കൂസ്കോ—ഇങ്കകളുടെ പുരാതന തലസ്ഥാനം
പെറുവിലെ ഉണരുക! ലേഖകൻ
വിമാനം വല്ലാതൊന്നു ചെരിഞ്ഞ് ഇടുങ്ങിയ താഴ്വാരത്തിലേക്ക് കുത്തനെയിറങ്ങിയപ്പോൾ ഞങ്ങൾ ശ്വാസമടക്കിപ്പിടിച്ചിരുന്നു. പെറുവിലെ ചരിത്രപ്രധാന നഗരമായ കൂസ്കോയിൽ ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങൾ. നഗരം 3,400-ലധികം മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. പോരാഞ്ഞിട്ട് അതിൽ ചെങ്കുത്തായ പർവതനിരകൾ തലയെടുപ്പോടെ നിൽക്കുകയും ചെയ്യുന്നു. അതുകൊണ്ട് റൺവേയിലേക്കു പറന്നിറങ്ങുന്നത് വളരെ അപകടകരമായി കാണപ്പെട്ടു. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, ഞങ്ങൾ സുരക്ഷിതരായി പറന്നിറങ്ങി. ഒരിക്കൽ ബൃഹത്തായ ഇങ്കാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന, 2,75,000 നിവാസികളുള്ള ആ പ്രശസ്ത നഗരം കണ്ടാസ്വദിക്കുന്നതിനുള്ള അവസരം വന്നെത്തുകയായി.
പുരാതന ഇങ്കാ സംസ്കാരത്തിന്റെ തെളിവുകൾ കൂസ്കോയിൽ ഇന്നും അവശേഷിക്കുന്നു. നഗരനിവാസികളിൽ പലരും ഇപ്പോഴും കെച്ച്വ സംസാരിക്കുന്നവരാണ്. വാസ്തവത്തിൽ, ആൻഡീസ് പർവതനിരയിലെ 80 ലക്ഷത്തോളം ആളുകൾ ഇപ്പോഴും ഈ പുരാതന ഭാഷയാണ് സംസാരിക്കുന്നത്. അടുത്തയിടെ, കെച്ച്വ ജനസമുദായം കൂസ്കോ എന്ന പേര് കോസ്കോ എന്നാക്കിമാറ്റാൻ അധികൃതരെ നിർബന്ധിക്കുകയുണ്ടായി. കാരണം കോസ്കോയുടെ സ്വരോച്ചാരണത്തിന് കെച്ച്വ ഭാഷയിലെ ആദ്യ പേരിന്റേതിനോടു കൂടുതൽ സാദൃശ്യമുണ്ട്.
ഒരു പുരാതന നഗരം
ഈ നഗരത്തിന്റെ ഉത്ഭവം ക്രിസ്തുവിന്റെ ജനനത്തിന് ഏതാണ്ട് 1,500 വർഷം മുമ്പായിരുന്നുവെന്ന് ചരിത്രകാരൻമാർ പറയുന്നു. അത് ഏകദേശം മോശ യിസ്രായേലിനെ ഈജിപ്തിൽനിന്നു പുറപ്പെടുവിച്ചുകൊണ്ടുവന്ന സമയമായിരുന്നു. ഏതാണ്ട് 600 വർഷം മുമ്പ് ഒമ്പതാമത്തെ ഇങ്കാ ചക്രവർത്തിയായിരുന്ന പാച്ചാകൂറ്റി ഒരു പിടി കളിമണ്ണെടുത്ത് നൂതനവും പുതിയ മാതൃകയിലുള്ളതുമായ കൂസ്കോ നഗരത്തിന്റെ ഒരു മാതൃകയുണ്ടാക്കി. സുമാർ 1527-ൽ സ്പാനിഷ് ജേതാക്കളുടെ വരവിന് 89 വർഷം മുമ്പ് പാച്ചാകൂറ്റി വാഴ്ച തുടങ്ങി. അദ്ദേഹത്തിന്റെ ഭരണകാലത്ത് നഗരം ആധുനിക കൂസ്കോയുടെ അടിത്തറയായ, ആയിരക്കണക്കിനു ഭവനങ്ങളോടുകൂടിയ സുസജ്ജമായ ഒരു മുഖ്യനഗരമായി മാറി.
