്കാൻ മനസ്സുള്ളവർക്ക് സമ്പൂർണ്ണപാപമോചനം (പാപപൊറുപ്പിനുവേണ്ടിയുള്ള എല്ലാ കൂദാശക്കും ഇളവ്) അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രതികരണം അപ്രതീക്ഷിതമാംവണ്ണം അനുകൂലമായിരുന്നു. “ഡെയൂസ് വോൾട്ട്” (“അത് ദൈവത്തിന്റെ ഇഷ്ടം”) എന്നത് കിഴക്കും പടിഞ്ഞാറും ഒരു മുദ്രാവാക്യമായിത്തീർന്നു.
രണ്ടു നൂററാണ്ടുകളുടെ അധികഭാഗവും ഉൾപ്പെട്ട സൈനികമുന്നേററത്തിന്റെ ഒരു പരമ്പര തുടങ്ങി. (26-ാം പേജിലെ ബോക്സ് കാണുക.) അതിക്രമിച്ചുവന്നവർ ബൈസൻറയ്ൻകാർ ആണെന്ന് മുസ്ലീങ്ങൾ ആദ്യം വിചാരിച്ചു. എന്നാൽ അവരുടെ യഥാർത്ഥ ഉറവിടം തിരിച്ചറിഞ്ഞശേഷം അവർ അവരെ ഫ്രാങ്ക്സ്—ഫ്രാൻസിന് പിന്നീട് ആ പേർ ലഭിക്കാനിടയാക്കിയ ജർമ്മൻ ജനത—എന്നു വിളിച്ചു. ഈ യൂറോപ്യൻ “കിരാതരു”ടെ വെല്ലുവിളിയെ നേരിടുന്നതിന് മുസ്ലീങ്ങളുടെയിടയിൽ ഒരു വിശുദ്ധ യുദ്ധം അഥവാ സമരമായ ജിഹാദിനുവേണ്ടിയുള്ള വൈകാരികചിന്ത വളർന്നു.
ബ്രിട്ടീഷ് പ്രൊഫസറായ ഡെസ്മണ്ട് സ്ററിവാർട്ട് ഇപ്രകാരം ചൂണ്ടിക്കാണിക്കുന്നു: “തങ്ങളുടെ ഉപദേശത്താലും ദൃഷ്ടാന്തത്താലും ഇസ്ലാം സംസ്കാരത്തിന്റെ വിത്തുകൾ പാകിയ ഓരോ പണ്ഡിതനും അല്ലെങ്കിൽ വ്യാപാരിക്കും വേണ്ടി ഒരു പടയാളിയുണ്ടായിരുന്നു, അയാൾക്കെതിരെ യുദ്ധംചെയ്യാൻ ഇസ്ലാം ആഹ്വാനംചെയ്തു.” 12-ാം നൂററാണ്ടിന്റെ ഉത്തരാർദ്ധത്തോടെ നൂറുദീൻ എന്ന മുസ്ലീം നേതാവ് ഉത്തര സിറിയയിലെയും ഉത്തര മെസൊപ്പൊട്ടേമിയായിലെയും മുസ്ലീങ്ങളെ ഏകീകരിച്ചുകൊണ്ട് ഒരു കഴിവുററ സൈനികശക്തിയെ സംഘടിപ്പിച്ചിരുന്നു. അതുകൊണ്ട് “മദ്ധ്യയുഗങ്ങളിലെ ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ മതത്തെ പുരോഗമിപ്പിക്കുന്നതിന് ആയുധം എടുത്തതുപോലെതന്നെ മുസ്ലീങ്ങളും പ്രവാചകന്റെ മതത്തെ പുരോഗമിപ്പിക്കുന്നതിന് ആയുധം എടുത്തു” എന്ന് സ്ററിവാർട്ട് തുടർന്നു പറയുന്നു.
