പ്രശസ്തിയാർജിച്ച ഗതകാലവും വെല്ലുവിളി നിറഞ്ഞ ഭാവിയുമായി ഏഥൻസ്
ഗ്രീസിലെ ഉണരുക! ലേഖകൻ
ഏതാനും നിമിഷങ്ങൾ കൂടി കാത്തിരിക്കുകയേ വേണ്ടൂ വിമാനം ഏഥൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെന്നിറങ്ങാൻ. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഞാൻ ഏഥൻസിലേക്കു മടങ്ങിയെത്തുകയാണ്, ഇരുപതു വർഷം എന്റെ സ്വദേശം ആയിരുന്ന ഇടത്തേക്ക്. ജനാധിപത്യത്തിന്റെ പിള്ളത്തൊട്ടിലായാണ് അനേകരും ഈ നഗരത്തെ കണക്കാക്കുന്നത് എന്നു ചരിത്രപുസ്തകങ്ങളിൽ വായിച്ചതു ഞാൻ ഓർമിച്ചു. ആ നഗരമാണ് എനിക്കു താഴെ.
നിലത്തിറങ്ങിയപ്പോൾ, ഗ്രീസിന്റെ പ്രശസ്തമായ ഈ തലസ്ഥാന നഗരിയുടെ മറ്റൊരു സവിശേഷത ഞാൻ ദർശിച്ചു. പുകഴ്പെറ്റ ചരിത്രത്തിനും കലാപാരമ്പര്യത്തിനും സൗകുമാര്യം തുടിക്കുന്ന സ്മാരകസൗധങ്ങൾക്കുമെല്ലാം അപ്പുറത്ത് ചുറുചുറുക്കും ശുഭാപ്തിവിശ്വാസവും കൈമുതലായുള്ള ഒരു ജനതയെ. അവിടത്തെ ജനസംഖ്യ പെരുകിക്കൊണ്ടിരിക്കുകയാണ്. ആധുനിക ഏഥൻസിലെ ജീവിതം വെല്ലുവിളി നിറഞ്ഞതാണെങ്കിലും, സൗഹൃദത്തോടെ ഇടപെടുന്ന, സദാ പുഞ്ചിരിക്കുന്ന മുഖമുള്ള അവരെല്ലാം നഗരം കൂടുതൽ മോടി പിടിപ്പിക്കുന്നതിനും മറ്റുമുള്ള കഠിന യത്നത്തിലാണ്. 2004-ലെ ഒളിമ്പിക് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള നറുക്കു വീണിരിക്കുന്നത് ഏഥൻസിന് ആയതിനാൽ പ്രത്യേകിച്ചും.
പ്രശസ്തമായ ഗതകാലം
ക്രിസ്തുവിനും 20 നൂറ്റാണ്ടുകൾക്കു മുമ്പാണ് ഏഥൻസിന്റെ ചരിത്രം തുടങ്ങുന്നത്. ഗ്രീക്കു ദേവതയായ അഥീനയുടെ പേരിൽ നിന്നാണ് ഏഥൻസ് എന്ന പേരു വന്നത്. വേണമെങ്കിൽ, സോക്രട്ടീസ് നടന്നിട്ടുള്ള തെരുവുകളിലൂടെ നടക്കുന്നതിനോ അരിസ്റ്റോട്ടിൽ പഠിപ്പിച്ച സ്കൂൾ ഒന്നു കയറിക്കാണുന്നതിനോ നിങ്ങൾക്ക് ഇപ്പോഴും കഴിയും. മാത്രമല്ല, സോഫോക്ലിസിന്റെയും അരിസ്റ്റോഫാനെസിന്റെയും നാടകങ്ങൾ അരങ്ങേറിയിരുന്ന അതേ വേദികളിൽ ഇപ്പോഴും നിങ്ങൾക്ക് ഒന്നാന്തരമൊരു ഹാസ്യനാടകമോ ആത്മാവിന്റെ ആഴങ്ങളിൽ പതിയുന്ന ഒരു ദുരന്തപര്യവസായിയായ നാടകമോ ആസ്വദിക്കാൻ കഴിയും.