നാട്ടുകാരിൽ ചിലർ പറയുന്നതനുസരിച്ച് നഗരത്തെ നാലു ഭാഗങ്ങളായി വിഭജിച്ചിരുന്നു. നഗരമധ്യത്തിൽ ചത്വരം അഥവാ നഗരചത്വരം സ്ഥിതിചെയ്തിരുന്നു. കെച്ച്വ ഭാഷയിൽ വാകൈപാറ്റാ എന്നറിയപ്പെട്ടിരുന്ന ഈ ചത്വരം ആഘോഷങ്ങൾ നടത്തുന്നതിനും വിശ്രമിക്കുന്നതിനും മദ്യപിക്കുന്നതിനുമുള്ള ഒരു സ്ഥലമായിരുന്നു. “കൂസ്കോ” അഥവാ “കോസ്കോ” എന്നതിന്റെ അർഥം “ലോകത്തിന്റെ കേന്ദ്രം” എന്നാണെന്ന് കെച്ച്വ ഭാഷയിലെ ചില പ്രഗത്ഭർ അവകാശപ്പെടുന്നു. അങ്ങനെ കൂസ്കോയുടെ ചത്വര കേന്ദ്രം ചാപി അഥവാ “ഇങ്കാ സാമ്രാജ്യത്തിന്റെ കേന്ദ്രത്തിന്റെ കേന്ദ്രം” ആയിത്തീർന്നു.
കൂസ്കോയിൽ ഇരുന്നുകൊണ്ട് ഇങ്കാ ചക്രവർത്തി ഇന്നത്തെ അർജൻറീന, ബൊളീവിയ, ചിലി, കൊളംബിയ, ഇക്വഡോർ, പെറു എന്നിവയുടെ ഭാഗങ്ങൾ ഭരിച്ചു—അവയിലധികവും വളക്കൂറുള്ള, ഫലഭൂയിഷ്ഠമായ പ്രദേശങ്ങളായിരുന്നു. കൃഷിയിടങ്ങളെ പല തട്ടുകളായി തിരിച്ചു കൃഷിചെയ്യുകവഴി ജനങ്ങൾക്ക് കൃഷിയിൽ വിജയിക്കാൻ കഴിഞ്ഞു. അവർ ഈ ഫലഭൂയിഷ്ഠമായ തട്ടുകളിൽ ലോകത്തെ തീറ്റിപ്പോറ്റുന്നതിൽ ഇന്നും നല്ലൊരു പങ്കു വഹിക്കുന്ന, ചില സസ്യങ്ങൾ നട്ടുവളർത്തി. ഉരുളക്കിഴങ്ങ്, ലിമ ബീൻ എന്നിവ ഇവയിൽപ്പെടുന്നു.
സാമ്രാജ്യത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന മികച്ച റോഡു സംവിധാനമില്ലായിരുന്നെങ്കിൽ ഇങ്കാ പ്രദേശത്തുകൂടെയുള്ള യാത്ര വാസ്തവത്തിൽ അസാധ്യമാകുമായിരുന്നു. മനോഹരമായ കൂസ്കോയിലായിരിക്കുമ്പോൾ ലാമാ പറ്റങ്ങളുമായി—ആൻഡീസിലെ ചുമട്ടു മൃഗം—എത്തുന്ന പുരാതന ഇങ്കകളെ ഒരാൾക്ക് അനായാസം ഭാവനയിൽ കാണാൻ കഴിയും. അവരുടെ വിലയേറിയ ചരക്കുകളിൽ കല്ലുകൾ, ചെമ്പ്, വെള്ളി, സ്വർണം എന്നിങ്ങനെ വിലപിടിപ്പുള്ള സാധനങ്ങൾ ഉൾപ്പെട്ടിരുന്നു.
