ലണ്ടനിലെ ഗ്ലോബിന്റെ മടങ്ങിവരവ്
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
വില്യം ഷേക്സ്പിയറിന്റെ നാടകങ്ങൾക്കു വേദിയൊരുക്കിയ ഗ്ലോബ് എന്ന നാടകശാല ലണ്ടനിലെ തെംസ് നദിയുടെ തെക്കേ കരയിലുള്ള സൗത്ത്വർക്കിലെ അതിന്റെ പൂർവസ്ഥാനത്തിന് അടുത്ത് പുനഃനിർമിക്കപ്പെട്ടിരിക്കുന്നു. 1599-ൽ നിർമിക്കപ്പെട്ട ആദ്യ നാടകശാലയെ അടിസ്ഥാനമാക്കി പണിത 20 വശങ്ങളുള്ള, വൃത്താകൃതിയിലുള്ള ആ കെട്ടിടം വിനോദ സഞ്ചാരികളുടെ ഒരു മുഖ്യ ആകർഷണമാണ്.
ലണ്ടനിൽ നാടകശാലകൾ സ്ഥാപിതമാകുന്നതിനു മുമ്പ്, നായ്ക്കളെക്കൊണ്ട് കരടികളെയോ കാളകളെയോ ഉപദ്രവിപ്പിക്കുന്നത് ജനപ്രീതിയാർജിച്ച ഒരു വിനോദരൂപം ആയിരുന്നു. കാണികൾ ഒച്ചവെച്ച് നായ്ക്കളെ എരികേറ്റുമ്പോൾ അവ ഒരു കുറ്റിയിൽ ബന്ധിച്ചിട്ടിരിക്കുന്ന മൃഗത്തെ ഭയങ്കരമായി ഉപദ്രവിക്കുന്നു. മുന്നിൽനിന്നു പിന്നിലേക്ക് ഉയർന്നു പോകുന്ന പല തട്ടുകളിലായി ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളോടുകൂടിയ വൃത്താകൃതിയിലുള്ള രംഗസ്ഥലങ്ങളിലാണ് ഇതു നടന്നിരുന്നത്. നാടകശാലയുടെ മുന്നോടികൾ ആയിരുന്നു അവ. മൃഗങ്ങളെ കെട്ടിയിട്ടിരുന്ന മധ്യഭാഗത്താണ് പിൽക്കാലത്ത് നാടകവേദി ഉയർന്നത്.
അധികം താമസിയാതെ, നാടകങ്ങൾ ജനപ്രീതി ആർജിച്ചു. ലണ്ടനിലെമ്പാടും പുതിയ നാടകശാലകൾ പൊട്ടിമുളച്ചു. ദിവസവും ആയിരങ്ങൾ അവയിൽ കയറിയിറങ്ങി. നാടകങ്ങൾ ദുഷിപ്പിക്കുന്നവയും ഭക്തിഹീനവും ആണെന്നു പറഞ്ഞ് മേയർ പ്രഭുക്കന്മാർ അവ നിരോധിക്കാൻ ശ്രമിച്ചു. നാടകങ്ങൾ ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കുന്നതിനാൽ തൊഴിലാളികൾ ജോലിക്കു വരാതെ അവ കാണാൻ പോകുന്നതായി തൊഴിലുടമകൾ പരാതിപ്പെട്ടു. എന്നാൽ നാടകശാലയുടെ രക്ഷാധികാരികളിൽ ഒരാളായ ഒന്നാം എലിസബത്ത് രാജ്ഞി ആവശ്യമായ പിന്തുണ നൽകി. രാജ്ഞിയെ വിനോദിപ്പിക്കാൻ അനുഭവ സമ്പന്നരായ അഭിനേതാക്കൾ ഉണ്ടായിരിക്കേണ്ടതിന് രാജ്ഞിയുടെ പ്രൈവി കൗൺസിൽ അവയെ സംരക്ഷിച്ചു. രാജസദസ്സിലെ പ്രകടനങ്ങൾക്ക് മറ്റേതൊരു സംഘത്തെക്കാളും കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നത് ഷേക്സ്പിയറിന്റെ നാടകസംഘത്തിനാണ്.
ആദ്യത്തെ ഗ്ലോബ് പ്രവർത്തനം ആരംഭിച്ച വർഷമാണ് ഷേക്സ്പിയർ ഹെൻറി അഞ്ചാമൻ എഴുതിയത്. അതുകൊണ്ട് ആ പുതിയ ഷേക്സ്പിയർ നാടകശാലയിൽ അരങ്ങേറിയ കന്നിനാടകം അതായിരുന്നു.
