മതം പക്ഷം പിടിക്കുന്നു
ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തൊൻപതു സെപ്ററംബർ 1-നു പോളണ്ടിനെ ആക്രമിച്ചുകൊണ്ടു ജർമനി രണ്ടാം ലോകമഹായുദ്ധത്തിനു തിരികൊളുത്തി. മൂന്നാഴ്ച കഴിഞ്ഞ്, “യുദ്ധം ചെയ്യാൻ ജർമൻ പടയാളികളെ സഭകൾ പ്രോത്സാഹിപ്പിക്കുന്നു” എന്ന തലക്കെട്ടു ന്യൂയോർക്ക് ടൈംസിൽ പ്രത്യക്ഷപ്പെട്ടു. ജർമൻ സഭകൾ യഥാർഥത്തിൽ ഹിററ്ലറുടെ യുദ്ധങ്ങൾക്കു പിന്തുണ കൊടുത്തോ?
അവർ അതു ചെയ്തെന്നു വിയന്നാ സർവകലാശാലയിലെ റോമൻ കത്തോലിക്കാ ചരിത്ര പ്രൊഫസ്സർ ഫ്രെഡറിക് ഹേർ സമ്മതിച്ചു: “ജർമൻ ചരിത്രത്തിന്റെ നഗ്ന യാഥാർഥ്യങ്ങളിൽ കുരിശും സ്വസ്തികയും പൂർവാധികം സഹകരിക്കുകയും ഒടുവിൽ ജർമൻ കത്തീഡ്രലുകളുടെ ഗോപുരങ്ങളിൽനിന്നു സ്വസ്തിക വിജയസന്ദേശം പ്രഖ്യാപിക്കുകയും ചെയ്തു. സ്വസ്തികാപതാകകൾ അൾത്താരകൾക്കു ചുററും പ്രത്യക്ഷപ്പെട്ടു. കൂടാതെ, കത്തോലിക്കാ, പ്രോട്ടസ്ററൻറ്, ദൈവശാസ്ത്രജ്ഞരും പാസ്ററർമാരും പള്ളിക്കാരും ഭരണതന്ത്രജ്ഞരും ഹിററ്ലറുമായുള്ള സഖ്യത്തെ സ്വാഗതം ചെയ്തു.”
തീർച്ചയായും, സഭാനേതാക്കൻമാർ ഹിററ്ലറുടെ യുദ്ധയത്നങ്ങൾക്കു സമ്പൂർണപിന്തുണ കൊടുത്തു. റോമൻ കത്തോലിക്കാ പ്രൊഫസർ ഗോർഡോൺ സാൻ ഇങ്ങനെ എഴുതി: “ഹിററ്ലറുടെ യുദ്ധങ്ങളിലെ സേവനംസംബന്ധിച്ച് ആത്മീയ മാർഗദർശനത്തിനും നിർദേശത്തിനും വേണ്ടി തന്റെ മത മേലധികാരികളിലേക്കു നോക്കിയ ഏതു ജർമൻ കത്തോലിക്കനും ഫലത്തിൽ നാസി ഭരണാധികാരിയിൽനിന്നുതന്നെ കിട്ടുമായിരുന്ന അതേ ഉത്തരങ്ങളാണു കിട്ടിയത്.”
മറുപക്ഷത്തെ മതങ്ങൾ
എന്നാൽ ജർമനിയെ എതിർത്ത രാജ്യങ്ങളിൽ സഭകൾ എന്താണു പറഞ്ഞുകൊണ്ടിരുന്നത്? 1966 ഫെബ്രുവരി 29-ലെ ന്യൂയോർക്ക് ടൈംസ് ഇങ്ങനെ റിപ്പോർട്ടുചെയ്തു: “കഴിഞ്ഞ കാലത്തു തദ്ദേശീയ കത്തോലിക്കാ പുരോഹിതമേധാവികൾ മിക്കവാറും എല്ലായ്പോഴും തങ്ങളുടെ രാഷ്ട്രങ്ങളുടെ യുദ്ധങ്ങൾക്കു പിന്തുണ കൊടുക്കുകയും പടയാളികളെ അനുഗ്രഹിക്കുകയും വിജയത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്തു. അതേസമയം മറുപക്ഷത്തെ മറെറാരു കൂട്ടം ബിഷപ്പുമാർ വിപരീതഫലത്തിനുവേണ്ടി പരസ്യമായി പ്രാർഥിച്ചു.”
