പവിഴപ്പാറകളെ സംരക്ഷിക്കാനായി എന്തു ചെയ്യാൻ കഴിയും?
ആഗോള തപനം ഉണ്ടെന്നും വികസ്വര രാജ്യങ്ങൾ വ്യവസായ പുരോഗതിയിൽ മുന്നോട്ടു കുതിക്കുംതോറും അതു വഷളായിക്കൊണ്ടേയിരിക്കുമെന്നും ലോകമെമ്പാടുമുള്ള അനേകം ശാസ്ത്രജ്ഞൻമാർ വിശ്വസിക്കുന്നു. ഊർജത്തിനുവേണ്ടി കൽക്കരി, എണ്ണ, വിറക് എന്നിങ്ങനെയുള്ള ഇന്ധനങ്ങൾ കത്തിക്കുന്നതുവഴിയും വനനശീകരണത്തിനു വേണ്ടിയുള്ള ചുട്ടുകരിക്കലിലൂടെയും ഏതാണ്ട് മുന്നൂറു കോടി മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡ് (C02) ഗോളാന്തരീക്ഷത്തിലേക്കു വർഷംതോറും വമിക്കുന്നു. ഇന്ധന ജ്വലനത്തിന്റെ ഫലമായുണ്ടാകുന്ന വാതകങ്ങൾ മൂലമുണ്ടാകുന്ന ഹരിതഗൃഹ പ്രഭാവം എന്നു വിളിക്കപ്പെടുന്നത് അടുത്ത നൂറ്റാണ്ടിന്റെ മധ്യത്തോടെ അന്തരീക്ഷത്തെ 3 മുതൽ 8 വരെ ഡിഗ്രി ഫാരെൻഹീറ്റ് തപിപ്പിക്കുമെന്ന ഭീഷണിയുയർത്തുന്നതായി ചില ശാസ്ത്രജ്ഞൻമാർ പറയുന്നു. ഈ വർധനവു പവിഴപ്പുറ്റുകൾക്കും പവിഴപ്പാറ കൂട്ടങ്ങളിൽ വസിക്കുന്ന ജീവികൾക്കും മാരകമായിരിക്കും.
എന്നാൽ പവിഴപ്പാറകളുടെ നാശം കരയിലുള്ള ജീവികളെയും പ്രതികൂലമായി ബാധിക്കും. നാച്ചുറൽ ഹിസ്റ്ററി മാഗസിൻ ഇപ്രകാരം നിരീക്ഷിച്ചു: “എന്നാൽ, പവിഴപ്പാറകൾ ഹരിതഗൃഹ രംഗത്തെ മുഖ്യ അഭിനേതാക്കളാണ്. ഹരിതഗൃഹ വാതകങ്ങളുടെ അളവു കുറയ്ക്കുന്നതിൽ ഉഷ്ണമേഖലാ മഴവനങ്ങളെപ്പോലെതന്നെ അവയും പ്രധാനമായിരുന്നേക്കാം. പവിഴപ്പുഴുക്കൾ അവയുടെ അസ്ഥിപഞ്ജരങ്ങളിൽ കാൽസ്യം കാർബണേറ്റു നിക്ഷേപിക്കുമ്പോൾ അവ സമുദ്രങ്ങളിൽനിന്നും C02 വലിയ അളവിൽ നീക്കംചെയ്യുന്നു. സൂക്സാൻഥെല്ലേകൾ [പവിഴപ്പുഴുവിന്റെ ആശ്രയജീവികളായ ആൽഗകൾ] ഇല്ലാതെവരുമ്പോൾ പവിഴപ്പുഴുക്കൾ ഉപാപചയം നടത്തുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവു വൻതോതിൽ കുറഞ്ഞുപോകുന്നു. വിരോധാഭാസമെന്നു പറയട്ടെ, ഈ ജലാന്തര ആവാസവ്യവസ്ഥയ്ക്കുണ്ടാകുന്ന ഹാനിക്കു പവിഴപ്പുറ്റുകളുടെ നാശത്തെ ദ്രുതഗതിയിലാക്കുന്ന പ്രക്രിയയെത്തന്നെ ത്വരിതപ്പെടുത്താൻ കഴിയും.”
