മധ്യധരണ്യാഴി—തുറന്ന മുറിവുകളുള്ള അടഞ്ഞ കടൽ
ഗ്രീസിലെ ഉണരുക! ലേഖകൻ
ഗ്രീസു മുതൽ മൊറോക്കോ വരെയുള്ള തീരങ്ങളിൽ ആയിരത്തിൽ അധികം ഡോൾഫിനുകൾ ചത്തടിഞ്ഞിരിക്കുന്നു; വിഷകരമായ ചുവന്ന പ്ലവകങ്ങൾ ഈജിയൻ കടലിനെ അരുണവർണം ആക്കിയിരിക്കുന്നു; അഡ്രിയാറ്റിക്കിലാണെങ്കിൽ ദശലക്ഷക്കണക്കിന് ടൺ വരുന്ന വഴുവഴുപ്പുള്ള നുരയും പതയും; കടലാമകളും കടൽനായ്ക്കളും വംശനാശത്തിന്റെ വക്കിൽ; ജീവന്റെ കണിക പോലും ഇല്ലാത്ത ജലാശയ ഭാഗങ്ങൾ. മധ്യധരണ്യാഴിക്ക് (Mediterranean Sea) എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത്? മലിനീകരണത്താൽ അതു ഭാവിയിൽ സമ്പൂർണമായി നശിപ്പിക്കപ്പെടുമോ?
“മനുഷ്യവാസയോഗ്യം ആക്കപ്പെട്ട ലോകത്തിലെ ഏറ്റവും പുരാതന ഭൂഭാഗം.” ജന്തുശാസ്ത്രജ്ഞനായ ഡേവിഡ് ആറ്റെൻബറോ മധ്യധരണ്യാഴിയെയും അതിന്റെ തീരങ്ങളെയും വർണിക്കുന്നത് അങ്ങനെയാണ്. മൂന്നു ഭൂഖണ്ഡങ്ങൾ അതിരായുള്ള ഈ കടൽ ഈജിപ്ത്, ഗ്രീസ്, റോം എന്നീ സാമ്രാജ്യങ്ങളുടെ ഉദയത്തിലും പതനത്തിലും നിർണായക പങ്കു വഹിച്ചു. ഇന്നത്തെ സംസ്കാരത്തിലും നാഗരികതയിലും അധികവും ഉദയംകൊണ്ടത് ഇവിടെനിന്ന് ആയിരുന്നു. എന്നിരുന്നാലും, ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിലെ അമിത വികസനവും വിനോദസഞ്ചാര വ്യവസായത്തിലുണ്ടായ അമിത വളർച്ചയും അമിത മത്സ്യബന്ധനവും മലിനീകരണവും മധ്യധരണ്യാഴിയെ പ്രതിസന്ധിയിൽ ആഴ്ത്തിയിരിക്കുന്നു. ഇതേക്കുറിച്ചു ചിന്തയുള്ള ശാസ്ത്രജ്ഞന്മാരും ഈ പ്രശ്നങ്ങളാൽ പ്രതികൂലമായി ബാധിക്കപ്പെട്ട രാഷ്ട്രങ്ങളും പരിഹാരങ്ങൾക്കായി നെട്ടോട്ടമോടുന്നു. എങ്കിലും അവർക്ക് ഇതുവരെ ഭാഗികമായ വിജയമേ കൈവരിക്കാൻ ആയിട്ടുള്ളൂ.
