മഴവനങ്ങളെ സംരക്ഷിക്കേണ്ടത് എന്തുകൊണ്ട്?
ഒരു ജനക്കൂട്ടം ഒരു ഫുട്ട്ബോൾ മത്സരം നിരീക്ഷിക്കുകയും വന്യമായി ആഹ്ലാദാരവം മുഴക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവർ ആ കളി എന്നേക്കും നിൽക്കാൻ ആശിക്കുന്നു. എന്നാൽ അവർ കളിക്കാരെ വെടിവെച്ചുകൊണ്ടിരിക്കുന്നു. മരിച്ചവരെ ഓരോരുത്തരെയായി കളിസ്ഥലത്തുനിന്ന് നീക്കംചെയ്യുന്നു. കളി മന്ദീഭവിച്ചപ്പോൾ ജനക്കൂട്ടം കോപാകുലരായിത്തീരുന്നു.
വനനശീകരണം ഏതാണ്ടിതുപോലെയാണ്. മനുഷ്യർ യഥാർത്ഥത്തിൽ വനങ്ങളിൽ ആശ്രയിച്ചുകൊണ്ട് അവ ആസ്വദിക്കുന്നു. എന്നാൽ അവർ കളിക്കാർക്കു തുല്യരായ, സസ്യങ്ങളുടെ ഓരോരോ ഇനങ്ങളെയും മൃഗങ്ങളെയും കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു, അവയുടെ കൂട്ടായ പ്രവർത്തനമാണ് വനങ്ങളെ ജീവനുള്ളതായി നിലനിർത്തുന്നത്. എന്നിരുന്നാലും ഇത് ഒരു കളിയേക്കാൾ കൂടിയതാണ്. വനനശീകരണം നിങ്ങളെ ബാധിക്കുന്നു. നിങ്ങൾ ഒരിക്കലും ഒരു മഴവനം കണ്ടിട്ടില്ലെങ്കിൽപോലും അത് നിങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരത്തെ സ്പർശിക്കുന്നു.
ശാസ്ത്രജ്ഞൻമാർ ജീവവൈവിധ്യം എന്നു വിളിക്കുന്ന അത്യന്തം വിവിധങ്ങളായ ജീവികളാണ് മഴവനങ്ങളുടെ ഏററവും വലിയ ആസ്തിയെന്ന് ചിലർ അവകാശപ്പെടുന്നു. മലേഷ്യൻമഴവനത്തിന്റെ അഞ്ചിലൊന്നു ചതുരശ്രമൈലിൽ 835 ഇനം വൃക്ഷങ്ങൾ വളർന്നേക്കാം, ഇത് ഐക്യനാടുകളിലും കാനഡായിലും കൂടി ഉള്ളതിനെക്കാൾ കൂടുതലാണ്.
എന്നാൽ, ഈ തഴച്ചുവളരുന്ന ജീവസംഘാതം ദുർബ്ബലമാണ്. ഒരു ശാസ്ത്രജ്ഞൻ ഓരോ ഇനത്തെയും ഒരു വിമാനത്തിലെ മടക്കാണികളോട് താരതമ്യപ്പെടുത്തി. കൂടുതൽ ആണികൾ ശബ്ദത്തോടെ ഇളകുമ്പോൾ കൂടുതൽ മററുള്ളവ വർദ്ധിച്ച സമ്മർദ്ദത്തിൽ ഇളകാൻ തുടങ്ങുന്നു. ആ താരതമ്യം സാധുതയുള്ളതാണെങ്കിൽ നമ്മുടെ ഗ്രഹം തകരാറിലായ ഒരു “വിമാന”മാണ്. മഴവനങ്ങൾ ചുരുങ്ങുന്നതിനനുസരിച്ച് സസ്യങ്ങളുടെയും മൃഗങ്ങളുടെയും പതിനായിരം ഇനങ്ങൾ ഓരോ വർഷവും നഷ്ടപ്പെടുന്നുവെന്ന് ചിലർ കണക്കാക്കുന്നു. നശീകരണ നിരക്ക് ഇപ്പോൾ ഈ ഗ്രഹത്തിന്റെ ചരിത്രത്തിലുടനീളം സംഭവിച്ചിട്ടുള്ളതിന്റെ ഉദ്ദേശം 400 മടങ്ങ് വേഗതയിൽ ആയിരിക്കുന്നു.