ജ്വലനത്തിന്റെ ഫലമായി പുറത്തുവരുന്ന മറ്റു വാതകങ്ങൾ ഹരിതഗൃഹ പ്രഭാവത്തെ വർധിപ്പിക്കുന്നുവെന്നു ചില ശാസ്ത്രജ്ഞൻമാർ വിശ്വസിക്കുന്നു. നൈട്രസ് ഓക്സൈഡും ക്ലോറോഫ്ളൂറോകാർബണുകളും (സിഎഫ്സി-കൾ) ഇവയ്ക്ക് ഉദാഹരണങ്ങളാണ്. വാസ്തവത്തിൽ, ഓരോ സിഎഫ്സി തൻമാത്രയും താപം പിടിച്ചുവയ്ക്കുന്നതിൽ C02-ന്റെ ഒരു തൻമാത്രയെക്കാളും 20,000 ഇരട്ടി ഫലപ്രദമാണ്. ഉപദ്രവകരമായ അൾട്രാവയലറ്റ് കിരണങ്ങളിൽനിന്നും ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്ന ഓസോൺ പാളിയുടെ കട്ടികുറയലിനുള്ള മുഖ്യ കാരണമെന്ന നിലയിലും സിഎഫ്സി-കളെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉത്തര ധ്രുവത്തിലെയും ദക്ഷിണ ധ്രുവത്തിലെയും ഓസോൺ, ദ്വാരങ്ങൾ ഉണ്ടാകാൻ പോന്നവിധം നേർത്തുപോയിരിക്കുന്നു. അത് പവിഴപ്പുറ്റുകളെ സംബന്ധിച്ചിടത്തോളം കൂടുതൽ ദുർവാർത്തയാണ്. ഉഷ്ണജലം ഇതിനോടകംതന്നെ സമ്മർദം ഏൽപ്പിച്ചിട്ടുള്ള ചെറിയ പവിഴപ്പാറകളെ അൾട്രാവയലറ്റ് വെളിച്ചത്തിലെ ചെറിയ വർധനവിനു വിധേയമാക്കിയുള്ള പരീക്ഷണങ്ങൾ നിറംമങ്ങൽ വർധിപ്പിക്കുകയുണ്ടായി. സയൻറിഫിക്ക അമേരിക്കൻ എന്ന മാഗസിൻ ഇപ്രകാരം ഖേദപൂർവം പ്രസ്താവിച്ചു: “ക്ലോറോഫ്ളൂറോകാർബണിന്റെ ഉത്സർജനം ഇന്നു നിലച്ചാൽപോലും സ്ട്രാറ്റോസ്ഫിയറിലെ ഓസോണിനു നാശം വരുത്തുന്ന രാസപ്രക്രിയകൾ കുറഞ്ഞത് ഒരു നൂറ്റാണ്ടത്തേക്കെങ്കിലും തുടരും. കാരണം ലളിതമാണ്: ആ സംയുക്തങ്ങൾ അന്തരീക്ഷത്തിൽ അത്രയും നാൾ നിലനിൽക്കുകയും ഉത്സർജനങ്ങൾ നിന്നുകഴിഞ്ഞു ദീർഘനാളുകൾക്കു ശേഷവും ട്രോപ്പോസ്ഫിയർ സംഭരണിയിൽനിന്നു സ്ട്രാറ്റോസ്ഫിയറിലേക്കു വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യും.”
വ്യക്തിപരമായ തലത്തിൽ വ്യക്തികൾക്കു ചപ്പുചവറോ മാലിന്യങ്ങളോകൊണ്ടു സമുദ്രങ്ങളും തീരപ്രദേശങ്ങളും മലിനീകരിക്കാതെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ കഴിയും. നിങ്ങൾ ഒരു പവിഴപ്പാറ സന്ദർശിക്കുകയാണെങ്കിൽ പവിഴപ്പുറ്റിൽ തൊടുകയോ അതിൽ കയറി നിൽക്കുകയോ ചെയ്യരുതെന്നുള്ള നിർദേശങ്ങൾ അനുസരിക്കുക. സ്മാരകവസ്തുക്കളായി സൂക്ഷിക്കുന്നതിനുവേണ്ടി പവിഴപ്പുറ്റ് എടുക്കുകയോ വാങ്ങുകയോ ചെയ്യരുത്. ഉഷ്ണമേഖലാ പവിഴപ്പാറകളുടെ സമീപം ബോട്ടുസവാരി നടത്തുകയാണെങ്കിൽ മണൽനിറഞ്ഞ അടിത്തട്ടുകളിലോ സമുദ്ര അധികൃതർ പ്രദാനം ചെയ്തിരിക്കുന്ന ഒഴുകിനടക്കുന്ന നങ്കൂര സ്ഥലങ്ങളിലോ നങ്കൂരമിടുക. അതിവേഗത്തിൽ ഓടിക്കുകയോ നിങ്ങളുടെ ബോട്ടിന്റെ പ്രൊപ്പല്ലർ കൊണ്ട് അടിയിൽ കോളിളക്കം ഉണ്ടാക്കുകയോ ചെയ്യരുത്. ബോട്ടിലെ മാലിന്യങ്ങൾ സമുദ്രത്തിലേക്കു പുറന്തള്ളരുത്; അവയെ സ്വീകരിക്കുന്ന നൗകാശയങ്ങളും മറീനകളും കണ്ടെത്തുക. ലൂയി കീ ദേശീയ സമുദ്ര സങ്കേതത്തിന്റെ (ഫ്ളോറിഡ, യു.എസ്.എ.) മാനേജരായ ബിൽ കോസീ ഇപ്രകാരം അഭിപ്രായപ്പെട്ടു: “അസന്തുലനത്തിനിടയാക്കുന്ന പ്രശ്നം സൃഷ്ടിക്കുന്നതു സാധ്യതയനുസരിച്ചു മനുഷ്യനാണ്. ഗോളവ്യാപകമായി നാം അതിനെക്കുറിച്ചു ബോധവാൻമാരായിത്തീരേണ്ടതുണ്ട്. ഒരു പ്രമുഖ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിന്റെ ഭീഷണിയെക്കുറിച്ചു നാം പൊതുജനങ്ങളെ കൂടുതൽ ബോധവാൻമാരാക്കുന്നതിൽ തുടരുന്നെങ്കിൽ ഒരുപക്ഷേ നമുക്കു സംഗതികൾക്കു മാറ്റം വരുത്താൻ കഴിഞ്ഞേക്കാം.”