ഏറ്റവും ആദ്യം രൂപംകൊണ്ട യവന നഗരരാഷ്ട്രങ്ങളിൽ ഒന്നായിരുന്നു ഏഥൻസ്. അതിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന നാളുകൾ, അതിന്റെ സുവർണകാലം, പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിലായിരുന്നു. ആ കാലഘട്ടത്തിൽ പേർഷ്യയുടെ മേൽ ഗ്രീസ് നേടിയെടുത്ത വിജയത്തിൽ ജനാധിപത്യ ഏഥൻസ് ഒരു മുഖ്യ പങ്ക് വഹിച്ചിരുന്നു. പിന്നീട്, ഈ നഗരം ഗ്രീസിന്റെ കലാ-സാംസ്കാരിക കേന്ദ്രമായിത്തീർന്നു. വാസ്തുകലാ സൗകുമാര്യം വഴിഞ്ഞൊഴുകുന്ന പ്രശസ്തമായ സൗധങ്ങളിൽ നിരവധി എണ്ണവും നിർമിക്കപ്പെട്ടത് ആ കാലഘട്ടത്തിലാണ്. അക്കൂട്ടത്തിൽ ഏറ്റവും പുകഴ്പെറ്റത് പാർഥിനോൺ ആണ്.
പേർഷ്യയെ തറപറ്റിക്കാൻ കഴിഞ്ഞെങ്കിലും സമീപത്തുതന്നെ ഉണ്ടായിരുന്ന ഒരു ആജന്മശത്രുവിന്റെ, സ്പാർട്ടയുടെ, ആക്രമണങ്ങൾക്കു മുന്നിൽ ഏഥൻസിന് ഒടുവിൽ മുട്ടുമടക്കേണ്ടിവന്നു. തുടർന്നുവന്ന നൂറ്റാണ്ടുകളിൽ മാസിഡോണിയ, റോം, കോൺസ്റ്റാന്റിനോപ്പിളിലെ ബൈസാന്റൈൻ ചക്രവർത്തിമാർ, കുരിശുയുദ്ധങ്ങൾ നടത്തിയ ഫ്രാങ്കിഷ് പ്രഭുക്കന്മാർ, തുർക്കികൾ എന്നിവരുടെ അധീനതയിലായിരുന്നു ഏഥൻസ്. 1829-ൽ ഗ്രീസ് സ്വാതന്ത്ര്യം നേടുമ്പോഴേക്കും, ഏതാനും ആയിരങ്ങൾ മാത്രമുണ്ടായിരുന്ന വെറുമൊരു പ്രവിശ്യാപട്ടണം ആയിത്തീർന്നിരുന്നു ഏഥൻസ്.
നഗരത്തിന്റെ ആധുനിക മുഖം
1834-ൽ ഗ്രീസിന്റെ തലസ്ഥാന പദവി അലങ്കരിക്കാൻ തുടങ്ങിയതു മുതൽ നഗരം വേഗത്തിൽ വളർച്ചയുടെ പടവുകൾ താണ്ടിത്തുടങ്ങി. ആറ്റിക്ക സമതലത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിന് ഇപ്പോൾ ഏകദേശം 450 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. എന്നാൽ, നഗരാധിവാസം ആറ്റിക്കാ സമതലത്തെ അതിക്രമിച്ച് പാർനെസ്, പെൻഡെലിക്കോൺ, ഹൈമെറ്റസ് എന്നീ മലഞ്ചെരിവുകളോളം ഇപ്പോൾ വ്യാപിച്ചിരിക്കുന്നു. ഗ്രീസിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 45 ശതമാനവും—45 ലക്ഷത്തിലുമധികം ആളുകൾ—പാർക്കുന്നത് ഈ വൻനഗരത്തിലാണ്. വലിയ തോതിലുള്ള ആസൂത്രണമൊന്നുമില്ലാതെ അനധികൃതമായിട്ടാണ് നഗരം മിക്കവാറും പടുത്തുയർത്തപ്പെട്ടത്. ഒരു കണക്കു പറയുന്നത്, അവിടെയുള്ള ഭവനങ്ങളിൽ മൂന്നിലൊന്നിലുമധികം നിർമിക്കപ്പെട്ടത് നിയമവിരുദ്ധമായിട്ടാണ് എന്നാണ്. കോൺക്രീറ്റ് കെട്ടിടങ്ങൾ ഇല്ലാത്ത പ്രദേശങ്ങൾ ഇന്ന് ഏഥൻസിൽ വളരെ ചുരുക്കമാണ്.