മിക്കവാറും എല്ലാ വശങ്ങളും കരയാൽ ചുറ്റപ്പെട്ട്, ഉള്ളിലേക്കു കയറി സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ കടലാണ് മധ്യധരണ്യാഴി. ഒരു പ്രകൃതിദത്ത അതിർത്തിയായി വർത്തിക്കുന്ന 46,000 കിലോമീറ്റർ വരുന്ന അതിന്റെ തീരം 20 രാജ്യങ്ങൾ പങ്കിടുന്നു. ആ തീരപ്രദേശത്ത് ഉടനീളം 16 കോടിയിൽ അധികം ആളുകൾ പാർക്കുന്നുണ്ട്. 2025-ാം ആണ്ടോടെ ഈ സംഖ്യ ഇരട്ടിയാകുമെന്നു കണക്കാക്കപ്പെടുന്നു. പൊതുവേ പ്രശാന്തമായ മധ്യധരണ്യാഴിയിലെ വെള്ളം അതിന്റെ പ്രധാന സ്രോതസ്സായ അറ്റ്ലാന്റിക്കിലേതിനെക്കാൾ ചൂടുള്ളതും ഉപ്പുരസം കലർന്നതുമാണ്. അതിലെ വെള്ളം പുതുക്കപ്പെടുന്നതിന് ഏതാണ്ട് 80-ഓ 90-ഓ വർഷം എടുക്കുമെന്നതിനാൽ അതു മലിനീകരണത്തിനു വിധേയമാണ്. “മധ്യധരണ്യാഴിയിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ ദീർഘകാലം അവിടെത്തന്നെ കിടക്കുന്നു” എന്ന് നാഷണൽ ജിയോഗ്രഫിക്ക് പറയുന്നു.
വിനോദസഞ്ചാരികളുടെ കടന്നുകയറ്റം
സൂര്യപ്രകാശത്തിൽ കുളിച്ച കടൽപ്പുറങ്ങൾ, കണ്ണിനു വിരുന്നൊരുക്കുന്ന പ്രകൃതി ദൃശ്യങ്ങൾ, മധ്യധരണ്യാഴിയുടെ തീരത്തുള്ളവർ പരമ്പരാഗതമായി പുലർത്തിപ്പോരുന്ന ആതിഥ്യോപചാരം, സമ്പന്നമായ ചരിത്രം ഇവയെല്ലാം ആ മുഴു പ്രദേശത്തെയും അങ്ങേയറ്റം ജനപ്രീതി ആർജിച്ച വേനൽക്കാല സങ്കേതം ആക്കി മാറ്റുന്നു. തദ്ദേശവാസികളും വിദേശികളും ആയി 10 കോടി ആളുകൾ ഓരോ വർഷവും അവിടം സന്ദർശിക്കുന്നു. ഈ സംഖ്യ 25 വർഷത്തിനുള്ളിൽ മൂന്നു മടങ്ങായി വർധിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ഈ വേനൽക്കാല സങ്കേതത്തിന്റെ നാശത്തിനു ഭാഗികമായ കാരണം മനുഷ്യരുടെ ഈ തിരത്തള്ളൽ ആണോ? നമുക്കു വസ്തുതകൾ പരിചിന്തിക്കാം.
തള്ളിക്കയറുന്ന ജനവ്യൂഹം ചപ്പുചവറുകൾ അവിടെ നിക്ഷേപിക്കുന്നു, മധ്യധരണ്യാഴിയുടെ ചുറ്റുമുള്ള രാജ്യങ്ങൾക്ക് അതു താങ്ങാവുന്നതിലും അധികമാണ്. കൂടാതെ, അവർ നിമിത്തം ഉണ്ടാകുന്ന മലിനജലത്തിന്റെ 80 ശതമാനത്തോളം—ഒരു വർഷത്തിൽ 50 കോടി ടണ്ണിലധികം—ശുദ്ധീകരിക്കപ്പെടാതെ അതേപടി കടലിൽ ചെന്നെത്തുന്നു. വിനോദസഞ്ചാരികളിൽ അധികം പേരും വരുന്നത് വേനൽക്കാലത്താണ്. അത് അവിടുത്തെ പരിമിതമായ ജല ശേഖരം മലിനീകരിക്കപ്പെടുന്നതിന് ഇടയാക്കുന്നു. ഈ മലിനജലം ആരോഗ്യത്തെ അപകടത്തിൽ ആക്കുന്നു. മധ്യധരണ്യാഴിയുടെ ചില ഭാഗങ്ങളിൽ നീന്തുന്നത് ചെവി, മൂക്ക്, തൊണ്ട എന്നീ ഭാഗങ്ങളിൽ രോഗബാധയ്ക്കു കാരണമാകുന്നു. കൂടാതെ ഹെപ്പറ്റൈറ്റിസ്, അതിസാരം എന്നീ രോഗങ്ങളും ചിലപ്പോഴൊക്കെ കോളറയും അതു നിമിത്തം ഉണ്ടായേക്കാം.