തീർച്ചയായും, മതത്തെ പുരോഗമിപ്പിക്കുക എന്നതായിരുന്നില്ല എല്ലായ്പ്പോഴും പ്രേരകശക്തി. മിക്ക യൂറോപ്യൻമാർക്കും കുരിശുയുദ്ധങ്ങൾ “കീർത്തി സമ്പാദിക്കുന്നതിന് അല്ലെങ്കിൽ കൊള്ളമുതൽ ശേഖരിക്കുന്നതിന് അല്ലെങ്കിൽ പുതിയ തോട്ടങ്ങൾ സമ്പാദിക്കുന്നതിന് അല്ലെങ്കിൽ മുഴു രാജ്യങ്ങളെയും ഭരിക്കുന്നതിന്—അല്ലെങ്കിൽ മഹത്തായ സാഹസകൃത്യങ്ങളിലൂടെ കേവലം വിരസതയിൽ നിന്ന് രക്ഷപ്പെടാൻ—അപ്രതിരോധ്യമായ അവസരം പ്രദാനം ചെയ്തു” എന്ന് ദി ബർത്ത് ഓഫ് യൂറോപ്പ് എന്ന പുസ്തകം ചൂണ്ടിക്കാണിക്കുന്നു. ഇററലിക്കാരായ വ്യാപാരികൾ പൗരസ്ത്യ മെഡിറററേനിയൻ രാജ്യങ്ങളിൽ വാണിജ്യസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള അവസരവും കണ്ടെത്തി. എന്നാൽ പ്രേരകഘടകം എന്തായിരുന്നാലും എല്ലാവരും പ്രത്യക്ഷത്തിൽ തങ്ങളുടെ മതത്തിനുവേണ്ടി മരിക്കാൻ തയ്യാറായിരുന്നു—ക്രൈസ്തവലോകത്തിന്റെ ഒരു “നീതി”യുദ്ധത്തിലായാലും മുസ്ലീങ്ങളുടെ ഒരു ജിഹാദിലായാലും.
വാൾ അപ്രതീക്ഷിതഫലങ്ങൾ കൈവരുത്തുന്നു
“കുരിശുയുദ്ധങ്ങൾ കിഴക്കുള്ള മുസ്ലീങ്ങൾക്കെതിരെ തിരിച്ചുവിടപ്പെട്ടതായിരുന്നെങ്കിലും കുരിശുയുദ്ധം നടത്തിയവരുടെ തീക്ഷ്ണത കുരിശുയുദ്ധക്കാർ ശേഖരിക്കപ്പെട്ട രാജ്യങ്ങളിൽ, അതായത് യൂറോപ്പിൽ, വസിച്ചിരുന്ന യഹൂദൻമാരുടെ മേലും പ്രയോഗിക്കപ്പെട്ടു. കുരിശുയുദ്ധം നടത്തിയിരുന്നവരുടെയിടയിലെ ജനപ്രീതിയുള്ള ഒരു വിഷയം യേശുവിന്റെ മരണത്തിന് പ്രതികാരം ചെയ്യുക എന്നതായിരുന്നു, യഹൂദൻമാർ ആദ്യത്തെ ഇരകളായിത്തീർന്നു. റൂവെനിൽ 1096-ൽ യഹൂദപീഡനം നടന്നു, തുടർന്ന് പെട്ടെന്ന് വോംസിലും മെയിൻസിലും കൊളോണിലും കൂട്ടക്കൊലകൾ നടന്നു” എന്ന് ദി എൻസൈക്ലോപ്പഡിയാ ഓഫ് റിലിജിയൻ പറയുന്നു. ഇത് നാസി ജർമ്മനിയിലെ കൂട്ടക്കൊലപാതകത്തിന്റെ നാളുകളിലെ ശേമ്യവിരുദ്ധ ആത്മാവിന്റെ മുന്നോടി മാത്രമായിരുന്നു.
കുരിശുയുദ്ധങ്ങൾ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പിരിമുറുക്കം വർദ്ധിപ്പിക്കുകയും ചെയ്തു. അത് 1054-ൽ കിഴക്കിന്റെ പാത്രിയാർക്ക് ആയിരുന്ന മീഖായേൽ സെറുലേറിയസും പടിഞ്ഞാറിന്റെ കർദ്ദിനാളായിരുന്ന ഹംബെർട്ടും പരസ്പരം മതഭ്രഷ്ടരാക്കിയപ്പോൾമുതൽ വളർന്നുവരികയായിരുന്നു. കുരിശുയുദ്ധക്കാർ തങ്ങൾ പിടിച്ചടക്കിയ നഗരങ്ങളിൽ ഗ്രീക്കുപുരോഹിതൻമാർക്കു പകരം ലാററിൻ ബിഷപ്പൻമാരെ മാററിപ്രതിഷ്ഠിച്ചപ്പോൾ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഭിന്നത സാധാരണജനങ്ങളെ സ്പർശിക്കത്തക്കവണ്ണം കീഴോട്ടു വന്നു.
