വനത്തിൽ സംഗീതനാടകം
ബ്രസീലിലെ ഉണരുക! ലേഖകൻ
വിമാനത്തിന്റെ ജാലകത്തിലൂടെ നോക്കുമ്പോൾ മുഖാമുഖം ഒഴുകിവരുന്ന രണ്ടു നദികൾ നാം കാണുന്നു. പൂഴിമണലിന്റെ നിറമുള്ള സൂലിമോയിൻഷും ചെളിനിറമുള്ള നെഗ്രോയും. സംഗമിക്കുമ്പോൾ അവയിലെ ജലം പൂർണമായും കലരുകയില്ല. താഴേക്കു പത്തു കിലോമീറ്റർ ഒഴുകിയശേഷമാണ് അവയിലെ ജലം കലരുന്നത്. അതിനടുത്തായി, ബ്രസീലിന്റെ ആമസോണസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ മനൗസിൽ വിമാനം ഇറങ്ങുന്നു.
“ഇവിടെ രണ്ടു തരം കാലാവസ്ഥയുണ്ട്,” മനൗസിലെ ആളുകൾ പറയുന്നു. “ഒന്നുകിൽ എല്ലാ ദിവസവും മഴ പെയ്യും അല്ലെങ്കിൽ ദിവസം മുഴുവൻ മഴ പെയ്യും.” എന്നാൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞ, 15 ലക്ഷം നിവാസികളുള്ള ഈ നഗരത്തിലെ തിരക്കു പിടിച്ച ജീവിതത്തിന് മഴ ഒരു പ്രതിബന്ധമല്ല. വിശാലമായ വീഥികളിൽ നിലകൊള്ളുന്ന ഉയർന്ന സാങ്കേതിക വ്യവസായശാലകളും കുന്നുകളുള്ള തെരുവുകളിലെ വീടുകളും പാർപ്പിടസമുച്ചയങ്ങളും കടന്ന് നാം താമസിയാതെ നഗരത്തിന്റെ ഗതാഗതത്തിരക്കുള്ള ഹൃദയഭാഗത്തെത്തുന്നു. അവിടെ അംബരചുംബികളും രാജകീയ സൗധങ്ങളും നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. വനത്തിലെ പാരീസ് എന്ന് മനൗസ് ഒരിക്കൽ വിളിക്കപ്പെട്ടിരുന്നതിന്റെ കാരണം നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. എങ്കിലും മനോഹരമായ ഒരു കെട്ടിടം പ്രത്യേകിച്ചും ശ്രദ്ധാർഹമാണ്—സംഗീതനാടകശാല.
തിയേറ്ററിന്റെ നടത്തിപ്പുകാരിയായ ഈനെസ് ലീമ പറയുന്നു: “പല സ്ഥലങ്ങളിലും സംഗീതനാടകശാലകളുണ്ട്. പക്ഷേ റ്റെയാട്ര്യൂ ആമാസോണസ് വ്യത്യസ്തമാണ്. അത് ഒരു ഒറ്റപ്പെട്ട സ്ഥലത്താണ്.” ഇത്ര പ്രൗഢഗംഭീരമായ ഒരു സംഗീതനാടകശാല ലോകത്തിലെ ഏറ്റവും വലിയ മഴവനത്തിനു മധ്യേ വന്നതെങ്ങനെ?
റബറുമായുള്ള ബന്ധം
1669-ൽ പോർട്ടുഗീസ് കപ്പിത്താനായ ഫ്രാൻസീസ്ക്ക്യൂ ദെ മോട്ട ഫാൽക്കൗൻ, ഫൊർട്ടലേസ ദി സാവുൻ ഷൂസെ ദൂ റീയോ നേഗ്രൊ എന്ന പേരിൽ വനത്തിൽ ഒരു കോട്ട പണിതുയർത്തി. പല പ്രാവശ്യം പേരു മാറ്റിയശേഷം 1856-ൽ, അവിടെ താമസിക്കുന്ന മാനാവോസ് എന്ന ഇന്ത്യൻഗോത്രത്തിന്റെ പേരിന്റെ സൂചകമായി അതിന് മനൗസ് എന്നു പേരിട്ടു. 1900-ാമാണ്ടോടെ 50,000 ആളുകൾ മനൗസിലേക്കു കുടിയേറിപ്പാർത്തിരുന്നു. ഈ കൂട്ടത്തെ ആകർഷിച്ചത് എന്തായിരുന്നു? ആമസോൺ നദീതടത്തിൽ വളരുന്ന ഹെവീ ബ്രാസിലിയെൻസിസ് അഥവാ റബർ മരം.