പുതിയ ഗ്ലോബിന്റെ അകത്തളം
മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന നാടകം കാണാനായി അകത്തേക്കു കടക്കുംമുമ്പ് നാം മേലോട്ടു നോക്കി മഴ പെയ്യില്ലെന്ന് ഉറപ്പുവരുത്തുന്നു. കാരണം നാടകശാലയ്ക്കകത്ത് കുട കയറ്റാൻ അനുവാദമില്ല. മധ്യഭാഗത്ത് മേൽക്കൂരയുമില്ല. 30 മീറ്റർ വ്യാസമുള്ള വൃത്താകൃതിയിലുള്ള നടുമുറ്റത്തേക്ക് സ്റ്റേജ് ഉന്തിനിൽക്കുന്നു. നടുമുറ്റത്തിനു ചുറ്റും മൂന്നു നിലകളിലായി ഏകദേശം 1,000 പേർക്കുള്ള ഇരിപ്പിടങ്ങളുണ്ട്. എന്നാൽ നമ്മൾ തറടിക്കറ്റാണ് എടുത്തിരിക്കുന്നത്. മധ്യഭാഗത്ത് നിന്നുകൊണ്ട് നാടകം കാണുന്ന 500 പേരിൽ നാം പെടുന്നുവെന്നർഥം. ആദ്യത്തെ നാടകശാലയിൽ 3,000 ആളുകളെവരെ തിക്കിക്കൊള്ളിച്ചിരുന്നു. എന്നാൽ ആധുനിക സുരക്ഷാ നിലവാരങ്ങൾ അത് വിലക്കുന്നു.
സദസ്സ് ഇരിക്കുന്ന വൃത്താകാര ഭാഗത്തിനു മുകളിലുള്ള മേൽക്കൂര തീയെ ചെറുക്കുന്ന രാസവസ്തുക്കൾ പൂശിയതാണ്. ഫയർ ബോർഡും വെള്ളം ഒഴിക്കാനുള്ള സംവിധാനവും കൂടുതലായ സംരക്ഷണം നൽകുന്നു. ആദ്യത്തെ ഗ്ലോബ് 1613-ൽ സ്റ്റേജിലെ പീരങ്കിയിൽനിന്നുള്ള തീപ്പൊരി വീണ് മേൽക്കൂര കത്തിയാണു നശിച്ചത്.
തറടിക്കറ്റുകാർക്ക് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറി നിൽക്കുന്നതിനും സ്റ്റേജിന്റെ അറ്റത്ത് കൈകൾ വെക്കുന്നതിനുപോലും ഉള്ള അനുവാദമുണ്ട്. നാനൂറു വർഷംമുമ്പ് അച്ചടക്കമില്ലാത്ത ആൾക്കൂട്ടങ്ങൾ പരിപാടിയുടെ നേരം മുഴുവൻ തിന്നുകയും കുടിക്കുകയും ചെയ്തിരുന്നു. അവരുടെയിടയിൽ പലപ്പോഴും വഴക്കും പൊട്ടിപ്പുറപ്പെട്ടിരുന്നു. കടുത്ത വിമർശകരായിരുന്ന അവർ കൂക്കുവിളിച്ചുകൊണ്ടോ കൈകൊട്ടിക്കൊണ്ടോ തോന്നുമ്പോഴൊക്കെ പരിപാടിക്കു തടസ്സം സൃഷ്ടിച്ചു. “അവർ കൂട്ടം കൂടി നിന്നി”രുന്നു എന്ന് അക്കാലത്തെ ഒരു ലേഖകൻ അവരെക്കുറിച്ചു പറഞ്ഞു. അദ്ദേഹം അവരെ “നീചന്മാർ” എന്നു വിളിച്ചു.
ആധുനിക ഗ്ലോബിന്റെ അടിസ്ഥാന ചട്ടക്കൂട് ഓക്ക് തടികൊണ്ട് ഉള്ളതാണ്. ഓക്ക് തടികൊണ്ടുള്ള ആറായിരത്തോളം മരയാണികൾ കുടുമ ഏപ്പുകളിൽ താങ്ങിനായി അടിച്ചുകയറ്റിയിരിക്കുന്നു. 1987 ഒക്ടോബറിലുണ്ടായ ചുഴലിക്കാറ്റിൽ ആയിരക്കണക്കിന് ഓക്ക് മരങ്ങൾ നിലംപതിച്ചതിനാൽ ഓക്കു തടി സുലഭമായിരുന്നു. സ്റ്റേജിന്റെ മേൽക്കെട്ടിയുടെ മുൻഭാഗത്ത് തുലാമായി വെക്കുന്നതിനുള്ള 13 മീറ്റർ നീളമുള്ള തടി കണ്ടുപിടിക്കാൻ ആയിരുന്നു ഏറ്റവും പാട്. ഒരുപാടു തിരച്ചിലിനുശേഷം 20 മീറ്ററിലധികം ഉയരമുള്ള അനുയോജ്യമായ ഒരു മരം ലണ്ടന് ഏതാണ്ട് 150 കിലോമീറ്റർ പടിഞ്ഞാറായി കണ്ടെത്തി.
മേൽക്കെട്ടിയെ താങ്ങി നിർത്തിയിരിക്കുന്ന തൂണുകൾ വെണ്ണക്കല്ലുകൊണ്ട് ഉള്ളവയാണെന്നേ തോന്നൂ. എന്നാൽ അവ ആദ്യത്തെ ഗ്ലോബിൽ ഉണ്ടായിരുന്നതുപോലെതന്നെ തടികൊണ്ടുള്ള തൂണുകളാണ്. അവയുടെ നിർമിതിയെ ശ്ലാഘിച്ചുകൊണ്ട് ഒരു മനുഷ്യൻ ഇങ്ങനെ പറഞ്ഞു: “ഏറ്റവും വിദഗ്ധനായ മാർബിൾ പണിക്കാരനെപ്പോലും പറ്റിക്കുംവിധം മാർബിളിനോട് അത്രയ്ക്കും സമാനമായ വിധത്തിലാണ് അവയ്ക്കു നിറം കൊടുത്തിരുന്നത്.”
ഇരിപ്പിടങ്ങളെല്ലാം നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. തറടിക്കറ്റുകാരിൽ ചിലർ സ്റ്റേജിനു ചുറ്റും തിങ്ങിക്കൂടി നിൽപ്പുണ്ട്. മറ്റുചിലർ രംഗസ്ഥലത്തെ തടിഭിത്തികളിൽ ചാരിനിൽക്കുന്നു. നാടകശാല സംഗീതസാന്ദ്രമാകുന്നതോടെ ശബ്ദകോലാഹലം ശമിക്കുന്നു. സ്റ്റേജിനു മുകളിലുള്ള ഗാലറിയിലിരുന്ന് ആറു സംഗീതജ്ഞർ ഷേക്സ്പിയറിന്റെ കാലത്തെ സംഗീതോപകരണങ്ങൾ—കാഹളം, കോർനെറ്റ്, കൊട്ടുവാദ്യങ്ങൾ—വായിക്കുന്നു. അവർ മധ്യകാലഘട്ടത്തിലെ വേഷവിധാനങ്ങളാണ് അണിഞ്ഞിരിക്കുന്നത്.
നാടകം
സംഗീതം ഉച്ചസ്ഥായിയിലെത്തുമ്പോൾ അഭിനേതാക്കൾ രംഗപ്രവേശം ചെയ്യുകയും തങ്ങളുടെ നീണ്ട വടികൾകൊണ്ട് സംഗീതത്തിന്റെ താളത്തിനൊപ്പിച്ച് സ്റ്റേജിൽ ആഞ്ഞടിക്കുകയും ചെയ്യുന്നു. തറടിക്കറ്റുകാരും താളം ചവുട്ടിക്കൊണ്ട് ഒപ്പംകൂടുന്നു. പെട്ടെന്ന് താളമടി നിലയ്ക്കുന്നു. ഒരു നടൻ വേദിയുടെ മുന്നിലേക്കു വന്ന് “നാന്ദി” എന്ന ഹ്രസ്വമായ പ്രസ്താവന നടത്തുന്നു. കാണികൾ ആകാംക്ഷാഭരിതരാണ്. പെട്ടെന്ന്, ചെമന്ന അങ്കി ധരിച്ച രണ്ടു കഥാപാത്രങ്ങൾ—അതായത്, കാന്റർബെറി ആർച്ചുബിഷപ്പും ഇലിയിലെ ബിഷപ്പും—വേദിയിലേക്ക് കടന്നുവരുന്നു. നാടകം ആരംഭിക്കുകയായി. നാടകം പുരോഗമിക്കവേ, സഭയുടെ കാപട്യവും ഇംഗ്ലണ്ടിലെ ഹെൻറി അഞ്ചാമൻ രാജാവുമായുള്ള രഹസ്യ കൂട്ടുകെട്ടും ഒടുവിൽ ആജിൻകോർട്ടിലെ രക്തക്കറപുരണ്ട യുദ്ധക്കളത്തിൽ ഫ്രാൻസ് പരാജയമടയുന്നതിൽ കലാശിക്കുന്നു.
പെട്ടെന്ന്, ഹെൻറി രാജാവ് സിംഹാസനസ്ഥനാകുന്നു. അദ്ദേഹം തന്റെ മൂന്നു കൊട്ടാര ഉദ്യോഗസ്ഥന്മാരുമായി സംഭാഷണത്തിൽ ഏർപ്പെടുന്നു. കൊട്ടാര ഉദ്യോഗസ്ഥന്മാരുടെ മധ്യകാലീന വേഷവിധാനങ്ങളുടെ തന്മയത്വത്തിൽ നാം അതിശയം കൂറുന്നു. എന്നാൽ നാടകസംഘത്തിന് എന്തോ പ്രത്യേകതയുള്ളതുപോലെ നമുക്കു തോന്നുന്നു, പക്ഷേ അത് എന്താണെന്നു മനസ്സിലാകുന്നില്ല. നാം നമ്മുടെ കയ്യിലിരിക്കുന്ന കാര്യപരിപാടി പരിശോധിക്കുന്നു. അതേ, അതിൽ അഭിനയിക്കുന്നവർ എല്ലാം പുരുഷന്മാരാണ്! എലിസബീഥൻ നാടകത്തിൽ സ്ത്രീകൾക്ക് യാതൊരു സ്ഥാനവുമില്ലായിരുന്നു. സാമൂഹിക ചരിത്രകാരനായ ജി. എം. ട്രിവെല്യൻ അതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “സ്ത്രീകളുടെ ഭാഗങ്ങൾ അന്തസ്സോടും പ്രസരിപ്പോടും വൈദഗ്ധ്യത്തോടും കൂടി അഭിനയിക്കാൻ” ആൺകുട്ടികളെ “ബാല്യംമുതൽ നന്നായി പരിശീലി”പ്പിച്ചിരുന്നു. ഇപ്പോഴിതാ അവർ അങ്ങനെതന്നെ അഭിനയിച്ചിരിക്കുന്നു.
കയ്യടി കഴിഞ്ഞു. നാം പുറത്തേക്കിറങ്ങുകയാണ്. ഗ്ലോബിനെ നാം അവസാനമായി ഒരിക്കൽക്കൂടി നോക്കിക്കാണുന്നു. അതിന്റെ സ്വർണനിറമുള്ള വൈക്കോൽമേഞ്ഞ മേൽക്കൂരയും ഓക്ക് തടികളും ക്രമേണ ഇളം വെണ്ണീർവർണമുള്ളതായിത്തീരുന്നു. ഏതാണ്ട് 400 വർഷം പിന്നിലേക്ക് മടങ്ങിപ്പോകുന്നത് ഒരു അസാധാരണ അനുഭവംതന്നെ.
അതുകഴിഞ്ഞ് നാം ഷേക്സ്പിയറിന്റെ ഗ്ലോബ് എക്സിബിഷൻ കാണുന്നു. എവിടെ നോക്കിയാലും ഷേക്സ്പിയർ എന്ന പേര് കാണാം. പ്രദർശനവസ്തുക്കൾ നിരീക്ഷിക്കവേ നമ്മുടെ മനസ്സിൽ പിൻവരുന്ന ചോദ്യം ഉയർന്നുവരുന്നു: വില്യം ഷേക്സ്പിയർ എന്ന നാടകകൃത്ത് വാസ്തവത്തിൽ ആരായിരുന്നു? വില്യം ഷേക്സ്പിയർ യഥാർഥത്തിൽ ആരായിരുന്നു എന്നതിനെക്കുറിച്ച് ഉണരുക!യുടെ ഭാവി ലക്കത്തിലെ ഒരു ലേഖനം ചർച്ചചെയ്യുന്നതായിരിക്കും.
[25-ാം പേജിലെ തലവാചകം]
ആദ്യത്തെ ഗ്ലോബ് ചിത്രകാരന്റെ ഭാവനയിൽ
[കടപ്പാട്]
ദ കോംപ്രിഹെൻസിവ് ഹിസ്റ്ററി ഓഫ് ഇംഗ്ലണ്ട് എന്ന പുസ്തകത്തിന്റെ II-ാം വാല്യത്തിൽനിന്ന്
[26-ാം പേജിലെ ചിത്രങ്ങൾ]
ഇന്നത്തെ ഗ്ലോബ്
[കടപ്പാട്]
ജോൺ ട്രാമ്പെർ
റിച്ചാർഡ് കാലിന