എന്നിരുന്നാലും, മധ്യധരണ്യാഴിയുടെ തീരത്തുള്ള പല രാജ്യങ്ങളുടെയും സാമ്പത്തികസ്ഥിതി വിനോദസഞ്ചാര വ്യവസായത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ആ രാജ്യങ്ങളെക്കുറിച്ചു സംസാരിക്കവേ ഐക്യരാഷ്ട്ര വിദ്യാഭ്യാസ-ശാസ്ത്രീയ-സാംസ്കാരിക സംഘടനയുടെ മുമ്പത്തെ ഉപ-ഡയറക്ടർ ജനറലായ മിഷെൽ ബാറ്റിസ് ഇപ്രകാരം പറഞ്ഞു: “അവരുടെ ഏക വരുമാനം വിനോദസഞ്ചാര വ്യവസായം ആണ്. എന്നാൽ അത് പെട്ടെന്നു ലാഭം ഉണ്ടാക്കാനുള്ള ആഗ്രഹം നിമിത്തം കെട്ടിടങ്ങൾ പണിതുകൂട്ടി തീരപ്രദേശം നശിപ്പിക്കാതിരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.”
എണ്ണക്കപ്പലുകളുടെ അമിത ഗതാഗതം
മധ്യധരണ്യാഴി മധ്യപൂർവദേശത്തിനും യൂറോപ്പിനും ഇടയിലുള്ള ഒരു പ്രധാന ഗതാഗത മാർഗം ആയതിനാൽ അനവധി എണ്ണക്കപ്പലുകൾ അതിലൂടെ കടന്നുപോകുന്നു. ലോകത്തിലെ എണ്ണയുടെ 20 ശതമാനത്തിൽ അധികവും ഈ മാർഗത്തിലൂടെയാണ് കൊണ്ടുപോകുന്നത്. ഓരോ വർഷവും മധ്യധരണ്യാഴിയിൽ വീഴുന്ന എണ്ണയുടെ അളവെടുത്താൽ അത് 1989-ൽ അലാസ്കയിൽവെച്ച് എക്സൻ വാൽഡിസിൽനിന്നു വീണ എണ്ണയുടെ 17 മടങ്ങാണ്. 1980-നും 1995-നും ഇടയ്ക്ക് മധ്യധരണ്യാഴിയിൽ 14 എണ്ണക്കപ്പലുകളിൽനിന്ന് എണ്ണ തൂകിപ്പോയിട്ടുണ്ട്. കൂടാതെ, ഓരോ വർഷവും കപ്പലുകളിൽനിന്ന് പത്തുലക്ഷം ടൺ വരെ അസംസ്കൃത എണ്ണ ഈ കടലിലേക്കു പുറന്തള്ളപ്പെടുന്നുണ്ട്. ഉപയോഗശൂന്യമായ എണ്ണ ശേഖരിക്കാനോ എണ്ണക്കപ്പലുകളുടെ ടാങ്കുകൾ വൃത്തിയാക്കാനോ ഉള്ള സൗകര്യം തുറമുഖങ്ങളിൽ ഇല്ലാത്തതാണ് പലപ്പോഴും ഇതിനു കാരണം.
