കുശുകുശുപ്പ് ആകർഷണം എന്തുകൊണ്ട്?
ചൈനീസ്ഭാഷയിൽ അത് ഷെൻററാൻ ആണ്; ഫിന്നീഷിൽ ജോറൂ; ഇററാലിയനിൽ പെററീഗൊളെസൊ; സ്പാനിഷിൽ ചിസ്മി. അതെ കുശുകുശുപ്പ് സാർവത്രികമാണ്. ചില ഭാഷകളിൽ കുശുകുശുപ്പിന് ഒരു നിഷേധക അർത്ഥമായിരിക്കാമുള്ളത്. ഇംഗ്ലീഷിൽ “കുശുകുശുപ്പ്” എന്നപദം അടിസ്ഥാനപരമായി “അലസ സംസാര”ത്തെ അർത്ഥമാക്കുന്നു, നിസ്സാരകാര്യങ്ങളെക്കുറിച്ച് സല്ലപിക്കൽ തന്നെ.
എങ്കിലും ഇംഗ്ലീഷ്പദത്തിന് ഒരു നിഷേധക അർത്ഥം കിട്ടിയിരിക്കുന്നുവെന്നുള്ളത് രസകരംതന്നെ. അങ്ങനെ “കുശുകുശുപ്പ്” എന്നതിനുമുമ്പ് പലപ്പോഴും “ദ്രോഹകരമായ” എന്ന പദം വരുന്നു. അലസസംസാരം പലപ്പോഴും ദ്രോഹകരമായ അഥവാ ശല്യംചെയ്യുന്ന സംസാരമായിത്തീരുന്നതുകൊണ്ടാണിത്. അത് ദുഷിയിലേക്കുപോലും തിരിഞ്ഞേക്കാം, അത് “വ്യാജാരോപണങ്ങളുടെ പ്രചരണം അഥവാ മറെറാരാളുടെ പ്രശസ്തിയെ നശിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന വ്യാജപ്രസ്താവനകൾ” എന്ന് നിർവ്വചിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ ഒരു പുരാതന സദൃശവാക്യം ഇപ്രകാരം പറയുന്നതിൽ ഒട്ടും അതിശയിക്കാനില്ല: “കുശുകുശുപ്പ് കോപം വരുത്തുന്നു, വടക്കൻകാററ് മഴവരുത്തുന്നതുപോലെതന്നെ.”—സദൃശവാക്യങ്ങൾ 25:23, ററുഡേസ് ഇംഗ്ലീഷ് വർഷൻ.
അപ്പോൾ അതിന്റെ വിനാശകശക്തിയുടെ വീക്ഷണത്തിൽ, കുശുകുശുപ്പ് അത്ര ചെറുക്കാനാവാത്തതായി, അത്ര ആകർഷകമായി നാം പലപ്പോഴും കണ്ടെത്തുന്നതെന്തുകൊണ്ട്? ഒരുവൻ ദ്രോഹകരവും ദ്രോഹരഹിതവുമായ കുശുകുശുപ്പുകൾ തമ്മിൽ അതിർത്തിതിരിക്കുന്നതെങ്ങനെ?
കുശുകുശുപ്പ്—വിവരങ്ങളുടെ കൈമാററം
കുശുകുശുപ്പിന്റെ സംഗതിയിൽ ഒരു അടിസ്ഥാന കാരണം ഉണ്ട്;ആളുകൾ ആളുകളുടെ കാര്യത്തിൽ തൽപ്പരരാണ് എന്നതുതന്നെ. അതുകൊണ്ട് നാം മററ് ആളുകളെസംബന്ധിച്ച് സംസാരിക്കാൻ സ്വാഭാവികമായും ചായ്വുള്ളവരാണ്. നരവംശശാസ്ത്രജ്ഞനായ മാക്സ് ഗ്ലക്ക്മാൻ ഒരിക്കൽ പ്രസ്താവിച്ചതുപോലെ: “ഒററപ്പെട്ട ഓരോ ദിവസവും, ഓരോ ദിവസത്തിന്റെയും അധികഭാഗവും നമ്മിൽ മിക്കവരും കുശുകുശുപ്പിൽ ഏർപ്പെടുന്നു. നാം ഉണർന്നിരിക്കുന്ന സമയം എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഒരു രേഖയുണ്ടാക്കുന്നെങ്കിൽ—നമ്മിൽ ചിലരെ സംബന്ധിച്ചിടത്തോളം—ജോലി കഴിഞ്ഞാൽ അടുത്ത സ്ഥാനത്ത് കുശുകുശുപ്പു വരും എന്ന് ഞാൻ കരുതുന്നു.”