ആ വൃക്ഷത്തിന്റെ പാലിൽനിന്നുണ്ടാക്കിയ കനമുള്ള പന്തുകൾകൊണ്ട് ഇന്ത്യക്കാർ കളിക്കുന്നതു പോർട്ടുഗീസ് കുടിയേറ്റക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. പാൽപോലെ തോന്നിക്കുന്ന ഈ ദ്രാവകംകൊണ്ടുള്ള മറ്റൊരു ഉപയോഗവും കാലക്രമേണ കുടിയേറ്റക്കാർ കണ്ടു. 1750-ൽ പോർട്ടുഗൽ രാജാവ് ഡോങ് ഷൂസെ തന്റെ ബൂട്ടുകൾ വെള്ളം കയറാത്ത രീതിയിലുള്ളവയാക്കാൻ ബ്രസീലിലേക്കയച്ചു. 1800-ഓടെ ബ്രസീൽ, വടക്കേ അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ടിലേക്ക് റബർ ഷൂസുകൾ കയറ്റി അയയ്ക്കാൻ തുടങ്ങി. 1839-ൽ ചാൾസ് ഗുഡ്യർ വൾക്കനീകരണം കണ്ടുപിടിച്ചതും 1888-ൽ ജോൺ ഡൺലപ്പ്, വായു നിറച്ച ടയറിന്റെ നിർമാണാവകാശക്കുത്തക ആർജിച്ചതും ‘റബറിനുവേണ്ടിയുള്ള തള്ളിക്കയറ്റത്തിന്’ വഴിതെളിച്ചു. ലോകത്തിനു റബർ ആവശ്യമായിവന്നു.
താമസിയാതെ, ഏതാണ്ട് 2,00,000 ബ്രസീൽകാർ സെറീങ്കേറോസ് അല്ലെങ്കിൽ റബറുവെട്ടുകാരായി ജോലി ചെയ്യാൻ തുടങ്ങി. മനൗസിനു ചുറ്റുമുള്ള മഴക്കാടുകളിൽ അങ്ങിങ്ങായുള്ള എട്ടു കോടി റബർ മരങ്ങളിൽനിന്ന് അവർ പാൽ എടുത്തിരുന്നു.
സാമ്പത്തിക സമൃദ്ധി നിമിത്തം മയക്കം ബാധിച്ച വർഷങ്ങളിൽ, പട്ടണത്തിൽ വൈദ്യുതിയും ടെലഫോണും ഒരു ട്രാംവണ്ടിപോലും വന്നു. തെക്കേ അമേരിക്കയിൽ ഇതെല്ലാം ആദ്യമായിരുന്നു. റബർ വ്യാപാരികൾ മണിമന്ദിരങ്ങൾ പണിതു, ഐറീഷ് വിരിപ്പുകൾ വിരിച്ച മേശകളിൽ ഭക്ഷണം കഴിച്ചു. അവരുടെ കുടുംബങ്ങൾ, യൂറോപ്പിലേക്ക് കൂടെക്കൂടെ യാത്ര ചെയ്തു, സംഗീതനാടകം ഉൾപ്പെടെയുള്ള അവിടുത്തെ സംസ്കാരം ആസ്വദിക്കാൻ. താമസിയാതെ, യൂറോപ്പിലുള്ള സംഗീതനാടകശാലകൾ പോലെ ഒരെണ്ണം അവർക്കും വേണമെന്നായി.