ജീവവൈവിധ്യത്തിലെ ഈ കുറവിൽനിന്നു സംജാതമാകുന്ന കേവല വിജ്ഞാനനഷ്ടത്തെക്കുറിച്ച് ശാസ്ത്രജ്ഞൻമാർ വിലപിക്കുന്നു. അത് ഒരു ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ വായിച്ചുതീരുന്നതിനു മുമ്പ് അതിനെ ദഹിപ്പിക്കുന്നതുപോലെയാണെന്ന് അവർ പറയുന്നു. എന്നാൽ കൂടുതൽ സ്പർശനീയമായ നഷ്ടങ്ങളും ഉണ്ട്. ദൃഷ്ടാന്തത്തിന്, ഐക്യനാടുകളിൽ കുറിക്കപ്പെടുന്ന മരുന്നുകളിൽ 25 ശതമാനം ഉഷ്ണമേഖലാവന സസ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളവയാണ്. അത്തരത്തിലുള്ള ഒരു ഔഷധം ശിശുക്കളിലെ രക്താർബുദത്തിന്റെ ശമനനിരക്ക് 1960കളിലെ 20 ശതമാനത്തിൽനിന്ന് 1985-ൽ 80 ശതമാനമായി വർദ്ധിപ്പിച്ചു. അതുകൊണ്ട്, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് പറയുന്നതനുസരിച്ച് മഴവനങ്ങൾ, “ഒരു വിപുലമായ വൈദ്യശാലയെ പ്രതിനിധീകരിക്കുന്നു.” എണ്ണമററ സസ്യങ്ങളെ ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല, സാധ്യതയുള്ള ഔഷധ ഉപയോഗം സംബന്ധിച്ച പരിശോധനയുടെ കാര്യം പറയുകയും വേണ്ട.
അതുകൂടാതെ, നമ്മുടെ ഭക്ഷ്യധാന്യങ്ങളിൽ എത്രയിനം ആരംഭത്തിൽ മഴവനങ്ങളിൽ കാണപ്പെട്ടിരുന്ന സസ്യങ്ങളിൽനിന്ന് ഉത്ഭവിച്ചതാണെന്ന് ചുരുക്കം ചിലരെ തിരിച്ചറിയുന്നുള്ളു. (11-ാം പേജിലെ ചതുരം കാണുക.) ഈ നാൾവരെ ശാസ്ത്രജ്ഞൻമാർ വനത്തിൽ വളരുന്ന പ്രതികൂലസാഹചര്യങ്ങളെ ചെറുത്തുനിൽക്കാൻ സസ്യങ്ങളിൽ നിന്ന് ജീനുകളെ ശേഖരിക്കുകയും അവയെ അവയുടെ ദുർബ്ബല പിൻഗാമികളുടെ, ഗാർഹികവിളകളുടെ, രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു. ശാസ്ത്രജ്ഞൻമാർ വിളനാശംമൂലമുള്ള സഹസ്രലക്ഷക്കണക്കിന് ഡോളറുകളെ ആ വിധത്തിൽ സംരക്ഷിച്ചു.
കൂടാതെ, ഇനിയും ഏതുമഴവന ഭക്ഷ്യം ആഗോളപ്രിയമുള്ളതായി പ്രത്യക്ഷപ്പെട്ടേക്കാമെന്ന് നമുക്കറിഞ്ഞുകൂടാ. മിക്ക വടക്കേ അമേരിക്കക്കാർക്കും, കേവലം നൂറുവർഷങ്ങൾക്കു മുമ്പ് തങ്ങളുടെ പൂർവികർ വാഴപ്പഴത്തെ ഒരു അപരിചിതമായ, വിദേശ പഴമായി വീക്ഷിച്ചിരുന്നുവെന്നും ഒററയായി പൊതിഞ്ഞ ഒരു പഴത്തിന് രണ്ടു ഡോളർ കൊടുത്തിരുന്നുവെന്നും അറിഞ്ഞുകൂടാ.