മിതത്വവും ദയയും ഉള്ളതാണെങ്കിൽ ആകസ്മികമായ സംസാരം ഒടുവിൽ നടന്ന സംഭവങ്ങൾ ലഭിക്കുന്നതിനുള്ള ഒരു മാർഗ്ഗമെന്നനിലയിൽ പ്രയോജനകരമായ വിവരങ്ങളുടെ കൈമാററമായി ഉതകാവുന്നതാണ്. ആർ വിവാഹം കഴിച്ചു, ആർ ഗർഭിണിയായി, ആർ മരിച്ചു, എന്നിങ്ങനെ നിർദ്ദോഷകാര്യങ്ങൾ അതിൽ ഉൾപ്പെട്ടേക്കാം, അല്ലെങ്കിൽ അത് ദ്രോഹലക്ഷ്യംഇല്ലാത്ത വെറും സരസസംഭാഷണം ആയിരിക്കാവുന്നതാണ്.
എങ്കിലും ഒട്ടുമിക്കപ്പോഴും അലസമായ സംസാരം ഔചിത്യത്തിന്റെയും രസികതയുടെയും അതിരുകൾക്കപ്പുറം പോകുന്നു. വസ്തുതകൾ നിറംപകർന്ന് ഊതിവീർപ്പിക്കപ്പെടുന്നു, അഥവാ വളച്ചൊടിക്കപ്പെടുന്നു. അപമാനിക്കൽ രസികതയുടെ ഉറവാക്കപ്പെടുന്നു. സ്വകാര്യത ലംഘിക്കപ്പെടുന്നു. വിശ്വസിച്ചുപറഞ്ഞ രഹസ്യങ്ങൾ പുറത്താക്കപ്പെടുന്നു. പ്രശസ്തിക്ക് ക്ഷതം ഏല്പിക്കുന്നു അഥവാ തകർക്കപ്പെടുന്നു. പിറുപിറുത്തുകൊണ്ടും പരാതിപറഞ്ഞുകൊണ്ടും കുററം കണ്ടുപിടിച്ചുകൊണ്ടും പ്രശംസാർഹമായ കാര്യങ്ങൾ നിഷ്പ്രഭമാക്കപ്പെടുന്നു. ദ്രോഹം ഉദ്ദേശിച്ചിരുന്നില്ല എന്നുള്ളത് ആരെക്കുറിച്ച് സംസാരിച്ചോ അയാൾക്ക് ഒട്ടും സാന്ത്വനമല്ല. ദ്രോഹകരമായ കുശുകുശുപ്പ് അങ്ങനെ വൃത്തിയുള്ള ഒരു ചുവരിൽ തെറിപ്പിക്കുന്ന ചെളിയോട് ഉപമിക്കപ്പെട്ടിരിക്കുന്നു. അത് പററിപ്പിടിക്കുന്നില്ലായിരിക്കാം, എന്നാൽ അത് എല്ലായ്പ്പോഴും ഒരു വൃത്തികെട്ട പാട് അവശേഷിപ്പിക്കുന്നു.