യൂറോപ്പിന്റെ നുറുങ്ങുകൾ പറിച്ചുനടൽ
1881-ൽ, നാടകശാല പണിയാനായി, രണ്ട് പോഷകനദികൾക്കു നടുവിലുള്ള ഒരു കുന്നിൻ മുകളിൽ പള്ളിയോടു ചേർന്ന് വനത്താൽ ചുറ്റപ്പെട്ട ഒരു സ്ഥലം തിരഞ്ഞെടുത്തപ്പോഴാണ് ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. പിന്നീട്, നിർമാണ വസ്തുക്കൾ നിറച്ച കപ്പലുകൾ അറ്റ്ലാൻറിക് സമുദ്രം കടന്ന്, ആമസോൺ നദിയിലൂടെ വീണ്ടും 1,300 കിലോമീറ്റർ സഞ്ചരിച്ച് മനൗസിലെത്തി.
ഒരു നിമിഷം! ഈ നിയോക്ലാസിക്ക് ഘടനയിന്മേൽ ഒരു താഴികക്കുടം ഉള്ളത് എന്തുകൊണ്ടാണ്? അത് ആദ്യത്തെ പദ്ധതിയുടെ ഭാഗമല്ലായിരുന്നു എന്നതു ശരിതന്നെ. എന്നാൽ എഞ്ചിനീയർമാരിൽ ഒരാൾ ഫ്രാൻസിലെ ഒരു മേളയ്ക്കു പോയി, ഒരു താഴികക്കുടം കണ്ടു, ഇഷ്ടപ്പെട്ടു, അത് വാങ്ങിക്കൊണ്ടുവന്നു. പച്ചയും മഞ്ഞയും നിറത്തിലുള്ള ഏതാണ്ട് 36,000 ജർമൻ ടൈൽസ്കൊണ്ടാണ് താഴികക്കുടം മോടിപിടിപ്പിച്ചത്.
കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ള ഓഡിറ്റോറിയത്തിന്റെ താഴത്തെ നിലയിൽ 700 ചൂരൽക്കസേരകൾ ഇടാനുള്ള സൗകര്യമുണ്ടായിരുന്നു. ഔദ്യോഗിക ബോക്സിലാകട്ടെ 12 കസേരകളിടാനും. ബാൽക്കണിയിലെ 90 സ്വകാര്യ ബോക്സുകളിൽ ഓരോന്നിലും 5 സീറ്റ് വീതമുണ്ടായിരുന്നു. സ്വകാര്യ ബോക്സുകൾ ലഭിക്കാൻ സമ്പന്ന കുടുംബങ്ങൾ 22 ഗ്രീക്ക് മുഖംമൂടികൾ സംഭാവന ചെയ്തിരുന്നു. യൂറോപ്യന്മാരായ ഗാനരചയിതാക്കൾ, സംഗീതജ്ഞന്മാർ, നാടകകൃത്തുക്കൾ എന്നിവരോടുള്ള ആദരസൂചകമായി അവ സ്തംഭങ്ങൾക്കു മുകളിൽ വെക്കുമായിരുന്നു.
പ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന സംഗീതനാടകശാല ഒരു മനോഹര ദൃശ്യമാണ്. ഓഡിറ്റോറിയത്തിനു മധ്യേ, ഫ്രാൻസിൽ നിർമിച്ച ഒരു കൂറ്റൻ ബഹുശാഖാദീപം തൂക്കിയിട്ടിരിക്കുന്നു. ഇറ്റാലിയൻ പളുങ്കുകൾകൊണ്ട് അലങ്കരിച്ചിരിക്കുന്ന അത് വെങ്കലംകൊണ്ടാണു നിർമിച്ചിരിക്കുന്നത്. ബൾബുകൾ മാറിവെക്കാനും വൃത്തിയാക്കാനും അതു വേണമെങ്കിൽ താഴ്ത്താവുന്നതാണ്. അടിഭാഗം വെങ്കലംകൊണ്ടു നിർമിച്ചിരിക്കുന്ന, ടൂലിപ്പ് പുഷ്പത്തിന്റെ ആകൃതിയിലുള്ള 1,630 ഗ്ലാസ് ഷെയിഡുകളോടുകൂടിയ 166 വിളക്കുകൾ ചുവരുകൾക്കു ചാരുതയേകുന്നു, ചിത്രങ്ങളുടെ ഭംഗി എടുത്തുകാണിക്കുന്നു.
