യുവജനങ്ങൾ ചോദിക്കുന്നു . . .
പണമുണ്ടാക്കുന്നതിൽ എന്താണു തെറ്റ്?
“തീർച്ചയായും ലോകത്തിലെ അതിപ്രധാന സംഗതി പണമാണ്.” അതു പറഞ്ഞത് ബ്രിട്ടീഷ് നാടകകൃത്തായ ജോർജ് ബെർണാർഡ് ഷാ. അദ്ദേഹം പറഞ്ഞതിനോടു നിങ്ങൾ യോജിക്കുന്നുവോ? “ധനികയായിരിക്കാൻ ഞാനാഗ്രഹിക്കുന്നില്ല, സാമ്പത്തിക ഭദ്രതയുണ്ടായിരുന്നാൽ മതി” എന്നു പറയുന്ന 17 വയസ്സുകാരി ടാന്യയുടെ അഭിപ്രായമായിരിക്കാം ഒരുപക്ഷേ നിങ്ങൾക്കുള്ളത്. അതുപോലെതന്നെ, യുവാവായ ഏവ്യൻ പണത്തെ കാണുന്നത് ലോകത്തിലെ അതിപ്രധാന സംഗതിയായിട്ടല്ല, ചില കാര്യങ്ങൾക്ക് ഉപയോഗപ്രദമായ ഒന്നായിട്ടാണ്. അവൻ പറയുന്നു: “വസ്ത്രങ്ങൾ വാങ്ങുക, യാത്ര ചെയ്യുക എന്നിങ്ങനെയുള്ള എന്റെ ആവശ്യങ്ങൾക്കു പണം വേണം.”
സമാനമായ ഒരു കാര്യം ബൈബിളും പറയുന്നുണ്ടെന്നു നിങ്ങൾക്ക് അറിയാമായിരുന്നോ? സഭാപ്രസംഗി 7:12-ൽ ‘ദ്രവ്യം ഒരു ശരണം’ എന്നു പറഞ്ഞിരിക്കുന്നു. “മാനവസന്തുഷ്ടിയുടെ മുഖ്യശത്രു” എന്നാണു ദാരിദ്ര്യത്തെ വർണിച്ചിരിക്കുന്നത്. വേണ്ടത്ര പണമുണ്ടായിരിക്കുന്നത് മിക്കപ്പോഴും ദാരിദ്ര്യം വരുത്തിവെക്കുന്ന പ്രശ്നങ്ങളിൽനിന്ന് ഒരു പരിധിവരെയെങ്കിലും സംരക്ഷണം നൽകിയേക്കാം. അപ്രതീക്ഷിത ദുരന്തങ്ങളിൽനിന്നുള്ള സംരക്ഷണമായും പണം ഉതകിയേക്കാം. “‘കാലവും മുൻകൂട്ടിക്കാണാനാവാത്ത സംഭവവും എല്ലാവർക്കും ഭവിക്കുന്നു’വെന്നു ബൈബിൾ പറയുന്നു. ബുദ്ധിമുട്ടുകൾ എപ്പോഴാണ് ഉണ്ടാകുന്നതെന്നു നമുക്കറിയില്ലല്ലോ. അതുകൊണ്ട് നാം പണം സ്വരൂപിച്ചുവെക്കേണ്ടതുണ്ട്,” യുവതിയായ ഫിലിസ് പറയുന്നു. (സഭാപ്രസംഗി 9:11, NW) നിങ്ങൾക്കിപ്പോൾ പണം പ്രധാനമാണെന്നിരിക്കെ, അതു ഭാവിയിൽ അതിലും പ്രധാനമായ പങ്കു വഹിച്ചേക്കാം.
“ഭൗതികാസക്തിയെന്ന വൻതിര”
വേണ്ടത്ര പണമുണ്ടായിരിക്കുന്നതു സംബന്ധിച്ച് കുറച്ചൊക്കെ ചിന്ത സാധാരണവും ആരോഗ്യപ്രദവുമാണെങ്കിലും, ചില യുവജനങ്ങളുടെ കാര്യത്തിൽ പണമാണു സർവസ്വവും. “നിങ്ങൾ ജീവിതത്തിൽ ഏറ്റവും കാംക്ഷിക്കുന്നത് എന്തിനാണ്?” എന്ന് 1,60,000 യുവജനങ്ങളോടു ചോദിച്ചപ്പോൾ അവരിൽ 22 ശതമാനവും മറുപടി പറഞ്ഞത് “ധനികരാകാൻ” എന്നായിരുന്നു.
