ആണവ യുദ്ധം ഭീഷണി ഉയർത്തുന്നത് ആരാണ്?
“ആണവ സർവനാശത്തിനുള്ള സാധ്യത യഥാർഥമാണ്. ശീതസമരം അവസാനിച്ചിട്ട് ഒരു ദശാബ്ദത്തിലേറെ ആയെങ്കിലും, . . . ആ സാധ്യത ഇന്നും നിലനിൽക്കുന്നു.” —മുൻ യു.എസ്. പ്രതിരോധ സെക്രട്ടറി റോബർട്ട് എസ്. മാക്നമാര, വാട്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ സ്റ്റഡീസിൽ അന്താരാഷ്ട്ര ബന്ധങ്ങൾ എന്ന വിഷയത്തിൽ പ്രൊഫസറായ ജയിംസ് ജി. ബ്ലൈറ്റ്.
1991-ൽ ശീതയുദ്ധം അവസാനിച്ചപ്പോൾ, വിഖ്യാതമായ വിനാശദിന ഘടികാരത്തിന്റെ മിനിട്ടു സൂചി “അർധരാത്രിക്ക്” 17 മിനിട്ട് പുറകോട്ടു തിരിച്ചുവെക്കപ്പെട്ടു. ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്സിന്റെ കവർപേജിലാണ് വിനാശദിന ഘടികാരം ചിത്രീകരിച്ചിരിക്കുന്നത്. ലോകം ഒരു ആണവ യുദ്ധത്തോട് (അർധരാത്രി) സാധ്യതയനുസരിച്ച് എത്രത്തോളം അടുത്തിരിക്കുന്നു എന്നതിന്റെ ഒരു പ്രതീകമാണ് അത്. 1947-ൽ ഈ ഘടികാരം അവതരിപ്പിക്കപ്പെട്ടതിനുശേഷം മിനിട്ടു സൂചി അത്ര പുറകിലേക്കു മാറ്റി വെക്കുന്നത് ആദ്യമായിട്ടായിരുന്നു. എന്നിരുന്നാലും, ആ സമയം മുതൽ മിനിട്ടു സൂചി വീണ്ടും മുന്നോട്ടു നീങ്ങാൻ തുടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, 2002 ഫെബ്രുവരിയിൽ ഘടികാരത്തിലെ സമയം അർധരാത്രിക്ക് ഏഴ് മിനിട്ട് എന്ന നിലയിലേക്കു തിരിച്ചുവെക്കുകയുണ്ടായി. അത് ശീതയുദ്ധം അവസാനിച്ച ശേഷം മുന്നോട്ടുള്ള മൂന്നാമത്തെ മാറ്റമായിരുന്നു.
ആ ശാസ്ത്ര മാസികയുടെ പ്രസാധകർക്ക് ഘടികാരസൂചി മുന്നോട്ടു തിരിക്കണമെന്നു തോന്നിയത് എന്തുകൊണ്ടാണ്? ആണവ യുദ്ധം ഇപ്പോഴും ഒരു ഭീഷണിയാണെന്ന് അവർക്കു തോന്നുന്നത് എന്തുകൊണ്ട്? ആരാണ് സമാധാനത്തിനു ഭീഷണി ഉയർത്തുന്നത്?
‘വെട്ടിച്ചുരുക്കലിലെ’ രഹസ്യം
“പ്രവർത്തനക്ഷമമായ 31,000-ത്തിലധികം ആണവായുധങ്ങൾ ഇപ്പോഴും ഉണ്ട്” എന്ന് ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്സ് വിശദീകരിക്കുന്നു. അത് ഇങ്ങനെ തുടരുന്നു: “ഈ ആയുധങ്ങളിൽ തൊണ്ണൂറ്റഞ്ചു ശതമാനവും ഐക്യനാടുകളിലും റഷ്യയിലുമാണുള്ളത്. 16,000-ത്തിലധികം എണ്ണം യുദ്ധസജ്ജമായി വിന്യസിക്കപ്പെട്ട നിലയിലാണ്.” നിലവിലുള്ള ആണവ പോർമുനകളുടെ കണക്കിൽ ഒരു വൈരുദ്ധ്യം ഉള്ളതായി ചിലർ ശ്രദ്ധിച്ചേക്കാം. ഈ വൻ ആണവശക്തികൾ, തങ്ങളുടെ പോർമുനകളുടെ എണ്ണം 6,000 വീതമായി വെട്ടിച്ചുരുക്കിയെന്നു പ്രഖ്യാപിച്ചതല്ലേ?