എങ്ങും അംബരചുംബികളായ കെട്ടിടങ്ങളെകൊണ്ടു നിറഞ്ഞിരിക്കുന്ന മറ്റു നഗരങ്ങളിൽനിന്നു വ്യത്യസ്തമാണ് ഏഥൻസ്. പെട്ടികൾ അടുക്കിവെച്ചിരിക്കുന്നതു പോലുള്ള കോൺക്രീറ്റ് കെട്ടിടങ്ങളും അവിടവിടെയായി ഉയർന്നുനിൽക്കുന്ന പുരാതന സ്തംഭങ്ങളും ഉണ്ടെങ്കിലും പകൽവെളിച്ചത്തിൽ മുകളിൽനിന്നു നോക്കിയാൽ, നഗരം നിലത്തോടു പറ്റിച്ചേർന്നുകിടക്കുന്നതു പോലെയാണു തോന്നുക. അന്തരീക്ഷത്തിൽ വ്യവസായ ശാലകളിൽ നിന്നും മോട്ടോർവാഹനങ്ങളിൽ നിന്നുമുള്ള പുക തങ്ങിനിൽക്കുന്നു.
മിക്ക ആധുനിക വൻനഗരങ്ങളെയും പോലെതന്നെ പുകമഞ്ഞ് മേഘങ്ങൾ ഏഥൻസിനും ഒരു ഭീഷണിയാണ്. നഗരത്തിലെ ടെലിവിഷൻ ആന്റീനകൾക്ക് ഏതാണ്ട് ഒന്നോ രണ്ടോ മീറ്റർ മുകളിലായി പുകമഞ്ഞിന്റെ മേഘങ്ങൾ—ഏഥൻസുകാർ അതിനെ നെഫോസ് എന്നാണു വിളിക്കുന്നത്—രൂപപ്പെടുന്നു. അവിടെയുള്ള പുരാതന സ്മാരക സൗധങ്ങൾക്കെല്ലാം നൊടിനേരം കൊണ്ടെന്ന പോലെ പുകമഞ്ഞ് കേടുവരുത്തുന്നു. അതുകൊണ്ടുതന്നെ, അക്രോപൊലിസിനു മുകളിൽ സ്ഫടിക നിർമിതമായ ഒരു ആവരണം ഉണ്ടാക്കുന്നതിനെക്കുറിച്ച് പുരാവസ്തുശാസ്ത്രജ്ഞർ ഒരിക്കൽ ഗൗരവമായി പരിചിന്തിച്ചതാണ്. മലിനീകരണം സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ ഇപ്പോൾ നഗരവാസികൾക്കൊരു പുത്തരിയല്ല. കാലാവസ്ഥാപരമായ മാറ്റങ്ങളാൽ, ഏഥൻസിന് ചുറ്റുമുള്ള മലനിരകൾ പുകമഞ്ഞിനെ തടഞ്ഞുനിർത്തുമ്പോൾ നെഫോസ് തികച്ചും അപകടകാരിയായിത്തീർന്നേക്കാം. അതുകൊണ്ട് അങ്ങനെയുള്ള ദിവസങ്ങളിൽ, സ്വകാര്യ കാറുകൾ നഗരകേന്ദ്രത്തിലേക്കു പ്രവേശിക്കാൻ അനുവദിക്കുകയില്ല. ഫാക്ടറികളിൽ ഇന്ധനോപയോഗം കുറയ്ക്കും. പ്രായമായവർ വീട്ടിനകത്തുതന്നെ കഴിഞ്ഞുകൂടും. തങ്ങളുടെ കാറുകൾ വീട്ടിൽത്തന്നെ ഇടാൻ ഏഥൻസ് നിവാസികൾക്കു നിർദേശം നൽകുന്നു.
വാരാന്ത്യങ്ങളിൽ, ഏഥൻസുകാരെല്ലാം കൂട്ടത്തോടെ നഗരം വിടും. ഇക്കാര്യത്തിലെ ഒരു ‘പതിവുകാരനായ’ വാസിലിസ് പറയുന്നതു കേൾക്കൂ. ഒരു കഫേയിൽ ഇരുന്ന് പഞ്ചസാരയിടാത്ത ഒരു കപ്പ് കട്ടൻകാപ്പിയും കുടിച്ച് തേനും പരിപ്പുകളും നിറച്ച ബാക്ലാവയും കഴിക്കുന്നതിനിടയിൽ അദ്ദേഹം നൽകിയ ഉപദേശം ഇതാണ്: “ഓടിവന്ന് നിങ്ങളുടെ കാറിൽ കയറി സ്റ്റാർട്ടു ചെയ്തോളൂ. ഏതാനും മണിക്കൂറുകൾകൊണ്ട് നിങ്ങൾക്ക് മലഞ്ചെരുവുകളിലോ കടലോരത്തോ എത്താം.” അദ്ദേഹത്തിന്റെ വാക്കുകളിൽ ഒളിഞ്ഞിരുന്ന അർഥം ഇതാണ്: വലിയ ഉത്സാഹത്തോടെ വന്നു കാറിൽ കയറിയാലും, അനക്കമില്ലാതെ കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയിൽ ഏതാനും മണിക്കൂർ കുടുങ്ങി കിടന്നാൽ മാത്രമേ നഗരത്തിൽ നിന്നു പുറത്തു കടക്കാനാകൂ.