ആഗോളചിത്രം
മനുഷ്യൻതന്നെയാണ് അന്തിമമായി വനനശീകരണത്തിന്റെ ഇരകൾ. ആഗോള പരിസ്ഥിതിയുടെമേലുള്ള ഫലങ്ങൾ ലോകത്തെ വലയംചെയ്യുന്നതുവരെ പുറത്തേക്ക് വ്യാപിക്കുന്നു. എങ്ങനെ? നമുക്ക് മാതൃകാപരമായ ഒരു മഴവനത്തെ ഒന്നു വീക്ഷിക്കാം. ആ പേര് സൂചിപ്പിക്കുന്നതുപോലെ മഴയാണ് അതിന്റെ മുന്തിയ സവിശേഷത. ഒരു ദിവസം ചിലപ്പോൾ 8 ഇഞ്ചിൽ കൂടുതൽ പെയ്തേക്കാം, ഒരു വർഷത്തിൽ 30 അടിയിൽ അധികം! മഴവനങ്ങൾ പൂർണ്ണമായും ഈ കനത്ത മഴയെ നേരിടത്തക്കവണ്ണം രൂപകൽപ്പനചെയ്യപ്പെട്ടിരിക്കുന്നു.
മേൽക്കട്ടി മഴത്തുള്ളികളുടെ ശക്തി കുറക്കുന്നതിനാൽ അവക്ക് മണ്ണ് ഒഴുക്കിക്കൊണ്ടുപോകുവാൻ കഴിയുകയില്ല. അനേകം ഇലകളും ദീർഘിത അഗ്രങ്ങളാൽ അല്ലെങ്കിൽ തുള്ളിതുള്ളിയായി വീഴുന്ന അഗ്രങ്ങൾകൊണ്ട് സജ്ജീകൃതമാകയാൽ അവ കനത്ത തുള്ളികളെ വിഘടിപ്പിക്കുന്നു. അപ്രകാരം ഉഗ്രമായ മഴ ക്രമമായ പ്രസ്രവണമായിത്തീരുന്നു, അവ താഴേക്ക് വീഴവേ കുറഞ്ഞ ആഘാതമെ ഏല്പിക്കുന്നുള്ളു. ഈ അഗ്രങ്ങൾ ജലത്തെ വേഗത്തിൽ പൊഴിക്കുന്നതിനാൽ നീരാവിയെ അന്തരീക്ഷത്തിലേക്ക് തിരിച്ചയച്ചുകൊണ്ട് വീണ്ടും സസ്യസ്വേദനം നടത്തുന്നതിന് ഇലകളെ അനുവദിക്കുന്നു. മൂലവ്യൂഹം വനത്തിന്റെ തറയിൽ എത്തുന്ന ജലത്തിന്റെ 95 ശതമാനത്തെ വലിച്ചെടുക്കുന്നു. മൊത്തത്തിൽ വനം മഴവെള്ളത്തെ ഒരു വലിയ സ്പഞ്ച്പോലെ വലിച്ചെടുക്കുകയും പിന്നീട് സാവകാശം പുറത്തേക്കുവിടുകയും ചെയ്യുന്നു.
എന്നാൽ വനങ്ങൾ അപ്രത്യക്ഷമാകുമ്പോൾ മഴ കഠിനമായി നേരെ തുറസ്സായ മണ്ണിലേക്ക് പെയ്യുകയും ടൺകണക്കിനു മണ്ണ് ഒഴുക്കിക്കൊണ്ടുപോവുകയും ചെയ്യുന്നു. ദൃഷ്ടാന്തത്തിന്, പശ്ചിമാഫ്രിക്കയിലെ കോട്ട്ഡല്വോയറിൽ അൽപ്പം ചരിഞ്ഞുകിടക്കുന്ന രണ്ടര ഏക്കർ ഉഷ്ണമേഖലാ വനത്തിന് വർഷത്തിൽ ഉദ്ദേശം ഒരു ടണ്ണിന്റെ മുന്നൂറിൽ ഒരു ഭാഗം മണ്ണു മാത്രമെ നഷ്ടമാകുന്നുള്ളു. വനനശീകരണം ഭവിച്ച കൃഷിഭൂമിയാണെങ്കിൽ അതേ രണ്ടര ഏക്കറിന് ആണ്ടിൽ 90 ടൺ മണ്ണ് നഷ്ടമാകുന്നു; വെറും ഭൂമിയെന്ന നിലയിൽ 138 ടൺ നഷ്ടമാകുന്നു.