പരസ്പരം എതിർക്കുന്ന സൈന്യങ്ങൾക്കു കൊടുത്ത ഈ പിന്തുണ വത്തിക്കാന്റെ അംഗീകാരത്തോടെയായിരുന്നോ? ഇതു പരിചിന്തിക്കുക: 1939 ഡിസംബർ 8-ന്, അതായത് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട് വെറും മൂന്നു മാസംകഴിഞ്ഞ് പീയൂസ് XII-മൻ പാപ്പാ ആസ്പെരിസ് കൊമോട്ടി ആൻക്സയെറേറററിബസ് എന്ന ഇടയലേഖനം അയച്ചു. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രാഷ്ട്രങ്ങളുടെ സൈനിക പുരോഹിതൻമാരെ സംബോധനചെയ്യുന്ന ലേഖനമായിരുന്നു അത്, തങ്ങളുടെ യഥാക്രമ സൈനിക ബിഷപ്പുമാരിൽ വിശ്വാസം പുലർത്താൻ അത് ഇരു പക്ഷങ്ങളിലും ഉള്ളവരെ പ്രോത്സാഹിപ്പിച്ചു. “തങ്ങളുടെ രാജ്യത്തിന്റെ പതാകകളിൻകീഴിൽ പൊരുതുന്നവർ എന്ന നിലയിൽ സഭക്കുവേണ്ടിയും പൊരുതാൻ” ലേഖനം സൈനികപുരോഹിതൻമാരെ ബുദ്ധ്യുപദേശിച്ചു.
മിക്കപ്പോഴും മതം രാജ്യങ്ങളെ പടയ്ക്കൊരുക്കുന്നതിൽ തീവ്രമായ പങ്കു വഹിക്കുന്നു. “നമ്മുടെ പള്ളികളിൽപോലും നാം യുദ്ധപതാകകൾ ഉയർത്തിയിരിക്കുന്നു”വെന്ന് ഒരു പ്രോട്ടസ്ററൻറ് വൈദികൻ, പരേതനായ ഹാരി എമേഴ്സൻ ഫോസ്ഡിക് സമ്മതിച്ചു. ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ചു ബ്രിട്ടീഷ് ബ്രിഗേഡിയർ ജനറലായ ഫ്രാങ്ക് പി. ക്രോസിയർ ഇങ്ങനെ പറഞ്ഞു: “നമുക്കുള്ള രക്തച്ചൊരിച്ചിലിന്റെ പ്രമുഖ പ്രോത്സാഹകർ ക്രിസ്തീയ സഭകളാണ്, അവയെ നാം യഥേഷ്ടം ഉപയോഗിച്ചിരിക്കുന്നു.”
എന്നിരുന്നാലും, അതു മതത്തിന്റെ കഴിഞ്ഞകാല രേഖയാണ്. മുൻ യൂഗോസ്ലാവ്യ റിപ്പബ്ലിക്കുകളിൽ നടക്കുന്ന യുദ്ധത്തിലെ അതിന്റെ അടുത്ത കാലത്തെ പങ്കുസംബന്ധിച്ചെന്ത്? അവിടെ മിക്കവരും ഒന്നുകിൽ റോമൻകത്തോലിക്കരോ അല്ലെങ്കിൽ ഓർത്തഡോക്സുകാരോ ആണ്.