പങ്കുചേരൽ
മററുള്ളവർ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യാനുള്ള നമ്മുടെ സ്വാഭാവിക അഭിലാഷമാണ് നാം എളുപ്പം കുശുകുശുപ്പിലേക്ക് ആകർഷിക്കപ്പെട്ടേക്കാവുന്നതിന്റെ മറെറാരു കാരണം. “ഒന്നിനല്ലെങ്കിൽ മറെറാരു കാരണത്തിന് സംസാരിക്കുവാൻ നിങ്ങൾക്ക് കടപ്പാടുണ്ട്; ആ കടപ്പാട് നിറവേററുന്നതിന് രമ്യവും അനായാസവും സാർവത്രികമായി അംഗീകരിക്കപ്പെടുന്നതുമായ ഒരു മാർഗ്ഗമാണ് കുശുകുശുപ്പ്,” മനശാസ്ത്രജ്ഞൻമാരായ ജോൺ സബീനിയും മൗറി സിൽവറും എഴുതി. (മൊറാലിററീസ് ഓഫ് എവരിഡെ ലൈഫ്) അപ്പോൾ ഒരളവുവരെ, കുശുകുശുപ്പ് പങ്കുചേരലിനുള്ള ഒരുമാർഗ്ഗമെന്നനിലയിൽ പ്രയോജനകരമായ സംഭാഷണത്തിനുള്ള ഇന്ധനമാണ്.
വസ്തുനിഷ്ടമായ വിവരങ്ങളേക്കാൾ നിഷേധാത്മകവിവരങ്ങൾ സംബന്ധിച്ച് ആളുകൾ കൂടുതൽ ആകാംക്ഷയുള്ളവരായിരിക്കാൻ ചായ്വുകാണിക്കുന്നു എന്നതാണ് പ്രശ്നം. പ്രക്ഷുബ്ധമായതും ക്ഷോഭജനകമായതും ആയ വിവരങ്ങളാൽ ഞെട്ടുന്നത് ചിലർ ആസ്വദിക്കുന്നതായിപ്പോലും തോന്നുന്നു. അങ്ങനെ കുശുകുശുപ്പ് യഥാർത്ഥത്തിൽ ശ്രദ്ധ പിടിച്ചുപററുന്ന ഒന്നാണ്—രസകരമായ വാർത്ത എത്രയധികം ഘോരമാണോ അഥവാ കുത്സിതമാണോ അത്രയധികം നല്ലതാണ്. ഞെട്ടിക്കുന്ന ആരോപണങ്ങൾ സ്ഥിരീകരിക്കുന്നതിൽ എന്തെങ്കിലും ശ്രദ്ധ വിരളമാണ്.
മാദ്ധ്യമ കുശുകുശുപ്പ്
ഇത്തരം കുശുകുശുപ്പ് മമനുഷ്യന്റെ മറെറാരു ദൗർബല്യത്തെ—ക്രമാതീതമായ ജിജ്ഞാസയെ—ആകർഷിക്കുന്നു. നാം രഹസ്യങ്ങൾ ഇഷ്ടപ്പെടുന്നു. നാം അറിയുന്നവരുടെ കൂട്ടത്തിലായിരിക്കുന്നത് ആസ്വദിക്കുന്നു. ബെൻജമിൻ ഫ്രാങ്ക്ളിൻ പെൻസിൽവേനിയാ ഗസററിൽ ഒരു കുശുകുശുപ്പ്കോളം എഴുതിത്തുടങ്ങിയപ്പോൾ 1730-ൽതന്നെ ആളുകൾ കുശുകുശുപ്പിന് പണം കൊടുക്കുമെന്ന് തിരിച്ചറിഞ്ഞിരുന്നു.
മാദ്ധ്യമ കുശുകുശുപ്പ് അതിജീവിച്ചുകൊണ്ടിരിക്കുകയാണ്—തഴച്ചുവളരുകയുമാണ്. യൂറോപ്പിൽ രാജകീയകുടുംബങ്ങളെക്കുറിച്ചും വാഹന-ഓട്ട മത്സരക്കാരെക്കുറിച്ചും മററ് സാർവദേശീയ പ്രസിദ്ധരെക്കുറിച്ചുമുള്ള കഥകൾ വിശേഷവൽക്കരിക്കുന്ന സചിത്രപത്രങ്ങൾ പത്രസ്ററാൻഡുകളിൽ കവിഞ്ഞൊഴുകുകയാണ്. ഒരു പത്രലേഖനം അങ്ങനെ കുശുകുശുപ്പിനെ ഒരു വൻ ബിസ്സ്നസ്സ് എന്ന് വിളിച്ചു.