അവിടെ സ്വർണം സുലഭമായിരുന്നു, എന്നാൽ ഇങ്കകൾ അതു പണമായി ഉപയോഗിച്ചിരുന്നില്ല. അതിന്റെ തിളക്കമുള്ള മഞ്ഞനിറം കാരണം ഇങ്കകൾ അതിനെ തങ്ങളുടെ ദൈവമായ സൂര്യനുമായി ബന്ധപ്പെടുത്തി. അവരുടെ ആരാധനാസ്ഥലങ്ങളും കൊട്ടാരങ്ങളും മിക്കപ്പോഴും സ്വർണത്തകിടുകൾകൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. സ്വർണംകൊണ്ട് ഉണ്ടാക്കിയ ജന്തുക്കളും സസ്യങ്ങളുമുള്ള ഒരു സ്വർണ പൂന്തോട്ടവും അവർ നിർമിച്ചു. സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന സ്വർണത്തകിടുകൾ പതിച്ച സൗധങ്ങളുള്ള പുരാതന കൂസ്കോയുടെ ഹൃദയഹാരിയായ ദൃശ്യം ഒന്നു മനോമുകുരത്തിൽ കാണൂ! മനസ്സിലാക്കാൻ കഴിയുന്നതുപോലെ, അത്യാർത്തിപൂണ്ട സ്പാനിഷ് ആക്രമണകാരികൾ ആ സ്വർണ സമൃദ്ധിയുടെ മാസ്മരികതയിൽ മയങ്ങിവീണു. 1533-ൽ അവർ കൂസ്കോ കീഴടക്കി അവിടുത്തെ മുതൽ കൊള്ളയടിച്ചു.
കൂസ്കോയുടെ നിസ്തുലമായ വാസ്തുവിദ്യ
ഇങ്കകൾ ആധുനിക കൂസ്കോയ്ക്ക് സൗന്ദര്യം വഴിയുന്ന നിസ്തുല ശൈലിയിലുള്ള ഒരു ശിലാവാസ്തുവിദ്യ കൈമാറിക്കൊടുത്തിരിക്കുന്നു. നൂറ്റാണ്ടുകളായി കേടുവരാതെ നിൽക്കുന്ന കൽഭിത്തികളിൽ പണിതിരിക്കുന്നവയാണ് ഇന്നത്തെ നിർമിതികളിൽ പലതും. ചില കല്ലുകൾ ഭിത്തികളിലെ പ്രത്യേക സ്ഥാനങ്ങളിൽ കൃത്യമായി ചേർന്നിരിക്കത്തക്കവിധം ചെത്തിയെടുത്തിട്ടുള്ളവയാണ്. വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണമായിത്തീർന്നിരിക്കുന്ന ഒരു ഭിത്തിയിലെ അത്തരമൊരു കല്ലിന് പന്ത്രണ്ടു മൂലകളുണ്ട്! ഈ കല്ലുകൾക്ക് പല മൂലകളുള്ളതുകൊണ്ട് അവ അനുയോജ്യമായ താക്കോൽപ്പഴുതുകളിൽ മാത്രം കടക്കുന്ന താക്കോലുകൾ പോലെയാണ്.