മതത്തിന്റെ ഉത്തരവാദിത്വം
1993 ഒക്ടോബർ 20-ലെ ഏഷ്യാവീക്കിൽ ഒരു തലക്കെട്ട് ഇങ്ങനെ പ്രസ്താവിച്ചു: “ബോസ്നിയ മതപരമായ പോരാട്ടത്തിന്റെ ഒരു കേന്ദ്രമാണ്.” 1993 ജൂൺ 13-ലെ സാൻ അന്റോണിയോ എക്സ്പ്രസ് ന്യൂസിലെ ഒരു വിശദീകരണത്തിന്റെ തലക്കെട്ട് ഇങ്ങനെ പ്രസ്താവിച്ചു: “മത മുഖ്യൻമാർ ബോസ്നിയൻ ദുരിതങ്ങൾ അവസാനിപ്പിക്കണം.” “റോമൻ കത്തോലിക്കാ, പൗരസ്ത്യ ഓർത്തഡോക്സ്, മുസ്ലീം മതങ്ങൾക്ക് . . . സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. മുഴുലോകവും രാത്രിതോറും വീക്ഷിച്ചുകൊണ്ടിരിക്കെ ഇക്കുറി കഴിയില്ല. ഇത് അവരുടെ യുദ്ധമാണ്. . . . മത നേതാക്കൻമാർ യുദ്ധത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്നുവെന്ന വസ്തുത വ്യക്തമാണ്. അവരുടെ ഭക്തിപ്രകടനംതന്നെ അതിനെ ഉത്തേജിപ്പിക്കുന്നു. ഒരു പക്ഷത്തെ അപേക്ഷിച്ചു മറെറാന്നിനെ അനുഗ്രഹിക്കുന്നതിനാൽ അവർ അങ്ങനെ ചെയ്യുന്നു” എന്നു ലേഖനം പറയുകയുണ്ടായി.
ദൃഷ്ടാന്തത്തിന്, റോമൻ കത്തോലിക്കാ സഭയിലെയും പൗരസ്ത്യ ഓർത്തഡോക്സ് സഭകളിലെയും അംഗങ്ങൾ തമ്മിലുള്ള വിദ്വേഷം വളരെ കടുത്തതായിരിക്കുന്നത് എന്തുകൊണ്ട്? പാപ്പാമാരും പാത്രിയർക്കീസുമാരും മററു സഭാനേതാക്കൻമാരുമാണ് ഉത്തരവാദികൾ. ആ മതങ്ങൾ തമ്മിലുള്ള 1054-ലെ അന്തിമ വേർപാടിനുശേഷം അവയുടെ അംഗങ്ങൾ തമ്മിലുള്ള വിദ്വേഷത്തെയും യുദ്ധങ്ങളെയും സഭാനേതാക്കൻമാർ ഊട്ടിവളർത്തിയിരിക്കുന്നു. മോണ്ടിനെഗ്രോയിലെ ഒരു വർത്തമാനപത്രമായ പോബിഡായുടെ 1991 സെപ്ററംബറിലെ ലക്കം അടുത്ത കാലത്തെ പോരാട്ടത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ മതപരമായ പിളർപ്പിലേക്കും അതിന്റെ പരിണതഫലങ്ങളിലേക്കും വിരൽചൂണ്ടി. “ദൈവനാമത്തിൽ കൊല്ലുന്നവർ” എന്ന ശീർഷകത്തിൽ ലേഖനം ഇങ്ങനെ വിശദീകരിച്ചു:
“അതു [ക്രോയേഷ്യൻ പ്രസിഡണ്ടായ] ടഷ്മനും [സെർബിയൻ നേതാവായ] മെലോഷ്വീക്കും തമ്മിലുള്ള രാഷ്ട്രീയത്തിന്റെ പ്രശ്നമല്ല, പിന്നെയോ അതു മതപരമായ ഒരു യുദ്ധമാണ്. ഒരു പ്രതിയോഗിയെന്ന നിലയിൽനിന്ന് ഓർത്തഡോക്സ് സഭയെ നീക്കംചെയ്യാൻ പാപ്പാ തീരുമാനിച്ചശേഷം ഒരു ആയിരം വർഷം കഴിഞ്ഞുപോയിരിക്കുന്നു എന്നു പ്രസ്താവിക്കേണ്ടിയിരിക്കുന്നു. . . . 1054-ൽ . . . വേർപാടിന് ഉത്തരവാദി ഓർത്തഡോക്സ് സഭയാണെന്നു പാപ്പാ പ്രഖ്യാപിച്ചു. 1900-ൽ ഒന്നാമത്തെ കത്തോലിക്കാ കോൺഗ്രസ് 20-ാം നൂററാണ്ടിൽ നടപ്പാക്കേണ്ട ഓർത്തഡോക്സുകാർക്കെതിരെയുള്ള വംശനാശപദ്ധതി വ്യക്തമായി വിശദീകരിച്ചു. [ഈ] പദ്ധതി ഇപ്പോൾ നടപ്പിലായിക്കൊണ്ടിരിക്കുകയാണ്.”