ജിബ്രാൾട്ടർ കടലിടുക്കിലൂടെ വെള്ളം അറ്റ്ലാന്റിക്കിലേക്ക് ഒഴുകുന്ന മധ്യധരണ്യാഴിയുടെ ഭാഗത്തിന് ആഴം കൂടുതൽ ആണെന്നത് പ്രശ്നം വഷളാക്കുന്നു. എണ്ണ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതിനാൽ അടിയിലുള്ള, ഏറെ ശുദ്ധമായ ജലം ഒഴുകിപ്പോകുകയും എണ്ണ മുകളിൽത്തന്നെ അവശേഷിക്കുകയും ചെയ്യുന്നു. “മധ്യധരണ്യാഴിയിലെ ഭക്ഷ്യശൃംഖല ഇപ്പോൾ ഗണ്യമായ അളവിൽ എണ്ണ മലിനീകരണത്താൽ ബാധിക്കപ്പെട്ടിരിക്കുകയാണ്” എന്ന് ഇസ്രായേലിലെ സമുദ്രവിജ്ഞാന ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടറായ കൊളെറ്റ് സെരൂയ പറയുന്നു. “അത് നമ്മുടെ മത്സ്യങ്ങളുടെയും കക്കാപ്രാണിവർഗത്തിന്റെയും ശരീരകലയുടെ ഭാഗം ആയിത്തീർന്നിരിക്കുന്നു.” മധ്യധരണ്യാഴിയിൽനിന്നു പിടിച്ച 93 ശതമാനം കക്കകളിലും ലോകാരോഗ്യ സംഘടന വെച്ചിരിക്കുന്ന പരിധിയിൽ കവിഞ്ഞ അളവിൽ വിസർജ്യ ബാക്ടീരിയ കാണപ്പെട്ടതായി 1990-ൽ ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (യുഎൻഇപി) റിപ്പോർട്ടു ചെയ്തു.
ദുർബലമാക്കപ്പെട്ട ആവാസവ്യൂഹങ്ങൾ
മേൽപ്പറഞ്ഞ വിനാശകരമായ മലിനീകരണത്തിനു പുറമേ, മധ്യധരണ്യാഴിയുടെ തീരവും വൻതോതിൽ നാശ വിധേയം ആയിക്കൊണ്ടിരിക്കുകയാണ്. പൊ.യു. 15-ാം നൂറ്റാണ്ടിന്റെ അവസാനം വരെ അതിന്റെ അധികഭാഗവും വനനിബിഡമായിരുന്നു. കൃഷിയിടത്തിനോ നഗരങ്ങൾ വികസിപ്പിക്കുന്നതിനോ വെനീഷ്യൻ ഗാലിക്കപ്പലുകൾ നിർമിക്കുന്നതിനോ ആയി വനങ്ങൾ വെട്ടി നശിപ്പിച്ചത് പരിഹരിക്കാൻ ആവാത്ത തോതിലുള്ള മണ്ണൊലിപ്പിന് ഇടയാക്കിയിരിക്കുന്നു. മഴവെള്ളത്തിലൂടെ ഖരവസ്തുക്കൾ ഒഴുകിയെത്തുന്നതിനു പുറമേ നദികളിലൂടെ ശുചീകരണ പദാർഥങ്ങൾ, കീടനാശിനികൾ, ഘനലോഹങ്ങൾ തുടങ്ങിയ മാലിന്യകാരികളും കടലിൽ എത്തിച്ചേരുന്നു. ഫ്രാൻസിലെ റോൺ, ഈജിപ്തിലെ നൈൽ, ഇറ്റലിയിലെ പോ, സ്പെയിനിലെ ഏബ്രോ തുടങ്ങിയ നദികൾ കാർഷിക-വ്യവസായ മാലിന്യങ്ങൾ വർധിച്ച അളവിൽ ഒഴുക്കിക്കൊണ്ടു വരുന്നു.