ബ്രസീൽകാരനായ ക്രിസ്പീങ് ദൂ ആമാറാൽ, പാരീസിൽ ജീവിച്ച് ഇറ്റലിയിൽനിന്നു പരിശീലനം നേടിയ 19-ാം നൂറ്റാണ്ടിലെ ഒരു ചിത്രകാരനായിരുന്നു. അദ്ദേഹം നൃത്തനാടകശാലയുടെ സീലിങ്ങിന്മേൽ നാലു ദൃശ്യങ്ങൾ വരച്ചു—സംഗീതനാടകം, നൃത്തം, സംഗീതം, ശോകാന്തനാടകം എന്നിവയുടെ. ഈഫൽ ഗോപുരത്തിന്റെ കീഴിൽ നിൽക്കുന്ന പ്രതീതി ജനിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. സ്റ്റേജിന്റെ കാൻവാസ്കൊണ്ടുള്ള തിരശ്ശീലയിൽ അദ്ദേഹം വിചിത്രമായ ഒരു രംഗമാണ് പെയിൻറു ചെയ്തത്—രണ്ടു നദികൾ കൂടിച്ചേർന്ന് ആമസോൺ നദി രൂപംകൊള്ളുന്ന രംഗം. 100 വർഷം പഴക്കമുള്ള ആ തിരശ്ശീല നേരേ താഴികക്കുടത്തിനകത്തേക്കു വലിച്ചുകയറ്റുകയാണു ചെയ്യുന്നത്—ഇത് പെയിൻറിങ്ങിനു കോട്ടംതട്ടാതിരിക്കാൻ സഹായിക്കുന്നു.
രണ്ടാം നിലയിലാണ് നൃത്തശാല. ഓരോ നൃത്തശാലയുടെയും അറ്റത്ത് ഫ്രഞ്ച് പളുങ്കുകൊണ്ടുണ്ടാക്കിയ ഉയരത്തിലുള്ള ഒരു കണ്ണാടി. അത് ഇറ്റലിയിൽനിന്നുള്ള ആ 32 ബഹുശാഖാദീപങ്ങളെ പ്രതിഫലിപ്പിക്കുന്നു. അതിൽനിന്നു വഴിയുന്ന ശോഭ, ഇറ്റാലിയൻ ചിത്രമെഴുത്തുകാരനായ ഡോമേനിക്കോ ദേ ആഞ്ചേലിസ് വരച്ച ആമസോൺ ജീവജാലങ്ങളുടെ ചിത്രങ്ങളെ ദീപ്തമാക്കുന്നു. കൂടുതൽ പ്രൗഢഗംഭീരമാക്കുന്നതിനുവേണ്ടി വാർപ്പിരുമ്പുകൊണ്ടു നിർമിച്ച തൂണുകൾ മാർബിൾപ്പോലെ തോന്നിക്കാൻ പ്ലാസ്റ്റർ ചെയ്ത് പെയിൻറടിച്ചു. ബാൽക്കണിയുടെ മാർബിൾ നിർമിതമെന്നപോലെ തോന്നിക്കുന്ന ആ അഴികളിൽ ഒന്നു കൊട്ടി നോക്കൂ; അവ തടിയാണ്. മിനുക്കിയ നിലം ഫ്രഞ്ച് രീതിയിലാണു പണിതത്. 12,000 തടിക്കഷണങ്ങൾ ആണിയോ പശയോ ഉപയോഗിക്കാതെയാണു കൂട്ടിച്ചേർത്തത്. നിലവും ഡെസ്ക്കുകളും മേശകളും പണിയാൻ ഉപയോഗിച്ച തടി മാത്രമായിരുന്നു ആകെ ബ്രസീലിന്റെ വകയായിട്ടുണ്ടായിരുന്നത്. എല്ലാവർക്കും സുഖകരമായ കുളിർമ അനുഭവപ്പെട്ടതായി നമുക്കു സങ്കൽപ്പിക്കാം. അതെങ്ങനെ?