അത്തരത്തിലുള്ള മണ്ണൊലിപ്പ് ഭൂമിയെ കൃഷിക്കും മേയിക്കലിനും പററാത്തതാക്കുന്നതിലധികം ചെയ്യുന്നു. വമ്പിച്ച വനനശീകരണത്തിന് ഇടയാക്കുന്ന അണക്കെട്ടുകൾ അതിനാൽത്തന്നെ നശിപ്പിക്കപ്പെടുന്നു എന്നത് വിരോധാഭാസമാണ്. വനം നശിച്ച പ്രദേശത്തുനിന്ന് നദികൾ വഹിച്ചുകൊണ്ടു വരുന്ന എക്കൽ നിറഞ്ഞ് അവ സത്വരം ഉപയോഗശൂന്യമായിത്തീരുന്നു. തീരപ്രദേശങ്ങളും മത്സ്യങ്ങൾ മുട്ടയിടുന്ന സ്ഥലങ്ങളും അമിതമായ എക്കലിനാൽ മലിനമാക്കപ്പെടുന്നു.
മഴയുടെയും കാലാവസ്ഥാരീതിയുടെയുംമേലുള്ള ഫലങ്ങൾ അതിനേക്കാൾ അപകടകരമാണ്. ഉഷ്ണമേഖലാ വനങ്ങളിൽനിന്ന് ഉത്ഭവിക്കുന്ന നദികൾ സാധാരണയായി ആണ്ടിന്റെ എല്ലാകാലത്തും വെള്ളമുള്ളതാണ്. എന്നാൽ നദികളിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിനെ ക്രമീകരിക്കുന്നതിന് വനമില്ലെങ്കിൽ പെട്ടെന്നുള്ള മഴയാൽ അവ കവിഞ്ഞൊഴുകുകയും പിന്നീട് വരണ്ടുപോവുകയും ചെയ്യും. വെള്ളപ്പൊക്കത്തിന്റെയും വരൾച്ചയുടെയും ഒരു പരിവൃത്തി സംഭവിക്കുന്നു. ഒരു മഴവനം സസ്യസ്വേദനത്താൽ പ്രദേശത്തെ പകുതിയോളം നീരാവിക്ക് സംഭാവനചെയ്യുന്നതിനാൽ ആയിരക്കണക്കിനു മൈലുകൾ ചുററുവട്ടത്തെ മഴയുടെ മാതൃക ബാധിക്കപ്പെട്ടേക്കാം. അപ്രകാരം വനനശീകരണം കഴിഞ്ഞ ദശാബ്ദത്തിൽ അനേകംപേരുടെ മരണത്തിനിടയാക്കിയ ബംഗ്ലാദേശിലെ വെള്ളപ്പൊക്കങ്ങൾക്കും എത്യോപ്പിയയിലെ വരൾച്ചകൾക്കും സംഭാവനചെയ്തിരിക്കാം.