എന്നിരുന്നാലും, അടുത്ത കാലത്തെ പോരാട്ടം ഈ നൂററാണ്ടിലെ മതപരമായ പോരാട്ടത്തിന്റെ ആദ്യത്തെ ദൃഷ്ടാന്തമല്ല. അമ്പതു വർഷംമുമ്പ്, രണ്ടാം ലോകമഹായുദ്ധകാലത്ത്, മുൻ യുഗോസ്ലാവ്യ പ്രദേശത്തെ ഓർത്തഡോക്സ് സഭാസാന്നിദ്ധ്യത്തെ നീക്കംചെയ്യാൻ റോമൻ കത്തോലിക്കർ ശ്രമിച്ചു. പാപ്പായുടെ പിന്തുണയോടെ, ഉടാഷി എന്നു പേരുള്ള ക്രോയേഷ്യൻ ദേശീയപ്രസ്ഥാനം സ്വതന്ത്ര സംസ്ഥാനമായ ക്രോയേഷ്യയെ ഭരിക്കാനിടയായി. ഈ വത്തിക്കാൻ-അംഗീകൃത ഭരണം “ലക്ഷക്കണക്കിനു സെർബുകളുടെയും യഹൂദൻമാരുടെയും വധം ഉൾപ്പെട്ട അസാധാരണമാംവിധം ക്രൂരമായ നടപടികൾ പ്രയോഗിച്ചു”വെന്നു ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ റിപ്പോർട്ടുചെയ്യുന്നു.
ദി യൂഗോസ്ലാവ് ആഷ്വിററ്സും വത്തിക്കാനും (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഈ കൂട്ടക്കൊലക്കു—ഇതിൽ പതിനായിരക്കണക്കിനാളുകൾ ഇരകളായി—മാത്രമല്ല, അവയിലുള്ള വത്തിക്കാന്റെ ഉൾപ്പെടലിനും തെളിവു നൽകിയിട്ടുണ്ട്.
മറുപക്ഷത്ത്, ഓർത്തഡോക്സ് സഭ സെർബുകളെ അവരുടെ പോരാട്ടത്തിൽ പിന്തുണച്ചിട്ടുണ്ട്. യഥാർഥത്തിൽ, ഒരു സെർബ്യൻ സേനാവിഭാഗനേതാവ് ‘പാത്രിയർക്കീസാണ് എന്റെ സേനാപതി’യെന്നു പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടു.