ഇവിടെയാണ് ‘വെട്ടിച്ചുരുക്കലിന്റെ’ പിന്നിലെ രഹസ്യം ചുരുളഴിയുന്നത്. കാർണെഗി എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസ് എന്ന സംഘടനയുടെ ഒരു റിപ്പോർട്ട് ഇപ്രകാരം വിശദീകരിക്കുന്നു: “കണക്കിൽപ്പെടുത്തേണ്ട 6,000 പോർമുനകളാണ് ഉള്ളതെന്നു തിട്ടപ്പെടുത്തിയിരിക്കുന്നത് സ്റ്റാർട്ട് [സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ടോക്സ് (START)] കരാറിൽ അംഗീകരിക്കപ്പെട്ട പ്രത്യേക ഇനവിവര ഗണന നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇവയെ കൂടാതെ, അടുത്തുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതും ആവശ്യം വന്നാൽ ഉപയോഗിക്കാനായി കരുതിവെച്ചിരിക്കുന്നതുമായ ആയിരക്കണക്കിന് ആയുധങ്ങൾ ഇരു രാഷ്ട്രവും നിലനിറുത്തും.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്സ് പ്രസ്താവിക്കുന്ന പ്രകാരം, “ആക്രമണോന്മുഖമായി വിന്യസിച്ചിരിക്കുന്ന ആയുധഗണത്തിൽനിന്നു മാറ്റുന്ന അമേരിക്കൻ പോർമുനകളിൽ അനേകവും അഴിച്ചുമാറ്റുന്നതിനു പകരം (കരുതൽ ആയുധ ശേഖരമായി ഇപ്പോൾത്തന്നെ സൂക്ഷിച്ചിട്ടുള്ള 5,000 പോർമുനകളോടൊപ്പം), സൂക്ഷിച്ചുവെച്ചിരിക്കുന്നവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയാകും ചെയ്യുക.”
അതുകൊണ്ട്, ഇപ്പോഴും കരുതൽശേഖരമായി സൂക്ഷിച്ചിട്ടുള്ള പ്രവർത്തനക്ഷമമായ ആയിരക്കണക്കിനു തന്ത്രപ്രധാന ആണവായുധങ്ങൾക്കു—ഒരു ഭൂഖണ്ഡത്തിൽനിന്ന് മറ്റൊന്നിലേക്ക് നേരിട്ടു വിക്ഷേപിക്കാൻ കഴിയുന്നവയാണ് ഇവ—പുറമേ അടുത്തുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള മറ്റ് ആയിരക്കണക്കിന് ആണവ പോർമുനകളും ഇതര ആണവായുധങ്ങളും ഉണ്ട്. മുഴു മനുഷ്യരാശിയെയും അനേക തവണ നശിപ്പിക്കാൻപോന്ന ആണവായുധങ്ങൾ നിസ്സംശയമായി ഇപ്പോഴും ഇരു ആണവ വൻശക്തികളുടെയും കൈവശമുണ്ട്! വിനാശകമായ ഇത്രയധികം ആയുധങ്ങൾ കരുതി വെച്ചിരിക്കുന്നത് മറ്റൊരു ഭീഷണി കൂടി ഉയർത്തുന്നു—ആണവ മിസൈലുകളുടെ അബദ്ധവശാലുള്ള വിക്ഷേപണം.
അബദ്ധവശാലുള്ള ആണവ യുദ്ധം
മുമ്പു പരാമർശിച്ച റോബർട്ട് എസ്. മാക്നമാരയും ജയിംസ് ജി. ബ്ലൈറ്റും പറയുന്നതനുസരിച്ച്, “‘മുന്നറിയിപ്പു ലഭിച്ചാലുടൻ ആയുധം തൊടുക്കുക’ എന്ന യുദ്ധതന്ത്രമാണ് യു.എസ്. ആണവസൈന്യത്തെ നിയന്ത്രിക്കുന്നത്.” ഇത് എന്ത് അർഥമാക്കുന്നു? “റഷ്യൻ പോർമുനകൾ പറന്നടുക്കുമ്പോൾത്തന്നെ തൊടുത്തുവിടാനാകുംവിധം സജ്ജമാണ് നമ്മുടെ പോർമുനകൾ” എന്ന് അവർ വിശദീകരിക്കുന്നു. അവർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “റഷ്യൻ ആക്രമണത്തെ കുറിച്ചുള്ള ആദ്യ മുന്നറിയിപ്പു ലഭിച്ച് 15 മിനിട്ട് കഴിയുന്നതിനുമുമ്പ് നമ്മുടെ മിസൈലുകൾ തൊടുത്തിരിക്കണം എന്നതാണ് പ്രമാണം.” യു.എസ്സിലെ ഒരു മുൻ തന്ത്രപ്രധാന ആണവ മിസൈൽ വിക്ഷേപണ ഓഫീസർ പറയുന്ന പ്രകാരം, “കരയിലുള്ള മിക്കവാറും എല്ലാ മിസൈലുകളും രണ്ടുമിനിട്ടിനുള്ളിൽത്തന്നെ വിക്ഷേപിക്കാൻ തയ്യാറാക്കിവെച്ചിരിക്കുന്നവയാണ്.”