എന്നാൽ വനനശീകരണം മുഴുഗ്രഹത്തിന്റെയും കാലാവസ്ഥയെയും ബാധിച്ചേക്കാം. മഴവനങ്ങൾ വായുവിലെ ഇംഗാലാമ്ലത്തെ വലിച്ചെടുക്കുകയും കാർബണെ കാണ്ഡങ്ങളും ശിഖരങ്ങളും മരപ്പട്ടയും നിർമ്മിക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ അവ ഭൂമിയുടെ ഹരിതശ്വാസകോശം എന്നു വിളിക്കപ്പെട്ടിരിക്കുന്നു. ഒരു വനം കത്തുമ്പോൾ ആ കാർബൺ മുഴുവൻ അന്തരീക്ഷത്തിൽ തള്ളപ്പെടുന്നു. പ്രശ്നം ഇതാണ്: മനുഷ്യൻ അന്തരീക്ഷത്തിലേക്ക് വളരെയധികം ഇംഗാലാമ്ലം തള്ളുന്നു (അശ്മക ഇന്ധനങ്ങൾ കത്തിച്ചും വനനശീകരണത്തിൽ കൂടിയും), അങ്ങനെ അവൻ ഗ്രീൻഹൗസ് ഇഫെക്ട് എന്നു വിളിക്കപ്പെടുന്ന ഒരു ആഗോള താപപ്രവണതക്ക് തിരികൊളുത്തിക്കഴിഞ്ഞിരിക്കാം, അത് തീരപ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിപ്പോകാൻ ഇടയാക്കത്തക്കവണ്ണം ഭൂഗ്രഹത്തിന്റെ ധ്രുവങ്ങളിലെ ഹിമമൂടികളെ ഉരുക്കുകയും സമുദ്രജലനിരപ്പ് ഉയർത്തുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു.a
അപ്പോൾ ലോകത്തെങ്ങുമുള്ള ആളുകൾ ഈ പ്രതിസന്ധിയിൽ ഉൾപ്പെടുന്നു എന്നതിൽ അതിശയമില്ല. അവർ സഹായിക്കുന്നുണ്ടോ? ഏതെങ്കിലും പ്രതിവിധി സമർപ്പിക്കപ്പെടുന്നുണ്ടോ? ഈ ഇരുണ്ട സാഹചര്യത്തിന് എന്തു പ്രത്യാശയുണ്ട്? (g90 3⁄22)
[അടിക്കുറിപ്പുകൾ]
a എവേക്ക്! സെപ്ററംബർ 8, 1989 കാണുക.
[11-ാം പേജിലെ ചതുരം]
മഴവനങ്ങളിൽനിന്നുള്ള ദാനം
ഇപ്പോൾ നിങ്ങളുടെ അടുത്ത് ഉഷ്ണമേഖലാ മഴവനത്തിന്റെ ഒരു ഭാഗമുണ്ടോ? ലോകത്തിനു ചുററുമുള്ള മഴവനങ്ങളിൽ ആദ്യകാലത്ത് കാണപ്പെട്ടിരുന്ന ചില ഭക്ഷ്യവസ്തുക്കളെ സംബന്ധിച്ച് പരിചിന്തിക്കുക: നെല്ല്, ചോളം, മധുരക്കിഴങ്ങ്, മരച്ചീനി, കരിമ്പ്, വാഴക്കായ്കൾ, ഓറഞ്ച്, കാപ്പി, തക്കാളി, കൊക്കൊ, കൈതച്ചക്ക, അവക്കാഡോസ്, വാനിലാ, മുന്തിരി, വിവിധയിനം അണ്ടിപ്പരിപ്പുകൾ, സുഗന്ധദ്രവ്യങ്ങൾ, ചായ മുതലായവ. പൂർണ്ണമായും ലോകത്തിലെ ആഹാരപദാർത്ഥങ്ങളിൽ പകുതിയും മഴവനങ്ങളിൽനിന്നു വന്ന സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്! ഇവ ആഹാരപദാർത്ഥങ്ങളിൽ ചിലവ മാത്രമാണ്.