പണത്തിനു വേണ്ടിയുള്ള ഈ തൃഷ്ണയ്ക്കു വളംവെക്കുന്നത് “ഭൗതികാസക്തിയെന്ന വൻതിര” എന്നു ന്യൂസ്വീക്ക് മാഗസിൻ വിളിച്ച സംഗതിയാണ്, അതു ലോകമെമ്പാടും അലയടിച്ചിരിക്കുന്നു. “വളരെ ഭൗതികാസക്തിയുള്ള ഒരാളാണു ഞാൻ, നല്ല കമ്പനികളുടെ സാധനങ്ങൾ വാങ്ങുന്നതിലാണ് എനിക്കു താത്പര്യം,” 18 വയസ്സുള്ള മാർട്ടിൻ പറയുന്നു. “നന്നായി പണം മുടക്കിയാൽ നല്ല വസ്തുക്കൾ കിട്ടുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ട്, ആഗ്രഹിക്കുന്ന സംഗതികൾക്കു ഞാൻ ധാരാളം പണം ചെലവാക്കാറുണ്ട്.” മാർട്ടിൻ ‘ധാരാളം പണം ചെലവാക്കുന്ന’ ഒരേയൊരു യുവാവല്ല. യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “കഴിഞ്ഞ വർഷം [ഐക്യനാടുകളിൽ] 12 വയസ്സിനും 19 വയസ്സിനും ഇടയിലുള്ളവർ ഷോപ്പിങ്ങിനു വേണ്ടി എന്നത്തെക്കാളുമധികം പണം ചെലവഴിക്കുകയുണ്ടായി—10,900 കോടി ഡോളർ. അത് 1990-നെക്കാൾ 38 ശതമാനം കൂടുതലായിരുന്നു.”
പുതുപുത്തൻ വസ്ത്രങ്ങൾ, കോമ്പാക്റ്റ് ഡിസ്കുകൾ, കമ്പ്യൂട്ടർ ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കൊക്കെ യുവജനങ്ങൾക്ക് എവിടെനിന്നാണു പണം ലഭിക്കുന്നത്? യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നപ്രകാരം, “16-നും 19-നുമിടയ്ക്ക് പ്രായമുള്ള പകുതിപ്പേർക്കും അംശകാല ജോലിയുണ്ട്.” സമനിലയിൽ നിർത്തുന്നപക്ഷം സ്കൂൾസമയാനന്തര ജോലിക്ക് അതിന്റേതായ പ്രയോജനങ്ങളുണ്ട്. അത് ഒരു യുവാവിനെ ഉത്തരവാദിത്വബോധമുള്ളവനാകാൻ പഠിപ്പിക്കുന്നു. എന്നിരുന്നാലും, ഇക്കാര്യത്തിൽ ചില യുവജനങ്ങൾ സമനില വിടുന്നു. ന്യൂസ്വീക്ക് മാഗസിൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “[ജോലി ചെയ്യുന്ന] വിദ്യാർഥികൾക്കു സമ്മർദമുള്ളതായി മനശ്ശാസ്ത്രജ്ഞരും അധ്യാപകരും കാണുന്നു. ഗൃഹപാഠത്തിന് അവർക്കു സമയമില്ല. എന്നും ഉണർന്നിരിക്കാൻ വിഷമിക്കുന്ന ക്ഷീണിതരായ കുട്ടികളെ കാണുന്ന അധ്യാപകർ ഒട്ടുമിക്കപ്പോഴും പഠനനിലവാരങ്ങൾ താഴ്ത്തിക്കൊണ്ട് പ്രതികരിക്കുന്നു.”
അങ്ങനെയാണെങ്കിലും, ജോലി ചെയ്യുന്ന യുവജനങ്ങളിൽ ആരുംതന്നെ തങ്ങളുടെ വരുമാനമാർഗം ഉപേക്ഷിക്കാൻ ഒരുക്കമുള്ളവരല്ല. “പഠനം പ്രധാനമാണ്, അതുപോലെതന്നെയാണു പണവും. ഗൃഹപാഠം ചെയ്തതുകൊണ്ട് പണമുണ്ടാകുന്നില്ലല്ലോ,” വനെസ എന്ന യുവതി പറയുന്നു. നിങ്ങളെ സംബന്ധിച്ചിടത്തോളം പണമുണ്ടാക്കുന്നത് എത്ര പ്രധാനമാണ്? ധാരാളം പണമുണ്ടാക്കുക എന്നതാണോ നിങ്ങളുടെ മുഖ്യ ജീവിത ലക്ഷ്യം?
“ധനികരാകാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നവർ”
അതേ ചോദ്യങ്ങൾതന്നെ ബൈബിളും കൈകാര്യം ചെയ്യുന്നു. പൗലൊസ് അപ്പോസ്തലൻ എഴുതി: ‘ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ [“ധനികരാകാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നവർ,” NW] പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.’—1 തിമൊഥെയൊസ് 6:9, 10.
താൻ പറയുന്നത് എന്തിനെക്കുറിച്ചാണെന്ന് പൗലൊസിനു നന്നായി അറിയാമായിരുന്നു. ക്രിസ്ത്യാനി ആയിത്തീരുന്നതിനു മുമ്പ്, ‘ദ്രവ്യാഗ്രഹികൾ’ എന്ന് ബൈബിൾ വർണിക്കുന്ന, “പരീശന്മാർ” എന്നറിയപ്പെട്ടിരുന്ന മതനേതാക്കന്മാരിൽ ഒരുവനായിരുന്നു അവൻ. (ലൂക്കൊസ് 16:14) എന്നിട്ടും, പണമുണ്ടാക്കുന്നതിനെ ആ അപ്പോസ്തലൻ കുറ്റം വിധിച്ചില്ല. മറിച്ച്, “ധനികരാകാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നവർ”ക്കെതിരെ, അല്ലെങ്കിൽ മറ്റൊരു വിവർത്തനം പറയുന്നതുപോലെ, “സമ്പന്നരായിത്തീരുന്നതിൽ ഹൃദയം പതിപ്പിച്ചിരിക്കുന്നവർ”ക്കെതിരെ, അവൻ മുന്നറിയിപ്പു നൽകി. (ഫിലിപ്സ്) എന്നാൽ അതിൽ എന്താണിത്ര തെറ്റ്?
പൗലൊസ് വിശദീകരിക്കുന്നതുപോലെ, അത്തരക്കാർ ‘പരീക്ഷയിലും കെണിയിലും കുടുങ്ങുന്നു.’ സമാനമായ ഒരാശയമാണ് സദൃശവാക്യങ്ങൾ 28:20 വ്യക്തമാക്കുന്നത്. “ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല [“നിഷ്കളങ്കനായി നിലകൊള്ളുകയില്ല,” NW]” എന്ന് അത് പറയുന്നു. തങ്ങൾക്കു വേണ്ടത്രയില്ല എന്നു വിചാരിച്ചുകൊണ്ട് ചില യുവജനങ്ങൾ മോഷണം അവലംബിക്കുന്നു.
മിക്ക യുവജനങ്ങളും മോഷ്ടിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകയില്ലെന്നതു ശരിയാണ്. എന്നാൽ, ചിലർ സമാനമായി അപകടകരമായ പെരുമാറ്റത്തിൽ ഏർപ്പെട്ടേക്കാം. ക്രിസ്റ്റ്യാനിറ്റി ടുഡേ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “കൗമാരപ്രായക്കാരുടെ ഇടയിൽ ഏറ്റവും വർധിച്ചുവരുന്ന ആസക്തി അമിതമായ ചൂതാട്ടമാണെന്നാണു ചില വിദഗ്ധരുടെ അഭിപ്രായം.” ഐക്യനാടുകളിൽ ഒരിടത്ത് “ഹൈസ്കൂളിൽ മുതിർന്ന ക്ലാസ്സിൽ എത്തിയപ്പോഴേക്കും കൗമാരപ്രായക്കാരിൽ 90 ശതമാനവും നിയമവിരുദ്ധമായി ലോട്ടറി ടിക്കറ്റുകൾ വാങ്ങിയിരുന്നു.” മറ്റു ചില യുവജനങ്ങൾ അതിലുമേറെ കടുത്ത നടപടികൾ അവലംബിച്ചിരിക്കുന്നു. 16 വയസ്സുകാരനായ മാത്യു പറയുന്നു: “മാന്യമായ തൊഴിൽ കിട്ടാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് കൈമാറ്റവും കച്ചവടവും നടത്തിക്കൊണ്ടാണു ഞാൻ പണമധികവും ഉണ്ടാക്കുന്നത്. . . . വല്ലപ്പോഴുമൊക്കെ ഞാൻ [മയക്കുമരുന്നുകൾ] വിൽക്കു[മായിരുന്നു].”