അഡ്രിയാറ്റിക് കടലിന്റെയും ഈജിയൻ കടലിന്റെയും വിവിധ ഭാഗങ്ങളെ ബാധിച്ചിരിക്കുന്ന ചുവന്ന പ്ലവകങ്ങൾ ഈ മലിനീകരണത്തിന്റെ നേരിട്ടുള്ള ഒരു ഫലമാണ്. ഈ പ്ലവകങ്ങൾ നിറഞ്ഞ ജലം ദുർഗന്ധം വമിക്കുന്ന, പശിമയുള്ള ചേറ് തീരത്ത് നിറയ്ക്കുന്നു. ചുവന്ന പ്ലവകങ്ങളുടെ ഈ ബാധയ്ക്കു കാരണം പോഷണവത്കരണം (eutrophication) ആണ്. വൻതോതിലുള്ള പാഴ്വസ്തുക്കളുടെ വിഘടനം വെള്ളത്തിൽ ലയിച്ചു ചേർന്നിരിക്കുന്ന ഓക്സിജൻ തീർന്നുപോകാൻ ഇടയാക്കുകയും അങ്ങനെ ജലത്തിലെ സസ്യ-ജന്തു ജാലങ്ങളിൽ അധികത്തിനും ഓക്സിജൻ കിട്ടാതെ വരികയും ചെയ്യുമ്പോൾ സംഭവിക്കുന്ന ഒരു പ്രക്രിയ ആണ് അത്. ഈ പ്രതിഭാസം നിമിത്തം ഭീഷണിയിൽ ആയിരിക്കുന്ന മറ്റു ചില സ്ഥലങ്ങളാണ് ലയൺസ് ഉൾക്കടൽ (ഫ്രാൻസ്), ടുണിസ് തടാകം (ടുണീഷ്യ), ഇസ്മിർ ഉൾക്കടൽ (ടർക്കി), വെനീസിലെ ലഗൂൺ (ഇറ്റലി) എന്നിവ.
ഒരു കാലത്ത് മധ്യധരണ്യാഴിക്ക് അന്യമായിരുന്ന ജീവിവർഗങ്ങൾ ഇപ്പോൾ അവിടുത്തെ ജീവിവർഗങ്ങളുടെമേൽ അധീശത്വം പുലർത്തുന്ന അളവോളം തീരദേശ ആവാസവ്യൂഹം ദുർബലം ആക്കപ്പെട്ടിരിക്കുകയാണ്. ഇതിനു പറ്റിയ ഒരു ഉദാഹരണമാണ് മറ്റു സമുദ്ര ജീവിവർഗങ്ങളെ ഉന്മൂലനം ചെയ്യുന്ന കൗളെർപ ടാക്സിഫോളിയ എന്ന “കൊലയാളി” ആൽഗ. മോണക്കോയിൽനിന്ന് യാദൃച്ഛികമായി എത്തിച്ചേർന്ന അത് ഇപ്പോൾ കടൽത്തട്ടിൽ പെരുകി തുടങ്ങിയിരിക്കുകയാണ്. വിഷകരമായിരിക്കുന്ന അതിനെ തിന്നു നശിപ്പിക്കുന്ന വേറെ ഏതെങ്കിലും ജീവികൾ ഉള്ളതായി അറിയില്ല. മാത്രമല്ല ഇപ്പോൾത്തന്നെ അതു വ്യാപകമായി പെരുകി കഴിഞ്ഞിരിക്കുകയാണ്. “ഒരു പാരിസ്ഥിതിക കൊടുംവിപത്തിന്റെ തുടക്കമായിരിക്കാം നാം ഈ കാണുന്നത്” എന്ന് ഫ്രാൻസിലെ നിസ് സർവകലാശാലയിലെ സമുദ്രജീവശാസ്ത്ര പ്രൊഫസറായ അലക്സാണ്ട്രെ മെനെഷ് പറയുന്നു.