മേഖലാ തലത്തിൽ പവിഴപ്പാറകൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള നിയമങ്ങൾ പാസാക്കുകയും നടപ്പിൽവരുത്തുകയും ചെയ്യുന്നുണ്ട്. പവിഴപ്പാറകൾക്കു കേടുവരുത്തുന്ന കപ്പലുകളുടെ ഉടമസ്ഥരുടെ പേരിൽ ഫ്ളോറിഡാ സംസ്ഥാനം ഹർജി സമർപ്പിക്കുന്നു. പവിഴപ്പുറ്റിന്റെ മുകളിലൂടെ ഓടിയതിന്റെ ഫലമായി അനേകം ഏക്കർ പവിഴപ്പുറ്റ് ഉഴുതുമറിച്ചുകളഞ്ഞ ഒരു ചരക്കുകപ്പലിന്റെ ഉടമസ്ഥർ 60 ലക്ഷം ഡോളർ പിഴയടച്ചു. സമുദ്രത്തിലെ സ്വാഭാവിക പരിസ്ഥിതി പുനസ്ഥിതീകരിക്കുന്നതിനുവേണ്ടി ആ പണത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചു. 1994-ൽ ഒരു കപ്പൽ കേടുവരുത്തിയ പവിഴപ്പുറ്റിനെ ചില പ്രത്യേക പശകളുപയോഗിച്ചു തിരിച്ചൊട്ടിക്കാൻ ജീവശാസ്ത്രജ്ഞൻമാർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കമ്പനിയുടെ ചരക്കുകപ്പലുകളിലൊന്ന് ഫ്ളോറിഡാ പവിഴപ്പാറയിൽ വരുത്തിയ കേടുപാടുകൾ നിമിത്തം ആ കമ്പനിയുടെമേൽ 32 ലക്ഷം ഡോളർ പിഴ ചുമത്തി. മറ്റു രാജ്യങ്ങളും സമാനമായ ശിക്ഷകൾ നടപ്പാക്കുന്നു. കരീബിയനിലെ കേയ്മൻ ദ്വീപുകൾ പോലെയുള്ള പ്രസിദ്ധമായ ഡൈവിങ് സ്ഥലങ്ങൾ, ഡൈവിങ് നടത്താൻ അനുവദിച്ചിരിക്കുന്ന പ്രദേശങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു. ഗ്രേറ്റ് ബാരിയർ റീഫിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായി ഓസ്ട്രേലിയ, ഗ്രേറ്റ് ബാരിയർ റീഫ് സമുദ്രോദ്യാനം ഉണ്ടാക്കിയിരിക്കുന്നു. എന്നാൽ എല്ലാവർക്കും അറിയാവുന്നതുപോലെ ഡൈവുചെയ്യുന്നവർ എത്രയധികമുണ്ടോ പവിഴപ്പാറകൾക്കുണ്ടാകുന്ന കേടുപാടുകളും അത്രയധികമായിരിക്കും.
എല്ലാ രാഷ്ട്രങ്ങളും പോരാട്ടത്തിൽ പങ്കെടുക്കുമോ?