കല്ലാശാരിമാർ, തിയേറ്ററിനു ചുറ്റുമുള്ള വഴികളിൽ കല്ലുകൾ പാകിയിരിക്കുന്നത് റബർപാലിൽ നിന്നുണ്ടാക്കിയ ഒരു വസ്തുവിന്മേലാണ്. വൈകിയെത്തുന്നവരുടെ കുതിരവണ്ടികളിൽനിന്നു ശബ്ദം കേൾക്കാതിരിക്കാൻ ഇതു സഹായിച്ചു. ഇതുമൂലം വാതിലുകൾ തുറന്നിടാൻ സാധിച്ചിരുന്നു. ചൂരൽക്കസേരകൾക്കിടയിലൂടെ വരുന്ന ഇളംതെന്നൽ ചൂടിൽനിന്ന് അൽപ്പം ആശ്വാസം നൽകിയിരുന്നു.
നുരഞ്ഞുപൊന്തുന്ന ഷാംപെയിനിൽനിന്ന് അനിഷ്ടസൂചകമായ സംഭവങ്ങളിലേക്ക്
1896-ലെ ഉദ്ഘാടനരാത്രിയിൽ സംഗീതനാടകശാലയുടെ കവാടങ്ങൾ മലർക്കെ തുറക്കവേ മുമ്പിലുള്ള ജലധാരായന്ത്രങ്ങളിലൂടെ ഷാംപെയിൻ ഒഴുകി. ഈ പദ്ധതി പൂർത്തിയാക്കാൻ 15 വർഷമെടുത്തിരുന്നു, ചെലവാകട്ടെ 1 കോടി ഡോളറും. ഇമ്പമുള്ള ശബ്ദങ്ങൾക്കുവേണ്ടിയുള്ള ഒരു ഗംഭീര ഭവനമായിരുന്നു അത്. വർഷങ്ങളിലൂടെ, പൂച്ചീനിയുടെ ല ബോവാമും വെർഡിയുടെ റീഗോലെറ്റോയും ഈൽ ട്രോവാറ്റോറെയും അവതരിപ്പിക്കാൻ ഇറ്റലി, ഫ്രാൻസ്, പോർട്ടുഗൽ, സ്പെയിൻ എന്നിവിടങ്ങളിൽനിന്ന് ഒറ്റയ്ക്കും സംഘമായും പാടുന്ന ഗായകർ എത്തിച്ചേരുകയുണ്ടായി. അതിസാരം, മലമ്പനി, മഞ്ഞപ്പനി തുടങ്ങിയ ഉഷ്ണമേഖലാ രോഗങ്ങൾ ചില നടീനടന്മാരെ അവിടേക്കു വരുന്നതിൽനിന്നു തടഞ്ഞു. ഇതിനുപുറമേ, തിയേറ്ററിനു നേരെ മറ്റൊരു ഭീഷണികൂടെ ഉയർന്നുവന്നു—റബർ വ്യവസായത്തിന്റെ അന്തം. മനൗസിനു മീതെ കരിനിഴൽ പരന്നു.—“റബർ വ്യവസായം ക്ഷയിപ്പിക്കുകയും സംഗീതനാടകം നിർത്തുകയും ചെയ്ത അപഹരണം” എന്ന ചതുരം കാണുക.
1923-ൽ ബ്രസീലിന്റെ റബർ കുത്തകയ്ക്കു മങ്ങലേൽക്കാൻ തുടങ്ങി. മിന്നൽവേഗത്തിൽ വൻകിടമുതലാളിമാരും ഊഹക്കച്ചവടക്കാരും വ്യാപാരികളും വേശ്യകളും പട്ടണത്തിൽനിന്നു കെട്ടുകെട്ടി. മനൗസ് അങ്ങനെ ഒരു കുഗ്രാമമായി മാറി. സംഗീതനാടകശാലയുടെ കാര്യമോ? തിയേറ്ററിന്റെ ഭാഗങ്ങൾ റബർ സൂക്ഷിക്കുന്ന സ്ഥലങ്ങളായി മാറി. വേദിയാകട്ടെ, ഇൻഡോർ ഫുട്ബോൾകളികൾ നടത്താനും ഉപയോഗിച്ചു!