എന്നാൽ ആളുകളുടെ ഭവനങ്ങളുടെയും കിടപ്പുമുറികളുടെയും മനസ്സുകളുടെയും സ്വകാര്യതയിൽ സംഭവിക്കുന്നതുസംബന്ധിച്ച അങ്ങേയററത്തെ ജിജ്ഞാസ പ്രയോജനകരമാണോ? അമിതമായ ആഗ്രഹങ്ങൾ ഉണർത്തുന്ന വിവരങ്ങൾ വീക്ഷിക്കുന്നതും വായിക്കുന്നതും ആരോഗ്യപ്രദമായിരിക്കുമോ? സ്പഷ്ടമായും മാദ്ധ്യമകുശുകുശുപ്പ് ജിജ്ഞാസയെ ന്യായമായ അതിരുകൾക്ക് അപ്പുറത്തേക്ക് കൊണ്ടുപോകുന്നു.
“ഞാൻ മുന്തിരിവള്ളിയിലൂടെ അതു കേട്ടു”
അടിസ്ഥാനമില്ലാത്ത കിംവദന്തികളും തെററായ വിവരങ്ങളും ദ്രോഹകരമായ കുശുകുശുപ്പിന് ഇന്ധനം ഒഴിച്ചുകൊടുത്തിരിക്കുന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് മുന്തിരിവള്ളിപോലുള്ള അനന്തമായ ടെലിഗ്രാഫ് ലൈനുകൾ സൈനിക പോസ്ററുകൾക്കിടക്ക് കൂട്ടികെട്ടിയിരുന്നു. “മുന്തിരിവള്ളി” അങ്ങനെ സ്ഥിരീകരിക്കാത്ത വാർത്തകളുടെ ഒരു പ്രതീകമായിത്തീർന്നു, “ഞാൻ മുന്തിവള്ളിയിലൂടെ അതു കേട്ടു” എന്ന പ്രയോഗം അടിസ്ഥാനമില്ലാത്ത കിംവദന്തികൾ പരത്തുന്നതിനുള്ള ഒരു സാധാരണ ഒഴികഴിവുമായിന്നീർന്നു.
സങ്കടകരമെന്നുപറയട്ടെ മുന്തിരിവള്ളി പലപ്പോഴും കയ്പ്പേറിയ ഫലം ഉത്പാദിപ്പിക്കുന്നു. കിംവദന്തികൾ സംഭ്രാന്തിക്കും മരണത്തിനും നാശത്തിനും കാരണമായിരുന്നിട്ടുണ്ട്. വ്യാപാരത്തിനുതന്നെയുള്ള നഷ്ടം കണക്കുകൂട്ടാൻ ആവാത്തതാണ്. ഒരു ഹോട്ടൽ ശൃംഘല അതിലെ മാട്ടിറച്ചിയിൽ പുഴു ഉണ്ടായിരുന്നു എന്ന വ്യാജകിംവദന്തി തരണംചെയ്യുന്നതിന് ഒരു വർഷമെടുത്തു. സോപ്പുൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ഒരു കമ്പനി, അതിന്റെ ചിഹ്നം സാത്താന്റെ മുദ്രയാണെന്നും കമ്പനിതന്നെ ഒരുവിധത്തിൽ ഭൂതാരാധനയിൽ ഉൾപ്പെട്ടിരിക്കുന്നു എന്നുമുള്ള ഒരു കിംവദന്തി തുടച്ചുനീക്കാൻ ശ്രമിച്ചുകൊണ്ട് വർഷങ്ങളും—ദശലക്ഷക്കണക്കിനു ഡോളറുകളും—ചെലവഴിച്ചു.