‘സംഹാരനാശങ്ങളിൽ മുക്കുന്നു’
പണമുണ്ടായിരിക്കുന്നത് ഒരുവനു സ്വാതന്ത്ര്യബോധം നൽകിയേക്കാമെന്നതു ശരിതന്നെ. എന്നാൽ പൗലൊസ് വിശദീകരിക്കുന്നതുപോലെ, ഒടുവിൽ പണത്തിനു പിന്നാലെയുള്ള നെട്ടോട്ടത്തിന് ഒരുവനെ വാസ്തവത്തിൽ “സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും” അടിമയാക്കാൻ സാധിക്കും. അതേ, പണസ്നേഹം അതിന്റെ ദംഷ്ട്രങ്ങൾ ഒരിക്കൽ നിങ്ങളിലേക്ക് ഇറക്കിക്കഴിഞ്ഞാൽ അത്യാഗ്രഹം, ഹിംസാത്മകമായ അസൂയ, ദ്രോഹകരമായ മറ്റു മോഹങ്ങൾ തുടങ്ങിയവയൊക്കെ നിയന്ത്രണമേറ്റെടുക്കും. (കൊലൊസ്സ്യർ 3:5 താരതമ്യം ചെയ്യുക.) മറ്റു യുവജനങ്ങളുടെ കാറുകളിലും ഉടയാടകളിലും അസൂയാലുക്കളാകുന്ന ചില കൗമാരപ്രായക്കാർ “വളരെ ആകുലരായിത്തീരുന്നു” എന്ന് ടീൻ മാഗസിനിൽ വന്ന ഒരു ലേഖനം അഭിപ്രായപ്പെട്ടു. അത്തരം അസൂയ ചിലപ്പോൾ “ആത്മനിന്ദയ്ക്കു കാരണമാകുന്നു. പിന്നീട്, തനിക്കില്ലാത്ത സംഗതികളെക്കുറിച്ചു മാത്രമായിരിക്കും കൗമാരപ്രായക്കാരന്റെ ചിന്ത” എന്ന് ആ ലേഖനം കൂട്ടിച്ചേർക്കുന്നു.
സമ്പത്തിനോടുള്ള ആഗ്രഹത്തിന് ‘പരീക്ഷയിൽ കുടുങ്ങാൻ’ മാത്രമല്ല ‘സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാനും’ ഇടയാക്കാനാകും. ബൈബിൾ ഭാഷ്യകാരനായ ആൽബെർട്ട് ബാൺസ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “കപ്പലും അതിലുള്ള സകലതും ആണ്ടുപോകുന്ന ഒരു കപ്പൽച്ചേതത്തിന്റെ ചിത്രമാണ് ഇവിടെയുള്ളത്. നാശം സമ്പൂർണമാണ്. സന്തുഷ്ടി, നന്മ, സത്പേര്, ദേഹി എന്നിവയെല്ലാം പൂർണമായും നശിക്കുന്നു.”—1 തിമൊഥെയൊസ് 1:19 താരതമ്യം ചെയ്യുക.
അതുകൊണ്ട് സമസ്തവ്യാപക “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ” എന്നു പൗലൊസ് ഉചിതമായിത്തന്നെ പറയുന്നു. തത്ഫലമായി, ‘ചിലർ വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.’ ഉദാഹരണത്തിന്, ഒരു യുവാവിന്റെ കാര്യമെടുക്കാം. നമുക്കവനെ റോറി എന്നു വിളിക്കാം. 12-ാം വയസ്സിൽ അവൻ ചൂതാട്ടം തുടങ്ങി. “യാതൊന്നും ചെയ്യാതെ പണമുണ്ടാക്കാനുള്ള മാർഗമായിരുന്നു അത്,” അവനോർമിക്കുന്നു. താമസിയാതെ നൂറുകണക്കിനു ഡോളർ കടത്തിലായ അവൻ സ്നേഹിതരെയും കുടുംബത്തെയും പഠനത്തെയും അവഗണിക്കാൻ തുടങ്ങി. “ഞാനതു നിർത്താൻ ശ്രമിച്ചുനോക്കി,” എന്നാൽ ആവർത്തിച്ചാവർത്തിച്ചു പരാജയപ്പെടുകയാണു ചെയ്തത്. 19-ാമത്തെ വയസ്സിൽ സഹായം തേടുന്നതുവരെ അവൻ ‘ബഹുദുഃഖങ്ങൾക്ക് അധീനനാകുന്നതിൽ’ തുടർന്നു. ചെയ്സിങ് മാമോൻ എന്ന തന്റെ പുസ്തകത്തിൽ എഴുത്തുകാരനായ ഡഗ്ലസ് കെന്നഡി പണത്തിന്റെ പിന്നാലെയുള്ള നെട്ടോട്ടത്തെ “മനോവിഭ്രമമുണ്ടാക്കുന്ന ഒരു അനുഭവ”മെന്നു വിളിക്കുന്നത് ഒട്ടും അതിശയോക്തിയോടെയല്ല.