മഹത്തായ ദിനങ്ങൾ വീണ്ടും
അതിൽപ്പിന്നെ മനൗസ്, മഴക്കാടുകളുടെ നിഗൂഢതകൾ കണ്ടെത്താൻ വന്ന ആവാസവ്യവസ്ഥാ തത്പരരായ വിനോദസഞ്ചാരികൾക്ക് ഒരു തുടക്കസ്ഥാനമായി മാറി. മറ്റു ചിലരാകട്ടെ, ഒരു പാമ്പിനെ എടുത്തു കൈയിൽ പിടിക്കാനോ ഒരു തത്തയെ പോറ്റാനോ ഒരു തേവാങ്കിനെ ഓമനിക്കാനോ ഒക്കെയാണു വന്നത്. സംഗീതനാടകശാലയുടെ പുനരുദ്ധാരണം മനൗസിനെ മറ്റൊരു തരത്തിൽ ആകർഷകമാക്കിത്തീർക്കും!
അതുകൊണ്ട്, 1974-ൽ തിയേറ്ററിന്റെ പൂർവ സ്ഥിതി നിലനിർത്താനും അവിടെ സാങ്കേതിക അഭിവൃദ്ധികൾ വരുത്താനും വളരെയേറെ പണം ചെലവിടുകയുണ്ടായി. വിളക്കുകളും കണ്ണാടികളും ഫർണിച്ചറുകളും തുടച്ചു വൃത്തിയാക്കി. വാദ്യമേളക്കാർക്ക് ഇരിക്കാനുള്ള സ്ഥലം പൊക്കാനും താഴ്ത്താനുമായി സാങ്കേതികവിദഗ്ധർ ഒരു ഹൈഡ്രോളിക്ക് സംവിധാനം സ്ഥാപിച്ചു. അവർ വേദിക്ക് പുതിയൊരു തറ പണിതു. അണിയറയിൽ പുതിയ ശബ്ദക്രമീകരണങ്ങളും പ്രകാശ സംവിധാനവും വീഡിയോ സജ്ജീകരണങ്ങളും ഏർപ്പെടുത്തി. താഴത്തെ നിലയിൽ കസേരകൾക്കടിയിലായി ശീതീകരണ യന്ത്രം ഘടിപ്പിച്ചു.
പിന്നെ, റിയോ ദെ ജെനിറോയിൽനിന്നുള്ള ലയവിന്യാസ വാദ്യവൃന്ദം തിയേറ്ററിലേക്ക് സംസ്കാരം തിരികെ കൊണ്ടുവന്നു. തുടർന്ന് പ്രശസ്ത ബാലെ നർത്തകിയായ മർഗോ ഫോൺടേൻ സ്വാൻ ലെയ്ക്ക് എന്ന നൃത്തം അവതരിപ്പിച്ചുകൊണ്ട് ആ വേദിയെ ധന്യമാക്കി. അവൾ കൊടുത്തിട്ടുപോയ അവളുടെ ബാലെ ഷൂസുകൾ തിയേറ്ററിന്റെ മ്യൂസിയത്തിലെ ഷോകേസിൽ സൂക്ഷിച്ചിരിക്കുന്നു.