മുൻ ആംഗ്ലിക്കൻ കാനൻ ഓഫ് കാൻറർബറിയായ ഹെർബർട്ട് വാഡംസ് പറയുന്ന പ്രകാരം ഇന്നസൻറ് III-ാമൻ പാപ്പാ “കാപട്യം കാട്ടിയ” നാലാം കുരിശുയുദ്ധകാലത്ത് രണ്ടു സഭകളും തമ്മിലുള്ള ഭിന്നിപ്പ് പൂർത്തിയായി. ഒരു വശത്ത് പോപ്പ് കോൺസ്ററാൻറിനോപ്പിളിന്റെ കൊള്ളയടിയിൽ രോഷാകുലനായി. (26-ാം പേജിലെ ചതുരം കാണുക.) അദ്ദേഹം ഇങ്ങനെ എഴുതി: “ലത്തീൻകാർതന്നെ ദുഷ്ടതയുടെ ഒരു ദൃഷ്ടാന്തം വെക്കുകയും പിശാചിന്റെ വേല ചെയ്യുകയും ചെയ്യുന്നതിനാൽ, നല്ല കാരണത്താൽ ഗ്രീക്കുകാർ അവരെ പട്ടികളേക്കാൾ മോശമായി വെറുക്കുമ്പോൾ ഗ്രീക്ക് സഭ എങ്ങനെ അപ്പോസ്തലിക സിംഹാസനത്തോടുള്ള ഭക്തിയിൽ തിരികെ വരാൻ പ്രതീക്ഷിക്കാൻ കഴിയും?” മറുവശത്ത് അദ്ദേഹം അവിടെ ഒരു പശ്ചിമ പാത്രിയർക്കീസിന്റെ കീഴിൽ ഒരു ലാററിൻ രാജ്യം സ്ഥാപിച്ചുകൊണ്ട് നിഷ്പ്രയാസം സാഹചര്യത്തെ മുതലെടുത്തു.
രണ്ടു നൂററാണ്ടുകാലത്തെ മിക്കവാറും തുടർച്ചയായ പോരാട്ടത്തിനുശേഷം ബൈസൻറിയൻ സാമ്രാജ്യം ഓട്ടോമൻ ടർക്കികളുടെ ഉഗ്രമായ ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ കഴിയാതെവണ്ണം വളരെ ക്ഷീണിച്ചിരുന്നു. അവർ ഒടുവിൽ 1453 മെയ് 29-ാംതീയതി കോൺസ്ററാൻറിനോപ്പിൾ പിടിച്ചടക്കി. ആ സാമ്രാജ്യം കേവലം ഒരു ഇസ്ലാം വാളിനാൽമാത്രമല്ല പിന്നെയോ ആ സാമ്രാജ്യത്തിന്റെ റോമിലെ സഹോദരീ സഭ പ്രയോഗിച്ച വാളിനാലും വെട്ടിവീഴ്ത്തപ്പെട്ടു. വിഭജിക്കപ്പെട്ട ക്രൈസ്തവലോകം ഇസ്ലാമിന് യൂറോപ്പിലേക്ക് പ്രവേശിക്കുന്നതിന് ഒരു സൗകര്യപ്രദമായ അടിസ്ഥാനം ഇട്ടുകൊടുത്തു.
