കുറ്റകൃത്യവിമുക്തമായ രാജ്യം എവിടെ?
വർഷങ്ങളായി മോസ്ക്കോയിൽ നടന്നിട്ടുള്ളതിലേക്കും ഏറ്റവും വലിയ ശവസംസ്കാരമായിരുന്നു അദ്ദേഹത്തിന്റേത്. 1995 മാർച്ച് 1-ന് അവിചാരിതമായി കൊലയാളിയുടെ വെടിയുണ്ടകളേറ്റു ജീവൻ വെടിഞ്ഞ ആ റഷ്യൻ യുവാവിന് അന്തിമോപചാരം അർപ്പിക്കാൻ വീഥികളിൽ ആയിരങ്ങൾ അണിനിരന്നു. ഏതാണ്ട് തന്റെ വാതിൽപ്പടിക്കൽ തന്നെ വെടിയേറ്റുമരിച്ച, 1994-ലെ ഏറ്റവും പ്രഗത്ഭനായ പത്രപ്രവർത്തകൻ എന്ന ബഹുമതി കരസ്ഥമാക്കിയ വ്ളഡ്യിസ്ലാഫ് ലിസ്റ്റ്യെഫ്, കൂടെക്കൂടെ ടിവി-യിൽ സ്ഥാനം പിടിച്ച ഒരു പ്രഖ്യാതനായിരുന്നു.
അതിനുശേഷം, മൂന്ന് ആഴ്ച പിന്നിട്ടില്ല, മാർച്ച് 20-ന് ടോക്കിയോയിലെ ഭൂഗർഭ റെയിൽപാതയിൽ അതിരാവിലെ ഗതാഗതത്തിരക്കുള്ള സമയത്ത്, ഒരു വിഷവാതക ആക്രമണം ഉണ്ടായി. ഒട്ടേറെപേർ മരണമടഞ്ഞു; നിരവധിപേർക്കു ഗുരുതരമായി പരിക്കേറ്റു.
പിന്നീട്, ഏപ്രിൽ 19-ന്, ഒക്ലാഹോമ നഗരം, ലോകമെമ്പാടുമുള്ള ടെലിവിഷൻ നിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രമായി മാറി. ബോംബ് വെച്ചു തകർക്കപ്പെട്ട ഒരു കേന്ദ്രഗവൺമെൻറു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു രക്ഷാപ്രവർത്തകർ ചിന്നിച്ചിതറിയ ശരീരങ്ങൾ വലിച്ചെടുക്കുന്നത് അവർ ഭീതിയോടെ നോക്കിക്കണ്ടു. മരണനിരക്ക് 168 ആയിരുന്നു.
ഈ വർഷം ജൂൺ അവസാനം, സൗദി അറേബ്യയിലെ ദഹറാനിനടുത്തുണ്ടായ ഇത്തരത്തിലുള്ള മറ്റൊരാക്രമണത്തിൽ 19 അമേരിക്കക്കാർ കൊല്ലപ്പെടുകയും ഏതാണ്ട് 400 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഈ നാലു സംഭവങ്ങളും, കുറ്റകൃത്യങ്ങൾ ഒരു പുതിയ മാനം കൈക്കൊള്ളുന്നതായി ചിത്രീകരിക്കുന്നു. “പതിവു” കുറ്റകൃത്യങ്ങൾക്കൊപ്പം മൃഗീയമായ ഭീകരപ്രവർത്തനചെയ്തികളും ഏറിവരുന്നു. ഈ നാലു സംഭവങ്ങളും—അവയുടേതായ രീതിയിൽ—ഓരോരുത്തരും കുറ്റകൃത്യപരമായ ആക്രമണങ്ങൾക്കു വിധേയരാകാനുള്ള സാധ്യത എത്രമാത്രമെന്നു തെളിയിക്കുന്നു. നിങ്ങൾ വീട്ടിലോ ജോലിസ്ഥലത്തോ തെരുവിലോ ആയിക്കൊള്ളട്ടെ, കുറ്റകൃത്യത്തിന് ഇരയായേക്കാം. വാസ്തവത്തിൽ, പത്തു വർഷം മുമ്പത്തെക്കാൾ തങ്ങൾ കുറ്റകൃത്യത്തിന് ഇരയാവാനുള്ള സാധ്യത ഇപ്പോൾ കൂടുതലാണെന്ന് ഏതാണ്ട് നാലിൽ മൂന്നു ഭാഗം ബ്രിട്ടീഷുകാർ വിശ്വസിക്കുന്നതായി ഒരു ബ്രിട്ടീഷ് സർവേ വെളിപ്പെടുത്തി. നിങ്ങൾ ജീവിക്കുന്നിടത്തെ സാഹചര്യവും സമാനമായിരിക്കാം.