നഗരം വൃത്തിയാക്കൽ
എന്തു വില കൊടുത്തും തങ്ങൾ നഗരം വൃത്തിയാക്കുമെന്ന് ഏഥൻസുകാർ പറയുന്നു. അതിനൊരു തെളിവെന്ന നിലയിൽ ചൂണ്ടിക്കാണിക്കാൻ അവർക്കൊരു മുൻകാല ചരിത്രവുമുണ്ട്. ഉദാഹരണത്തിന്, ഏഥൻസിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് തെരുവുകൾ ആയിരുന്ന മിക്ക ഇടങ്ങളിലും ഇപ്പോൾ വാഹനഗതാഗതം അനുവദിക്കുന്നില്ല. എന്നാൽ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതിനു മുമ്പ്, ഈ വാണിജ്യകേന്ദ്ര തെരുവുകളിലൂടെ വെറും അഞ്ചു കിലോമീറ്റർ വേഗത്തിൽ—യാതൊരു ധൃതിയുമില്ലാതെ നടന്നുനീങ്ങുന്ന ഒരാളുടെ വേഗം—ആയിരുന്നു കാറുകൾ നീങ്ങിക്കൊണ്ടിരുന്നത്. അറ്റം കാണാൻ കഴിയാത്തവിധം നീണ്ടുകിടന്നിരുന്ന വാഹനനിരകളൊന്നും ഇപ്പോഴില്ല. പകരം നിരനിരയായി നട്ടുപിടിപ്പിച്ചിരിക്കുന്ന വൃക്ഷങ്ങൾ മാത്രം. ഗിയറുകളുടെ കരുകര ശബ്ദത്തിനും സ്കൂട്ടറുകളുടെ നിറുത്താതെയുള്ള ഹോണടികൾക്കും പകരം ഇപ്പോൾ കേൾക്കാൻ കഴിയുന്നത് പക്ഷികളുടെ സംഗീതമാണ്. പരമ്പരാഗത മെഡിറ്ററേനിയൻ ജീവിതരീതിക്ക് തന്നെ വെല്ലുവിളി ഉയർത്തുന്ന തരത്തിലുള്ള മാറ്റങ്ങളാണു നഗരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉച്ചയുറക്കത്തിനായി വീട്ടിലേക്കു പോകുന്ന പതിവ് അവസാനിപ്പിക്കാൻ ജോലിക്കാരോട് ആവശ്യപ്പെട്ടതു മൂലം ദിവസവും രണ്ടു മണിക്കൂർ നേരത്തെ ഗതാഗത കുരുക്ക് ഇല്ലാതാക്കാൻ കഴിഞ്ഞിരിക്കുന്നു.
ഏഥൻസിന്റെ ഡെപ്യൂട്ടി മേയറായ നിക്കോസ് യാട്രാക്കോസിന്റെ ഓഫീസിലുള്ളവർ തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. പക്ഷേ അവർ അത് അത്ര പുറത്തു കാണിക്കുന്നില്ല എന്നുമാത്രം. രണ്ടു മണിക്കൂർ പാടുപെട്ടിട്ടാണ് അദ്ദേഹത്തിന്റെ ഓഫീസിൽ എത്തിച്ചേരാൻ കഴിഞ്ഞത് എന്നു ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം മനസ്സിലായ ഭാവത്തിൽ തലയാട്ടി. പക്ഷേ, ഉടനെതന്നെ അദ്ദേഹം കൂട്ടിച്ചേർത്തു: “2004-ലെ ഒളിമ്പിക്സ് അടുത്തടുത്തു വരികയാണ് എന്ന കാര്യം മറന്നുപോകരുത്. നഗരത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താൻ ഞങ്ങൾ ബാധ്യസ്ഥരാണ്. തീർച്ചയായും ഞങ്ങൾ അതു ചെയ്തിരിക്കും.” മത്സരങ്ങളുടെ മുഖ്യസംഘാടകനായ കോൺസ്റ്റാൻറ്റൈൻ ബക്കൂറീസ് പറയുന്നു: “ഈ കളികൾ ഞങ്ങൾക്ക് ഏറ്റവും നന്നായിത്തന്നെ [അവതരിപ്പിക്കണം]. പക്ഷേ ഒരു കാര്യത്തിൽ ഞങ്ങൾക്കു നിർബന്ധമുണ്ട്. എന്തെങ്കിലും ചെയ്യുകയാണെങ്കിൽ . . . ഭാവിയിലേക്കു കൂടെ പ്രയോജനം ചെയ്യുന്ന വിധത്തിൽ ആയിരിക്കണം അതു ചെയ്യേണ്ടത്.”