ഒരു ആഗോള തലത്തിൽ, പരിഹാരം ഒരു രാഷ്ട്രത്തിന്റെയോ ഒരു കൂട്ടം രാഷ്ട്രങ്ങളുടെ പോലുമോ കഴിവിനപ്പുറമാണെന്നു പരിഭ്രാന്തരായ ശാസ്ത്രജ്ഞന്മാരും നേതാക്കളും നിഗമനം ചെയ്യുന്നു. പവിഴപ്പാറകൾക്കു ഹാനി വരുത്തിക്കൊണ്ടു പരിക്രമണം ചെയ്യുന്ന ജല, വായു പ്രവാഹങ്ങൾ മലിനീകരണത്തെ ഗോളമാസകലം വ്യാപിപ്പിക്കുന്നു. വ്യതിരിക്ത രാഷ്ട്രങ്ങൾക്ക് അവയുടെ പ്രാദേശിക ജലാശയങ്ങൾക്കപ്പുറം നിയമാധികാരമില്ല. ഒരു രാജ്യത്തിന്റെയും അധികാരസീമയിൽ പെടാത്ത പുറങ്കടലുകളിൽ തള്ളുന്ന മാലിന്യങ്ങൾ ഒടുവിൽ തീരങ്ങളിൽ ചെന്ന് അടിയുന്നു. ഒരു ഏകീകൃത ആഗോള ശ്രമവും പരിഹാരവും ആണ് ആവശ്യം.
ഭൂമിയുടെ വിസ്മയാവഹമായ പവിഴ നിധികളെ സംരക്ഷിക്കുന്നതിനായി ലോകത്തിലെ ആത്മാർഥരും സമർഥരുമായ അനേകം ആളുകൾ തങ്ങളുടെ തീവ്രശ്രമം തുടരുമെന്നുള്ളതിനു സംശയമില്ല. ഭൗമ പരിസ്ഥിതിയെക്കുറിച്ചു സൂക്ഷ്മമായി അറിയുകയും അതിനുവേണ്ടി കരുതുകയും ചെയ്യുന്ന ഒരു ലോക ഗവൺമെൻറ് വ്യക്തമായും അത്യന്തം ആവശ്യമാണ്. സന്തോഷകരമെന്നു പറയട്ടെ, ആഗോള പരിസ്ഥിതിയെ സ്രഷ്ടാവുതന്നെ രക്ഷിക്കുന്നതായിരിക്കും. ആദ്യ മനുഷ്യരെ സൃഷ്ടിച്ചപ്പോൾ ദൈവം പറഞ്ഞു: ‘അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും [എല്ലാ സമുദ്രജീവികളുടെ മേലും] വാഴട്ടെ.’ (ഉല്പത്തി 1:26) ദൈവം സമുദ്ര ജീവികളെ ദുരുപയോഗപ്പെടുത്തുകയോ ചൂഷണം ചെയ്യുകയോ ചെയ്യാഞ്ഞതിനാൽ, മനുഷ്യൻ ആഗോള പരിസ്ഥിതിക്കുവേണ്ടി കരുതണമെന്നു മനുഷ്യവർഗത്തോടുള്ള അവന്റെ അനുശാസനം അർഥമാക്കിയിരിക്കണം. “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും [ദൈവത്തിന്റെ സ്വർഗീയ രാജ്യം] പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു” എന്നു ബൈബിൾ പ്രവചിക്കുന്നു. (2 പത്രൊസ് 3:13) സമീപ ഭാവിയിൽ, സമുദ്രങ്ങളുൾപ്പെടെ, ഈ മലിനമാക്കപ്പെട്ട ഭൂമിയെ ആ സ്വർഗീയ ഗവൺമെൻറ് പൂർണമായും ശുദ്ധീകരിക്കും. അപ്പോൾ ദൈവരാജ്യത്തിന്റെ പൗരൻമാർ മനോഹരമായ സമുദ്രങ്ങളെയും അവയിലെ സമുദ്ര നിവാസികളെയും പൂർണമായും പരിപാലിക്കുകയും ആസ്വദിക്കുകയും ചെയ്യും.
[18-ാം പേജിലെ ചിത്രങ്ങൾ]
പശ്ചാത്തലം: ഫിജിക്കു സമീപം പസഫിക് സമുദ്രത്തിലുള്ള മനോഹരമായ ഒരു പവിഴപ്പാറ
ഉൾച്ചിത്രങ്ങൾ: 1. ഒരു കോമാളി മത്സ്യത്തിന്റെ ജലത്തിനടിയിലെ ക്ലോസ്-അപ്, 2. മേശയുടെ ആകൃതിയിലുള്ള പവിഴപ്പുറ്റ്, 3. പവിഴപ്പുറ്റിന്മേലിരിക്കുന്ന ഒരു ശുചീകരണ ചെമ്മീൻ
[കടപ്പാട്]
Page 18 background: Fiji Visitors Bureau