നിയമാനുവർത്തികളായ പൗരന്മാർ, കുറ്റകൃത്യങ്ങളെ കേവലം നിയന്ത്രിക്കുന്നതിലധികം ചെയ്യുന്ന ഒരു ഗവൺമെൻറിനായി വാഞ്ഛിക്കുന്നു. യഥാർഥത്തിൽ അതിന് അറുതി വരുത്തുന്ന ഒരു ഗവൺമെൻറാണ് അവർക്കു വേണ്ടത്. ചില ഗവൺമെൻറുകൾക്കു മറ്റുള്ളവയെ അപേക്ഷിച്ചു കൂടുതൽ ഫലപ്രദമായി കുറ്റകൃത്യങ്ങൾ തടയാൻ സാധിക്കുന്നുണ്ടെന്നു കുറ്റകൃത്യങ്ങളുടെ താരതമ്യ നിരക്കു കാണിക്കുന്നുണ്ടെങ്കിലും, കുറ്റകൃത്യങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ മാനുഷ ഗവൺമെൻറുകൾ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ആകമാന വീക്ഷണം വെളിവാക്കുന്നു. എങ്കിൽതന്നെയും, ഗവൺമെൻറ് താമസിയാതെ കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തുമെന്നു വിശ്വസിക്കുന്നത് അയഥാർഥമോ സാങ്കൽപ്പികമോ അല്ല. പക്ഷേ, ഏതു ഗവൺമെൻറ്? എപ്പോൾ?
[4, 5 പേജുകളിലെ ചതുരം/ഭൂപടം]
കുറ്റകൃത്യം നിറഞ്ഞ ഒരു ലോകം
യൂറോപ്പ്: ഇറ്റലിയിൽ, വസ്തുവകകൾക്കുനേരെയുള്ള കുറ്റകൃത്യങ്ങൾ ചുരുങ്ങിയ കാലംകൊണ്ട് “ഒരിക്കൽ അസംഭാവ്യമെന്നു കരുതിയിരുന്ന അത്യുച്ചത്തിലെത്തിയിരിക്കുന്ന”തായി ഒരു ഇറ്റാലിയൻ പുസ്തകം (“അവസരവും കള്ളനും”) പറഞ്ഞു. 1985-ൽ 1,00,000 ജനങ്ങൾക്ക് 490-ഉം 1992 ആയതോടെ 922-ഉം കുറ്റകൃത്യങ്ങൾ മുൻ സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കായ ഉക്രെയിൻ റിപ്പോർട്ടു ചെയ്തു. എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. ഒരു റഷ്യൻ വർത്തമാനപത്രം (“വാദങ്ങളും വസ്തുതകളും”) ഇങ്ങനെ എഴുതിയതിൽ അതിശയിക്കാനില്ല: “ഈ ഭീകര കാലഘട്ടത്തെ അതിജീവിക്കുന്നതിനെക്കുറിച്ച്—ജീവനോടെയിരിക്കുന്നതിനെക്കുറിച്ച്—നാം സ്വപ്നം കാണുന്നു. . . . തീവണ്ടിയിൽ യാത്ര ചെയ്യാൻ നമുക്കു ഭയം—അതു പാളം തെറ്റുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തേക്കാം; വിമാനയാത്ര ചെയ്യാൻ നമുക്കു ഭയം—വിമാനാപഹരണം സർവസാധാരണമാണ് അല്ലെങ്കിൽ വിമാനം തകർന്നുവീണേക്കാം; ഭൂഗർഭയാത്ര നടത്താൻ നമുക്കു