ഇങ്കയിലെ കല്ലാശാരിമാർ വിദഗ്ധരായ പണിക്കാരായിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായമില്ലാഞ്ഞിട്ടും അവർക്കു വളരെ കൃത്യതയോടെ കല്ലുകൾ ചെത്തിയെടുക്കാൻ കഴിഞ്ഞു, ആ കല്ലുകൾ പാകിക്കഴിഞ്ഞാൽപ്പിന്നെ ഒരു കത്തിയുടെ വായ്ത്തലപോലും അവയ്ക്കിടയിൽ തിരുകാൻ കഴിയുമായിരുന്നില്ല! ഇവയിൽ ചിലത് ഏതാനും ടൺ ഭാരമുള്ളവയാണ്. പുരാതനകാലത്തെ ഈ ആളുകൾ അത്തരം വൈദഗ്ധ്യങ്ങൾ എങ്ങനെ ആർജിച്ചെടുത്തുവെന്നത് ഒരു മർമമായിത്തന്നെ തുടരുന്നു.
കൂസ്കോയിലെ മതം
കത്തോലിക്കാ മതം സ്വീകരിച്ചതിൽപ്പിന്നെ കെച്ച്വക്കാരെ പൊതുവേ ആരും സൂര്യാരാധകരായി കണക്കാക്കുന്നില്ല. എങ്കിലും, ഇങ്കകളുടെ സൂര്യാരാധനയെക്കാൾ പഴക്കമുള്ള, പ്രപഞ്ചാത്മവാദം സംബന്ധിച്ച പുറജാതീയ വിശ്വാസങ്ങൾ അവർ വെച്ചുപുലർത്തുന്നു. പാച്ചാ-മാമാ—“ഭൂമാതാവ്” എന്നർഥമുള്ള ഒരു കെച്ച്വ പദത്തിൽനിന്ന് ഉത്ഭവിച്ചത്—എന്ന് അവർ വിളിക്കുന്ന ഒന്നിന് വഴിപാടുകൾ അർപ്പിച്ചുകൊണ്ട് അവർ ഇപ്പോഴും വിളവെടുപ്പുകാലം ആഘോഷിക്കുന്നു.
യഹോവയുടെ സാക്ഷികൾ പെറുവിൽ തങ്ങളുടെ ബൈബിൾ വിദ്യാഭ്യാസ പരിപാടി വളരെ വിജയകരമായി നിർവഹിക്കുന്നു. കെച്ച്വ സംസാരിക്കുന്നവർക്ക് രാജ്യസന്ദേശം നാട്ടുഭാഷയിൽ ലഭിക്കുന്നതിനായി വാച്ച്ടവർ സൊസൈറ്റി ഇപ്പോൾ കുറെനാളായി ബൈബിൾ സാഹിത്യങ്ങൾ കെച്ച്വയിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ആ ഭാഷയിൽ ആറു സ്ഥലങ്ങളിലായി ക്രിസ്തീയ യോഗങ്ങൾ നടത്തപ്പെടുന്നുണ്ട്.
കൂസ്കോയെ മേലാൽ ലോകത്തിന്റെ കേന്ദ്രമായി ആരും കണക്കാക്കുന്നില്ല. എങ്കിലും ഈ അനിതരസാധാരണമായ നഗരം സന്ദർശിക്കുന്നതിനായി വിനോദസഞ്ചാരികൾ അവിടേക്ക് ഒഴുകുന്നു. ഒരുപക്ഷേ ഒരുനാൾ നിങ്ങളും വശ്യസുന്ദരമായ പെറു സന്ദർശിച്ചേക്കാം!
[19, 20 പേജുകളിലെ ചിത്രങ്ങൾ]
1. കൂസ്കോയുടെയും അതിന്റെ നഗരചത്വരത്തിന്റെയും ആകാശ വീക്ഷണം
3. പെറു നിവാസികളുടെ സാധാരണ വസ്ത്രം
2. ഒരു കത്തിയുടെ വായ്ത്തലപോലും ഇടയ്ക്കു തിരുകാൻ കഴിയാത്തവിധം അത്ര കൃത്യതയോടെയാണ് ഇങ്കകൾ കല്ലുകൾ ചെത്തിയിരിക്കുന്നത്
4. ലാമകൾ ആൻഡീസിലെ ചുമട്ടുമൃഗങ്ങളാണ്