ദുർവാർത്ത ഇതുകൊണ്ടും തീർന്നിട്ടില്ല. സമുദ്രജീവശാസ്ത്രജ്ഞനായ ഷാർൽ-ഫ്രാൻസ്വൊ ബൂഡൂറെസ്കിന്റെ അഭിപ്രായം അനുസരിച്ച്, 300-ലധികം സമുദ്ര ജീവികൾ മറ്റിടങ്ങളിൽനിന്ന് മധ്യധരണ്യാഴിയിൽ എത്തിച്ചേർന്നിട്ടുണ്ട്. അവയിൽ മിക്കതും ചെങ്കടലിൽനിന്ന് സൂയസ് കനാലിലൂടെ വന്നിട്ടുള്ളവയാണ്. ഈ ജൈവമലിനീകരണം തുടച്ചുനീക്കാൻ ആവില്ലെന്നും അത് അടുത്ത നൂറ്റാണ്ടിലെ വലിയൊരു പരിസ്ഥിതി പ്രശ്നം ആയിത്തീർന്നേക്കാം എന്നും ചില ഗവേഷകർ കരുതുന്നു.
വെള്ളത്തിൽ ചത്തൊടുങ്ങുന്നു
മധ്യധരണ്യാഴിയിലെ സസ്യജാലം പലതരം അപകടങ്ങളെ നേരിടുന്നു. കടലിന്റെ ശ്വാസകോശങ്ങൾ, ഭക്ഷ്യകലവറ, നേഴ്സറി എന്നിവയായും നൂറുകണക്കിനു സമുദ്ര ജീവിവർഗങ്ങളുടെ പുനരുത്പാദന സ്ഥാനമായും വർത്തിക്കുന്ന പോസിഡോണിയ കടൽപ്പുൽത്തകിടികളുടെ നാശം അവയിൽ ഒന്നാണ്. ഈ പുൽത്തകിടികളുടെ നെഞ്ചുകീറിക്കൊണ്ടു പണിയപ്പെടുന്ന ജട്ടികളും തുറമുഖങ്ങളും അവയുടെ നാശത്തിന് ഇടയാക്കുന്നു. അതുപോലെതന്നെ ഉല്ലാസ ബോട്ടുകളുടെ നങ്കൂരങ്ങളും അവയെ കീറിമുറിക്കുന്നു.
ആ കടലിലെ ജന്തുജാലവും സമാനമായ ഭീഷണി നേരിടുന്നു. ഏറ്റവുമധികം ഭീഷണിയിൻകീഴിൽ ആയിരിക്കുന്ന ലോകത്തിലെ 12 ജീവിവർഗങ്ങളിൽ ഒന്നായ മധ്യധരണ്യാഴിയിലെ സന്ന്യാസി കടൽനായ് വംശനാശത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. 1980-ൽ മധ്യധരണ്യാഴിയിൽ 1,000-ത്തോളം സന്ന്യാസി കടൽനായ്ക്കൾ ഉണ്ടായിരുന്നു. എന്നാൽ വേട്ടക്കാരുടെയും മീൻപിടുത്തക്കാരുടെയും പ്രവർത്തനഫലമായി അവയുടെ എണ്ണത്തിൽ വലിയ കുറവു സംഭവിച്ചിരിക്കുന്നു. ഇന്ന് അവയുടെ എണ്ണം കേവലം 70-നും 80-നും ഇടയ്ക്കാണ്. ലോഗർഹെഡ് കടലാമകൾ ഇപ്പോൾ ഗ്രീസിലെയും ടർക്കിയിലെയും തീരങ്ങളിൽ മാത്രമേ മുട്ടയിടുന്നുള്ളൂ. വിനോദസഞ്ചാരികളുടെ ചവിട്ടേറ്റ് ചിലപ്പോൾ അവയുടെ മുട്ടകൾ ഉടഞ്ഞുപോകാറുണ്ട്. കടലാമകൾ പലപ്പോഴും മീൻവലകളിൽ കുടുങ്ങി തദ്ദേശ ഭോജനശാലകളിലെ തീൻമേശകളിൽ ചെന്നെത്തുന്നു. മാന്റിസ് ചെമ്മീൻ, റഫ് പെൻ ഷെൽ, ഡേറ്റ് മസൽ എന്നിവയെയും വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുകയാണ്.