ഭയം—കൂട്ടിമുട്ടലുകളും സ്ഫോടനങ്ങളും തന്നെ കാരണം; തെരുവിലൂടെ നടക്കാൻ ഭയം—നിങ്ങൾ വെടിവെപ്പിൽ പെട്ടുപോകാനോ കൊള്ളയടിക്കപ്പെടാനോ ബലാൽസംഗം ചെയ്യപ്പെടാനോ മർദിക്കപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ട്; കാറിൽ യാത്ര ചെയ്യാൻ നമുക്കു ഭയം—അതു കത്തിക്കപ്പെട്ടേക്കാം, അല്ലെങ്കിൽ തകർക്കപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തേക്കാം; അപ്പാർട്ടുമെൻറിന്റെ ഇടനാഴി, റെസ്റ്ററൻറ് എന്നിവിടങ്ങളിലേക്ക് അല്ലെങ്കിൽ സ്റ്റോറുകളിലേക്ക് പോകുവാൻ നമുക്കു ഭയം—അവിടെ എവിടെയെങ്കിലും വെച്ച് നിങ്ങൾക്കു പരിക്കേൽക്കുകയോ നിങ്ങൾ കൊല്ലപ്പെടുകയോ ചെയ്തേക്കാം.” ഹംഗേറിയൻ മാഗസിനായ എച്ച്വിജി ഹംഗറിയിലെ ചൂടുള്ള ഒരു നഗരത്തെ, “മാഫിയാ ആസ്ഥാന”ത്തോടു സാദൃശ്യപ്പെടുത്തി. “പുതിയ തരത്തിലുള്ള കുറ്റകൃത്യങ്ങളുടെയെല്ലാം ഉത്ഭവസ്ഥാനം” എന്നും “മാഫിയകളോട് പൊരുതാൻ പൊലീസ് സജ്ജീകൃതരല്ലാതിരിക്കുന്നത് ആളുകൾ കാണുമ്പോൾ ഭയത്തിന്റെ ശൃംഖലാ പ്രതിപ്രവർത്തനം വളർന്നുകൊണ്ടിരിക്കുന്നു” എന്നും അതു പറഞ്ഞു.
ആഫ്രിക്ക: ഒരു പശ്ചിമാഫ്രിക്കൻ രാഷ്ട്രത്തിൽ “അർഥവത്തായ കലാലയ പരിശീലനം നേടുന്നത് തടയുന്ന ഘട്ടത്തോളം മിക്കവാറും എത്തുന്നതരം, രഹസ്യ പ്രസ്ഥാനങ്ങളിലെ അംഗങ്ങൾ കെട്ടഴിച്ചുവിടുന്ന ഭീകരപ്രവർത്തനതരംഗം ഉപരിപഠന സ്ഥാപനങ്ങളിൽ ഉള്ളതായി” നൈജീരിയയിലെ ഡെയ്ലി ടൈംസ് റിപ്പോർട്ടു ചെയ്തു. അതു തുടർന്നു: “ജീവന്റെയും വസ്തുവകകളുടെയും നഷ്ടത്തിനിടയാക്കിക്കൊണ്ട് ഈ തരംഗം വ്യാപകമായിക്കൊണ്ടിരിക്കുന്നു.” മറ്റൊരു ആഫ്രിക്കൻ രാജ്യത്തെക്കുറിച്ചു ദക്ഷിണാഫ്രിക്കയിലെ ദ സ്റ്റാർ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “രണ്ടു തരത്തിലുള്ള അക്രമങ്ങളുണ്ട്: സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും സാധാരണ കുറ്റകൃത്യത്തോടു ബന്ധപ്പെട്ട അക്രമങ്ങളും. ആദ്യത്തേതു ശ്രദ്ധേയമാംവിധം കുറഞ്ഞിട്ടുണ്ട്. രണ്ടാമത്തേതാകട്ടെ, കുതിച്ചുയർന്നിരിക്കുന്നു.”