2004-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ചുമതല ലഭിച്ചതോടെ, മുമ്പൊരിക്കലും നടന്നിട്ടില്ലാത്ത തരത്തിൽ കൊണ്ടുപിടിച്ച വികസനപ്രവർത്തനങ്ങളാണ് എല്ലായിടത്തും. പാലങ്ങളും അഴുക്കുചാലുകളുമൊക്കെ നന്നാക്കുന്നതിനും റോഡുകളും മത്സരങ്ങൾക്കു വേണ്ടിയുള്ള കളിസ്ഥലങ്ങളും മറ്റും ഒരുക്കിയെടുക്കുന്നതിനും ഉള്ള പണികൾ തകൃതിയായി നടക്കുകയാണ്. മെട്രോ 18 കിലോമീറ്റർ കൂടി വികസിപ്പിക്കുന്നതിനുള്ള പണി ഏതാണ്ടു പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നു. പദ്ധതിപ്രകാരം എല്ലാം മുന്നോട്ടു പോകുകയാണെങ്കിൽ, 2001 മാർച്ചിൽ ഏഥൻസിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ—യൂറോപ്പിലെ അത്യന്താധുനിക വിമാനത്താവളമെന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്—ആദ്യത്തെ വിമാനം ഇറങ്ങും.
കൂടാതെ, 2001 എന്ന വർഷമാകുമ്പോഴേക്കും നിരവധി പുതിയ പാതകൾ ഗതാഗതത്തിനായി തുറന്നുകൊടുക്കപ്പെടും. എല്ലാ പാതകൾക്കും കൂടെ മൊത്തം 72 കിലോമീറ്റർ നീളം വരും. ഈ പാതകൾ തുറന്നുകൊടുക്കുന്നത്, നഗരത്തിന് ഉള്ളിലെ ഗതാഗതം അതുവഴി തിരിച്ചുവിടുന്നതിനും അങ്ങനെ നഗരത്തിനുള്ളിലേക്കു സഞ്ചരിക്കുന്നതിന് ആളുകൾ കൂടുതലായി പൊതുവാഹനങ്ങളെ ആശ്രയിക്കുന്നതിനും ഇടയാക്കും. ഇങ്ങനെ, ഏഥൻസ് നഗരത്തിന്റെ കേന്ദ്രഭാഗത്തു കൂടെ പ്രതിദിനം ഒഴുകിക്കൊണ്ടിരിക്കുന്ന കാറുകളുടെ എണ്ണത്തിൽ നിന്ന് 2,50,000-ത്തിലധികം വെട്ടിച്ചുരുക്കാൻ കഴിയും എന്നും തത്ഫലമായി, അന്തരീക്ഷ മലിനീകരണം 35 ശതമാനം കുറയ്ക്കാനാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഏഥൻസിലെ മലിനജലം ജൈവശാസ്ത്രപരമായി ശുദ്ധീകരിക്കുന്നതിനുള്ള പദ്ധതി നഗരത്തിനു ചുറ്റുമുള്ള സമുദ്രത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുമെന്ന് ഉറപ്പായും പ്രതീക്ഷിക്കപ്പെടുന്നു. ഏതാനും വർഷങ്ങൾകൊണ്ട്, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളും പച്ചപ്പിന്റെ മേലാപ്പണിഞ്ഞ കൂടുതൽ പ്രദേശങ്ങളും വൃത്തിയുള്ള ചുറ്റുപാടുകളും ഉള്ള ഒരു പുതിയ ഏഥൻസ് വാർത്തെടുക്കുകയാണ് മുന്നിലുള്ള ലക്ഷ്യം.