ബോസ്നിയയിലും ഹെർസഗോവിനയിലും മാത്രം 1,50,000 പേർ മരണപ്പെടുന്നതിനോ കാണാതാകുന്നതിനോ ഇടയാക്കിയ സംഹാരത്തിന് അറുതിവരുത്താൻ എന്തു ചെയ്യാൻ കഴിയുമായിരുന്നു? “പോരാട്ടം ഉടൻ അവസാനിപ്പിക്കാനും തങ്ങളുടെ അനുയായികൾക്കു മററു മതങ്ങളിൽപെട്ടവരുമായി അയൽക്കാരെപ്പോലെ ജീവിക്കാൻ എങ്ങനെ ഇടയാക്കാമെന്നു തീരുമാനിക്കുന്നതിനു കൂടിവരാനും ബോസ്നിയ-ഹെർസഗോവിനായിൽ ഭരണാധികാരമുള്ള പാപ്പായോടും കോൺസ്ററാൻറിനോപ്പിളിലെ പാത്രിയർക്കീസിനോടും കത്തോലിക്കാ, പൗരസ്ത്യ ഈസ്റേറൺ ഓർത്തഡോക്സ്, മുസ്ലീം പള്ളിനേതാക്കൻമാരോടും ആവശ്യപ്പെടുന്ന ഒരു ഔപചാരിക പ്രമേയം യു.എൻ. രക്ഷാസമിതി പാസാക്കണമെന്നു ഫ്രെഡ് ഷിമിററ് സാൻ അന്റോണിയോ എക്സ്പ്രസ് ന്യൂസിൽ പ്രസ്താവിച്ചു.
ഇതേ സ്വഭാവത്തിൽ, “അവിടത്തെ മതനേതാക്കൻമാർ യുദ്ധം അവസാനിപ്പിക്കാൻ ആത്മാർഥശ്രമം നടത്തിയിരുന്നെങ്കിൽ അത് അവസാനിപ്പിക്കാൻ കഴിയുമായിരുന്നു”വെന്നു സ്കോട്ട്സ്ഡേൽ, അരിസോണാ പ്രോഗ്രസ് ട്രിബ്യൂണിലെ ഒരു വിശദീകരണം നിഗമനം ചെയ്തു. “സാരയെവോയുടെ നേരേ ഒരു ഷെൽ പായിക്കുന്ന ഏതൊരു സഭാംഗത്തെയും ഉടൻതന്നെ പുറത്താക്കിക്കൊണ്ട്” അവർ അതു ചെയ്യണമെന്നു ലേഖനം നിർദേശിച്ചു.
സമാധാനത്തിനുള്ള യഥാർഥ പ്രേരകശക്തിയല്ല
എന്നിരുന്നാലും, അതിനികൃഷ്ട യുദ്ധക്കുററവാളികളെ സഭാഭ്രഷ്ടരാക്കണമെന്നു സഹ കത്തോലിക്കർ അപേക്ഷിച്ചപ്പോൾപോലും പാപ്പാമാർ അതു ചെയ്യുന്നതിനു തുടർച്ചയായി വിസമ്മതിച്ചിരിക്കുന്നു. ദൃഷ്ടാന്തത്തിന്, ഒഹായോ, യു.എസ്.എ.യിലെ സിൻസിനാററി കാത്തലിക്ക് ടെലഗ്രാഫ്-രജിസ്ററർ, “കത്തോലിക്കനായി വളർത്തപ്പെട്ടിട്ടും വിശ്വാസം ലംഘിക്കുന്നു എന്നു പാപ്പായ്ക്കുള്ള കമ്പിസന്ദേശം പറയുന്നു” എന്ന തലക്കെട്ടിൻകീഴിൽ ഇങ്ങനെ റിപ്പോർട്ടുചെയ്തു: “റീക്ക്സ്ഫ്യൂഹെറർ അഡോൾഫ് ഹിററ്ലറെ സഭാഭ്രഷ്ടനാക്കണം എന്നു പീയൂസ് XII-മൻ പാപ്പായോട് ഒരു അഭ്യർഥന നടത്തിയിരിക്കുന്നു. . . . ‘അഡോൾഫ് ഹിററ്ലർ കത്തോലിക്കാ മാതാപിതാക്കൾക്കു ജനിക്കുകയും ഒരു കത്തോലിക്കനായി സ്നാപനകർമമേൽക്കുകയും ആ നിലയിൽ വളർത്തപ്പെടുകയും വിദ്യാഭ്യാസം നേടുകയും ചെയ്ത’തായി [കമ്പി] സന്ദേശത്തിന്റെ ഒരു ഭാഗം പറഞ്ഞിരുന്നു.” എന്നിട്ടും ഹിററ്ലറെ ഒരിക്കലും സഭാഭ്രഷ്ടനാക്കിയില്ല.