ഓഷിയേനിയ: കുറ്റകൃത്യങ്ങൾ നിമിത്തം ഓസ്ട്രേലിയയിൽ “വർഷംതോറും കുറഞ്ഞത് 2,700 കോടി ഡോളർ അല്ലെങ്കിൽ ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും ഏതാണ്ട് 1,600 ഡോളർ വീതം” നഷ്ടം സംഭവിക്കുന്നതായി അവിടത്തെ ശിക്ഷാക്രമസ്ഥാപനം കണക്കാക്കുന്നു. ഇത് “രാജ്യത്തെ മൊത്തം ഉത്പന്നങ്ങളുടെ മൂല്യത്തിന്റെ 7.2 ശതമാനത്തോളം വരും.”
അമേരിക്കകൾ: തുടർച്ചയായ 12 വർഷം ഉൾക്കൊള്ളുന്ന അടുത്ത കാലത്തെ ഒരു കാലയളവിൽ കാനഡയിൽ അക്രമാസക്തമായ കുറ്റകൃത്യം വർധിച്ചിരിക്കുന്നതായി ദ ഗ്ലോബ് ആൻറ് മെയിൽ റിപ്പോർട്ടു ചെയ്തു. “കഴിഞ്ഞ ദശകത്തിൽ അക്രമത്തിന് 50 ശതമാനം വർധനവുണ്ടാക്കിയ ഒരു പ്രവണതയുടെ ഭാഗമാണത്രേ ഇവയെല്ലാം.” അതേസമയം, അടുത്തയിടെ ഒരു വർഷത്തിൽ കൊളംബിയയിൽ 1,714 ആളപഹരണങ്ങൾ നടന്നതായി കൊളംബിയയിലെ എൽ റ്റ്യെമ്പോ റിപ്പോർട്ടു ചെയ്തു. “ഇതേ കാലഘട്ടത്തിൽ ലോകത്തിന്റെ ബാക്കി ഭാഗങ്ങളിൽ രേഖപ്പെടുത്തപ്പെട്ട ആളപഹരണങ്ങളുടെ ഇരട്ടിയിലേറെയാണ് ഈ സംഖ്യ.” മെക്സിക്കോയിലെ നീതിന്യായ വകുപ്പിന്റെ അഭിപ്രായപ്രകാരം, സമീപ വർഷത്തിൽ അതിന്റെ തലസ്ഥാനത്ത് ഓരോ നാലു മണിക്കൂറിലും ഒരു ലൈംഗിക കുറ്റകൃത്യം നടക്കുകയുണ്ടായി. വ്യക്തികളുടെ മൂല്യത്തിൽ സംഭവിച്ചിരിക്കുന്ന ഇടിവ് 20-ാം നൂറ്റാണ്ടിന്റെ സവിശേഷതയാണെന്ന് ഒരു വനിതാവക്താവു ചൂണ്ടിക്കാട്ടി. “ഉപയോഗത്തിനുശേഷം വലിച്ചെറിയുകയെന്ന മനോഭാവമുള്ള ഒരു സമൂഹത്തിലാണു നാം ജീവിക്കുന്നത്” എന്ന് അവർ നിഗമനം ചെയ്തു.
ലോകവ്യാപകമായി: “1970-കളിലും 1980-കളിലും ലോകവ്യാപകമായി കുറ്റകൃത്യങ്ങളിൽ കുത്തനെയുള്ള ഒരു വർധനവുണ്ടാ”യതായി ഐക്യരാഷ്ട്രങ്ങളും കുറ്റകൃത്യനിരോധനവും (ഇംഗ്ലീഷ്) എന്ന പുസ്തകം അഭിപ്രായപ്പെടുന്നു. അത് പറയുന്നു: “രേഖപ്പെടുത്തപ്പെട്ട കുറ്റകൃത്യങ്ങൾ 1975-ൽ ഏതാണ്ട് 33 കോടിയായിരുന്നതിൽനിന്ന് 1980-ൽ ഏകദേശം 40 കോടിയായി ഉയർന്നിരിക്കുന്നു. മാത്രമല്ല, 1990-ൽ ഇത് 50 കോടിയായിത്തീർന്നിരിക്കുന്നു.”
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Earth on pages 3, 6, and 9: NASA photo