പുരാതന ഏഥൻസിന്റെ പ്രതിഫലനം
പുതുതായി പണിതുയർത്തിയ കൂറ്റൻ ഓഫീസ് കെട്ടിടങ്ങളും പുതുക്കിപ്പണിത വീതികൂടിയ തെരുവുകളും ജലധാരകളും ഭംഗിയുള്ള കടകളും തകൃതിയായി നടക്കുന്ന കച്ചവടവും ഒക്കെ ഉണ്ടെങ്കിലും അനേകരും ഏഥൻസിനെ ഇപ്പോഴും ഒരു ഗ്രാമമായിട്ടാണ് കാണുന്നത്, തെല്ലും ക്രമീകൃതമല്ലാത്ത വിധത്തിൽ പടുത്തുയർത്തപ്പെട്ടിരിക്കുന്ന ഒരു ഗ്രാമം. ഓടുമേഞ്ഞ വീടുകളും ഇരുമ്പു ഗ്രില്ല് ഇട്ട ബാൽക്കണികളും ചട്ടികളിൽ നട്ടിരിക്കുന്ന ജെറാനിയം ചെടികളും ഒക്കെയുള്ള നഗരഭാഗങ്ങളിൽ ഏഥൻസിന്റെ ആ ഗ്രാമീണഭാവം നിഴലിക്കുന്നുണ്ട്.
ആ ഏഥൻസ് തേടിയുള്ള യാത്രയിൽ ഞാൻ, അക്രോപൊലിസിന്റെ വടക്കൻ ചെരിവുകളെ പുണർന്നുകിടക്കുന്ന പ്ലാക്ക എന്ന സ്ഥലത്ത് എത്തിച്ചേരുന്നു. നഗരത്തിലെ ഏറ്റവും പുരാതന അധിവാസ പ്രദേശമാണ് ഇത്. കൂനിക്കൂടിയിരിക്കുകയാണോ എന്നു തോന്നിപ്പോകുന്ന തരത്തിലുള്ള വീടുകൾ, വീഞ്ഞു വിൽക്കുന്ന കടകൾ, ടാവേർണകൾ അഥവാ കഫേകൾ, ഉന്തുവണ്ടികൾ എന്നിവയ്ക്കു പുറമേ അലഞ്ഞു നടക്കുന്ന നായ്ക്കളെയും പൂച്ചകളെയും അവിടെ എനിക്കു കാണാൻ കഴിയുന്നു. വളഞ്ഞുപുളഞ്ഞ, ചെരിവുള്ള ഇടുങ്ങിയ തെരുവുകളാണ് അവിടത്തേത്. ഗതകാലത്തെ ആഘോഷനിർഭരമായ നാളുകളുടെ പ്രതിഫലനവും ഇപ്പോഴും ആ പ്രദേശത്തുണ്ട്. വിദേശസഞ്ചാരികളെ അങ്ങോട്ടേക്കു മാടിവിളിക്കുന്നതും ഇതേ പ്രത്യേകത തന്നെ. നടപ്പാതകളുടെ ഓരം ചേർന്ന് ഇട്ടിരിക്കുന്ന മേശകളിൽ ചിലവയുടെ കാലുകളിലൊന്ന് തീരെ ചെറുതാണ്, ഒപ്പം ഇട്ടിരിക്കുന്ന കസേരകളും തീരെ വലിപ്പം കുറഞ്ഞവയാണ്. വെയിറ്റർമാരാണെങ്കിൽ, ഭക്ഷണത്തിന്റെ മെനുവും കൈയിൽ പിടിച്ച് എങ്ങനെയും കുറച്ചു കച്ചവടം ഒപ്പിക്കാനായി ആളുകളെ ആകർഷിക്കാനുള്ള തത്രപ്പാടിലാണ്.
ഓർഗൻ ഗ്രൈൻഡറിൽ നിന്ന് ഉതിരുന്ന സംഗീതം മോട്ടോർ ബൈക്കുകളുടെ ഫട-ഫട ശബ്ദത്തിൽ നേർത്തുനേർത്ത് ഇല്ലാതാകുന്നു. സ്മരണികകൾ വിൽക്കുന്ന കടകളിൽ നിരനിരയായി തൂക്കിയിട്ടിരിക്കുന്ന, പുതുതായി ഊറയ്ക്കിട്ടെടുത്ത തുകൽകൊണ്ടുള്ള പേഴ്സുകൾ. ഗ്രീക്കുദേവന്മാരുടെ മുഖച്ഛായയിൽ വെണ്ണക്കല്ലിൽ തീർത്ത, യുദ്ധത്തിനെന്നവണ്ണം ഒരുക്കിനിർത്തിയിരിക്കുന്ന ചതുരംഗക്കളിയിലെ പടയാളികൾ. ചരടിൽ വലിക്കുമ്പോൾ നാടോടിനൃത്തമാടുന്ന പാവകൾ. കറങ്ങിക്കൊണ്ടിരിക്കുന്ന സെറാമിക് കാറ്റാടിയന്ത്രങ്ങൾ. ആധുനികവത്കരണത്തിനുള്ള ഏതൊരു ശ്രമത്തെയും നഗരത്തിന്റെ ഈ ഭാഗം നഖശിഖാന്തം എതിർത്തിരിക്കുന്നുവെന്നു വ്യക്തം.
രാത്രിയിലെ ഏഥൻസ്—കാഴ്ചകളും ശബ്ദങ്ങളും
ഏഥൻസിന്റെ സമ്പന്നമായ സാംസ്കാരിക ചരിത്രം അൽപ്പമെങ്കിലും രുചിച്ചില്ലെങ്കിൽ അങ്ങോട്ടുള്ള സന്ദർശനം ഏതാണ്ടു പാഴായി എന്നുതന്നെ പറയാം. ഇന്നു രാത്രി ഞാനും ഭാര്യയും, അക്രോപൊലിസിന്റെ തെക്കേ ചെരിവുകളിൽ സ്ഥിതിചെയ്യുന്ന പുതുക്കിപണിയപ്പെട്ട ഹെരോദ് ആംഫിതിയേറ്ററിൽ സിംഫണി കേൾക്കാൻ പോകുന്നുണ്ട്. ആംഫിതിയേറ്ററിലേക്കുള്ള നടപ്പാതയിൽ നിശ്ശബ്ദത കനത്തുനിൽക്കുന്നു. അരണ്ട വെളിച്ചത്തിൽ, ആ പാതയിൽ പൈൻമരങ്ങളുടെ നിഴൽച്ചിത്രങ്ങൾ തെളിഞ്ഞുകാണാം. മരങ്ങൾക്കിടയിലൂടെ നോക്കിയാൽ ആംഫിതിയേറ്ററിന്റെ മുൻവശം കാണാം. ചെമന്ന കല്ലുകൾകൊണ്ടുള്ള ആ ഭാഗം ദീപാലങ്കാരത്തിൽ തിളങ്ങുന്ന കാഴ്ച ആരുടെയും മനംകവരുന്നതാണ്. മുകളിലത്തെ നിരയിൽ ഇരിക്കാനുള്ള ടിക്കറ്റുകളാണ് ഞങ്ങൾ എടുത്തത്. വെണ്ണക്കല്ലിൽ തീർത്ത പടവുകൾ കയറി, റോമൻ മാതൃകയിൽ പണിതീർത്ത ഒരു കവാടത്തിലൂടെ ഞങ്ങൾ ആംഫിതിയേറ്ററിന്റെ അകത്തു പ്രവേശിച്ചു.
ഏതാനും നിമിഷനേരത്തേക്ക് ചുറ്റുപാടുകളുടെ മനോഹാരിതയിൽ ഞങ്ങൾ സ്വയം മറന്നുപോയി. കരിനീല കമ്പളം പുതച്ചുകിടക്കുന്ന നിശാനഭസ്സ്, നേർത്ത പുകച്ചുരുളുകൾ പോലെയുള്ള മേഘക്കൂട്ടങ്ങളുടെ പിന്നിൽ ഒളിച്ചുനിൽക്കുന്ന ചന്ദ്രൻ. ഫ്ളഡ്ലൈറ്റുകൾ അർധകോണാകൃതിയിലുള്ള ആംഫിതിയേറ്ററിന്റെ അകവശം ഒരു അതിമനോഹര ദൃശ്യം ആക്കിത്തീർത്തിരിക്കുന്നു. അർധവൃത്താകൃതിയിൽ, വെള്ള മാർബിൾ കൊണ്ടു പണിതിരിക്കുന്ന നിരകൾക്ക് ഇടയിലൂടെ നൂറുകണക്കിന് ആളുകൾ തങ്ങളുടെ ഇരിപ്പിടം അന്വേഷിച്ചു നടക്കുകയാണ്. ഏകദേശം 5,000 പേർക്ക് ഇരിക്കാവുന്ന ഈ തിയേറ്ററിന്റെ വിശാലതയിൽ അവരെല്ലാം എറുമ്പുകളെ പോലെ തോന്നിക്കുന്നു. പകൽ മുഴുവൻ സൂര്യരശ്മികളേറ്റു കിടന്നിരുന്ന ആ ഇരിപ്പിടങ്ങൾക്ക്—സഹസ്രാബ്ദങ്ങളായി സംഗീതവും നാടകവും പൊട്ടിച്ചിരികളും കരഘോഷങ്ങളും പ്രതിധ്വനിച്ചുകേട്ടിരുന്ന അതേ ഇരിപ്പിടങ്ങൾ—അപ്പോഴും ചെറുചൂട് ഉണ്ടായിരുന്നു.