രാഷ്ട്രീയത്തിന്റെയും പീഡനത്തിന്റെയും വാളുകൾ
കുരിശുയുദ്ധങ്ങൾ പാപ്പായുടെ മതപരവും രാഷ്ട്രീയവുമായ നേതൃസ്ഥാനത്തിന്റെ ശക്തി ബലിഷ്ഠമാക്കിത്തീർത്തു. അവ “പാപ്പാമാർക്ക് യൂറോപ്യൻ നയതന്ത്രത്തിൽ ഒരു നിയന്ത്രണാധികാരം കൊടുത്തു”വെന്ന് ചരിത്രകാരനായ ജോൺ എച്ച് മുണ്ടി എഴുതുന്നു. താമസിയാതെ “സഭ യൂറോപ്പിന്റെ ഏററവും വലിയ ഗവൺമെൻറ് ആയിരുന്നു. . . , മറേറതൊരു പാശ്ചാത്യ ഗവൺമെൻറിനേക്കാളും അധികം ശക്തി പ്രയോഗിക്കാൻ [പ്രാപ്തവുമായിരുന്നു].”
പശ്ചിമ റോമാ സാമ്രാജ്യം തകർന്നപ്പോൾ അധികാരത്തിലേക്കുള്ള കയററം സാദ്ധ്യമായി. സഭ പടിഞ്ഞാറുള്ള ഏക ഏകീകരണ ശക്തിയായി അവശേഷിച്ചു, തന്നിമിത്തം അപ്പോഴും ഒരു ശക്തമായ ലൗകിക അധികാരിയായിരുന്ന ബൈസൻറിയൻ ചക്രവർത്തിയുടെ ഭരണത്തിൻകീഴിൽ ആയിരുന്ന കിഴക്കൻ സഭയെക്കാൾ കൂടുതൽ സജീവമായ രാഷ്ട്രീയ റോൾ വഹിച്ചുതുടങ്ങുകയും ചെയ്തു. പശ്ചിമ സഭക്കുണ്ടായിരുന്ന ഈ രാഷ്ട്രീയ പ്രാമുഖ്യം കിഴക്കൻ സഭ തിരസ്കരിച്ച ഒരു ആശയമായ പാപ്പായുടെ പരമാധികാരം സംബന്ധിച്ച പശ്ചിമ സഭയുടെ അവകാശവാദത്തിന് വിശ്വാസ്യതയേകി. പാപ്പാ ബഹുമാനത്തിന് അർഹനാണെന്ന് സമ്മതിച്ചുവെങ്കിലും അദ്ദേഹത്തിന് ഉപദേശസംബന്ധമായോ ഭരണം സംബന്ധിച്ചോ അന്തിമമായ അധികാരം ഉണ്ടെന്നുള്ളതിനോട് പൗരസ്ത്യസഭ വിയോജിച്ചു.
രാഷ്ട്രീയ ശക്തിയാലും തെററായി നയിക്കപ്പെട്ട മതവിശ്വാസത്താലും റോമൻകത്തോലിക്കാസഭ എതിർപ്പിനെ അമർച്ചചെയ്യുന്നതിന് വാളെടുത്തു. പാഷണ്ഡികളെ വേട്ടയാടിനശിപ്പിക്കൽ അതിന്റെ തൊഴിലായിത്തീർന്നു. ചെക്കോസ്ലൊവോക്യായിലെ പ്രാഗിലുള്ള കാൾസ് യൂണിവേഴ്സിററിയിലെ ചരിത്ര പ്രൊഫസറൻമാരായ മിറോസ്ലാവ് ഹ്റോച്ചും അന്നാ സ്കൈബോവായും, ഇൻക്വിസിഷൻ അഥവാ പാഷണ്ഡികളെ കൈകാര്യം ചെയ്യാൻ ഉദ്ദേശിച്ച് ഏർപ്പെടുത്തിയ പ്രത്യേക കോടതി എപ്രകാരം പ്രവർത്തിച്ചിരുന്നു എന്ന് വിശദീകരിക്കുന്നു: “സാധാരണ നടപടിക്കു വിരുദ്ധമായി, വിവരം അറിയിക്കുന്നവരുടെ പേരുകൾ . . . വെളിപ്പെടുത്തേണ്ടതില്ലായിരുന്നു.” ഇന്നസൻറ് IV-ാമൻ പാപ്പാ 1252-ൽ ദണ്ഡനം അനുവദിച്ച “ആഡ് എക്സ്റെറർപാണ്ടാ” എന്ന ബുൾ ഇറക്കി, അത് ദണ്ഡനം അനുവദിച്ചു. 13-ാം നൂററാണ്ടായതോടെ പാഷണ്ഡികളെ വധിക്കാൻ സാധാരണയായി നിലവിലുണ്ടായിരുന്ന രീതിയായ സ്തംഭത്തിൽ ചുട്ടെരിക്കലിന് . . . അതിന്റെ സൂചിതാർത്ഥം ഉണ്ടായിരുന്നു, ഈ തരത്തിലുള്ള ശിക്ഷ നടപ്പിലാക്കുന്നതിനാൽ സഭ രക്തപാതകം വഹിക്കുന്നില്ല എന്നുതന്നെ.”