ഔഷധങ്ങളെക്കുറിച്ചു ചിന്തിക്കുക: ഓപ്പറേഷനു മുമ്പ് മാംസപേശിക്ക് അയവുവരുത്തുന്ന ഔഷധമായി ആരോഹിച്ചെടികളിൽനിന്നുള്ള സസ്യക്ഷാരവസ്തുക്കൾ ഉപയോഗിക്കപ്പെടുന്നു; വീക്കത്തിനെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോകോർട്ടിസോണിന്റെ സജീവഘടകപദാർത്ഥങ്ങൾ, മലമ്പനിക്കെതിരെ പ്രവർത്തിക്കുന്ന ക്വയിന, ഹൃദ്രോഗങ്ങൾക്കുള്ള ചികിത്സക്കുപയോഗിക്കുന്ന ഡിജിററലിസ്, ജനനനിയന്ത്രണത്തിനുള്ള ഗുളികകളിലെ ഡയോജനിൻ, ഛർദ്ദിക്കുള്ള ഇപ്പെക്കാക്ക് എന്നിവയെല്ലാം മഴവനസസ്യങ്ങളിൽനിന്ന് ലഭിക്കുന്നു. മററു സസ്യങ്ങൾ എയ്ഡ്സ്, കാൻസർ, വയററിളക്കം, പനി, പാമ്പുകടി, കൺജക്ററിവൈററിസ് മുതലായ നേത്ര രോഗങ്ങൾ എന്നിവക്കെതിരെ പോരാടുന്നതിനുള്ള വാഗ്ദാനങ്ങളാണെന്ന് കാണപ്പെട്ടിരിക്കുന്നു. വേറെ എന്തെല്ലാം പ്രതിവിധികൾ ഇപ്പോഴും ഒളിഞ്ഞുകിടപ്പുണ്ടെന്ന് അറിയപ്പെടുന്നില്ല. മഴവന സസ്യങ്ങളിൽ 1 ശതമാനത്തിൽ കുറവുമാത്രമെ ശാസ്ത്രജ്ഞൻമാരാൽ പരിശോധിക്കപ്പെട്ടിട്ടുള്ളു. ഒരു സസ്യശാസ്ത്രജ്ഞൻ ഇപ്രകാരം വിലപിച്ചു: “സ്ഥിതിചെയ്യുന്നുണ്ടെന്ന് നാം അറിയുന്നുപോലുമില്ലാത്ത വസ്തുക്കളെ നാം നശിപ്പിക്കുകയാണ്.”
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വനങ്ങളിൽനിന്ന് ഇതിലും അധികം ഉൽപ്പന്നങ്ങൾ ലഭിക്കുന്നു: റബ്ബർക്കറ, മരക്കറകൾ, മെഴുകുകൾ, ആസിഡുകൾ, മദ്യങ്ങൾ, വാസനദ്രവ്യങ്ങൾ, മധുരപദാർത്ഥങ്ങൾ, ചായങ്ങൾ, ജീവരക്താജാക്കററുകളിൽ ഉപയോഗിക്കുന്നതുപോലുള്ള നാരുകൾ, ചവക്കുന്ന ഗം നിർമ്മിക്കുന്നതിനുപയോഗിക്കുന്ന കറ, മുള, ചൂരൽ—അതിൽതന്നെ വിപുലമായ ആഗോള വ്യവസായത്തിന്റെ അടിസ്ഥാനം.
[9-ാം പേജിലെ ചിത്രം/രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
വനത്തിന്റെ ധർമ്മം
മേൽക്കെട്ടി ഉഗ്രമായ മഴയിൽനിന്ന് മണ്ണിനെ സംരക്ഷിക്കുന്നു വനങ്ങൾ അന്തരീക്ഷത്തിൽ ഈർപ്പവും പ്രാണവായുവും വർദ്ധിപ്പിക്കുന്നു സസ്യങ്ങൾ കാർബൺ വലിച്ചെടുക്കുകയും ശേഖരിച്ചു വെക്കുകയും ചെയ്യുന്നു മൂലവ്യൂഹം നദികളിലേക്കുള്ള ജലാംശപ്രവാഹത്തെ ക്രമീകരിക്കാൻ സഹായിക്കുന്നു
[10-ാം പേജിലെ ചിത്രം]
വനനശീകരണത്തിന്റെ ഫലങ്ങൾ
അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നത് കൂടുതൽ വരൾച്ചയെ അർത്ഥമാക്കുന്നു മഴ സംരക്ഷണമില്ലാത്ത മണ്ണ് ഒലിച്ചു പോകാനിടയാക്കുന്നു. വെള്ളപ്പൊക്കങ്ങൾ വർദ്ധിക്കുന്നു കത്തുന്ന മരങ്ങൾ കാർബൺ പുറത്തേക്കു വിടുകയും അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്ന പ്രവണതയെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു