വിനോദം തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധയുള്ളവരായിരിക്കുക
വിനോദത്തിന് കുട്ടികളുടെമേൽ എന്തു സ്വാധീനമാണ് ഉള്ളത്? ലൈംഗികതയെയും അക്രമത്തെയും ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങൾ കാണുമ്പോൾ, അത്തരം പെരുമാറ്റം സ്വാഭാവികമാണെന്ന് കുട്ടികൾ ധരിക്കുന്നുവെന്ന് 30 വർഷത്തോളമായി കുട്ടികളോടൊപ്പം പ്രവർത്തിച്ചുവരുന്ന ഒരു അധ്യാപകനും ഡോക്ടറുമായ ആൽവിൻ പൂസൻ ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹം മറ്റൊരു അപകടവും ചൂണ്ടിക്കാണിക്കുന്നു: “അത്തരം ചലച്ചിത്രങ്ങൾ കണ്ട് വീട്ടിൽ മടങ്ങിയെത്തുന്ന കുട്ടികൾ ഭയാക്രാന്തരോ അങ്ങേയറ്റം അക്രമാസക്തരോ ആയിത്തീരുന്നത് ഞാൻ കണ്ടിട്ടുണ്ട്. മറ്റുചിലർ, പേടി മൂലം മാതാപിതാക്കളുടെ പിറകിൽനിന്നു മാറാതിരിക്കൽ, വിരലു കുടിക്കൽ, കിടക്കയിൽ മൂത്രമൊഴിക്കൽ തുടങ്ങിയ പഴയശീലങ്ങളിലേക്കു മടങ്ങിപ്പോകുന്നതായും ഞാൻ കണ്ടിട്ടുണ്ട്.” ശാരീരികമോ ലൈംഗികമോ ആയ ദുഷ്പെരുമാറ്റം, യുദ്ധമേഖലയിൽ പാർക്കൽ തുടങ്ങിയ—ഇവ ചുരുക്കം ചിലതുമാത്രം—മറ്റു സംഗതികളും അത്തരം പെരുമാറ്റങ്ങൾക്ക് ഇടയാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുവെന്ന് ആ ഡോക്ടർ പറയുന്നു. “നാമാരും ഒരു കുട്ടിയെ മനഃപൂർവം അത്തരം സാഹചര്യങ്ങളിൽ കൊണ്ടാക്കുകയില്ല. എങ്കിലും, കുട്ടികളെ യഥാർഥ ജീവിതത്തിൽ കാണിക്കാൻ നാം അങ്ങേയറ്റം ഭയക്കുന്ന സംഗതികൾ തന്നെ ചലച്ചിത്രങ്ങളിൽ കാണാൻ നാം അവരെ അനുവദിക്കുന്നു,” അദ്ദേഹം വിശദീകരിക്കുന്നു.
വിനോദം തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധയുള്ളവരായിരിക്കുന്നതിനും തങ്ങൾ തിരഞ്ഞെടുക്കുന്ന വിനോദം ബൈബിൾ തത്ത്വങ്ങളെ ലംഘിക്കുന്നില്ലെന്നു തീർച്ചപ്പെടുത്തുന്നതിനും ക്രിസ്ത്യാനികൾക്കു നല്ല കാരണമുണ്ട്. ഉദാഹരണത്തിന്, സങ്കീർത്തനങ്ങൾ 11:5 (പി.ഒ.സി. ബൈബിൾ) ഇങ്ങനെ പ്രസ്താവിക്കുന്നു: “കർത്താവ് നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു; അക്രമം ഇഷ്ടപ്പെടുന്നവനെ അവിടുന്ന് വെറുക്കുന്നു.” ക്രിസ്തീയ അപ്പോസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: “ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. . . . കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.”—കൊലൊസ്സ്യർ 3:5, 8.
അതുകൊണ്ട്, ‘ജഡത്തിന്റെ പ്രവൃത്തികളെ’ പ്രോത്സാഹിപ്പിക്കാത്ത തരം വിനോദം തങ്ങൾക്കും കുട്ടികൾക്കും വേണ്ടി തിരഞ്ഞെടുക്കുന്നതിൽ മാതാപിതാക്കൾ ജാഗ്രതയുള്ളവരായിരിക്കണം. (ഗലാത്യർ 5:19-21) വിനോദത്തിന്റെ ഗുണനിലവാരവും അളവും കണക്കിലെടുത്തുകൊണ്ട് വേണം അവർ വിനോദം തിരഞ്ഞെടുക്കാൻ.—എഫെസ്യർ 5:15-17.