ഒരു കർമ പദ്ധതി
ഈ ഞെട്ടിപ്പിക്കുന്ന സ്ഥിതിവിശേഷത്തെ കൈകാര്യം ചെയ്യുന്നതിനായി 1975-ൽ യുഎൻഇപി-യുടെ ആഭിമുഖ്യത്തിൽ മധ്യധരണ്യാഴി കർമ പദ്ധതി (എംഎപി) നടപ്പാക്കപ്പെട്ടു. മധ്യധരണ്യാഴിയെ മലിനീകരണത്തിൽനിന്നു സംരക്ഷിക്കാനും തീരദേശ വികസനം പരിസ്ഥിതിക്കു ദൂഷ്യം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്താനും മധ്യധരണ്യാഴിയുടെ തീരത്തുള്ള രാജ്യങ്ങളെയും യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗങ്ങളെയും പ്രതിജ്ഞാബദ്ധരാക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. 1990-ൽ മധ്യധരണ്യാഴി പാരിസ്ഥിതിക സാങ്കേതിക സഹായ പരിപാടി (എംഇറ്റിഎപി) ആരംഭിച്ചു. തുടർന്ന് 1993-ൽ എംഇറ്റിഎപി II പ്രവർത്തനം തുടങ്ങി. പ്രകൃതി സംവരണ മേഖലകളും വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളും സമുദ്ര ദേശീയ പാർക്കുകളും നിർമിക്കാനുള്ള മറ്റു ശ്രമങ്ങൾ ഡോൾഫിനുകൾ, തിമിംഗലങ്ങൾ, സന്ന്യാസി കടൽനായ്ക്കൾ, കടലാമകൾ എന്നിവയെയും വംശനാശഭീഷണി നേരിടുന്ന മറ്റു ജീവിവർഗങ്ങളെയും സംരക്ഷിക്കുന്നതിൽ പ്രശംസനീയമായ കുറെയൊക്കെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
എന്നാൽ, ഉദ്ദേശിച്ചതുപോലെ പൂർണമായൊന്നും കാര്യങ്ങൾ നടന്നില്ല. 1990-ന്റെ ആരംഭം ആയപ്പോഴേക്കും എംഎപി തകർച്ചയുടെ വക്കിലെത്തി. അതിനു ചുക്കാൻ പിടിച്ച രാഷ്ട്രങ്ങൾ തങ്ങളുടെ കടമ നിറവേറ്റാൻ പരാജയമടഞ്ഞതാണ് കാരണം. ആ പദ്ധതിയുടെ അധികൃതർ പറയുന്നത്, അവരുടെ അറിവനുസരിച്ച് അതിന് ഒറ്റ ലക്ഷ്യംപോലും നേടിയെടുക്കാൻ ആയില്ലെന്നാണ്. പുരോഗമനപരമായ നടപടികൾ കൈക്കൊള്ളാനുള്ള മധ്യധരണ്യാഴി രാഷ്ട്രങ്ങളുടെ മനസ്സൊരുക്കത്തെ കുറിച്ചു റിപ്പോർട്ടു ചെയ്യവേ എംഎപി-യുടെ ഡെപ്യൂട്ടി കോ-ഓർഡിനേറ്ററായ ല്യൂബൊമിർ യെഫ്റ്റിച്ച് ഇപ്രകാരം മുന്നറിയിപ്പു നൽകി: “വളരെയൊന്നും ശുഭപ്രതീക്ഷ വെച്ചുപുലർത്തേണ്ട.” ഈ രാജ്യങ്ങൾക്കു സഹകരിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞാൽത്തന്നെ ഇതിനോടകം ഉണ്ടായിട്ടുള്ള ദൂഷ്യം മാറിക്കിട്ടാൻ പതിറ്റാണ്ടുകൾ വേണ്ടിവന്നേക്കാം. ന്യൂ സയന്റിസ്റ്റ് മാഗസിൻ ഇപ്രകാരം അഭിപ്രായപ്പെട്ടു: “മധ്യധരണ്യാഴിയിലെ ജീവജാലങ്ങളുടെ നല്ലൊരു ശതമാനത്തെയും പോലെതന്നെ എംഎപി-യും വെള്ളത്തിൽ ചത്തൊടുങ്ങിയ മട്ടാണ് ഇപ്പോൾ കാണുന്നത്.”