ആ മതവിചാരണക്കാർ പതിനായിരക്കണക്കിന് ആളുകളെ ശിക്ഷിച്ചു. മററ് ആയിരങ്ങളെ സ്തംഭത്തിൽ ദഹിപ്പിച്ചു. ചരിത്രകാരനായ വിൽ ഡ്യൂറൻറ് ഇപ്രകാരം അഭിപ്രായപ്പെടുന്നതിലേക്ക് അതു നയിച്ചു: “ഒരു ചരിത്രകാരനിൽനിന്ന് ആവശ്യപ്പെടുന്നതും ഒരു ക്രിസ്ത്യാനിക്ക് അനുവദിക്കപ്പെട്ടിരിക്കുന്നതുമായ മുഴു വിട്ടുവീഴ്ചകളും ചെയ്തുകൊണ്ട് നാം മതവിചാരണ . . . മനുഷ്യവർഗ്ഗത്തിന്റെ രേഖയിലെ ഏററവും ഇരുണ്ട കളങ്കങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതായി സ്ഥാനംകല് പിക്കേണ്ടതാണ്, യാതൊരു കാട്ടുമൃഗത്തിലും അറിയപ്പെടാത്ത ക്രൗര്യത്തെ വെളിപ്പെടുത്തുന്നതുതന്നെ.”
മതവിചാരണാസംഭവങ്ങൾ 17-ാം നൂററാണ്ടിലെ ഫ്രഞ്ച് തത്വജ്ഞാനിയും ശാസ്ത്രജ്ഞനുമായിരുന്ന ബെയ്ള്സ് പാസ്കൽ എഴുതിയ ഈ വാക്കുകളെ ഓർമ്മയിലേക്കു വരുത്തുന്നു: “മനുഷ്യർ മതപരമായ വിശ്വാസത്താൽ ചെയ്യുമ്പോഴത്തെപ്പോലെ അത്ര പൂർണ്ണമായും ആഹ്ലാദത്തോടെയും മറെറാരിക്കലും ദുഷ്ടത ചെയ്യുന്നില്ല.” സത്യത്തിൽ, വ്യത്യസ്ത മതവിശ്വാസത്തിൽപെട്ട ആളുകൾക്കെതിരെയുള്ള പീഡനത്തിന്റെ വാൾ ചുഴററൽ കായേൻ ഹാബേലിനെ അടിച്ചുവീഴ്ത്തിയപ്പോൾ മുതൽ എല്ലായ്പ്പോഴും വ്യാജമതത്തിന്റെ സവിശേഷതയായിരുന്നിട്ടുണ്ട്.—ഉൽപ്പത്തി 4:8.
അനൈക്യത്തിന്റെ വാളിനാൽ ഛേദിക്കപ്പെടുന്നു
ദേശീയ ഭിന്നതയും രാഷ്ട്രീയ കൗശലവും 1309-ൽ പാപ്പായുടെ ആസ്ഥാനം റോമിൽനിന്ന് ആവിന്യനിലേക്ക് മാററുന്നതിലേക്ക് നയിച്ചു. 1377-ൽ അത് റോമിൽ പുനഃസ്ഥിതീകരിക്കപ്പെട്ടെങ്കിലും ഒരു പുതിയ പാപ്പായായി അൽബൻ VI-ാമനെ തെരഞ്ഞെടുത്തതോടെ അധികം താമസിയാതെ പിന്നെയും കലഹമുണ്ടായി. എന്നാൽ അദ്ദേഹത്തെ തെരഞ്ഞെടുത്ത അതേ കർദ്ദിനാൾ സംഘം തന്നെ ഒരു എതിർപാപ്പായായ ക്ലെമൻറ് VII-ാമനെയും തെരഞ്ഞെടുത്തു. അദ്ദേഹം ആവിന്യനിൽ ആസ്ഥാനം ഉറപ്പിച്ചു. 15-ാം നൂററാണ്ടിന്റെ തുടക്കത്തോടെ കാര്യങ്ങൾ പൂർവാധികം കുഴപ്പത്തിലായി. അന്ന് ഒരേ സമയത്ത് മൂന്നു പാപ്പാമാർ കുറേക്കാലത്തേക്ക് ഭരണം നടത്തി!