കൂടുതൽ സുഖത്തിനും ഭംഗിക്കും സുരക്ഷിതത്വത്തിനും മിനുക്കുപണികൾ ഇനിയും ആവശ്യമായിരുന്നു. ഏറെ ഗഹനമായ ഗവേഷണങ്ങൾക്കും ശ്രദ്ധാപൂർവമായ ആസൂത്രണത്തിനുംശേഷം 600 ജോലിക്കാരും 30 സാങ്കേതികവിദഗ്ധരും തിയേറ്ററിലേക്കു വന്നു. നാലു വർഷം അവർ അവിടെ തങ്ങി. പെയിൻറിന്റെ എട്ടു പാളികൾക്കടിയിൽ അവർ, നിർമാണസമയത്ത് ഉപയോഗിച്ച റോസ് നിറത്തിലുള്ള പെയിൻറ് കണ്ടെത്തി. താഴികക്കുടത്തിനും ഒരു മിനുക്കുപണി ആവശ്യമായിരുന്നു. പഴയ ടൈൽസ് ഇളക്കിമാറ്റി. പകരം അതുപോലെതന്നെയുള്ള, ബ്രസീലിൽ നിർമിച്ച പുതിയ ടൈൽസ് സ്ഥാപിച്ചു. കസേരകൾ ഫ്രഞ്ച് വെൽവെറ്റിൽ പൊതിഞ്ഞു. ചെറിയ കത്തികളും ബ്രഷും ഉപയോഗിച്ച് ലോലമായ കലാവസ്തുക്കളും പെയിൻറിങ്ങുകളും മിനുക്കിയെടുത്തു. ദുഃഖകരമെന്നു പറയട്ടെ, ഈർപ്പം മൂലം ഇടനാഴികളിലുള്ള ചിത്രപ്പണികൾക്കു കേടുപറ്റിയിരുന്നു. അതുകൊണ്ട്, ചട്ടപ്പലകകൾ മൂടാൻ മരതകപ്പച്ച നിറത്തിലുള്ള ഒരു ചൈനീസ് പട്ടുതുണി തിരഞ്ഞെടുത്തു. ഇതിനുപുറമേ, മരത്തൂണുകളിലും ബാൽക്കണിയുടെ അഴികളിലും ചിതലുകൾ സ്ഥാനം പിടിച്ചിരുന്നു. അവയുടെ ശല്യം ഒഴിവാക്കാനായി തടിയിൽ 13,777.4 ലിറ്റർ കീടനാശിനി കുത്തിവെക്കുകയുണ്ടായി.
1990-ൽ ആ ഗംഭീര ഭവനത്തിൽ വീണ്ടും ഇമ്പമുള്ള ശബ്ദങ്ങൾ ഉയർന്നു കേട്ടു. ഉച്ചസ്ഥായിയിൽ പാടാൻ കഴിവുള്ള സെലിനി ഈമ്പെർട്ടിന്റെ സംഗീതവും നെൽസൺ ഫ്രേറേയുടെ പിയാനോ വായനയും നാടകശാലയ്ക്ക് ആഢ്യത്വം നൽകി.
അത് ഒരു മണിനാദമായിരുന്നോ? അതേ, പരിപാടി അഞ്ചു മിനിറ്റിനുള്ളിൽ ആരംഭിക്കുമെന്ന മുന്നറിയിപ്പ്.
“ടീയേട്രോ ആമസോണാസിന്റെ 100-ാം വാർഷികം ആഘോഷിക്കാൻ ഞങ്ങൾ ഉച്ചസ്ഥായിയിൽ പാടുന്നതിൽ വിഖ്യാതനായ ജോസ് കാറീറാസിനെ ക്ഷണിച്ചു,” തിയേറ്ററിന്റെ ഡയറക്ടറായ ഡാവു പറയുന്നു. “അദ്ദേഹം സ്വരസംവിധാനം പരിശോധിച്ചു (‘തികച്ചും നല്ലത്’).” സന്ധ്യയ്ക്ക് നൃത്തശാലയിൽവെച്ചു നടത്തിയ ഒരു നൃത്തത്തോടെ പരിപാടികൾ അവസാനിച്ചു. ഗായകസംവിധായകനായ സുബിൻ മെഹ്ത്ത, ഉച്ചസ്ഥായിയിൽ പാടാൻ കഴിവുള്ള ലൂസിയാനോ പാവാറോട്ടി, പകിട്ടേറിയ കാർമൻ എന്ന സംഗീതനാടകം അവതരിപ്പിച്ച അർജൻറീനക്കാരായ ഒരു സംഘം എന്നിവരുടെ സന്ദർശനത്തോടെ പരിപാടികൾ തുടർന്നു.
മൂന്നു മിനിറ്റിന്റെ മണിനാദം. സീറ്റുകളിൽ ഉപവിഷ്ടരാകുന്നതായിരിക്കും നല്ലത്.