എന്നുവരികിലും കിംവദന്തികളിൽനിന്ന് ഏററവും വലിയ ഹൃദയവേദനയും നാശനഷ്ടവും അനുഭവിക്കുന്നവർ വ്യക്തികളാണ്. എങ്കിലും കാടൻ കഥകൾ മോഹനമായതുകൊണ്ട്, സത്യത്തോടോ പരിണതഫലങ്ങളോടോ ഒട്ടും പരിഗണനയില്ലാതെ ആളുകൾ അവ പ്രചരിപ്പിക്കാൻ ചായ്വുള്ളവരാണ്.
ദ്രോഹകരമായ കുശുകുശുപ്പ്—ദുഷി
അത്യന്തം വിനാശകരമായ രൂപത്തിലുള്ള കുശുകുശുപ്പിന്റെ—ദ്രോഹകരമായ കുശുകുശുപ്പിന്റെ അഥവാ ദുഷിയുടെ—മൂലകാരണം പലപ്പോഴും അസൂയയും വിദ്വേഷവും ആണ്. “ദൂഷകൻ” എന്നതിന്റെ ഗ്രീക്ക് വാക്ക് ഡയാബോളോസ് ആണ്, ബൈബിളിൽ പിശാചെന്ന് വിവർത്തനം ചെയ്തിരിക്കുന്ന പദംതന്നെ. (വെളിപ്പാട് 12:9) സാത്താൻ ദൈവത്തിന്റെ ഏററവും വലിയ ദൂഷകനായതുകൊണ്ട് ആ സ്ഥാനപ്പേർ യോജിക്കുന്നു. സാത്താനെപ്പോലെ ദുഷ്ടലാക്കോടെ ചിലർ മററുള്ളവരെക്കുറിച്ച് സംസാരിക്കുന്നു. ചിലപ്പോൾ ആന്തരം പ്രതികാരമാണ്, വ്രണിതവികാരങ്ങളുടെയൊ അസൂയയുടെയൊ ഒരു ഫലംതന്നെ. എങ്ങനെയായാലും, മററുള്ളവരുടെ സൽപ്പേരിനെ നശിപ്പിച്ചുകൊണ്ട് അവർ സ്വന്തം താൽപ്പര്യങ്ങളുടെ ഉന്നമനം അന്വേഷിക്കുന്നു.
ദ്രോഹകരമായ കുശുകുശുപ്പ് അഥവാ ദുഷിയാണ് ഏററവും നിന്ദാർഹമായ കുശുകുശുപ്പുരൂപമെങ്കിലും ഹനിക്കുന്നതും ശല്യംചെയ്യുന്നതുമായ ഏതുതരം കുശുകുശുപ്പിൽ ഏർപ്പെടുന്നതും അധാർമ്മികവും നിരുത്തരവാദപരവുമാണ്. അപ്പോൾ നിരുപദ്രവകരമായ സംസാരം ദ്രോഹകരമായ ദുഷിയായി അധ:പതിക്കുന്നതിൽനിന്ന് തടയാൻ ഒരുവന് എങ്ങനെ കഴിയും? (g91 6/8)
[5-ാം പേജിലെ ചിത്രം]
സൗഹാർദ്ദപരമായ കുശുകുശുപ്പ് പ്രയോജനകരമായ വിവരങ്ങളുടെ കൈമാററവും സംഭാഷണങ്ങൾക്ക് ഇന്ധനംപകരലും ആകുന്ന ഉദേശ്യം സാധിക്കുന്നു
[6-ാം പേജിലെ ചിത്രം]
ദ്രോഹകരമായ കുശുകുശുപ്പ് അങ്ങനെ വൃത്തിയുള്ള ഒരു ചുവരിൽ തെറിപ്പിക്കുന്ന ചെളിപോലെയാണ്. അത് പററിപ്പിടിക്കുന്നില്ലായിരിക്കാം, എന്നാൽ അത് എല്ലയ്പ്പോഴും ഒരു വൃത്തികെട്ട പാട് അവശേഷിപ്പിക്കുന്നു
[7-ാം പേജിലെ ചിത്രം]
ശ്രദ്ധാകേന്ദ്രമായിരിക്കുന്നതിന് ചിലയാളുകൾ കുശുകുശുക്കുന്നു