പശ്ചിമ പിളർപ്പ് അഥവാ വലിയ പിളർപ്പ് എന്നറിയപ്പെട്ട ഈ സാഹചര്യം കോൺസ്ററാൻസിലെ കൗൺസിലോടെ അവസാനിച്ചു. അത് കൗൺസിൽതത്വം പ്രായോഗികമാക്കി. അത് സഭാപരമായ അന്തിമ അധികാരം പാപ്പാധിപത്യത്തിലല്ല പിന്നെയോ പൊതു കൗൺസിലുകളിൽ ആണ് സ്ഥിതിചെയ്യുന്നത് എന്ന സിദ്ധാന്തമാണ്. അങ്ങനെ 1417-ൽ കൗൺസിലിന് മാർട്ടിൻ V-ാമനെ പുതിയ പാപ്പായായി തിരഞ്ഞെടുക്കാൻ കഴിഞ്ഞു. വീണ്ടും ഒരിക്കൽകൂടി യോജിച്ചെങ്കിലും സഭ ഗുതുതരമായി ദുർബലമായി. എന്നിരുന്നാലും, വടുക്കൾ അവശേഷിച്ചെങ്കിലും പരിഷ്കാരം വരുത്തേണ്ടതിന്റെ ആവശ്യം അംഗീകരിക്കുന്നതിന് പാപ്പാധിപത്യം വിസമ്മതിച്ചു. സെയിൻറ് വ്ളാഡിമിറിന്റെ ഓർത്തഡോക്സ് വൈദിക സെമ്മിനാരിയിലെ ജോൺ എൽ. ബുജാമ്ര പറയുന്നതനുസരിച്ച് ഈ പരാജയമാണ് “പതിനാറാം നൂററാണ്ടിലെ നവീകരണത്തിന് അടിസ്ഥാനമിട്ടത്.”
അവർ തങ്ങളുടെ മതമനുസരിച്ച് ജീവിച്ചിരുന്നോ?
ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകൻ ശിഷ്യരെ ഉളവാക്കാൻ തന്റെ അനുഗാമികളോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ഭൗതികബലപ്രയോഗം നടത്താൻ അവരോട് പറഞ്ഞിരുന്നില്ല. യഥാർത്ഥത്തിൽ “വാൾ എടുക്കുന്നവരെല്ലാം വാളാൽ നശിക്കും” എന്ന് അവൻ പ്രത്യേകമായി മുന്നറിയിപ്പുകൊടുത്തിരുന്നു. അതുപോലെതന്നെ, അനുകൂലമനസ്ഥിതിയില്ലാത്ത ആരെയും ശാരീരികമായി ദ്രോഹിക്കാൻ അവൻ തന്റെ അനുഗാമികളോട് നിർദ്ദേശിച്ചിരുന്നില്ല. അനുസരിക്കേണ്ടിയിരുന്ന ക്രിസ്തീയ തത്വം ഇതായിരുന്നു: “കർത്താവിന്റെ ഒരു അടിമ ശണ്ഠയിടേണ്ടതില്ല, എന്നാൽ തിൻമയിൽ നിയന്ത്രണം പാലിച്ചുകൊണ്ടും അനുകൂല മനസ്ഥിതി ഇല്ലാത്തവരെ സൗമ്യതയോടെ പ്രബോധിപ്പിച്ചുകൊണ്ടും എല്ലാവരോടും ശാന്തനായി പഠിപ്പിക്കാൻ യോഗ്യനായിരിക്കേണ്ടയാവശ്യമുണ്ട്.”—മത്തായി 26:52; 2 തിമൊഥെയോസ് 2:24, 25.