അങ്ങനെയെങ്കിൽ മധ്യധരണ്യാഴിയുടെ ഭാവിയെന്ത്? ചേറുപുതഞ്ഞ, ദുർഗന്ധം വമിക്കുന്ന ആൽഗകൾ നിറഞ്ഞ ഒരു ചാവുകടൽ ആയിത്തീരുമോ അത്? അതിന്റെ ഭാവി മനുഷ്യരെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നതെങ്കിൽ ഒരുപക്ഷേ അങ്ങനെ സംഭവിച്ചേക്കാം. എന്നാൽ ഈ ഗ്രഹത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്തിന് ‘താൻ ഉണ്ടാക്കിയ സമുദ്ര’ത്തെക്കുറിച്ചു ചിന്തയുണ്ട്. (സങ്കീർത്തനം 95:5) താൻ ഉടൻതന്നെ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കും എന്ന് അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു (വെളിപ്പാടു 11:18) മറ്റു സംഗതികളോടൊപ്പം കടലുകളെയും മലിനീകരിക്കുന്ന, ഉത്തരവാദിത്വബോധം ഇല്ലാത്ത ആളുകളെ ഇപ്രകാരം നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. അതിനുശേഷം ദൈവം ഭൂഗോളത്തിൽ പാരിസ്ഥിതിക സന്തുലനവും അനുയോജ്യമായ ജൈവവൈവിധ്യവും പുനഃസ്ഥാപിക്കും. അപ്പോൾ ‘സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും’ അവയുടെ മലിനരഹിതവും സംശുദ്ധവുമായ അവസ്ഥയിൽ ‘അവനു സ്തുതി’ കരേറ്റും.—സങ്കീർത്തനം 69:34.
[15-ാം പേജിലെ ഭൂപടം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
അറ്റ്ലാന്റിക്ക്
പോർട്ടുഗൽ
സ്പെയിൻ
മൊറോക്കോ
ഫ്രാൻസ്
മോണക്കോ
അൾജീറിയ
ടുണീഷ്യ
സ്ലോവേനിയ
ഇറ്റലി
ക്രൊയേഷ്യ
യൂഗോസ്ലാവിയ
അൽബേനിയ
മാൾട്ട
ഗ്രീസ്
ടർക്കി
ലിബിയ
ഈജിപ്ത്
സൈപ്രസ്
സിറിയ
ലബനോൻ
ഇസ്രായേൽ
[16-ാം പേജിലെ ചിത്രം]
സ്പെയിനിലെ ബെനിഡോമിലുള്ള ഹോട്ടലുകൾ
സ്പെയിനിലെ കോസ്റ്റ ബ്രാവയിലെ ലോറെറ്റ് ദെ മാർ
അമിതവികസനം മലിനീകരണത്തിനു വഴിതെളിച്ചിരിക്കുന്നു
[16-ാം പേജിലെ ചിത്രം]
സ്പെയിനിന്റെ തീരത്തോടു ചേർന്നു വരുന്ന മലിനീകൃതമായ ജലാശയ ഭാഗം (താഴെ) ഇറ്റലിയിലെ ജെനൊവയിലെ വെള്ളത്തിൽ പൊന്തിക്കിടക്കുന്ന എണ്ണ
[കടപ്പാട്]
V. Sichov/Sipa Press
[17-ാം പേജിലെ ചിത്രം]
ലോഗർഹെഡ് കടലാമകൾ ഭീഷണിയിൻ കീഴിലാണ്
മധ്യധരണ്യാഴിയിലെ സന്ന്യാസി കടൽനായ്ക്കൾ വംശനാശത്തിന്റെ വക്കിലാണ്
[കടപ്പാട്]
കടലാമ: Tony Arruza/Corbis; കടൽനായ്: Panos Dendrinos/HSSPMS