അവിടത്തെ 60 ജോലിക്കാരും പരിപാടി നടത്തിപ്പിനായി ദിവസം മുഴുവൻ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്നിരുന്നു. ഇനി കൂടുതൽ പരിപാടികൾ—ജാസ്സ് മേള, നാടോടി നൃത്തങ്ങൾ, നാടകങ്ങൾ എന്നിവ—ഉണ്ടാകും. എന്നാൽ ഈ രാത്രിയിൽ ഒരു ബാലെയായിരിക്കും.
ഒരു മിനിറ്റിന്റെ മണിനാദം. ശ്ശ്. . .
അപ്പോൾ, വനത്തിലെ സംഗീതനാടകശാലയിലേക്ക് നിങ്ങൾ എന്നു വരും?
[17-ാം പേജിലെ ചതുരം/ചിത്രം]
റബർ വ്യവസായം ക്ഷയിപ്പിക്കുകയും സംഗീതനാടകം നിർത്തുകയും ചെയ്ത അപഹരണം
1876-ൽ യുവസാഹസികനായ ഒരു ഇംഗ്ലീഷുകാരൻ ബ്രസീലിന്റെ റബർ വ്യവസായത്തെ ക്ഷയിപ്പിച്ചുകളഞ്ഞ ഒരു കുതന്ത്രം ആസൂത്രണം ചെയ്തു. ഇന്ത്യക്കാരുടെ സഹായത്തോടെ അയാൾ ആമസോൺ വനത്തിൽനിന്ന് 70,000 നല്ലയിനം ഹെവീ ബ്രാസിലിയെൻസിസ് തൈകൾ ശേഖരിച്ച് അവ ഒരു ആവിക്കപ്പലിൽ കയറ്റി, “വിക്ടോറിയ രാജ്ഞിക്കുവേണ്ടിയുള്ള അപൂർവ സസ്യ സാമ്പിളുകൾ” ആണെന്ന വ്യാജേന ബ്രസീലിലെ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിക്കൊണ്ടുപോയി. അറ്റ്ലാൻറിക് സമുദ്രയാത്രയ്ക്കിടയിൽ അയാൾ അവയെ പരിപാലിച്ചു. എന്നിട്ട് പ്രത്യേക ട്രെയിനിൽ കയറ്റി ഇംഗ്ലണ്ടിലെ ക്യൂവിലുള്ള റോയൽ സസ്യശാസ്ത്ര ഉദ്യാനത്തിലെത്തിച്ചു. ഏതാനും ആഴ്ചകൾക്കുശേഷം തൈകൾ കിളിർത്തു. അവിടെനിന്ന് അവ ഏഷ്യയിലേക്കു കയറ്റി അയച്ചശേഷം സിലോണിലെയും മലായ് ഉപദ്വീപിലെയും ചതുപ്പുമണ്ണിൽ നട്ടു. 1912-ഓടെ, അപഹരിച്ചുകൊണ്ടുപോയ ആ തൈകൾ രോഗവിമുക്തമായ റബർ തോപ്പുകളായി മാറിയിരുന്നു. ആ റബർമരങ്ങളിൽനിന്നു പാൽ എടുക്കാറായപ്പോഴേക്കും ഒരു പ്രസിദ്ധീകരണം പറയുന്നതുപോലെ, “ബ്രസീലിലെ റബർ വ്യവസായം എന്നെന്നേക്കുമായി [തകർന്നുപോയിരുന്നു].”
[14-ാം പേജിലെ ഭൂപടം]
മനൗസ്
[കടപ്പാട്]
Mountain High Maps® Copyright © 1995 Digital Wisdom, Inc.
[15-ാം പേജിലെ ചിത്രം]
രണ്ടു നദികളിലെയും ജലം കൂടിക്കലരുന്നില്ല
[15-ാം പേജിലെ ചിത്രം]
തിയേറ്ററിന്റെ താഴികക്കുടം—സൗകര്യപ്രദമായ ഒരു അടയാള ചിഹ്നം
[16-ാം പേജിലെ ചിത്രം]
മഴക്കാടിലെ അതിഗംഭീര നിർമിതി
[17-ാം പേജിലെ ചിത്രം]
വീണ്ടും, മഹത്തായ ഒരു നാടകശാല