സമനില കണ്ടെത്തൽ
നൂറ്റാണ്ടുകൾക്കു മുമ്പത്തെ ശലോമോന്റെ ബുദ്ധ്യുപദേശം അന്നത്തെപ്പോലെതന്നെ ഇന്നും പ്രസക്തമാണ്: “ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക. നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നതു എന്തിനു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകൻ ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.” (സദൃശവാക്യങ്ങൾ 23:4, 5) ഭൗതികസ്വത്തുക്കൾ താത്കാലികമാണ്. അതുകൊണ്ട് പണത്തിനു പിന്നാലെയുള്ള നെട്ടോട്ടം ജീവിതത്തിലെ മുഖ്യ സംഗതിയാക്കുന്നതു വിഡ്ഢിത്തമാണ്. “തികച്ചും ഭൗതികാസക്തമായ ലക്ഷ്യങ്ങളിൽ കുരുങ്ങിപ്പോകാൻ ഞാനാഗ്രഹിക്കുന്നില്ല,” മോറിൻ എന്നു പേരുള്ള ഒരു യുവതി പറയുന്നു. “പണമുണ്ടാക്കുന്നതിൽ ഞാൻ മുഴുകിപ്പോയാൽ ഒടുക്കേണ്ടിവരുന്ന വില എന്റെ ആത്മീയതയാണെന്ന് എനിക്കറിയാം,” അവൾ പറയുന്നു.
പണം ആവശ്യമാണെന്നതു സത്യംതന്നെ. മതിയായ വരുമാനമുണ്ടായിരിക്കുന്നത് സ്വന്തം ആവശ്യങ്ങൾക്കു വേണ്ടി കരുതാൻ നിങ്ങളെ സഹായിക്കും—ഇടയ്ക്കിടെ ഭൗതികമായി മറ്റുള്ളവരെ സഹായിക്കാൻപോലും നിങ്ങൾക്കു സാധിച്ചേക്കാം. (എഫെസ്യർ 4:28) കഠിനമായി അധ്വാനിച്ച് സത്യസന്ധമായി പണമുണ്ടാക്കാൻ പഠിക്കുക. എങ്ങനെ പണം സമ്പാദിക്കാമെന്നും വരവുചെലവുകണക്കുകൾ തയ്യാറാക്കാമെന്നും ബുദ്ധിപൂർവം ചെലവാക്കാമെന്നും പഠിക്കുക. എന്നാൽ പണത്തെ നിങ്ങളുടെ ജീവിതത്തിലെ അതിപ്രധാന സംഗതിയാക്കാതിരിക്കുക. ‘ദാരിദ്ര്യവും സമ്പത്തും എനിക്കു തരരുതേ’ എന്നു പ്രാർഥിച്ച സദൃശവാക്യങ്ങൾ 30:8-ന്റെ എഴുത്തുകാരൻ പ്രകടിപ്പിച്ചതുപോലുള്ള സമനിലയോടുകൂടിയ ഒരു വീക്ഷണമുണ്ടായിരിക്കാൻ ശ്രമിക്കുക. ആത്മീയ താത്പര്യങ്ങൾ മുൻപന്തിയിൽ കൊണ്ടുവരുന്നതിനാൽ, ഏറ്റവും നല്ലതരം സമ്പത്ത് നേടാൻ നിങ്ങൾക്കു സാധിക്കും. സദൃശവാക്യങ്ങൾ 10:22 (NW) പറയുന്നതുപോലെ, “യഹോവയുടെ അനുഗ്രഹം—അതാണ് സമ്പന്നനാക്കുന്നത്, അവൻ അതിനോടു വേദനയൊന്നും കൂട്ടുന്നില്ല.”
[13-ാം പേജിലെ ചിത്രം]
സമപ്രായക്കാർക്ക് ഒപ്പമായിരിക്കാൻ പല യുവജനങ്ങൾക്കും പണമാവശ്യമാണ്