ഉഗ്രയുദ്ധം നടന്നിരിക്കുന്ന ആഫ്രിക്കൻപ്രദേശങ്ങളിലെ സാഹചര്യവും പരിചിന്തിക്കുക. ആ പ്രദേശത്തു സ്നാപനമേററ അനേകം “ക്രിസ്ത്യാനികൾ” ഉണ്ടായിരുന്നിട്ടും “ആഭ്യന്തര പോരാട്ടങ്ങൾ കൂട്ടസംഹാരങ്ങൾക്കും നാശത്തിനും ബലം പ്രയോഗിച്ച് ആളുകളെ നീക്കംചെയ്യുന്നതിനും ഇടയാക്കിയിരിക്കുന്നു” എന്നു ബറുണ്ടി, റ്വാണ്ട, ടാൻസനിയാ, ഉഗാണ്ട, സയർ എന്നീ ആഫ്രിക്കൻ രാഷ്ട്രങ്ങളിൽനിന്നുള്ള പതിനഞ്ച് റോമൻകത്തോലിക്കാ ബിഷപ്പുമാർ ഏററുപറഞ്ഞു. പ്രശ്നത്തിന്റെ മൂലകാരണം “ക്രിസ്തീയ വിശ്വാസം ആളുകളുടെ മനസ്ഥിതിയെ വേണ്ടത്ര സ്വാധീനിച്ചിട്ടില്ലെന്നുള്ളതാണ്” എന്നു ബിഷപ്പുമാർ സമ്മതിച്ചു.
“ജനസംഖ്യയിൽ കൂടുതലും കത്തോലിക്കരായ ചെറിയ ആഫ്രിക്കൻ രാഷ്ട്രത്തിൽ [ബറുണ്ടി] പോരാട്ടം നടക്കുന്നതായുള്ള പുതിയ റിപ്പോർട്ടുകളിൽ . . . പാപ്പായ്ക്കു ‘വലിയ വേദന’ അനുഭവപ്പെട്ടു” എന്ന് 1994 ഏപ്രിൽ 8-ലെ നാഷനൽ കാത്തലിക്ക് റിപ്പോർട്ടർ പറഞ്ഞു. ജനസംഖ്യയിൽ ഏതാണ്ട് 70 ശതമാനവും കത്തോലിക്കരായ റ്വാണ്ടയിൽ കൊലയ്ക്കു “കത്തോലിക്കർ പോലും ഉത്തരവാദികളാണ്” എന്നു പാപ്പാ പറഞ്ഞു. അതെ, അസംഖ്യം മുൻയുദ്ധങ്ങളിൽ ചെയ്തതുപോലെതന്നെ ഇരുപക്ഷത്തുമുള്ള കത്തോലിക്കർ അന്യോന്യം കൊന്നൊടുക്കിയിരിക്കുന്നു. കൂടാതെ, നാം കണ്ടു കഴിഞ്ഞതുപോലെ, മററു മതങ്ങൾ അതുതന്നെ ചെയ്തിരിക്കുന്നു.
അതുകൊണ്ട് എല്ലാ മതങ്ങളും യുദ്ധങ്ങളിൽ പക്ഷം പിടിക്കുന്നുവെന്നു നാം നിഗമനം ചെയ്യണമോ? സമാധാനത്തിനുള്ള യഥാർഥ പ്രേരകശക്തിയായ ഏതെങ്കിലും മതമുണ്ടോ?
[5-ാം പേജിലെ ചിത്രം]
പാപ്പായുടെ പ്രതിനിധി ബാസാലോ ഡി റേറാറഗ്രാസ്സോയോടുകൂടെ ഇവിടെ കാണപ്പെടുന്ന ഹിററ്ലറെ ഒരിക്കലും സഭാഭ്രഷ്ടനാക്കിയില്ല
[കടപ്പാട്]
Bundesarchiv Koblenz