അക്ഷരീയ യുദ്ധവാളും രാഷ്ട്രീയത്തിന്റെയും പീഡനത്തിന്റെയും പ്രതീകാത്മക വാളുകളും പ്രയോഗിച്ചതിനാൽ ക്രൈസ്തവലോകം അതിന്റെ സ്ഥാപകനായി അവകാശപ്പെടുന്ന ഒരുവന്റെ നേതൃത്വത്തെ വ്യക്തമായി പിന്തുടരുകയായിരുന്നില്ല. അനൈക്യത്താൽ തകർന്നിരുന്ന ക്രൈസ്തവലോകം പൂർണ്ണമായ തകർച്ചയുടെ ഭീഷണിയെ അഭിമുഖീകരിച്ചു. റോമൻകത്തോലിക്കാ മതം “നവീകരണത്തിന്റെ അത്യാവശ്യമുള്ള ഒരു മതമായിരുന്നു.” എന്നാൽ നവീകരണമുണ്ടാകുമോ? ഉണ്ടാകുമെങ്കിൽ എപ്പോൾ? ആരിൽനിന്ന്? നമ്മുടെ അടുത്ത ലക്കം നമ്മോടു പറയും. (g89 8/8)
[26-ാം പേജിലെ ചതുരം/ചിത്രം]
നല്ല ക്രിസ്തീയയുദ്ധമോ?
കുരിശുയുദ്ധങ്ങൾ ക്രിസ്ത്യാനികളോട് നടത്താൻ നിർദ്ദേശിച്ചിരുന്ന നല്ല യുദ്ധമായിരുന്നോ?—2 കൊരിന്ത്യർ 10:3, 4; 1 തിമൊഥെയോസ് 1:18.
ആദ്യത്തെ കുരിശുയുദ്ധം (1096-99) ജറുശലേമിന്റെ തിരിച്ചുപിടിക്കലിലും കിഴക്ക് ജറുശലേം രാജ്യം, എഡേസാകൗണ്ടി, അന്ത്യോക്യാ രാജ്യം, ട്രിപ്പോളി കൗണ്ടി എന്നീ നാലു ലാററിൻ സംസ്ഥാനങ്ങളുടെ സ്ഥാപിക്കലിലും കലാശിച്ചു. ചരിത്രകാരനായ എച്ച്.ജി. വെൽസ് ഉദ്ധരിച്ച ഒരു പ്രമാണത്തിൽ ജറുശലേമിന്റെ പിടിച്ചടക്കലിനെക്കുറിച്ച് ഇപ്രകാരം പറയുന്നു: “സംഹാരം ഭയാനകമായിരുന്നു; ജയിച്ചടക്കപ്പെട്ടവരുടെ രക്തം മനുഷ്യർ തെരുവിൽകൂടി സഞ്ചരിച്ചപ്പോൾ തട്ടിത്തെറിപ്പിക്കത്തക്കവണ്ണം അതിലൂടെ ഒഴുകി. രാത്രിയാകുമ്പോൾ കുരിശുയുദ്ധക്കാർ ‘സന്തോഷാധിക്യത്താൽ തേങ്ങിക്കൊണ്ട്’ തങ്ങളുടെ മുന്തിരിച്ചക്കുചവിട്ടലിൽനിന്ന് ശവകുടീരത്തിങ്കലേക്കു വരികയും തങ്ങളുടെ രക്തക്കറപുരണ്ട കൈകൾ പ്രാർത്ഥനയിൽ ഒന്നിച്ചു പിടിക്കുകയും ചെയ്തിരുന്നു.”
രണ്ടാമത്തെ കുരിശുയുദ്ധം (1147-49) 1144-ൽ എഡെസാ കൗണ്ടി സിറിയൻ മുസ്ലീങ്ങൾക്ക് പോയതിനാലായിരുന്നു തുടങ്ങിയത്; അത് മുസ്ലീങ്ങൾ വിജയപൂർവം ക്രൈസ്തവലോകത്തിന്റെ “പാഷണ്ഡികളെ” തിരിച്ചോടിച്ചപ്പോൾ അവസാനിച്ചു.