നഗരത്തിൽ ഉള്ള നിരവധി മ്യൂസിയങ്ങളും തീർച്ചയായും കണ്ടിരിക്കേണ്ടവ തന്നെ. അവയിൽ ഏറ്റവും മുഖ്യം ദേശീയ പുരാവസ്തു പ്രദർശനശാലയാണ്. നൂറ്റാണ്ടുകളിലെ, ഗ്രീക്കു കലകളുടെ ഒരു നല്ല സമഗ്രമായ വീക്ഷണം അവിടെനിന്നു നമുക്കു ലഭിക്കും. മ്യൂസിയം ഓഫ് സൈക്ലാഡിക് ആർട്ട്, ബൈസാന്റിയൻ മ്യൂസിയം എന്നിവയും സന്ദർശനപ്പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയുന്നവയാണ്. 1991-ൽ മെഗാറോൺ ഏഥൻസ് കൺസേർട്ട് ഹാൾ സ്ഥാപിക്കപ്പെട്ടു. വർഷത്തിലുടനീളം, സംഗീത നാടകങ്ങൾ, ബാലെ നൃത്തങ്ങൾ മറ്റു ശാസ്ത്രീയ സംഗീത പരിപാടികൾ എന്നിവയ്ക്കെല്ലാം അതു വേദിയാകുന്നു. വെണ്ണക്കല്ലിൽ തീർത്ത ഈ ഗംഭീരമായ കെട്ടിടത്തിന്റെ ധ്വനികപ്രഭാവം അതിവിശിഷ്ടമാണ്. ഇനി, നിരവധി കഫേകളിൽ ഏതെങ്കിലും ഒന്നിൽ ചെന്നാൽ നിങ്ങൾക്ക് ഗ്രീക്ക് നാടോടി സംഗീതം ആസ്വദിക്കാനും കഴിയും.
ഏഥൻസിലേക്ക് സ്വാഗതം!
പ്രശസ്തമായ ഗതകാലത്തോടു കൂടിയ ഇന്നത്തെ ഏഥൻസ് സ്വപ്നങ്ങളിലെ ഭാവി യാഥാർഥ്യമാക്കുന്നതിന്റെ സമ്മർദത്തിൻ കീഴിലാണ്. എന്നാൽ, നർമരസം, സാഹചര്യത്തിനൊത്ത് ഉയരാനുള്ള കഴിവ്, ഫിലോറ്റിനോ—ആത്മാഭിമാനത്തോടുള്ള ആദരവ്—എന്നിവ കൈമുതലായുള്ള അവിടത്തെ നിവാസികൾ ഇതിനോട് ആകുംവിധം പൊരുത്തപ്പെടാൻ പഠിച്ചിരിക്കുന്നു. മിക്ക വിനോദസഞ്ചാരികളുടെയും കണ്ണിൽ ഏഥൻസ് ഇപ്പോഴും, കൗതുകമുണർത്തുന്ന, സമ്പന്നമായ സാംസ്കാരിക പൈതൃകമുള്ള ഒരു നഗരമാണ്.
[13-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഏഥൻസ്
[14-ാം പേജിലെ ചിത്രം]
പുരാതന വിജാതീയ ആലയമായിരുന്ന പാർഥിനോൺ ഒരു പള്ളിയായും മോസ്ക്കായും ഉപയോഗിക്കപ്പെട്ടു
[15-ാം പേജിലെ ചിത്രം]
നാൽപ്പത്തിയഞ്ചു ലക്ഷത്തിലധികം ആളുകളുടെ ഭവനമാണ് ഏഥൻസ്
[16-ാം പേജിലെ ചിത്രം]
ഏഥൻസിലെ ഏറ്റവും പുരാതന അധിവാസ പ്രദേശമായ പ്ലാക്കയിലെ ഒരു ടാവേർണ
[കടപ്പാട്]
M. Burgess/H. Armstrong Roberts
[17-ാം പേജിലെ ചിത്രം]
സ്മരണികകൾ വിൽക്കുന്ന ചില കടകളുടെ പ്രത്യേകതയാണ് ബാൽക്കണികൾ
[കടപ്പാട്]
H. Sutton/H. Armstrong Roberts