മൂന്നാമത്തെ കുരിശുയുദ്ധം (1189-92), മുസ്ലീങ്ങൾ ജറുശലേമിനെ തിരിച്ചുപിടിച്ചതിനുശേഷം നടത്തപ്പെട്ടു, അതിന്റെ നേതാക്കൻമാരിൽ ഒരാൾ ഇംഗ്ലണ്ടിലെ “സിംഹഹൃദയനാ”യ റിച്ചാർഡ് I-ാമൻ ആയിരുന്നു. അത് പെട്ടെന്ന് “ഉരസ്സലിലൂടെയും വഴക്കിലൂടെയും സഹകരണക്കുറവിലൂടെയും ശിഥിലമായി” എന്ന് മത സർവവിജ്ഞാനകോശം പറയുന്നു.
നാലാമത്തെ കുരിശുയുദ്ധം (1202-4) പണത്തിന്റെ കുറവുനിമിത്തം ഈജിപ്ററിൽനിന്ന് കോൺസ്ററാൻറിനോപ്പിളിലേക്ക് തിരിച്ചുവിടപ്പെട്ടു. ഒരു ബൈസൻറയ്ൻ കിരീടാവകാശിയായി നടിച്ച അലക്സിയസിനെ അധികാരത്തിലേററുന്നതിന് സഹായിക്കുന്നതിനു പകരമായി ഭൗതികസഹായം വാഗ്ദാനം ചെയ്യപ്പെട്ടു. “[തത്ഫലമായി] നടന്ന കുരിശുയുദ്ധക്കാരാലുള്ള കോൺസ്ററാൻറിനോപ്പിളിന്റെ കൊള്ളയടി കിഴക്കൻ ഓർത്തഡോക്സുകാർ ഒരിക്കലും മറക്കുകയൊ ക്ഷമിക്കുകയൊ ചെയ്തിട്ടില്ല” എന്ന് മത സർവവിജ്ഞാനകോശം പറയുന്നു. അത് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “മതപിളർപ്പിന്റെ ഉറച്ച സ്ഥാപനത്തിന്റെ ഏതെങ്കിലും ഒരു തീയതി കുറിക്കണമെങ്കിൽ, ഏററവും ഉചിതമായത്—എങ്ങനെയായാലും ഒരു മനഃശാസ്ത്രപരമായ നിലപാടിൽ—1204 എന്ന വർഷമാണ്.”
കുട്ടികളുടെ കുരിശുയുദ്ധം (1212) ജർമ്മനിയിലെയും ഫ്രാൻസിലെയും ആയിരക്കണക്കിനു കുട്ടികൾ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തുകപോലും ചെയ്യുന്നതിനു മുമ്പ് മരിക്കാനിടയാക്കി.
അഞ്ചാമത്തെ കുരിശുയുദ്ധം (1217-21)—പാപ്പായുടെ നിയന്ത്രണത്തിലുള്ള അവസാനത്തേത്—വികലമായ നേതൃത്വവും വൈദിക ഇടപെടലും നിമിത്തം പരാജയപ്പെട്ടു.
ആറാമത്തെ കുരിശുയുദ്ധം (1228-29) ഗ്രിഗറി IX-ാമൻ പാപ്പായാൽ നേരത്തെ മുടക്കപ്പെട്ട ഫ്രെഡറിക്ക് II-ാമൻ ചക്രവർത്തിയാൽ നയിക്കപ്പെട്ടു.
ഏഴും എട്ടും കുരിശുയുദ്ധങ്ങൾ (1248-54ഉം 1270-72ഉം) ഫ്രാൻസിലെ ലൂയിസ് IX-ാമനാൽ നയിക്കപ്പെട്ടുവെങ്കിലും വടക്കെ ആഫ്രിക്കയിൽ വെച്ചുള്ള അദ്ദേഹത്തിന്റെ മരണത്തിനുശേഷം തകർന്നുപോയി.
[25-ാം പേജിലെ ചിത്രം]
ജർമ്മനിയിലെ വോംസിലുള്ള യഹൂദ്യശവക്കോട്ട—ഒന്നാം കുരിശുയുദ്ധത്തിന്റെ ഒരു അനുസ്മാരകം