എന്നാൽ ഈ അവസ്ഥ ഒരു അപകടം ക്ഷണിച്ചുവരുത്തുന്നു. തെറ്റായ ഒരു മുന്നറിയിപ്പ് അനാവശ്യമായി മിസൈൽ തൊടുത്തുവിടുന്നതിൽ കലാശിച്ചേക്കാം. “അമേരിക്കൻ ആണവ പരിശീലന അഭ്യാസങ്ങൾക്കിടയിൽ, അബദ്ധവശാൽ ഒന്നിലധികം തവണ യഥാർഥത്തിൽ മിസൈൽ വിക്ഷേപിക്കാനുള്ള കൽപ്പനകൾ പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട്” എന്ന് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ടിലെ ഒരു ലേഖനം വിശദീകരിക്കുന്നു. സമാനമായ വ്യാജ മുന്നറിയിപ്പുകൾ റഷ്യയിലും ഉണ്ടായിട്ടുണ്ട്. 1995-ൽ ഒരു നോർവീജിയൻ ഗവേഷണ റോക്കറ്റ് വ്യാജ മുന്നറിയിപ്പു മുഴക്കിയപ്പോൾ, റഷ്യൻ പ്രസിഡന്റ് ആണവ മിസൈലുകൾ വിക്ഷേപിക്കാനുള്ള നടപടികൾ ആരംഭിക്കുകയുണ്ടായി.
തൊടുക്കാനായി ആയുധങ്ങൾ സദാ തയ്യാറാക്കിവെക്കുന്ന ഈ യുദ്ധതന്ത്രം തീരുമാനങ്ങൾ എടുക്കാൻ ഉത്തരവാദിത്വപ്പെട്ടവരിൽ വലിയ സമ്മർദം ഉളവാക്കുന്നു. സന്തോഷകരമെന്നു പറയട്ടെ, മുമ്പ് മുന്നറിയിപ്പുകൾ ലഭിച്ചപ്പോഴെല്ലാം അവ വ്യാജമാണെന്ന് സൈന്യാധിപന്മാർ തിരിച്ചറിഞ്ഞതിനാൽ ഇന്നുവരെ ഒരു ആണവ യുദ്ധം ഒഴിവാക്കപ്പെട്ടിരിക്കുന്നു. 1979-ലെ ഒരു സംഭവത്തെ കുറിച്ച് ഒരു ഗവേഷകൻ ഇങ്ങനെ വിശദീകരിച്ചു: “അമേരിക്കൻ മിസൈലുകൾ തൊടുക്കപ്പെടുന്നതിനെ തടഞ്ഞത് ശത്രുവിന്റെ ആക്രമണത്തെ കുറിച്ച് കാലേകൂട്ടി മുന്നറിയിപ്പു നൽകാൻ കഴിവുള്ള ഞങ്ങളുടെ കൃത്രിമ ഉപഗ്രഹങ്ങളാണ്, അന്തരീക്ഷത്തിൽ സോവിയറ്റ് മിസൈലുകൾ ഒന്നുംതന്നെയില്ല എന്ന് അവ വ്യക്തമാക്കി. എന്നിരുന്നാലും, കാലാന്തരത്തിൽ അത്തരം കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവർത്തനക്ഷമത കുറയുന്നു. “കാലേകൂട്ടി മുന്നറിയിപ്പു നൽകുന്ന, റഷ്യയുടെ മിക്ക കൃത്രിമ ഉപഗ്രഹങ്ങളും പ്രവർത്തനക്ഷമം അല്ലാതാകുകയോ ഭ്രമണപഥത്തിൽനിന്നു വ്യതിചലിക്കുകയോ ചെയ്തിരിക്കുന്നതിൽ” ഗവേഷകരും വിശകലന വിദഗ്ധരും ഉത്കണ്ഠാകുലരാണ്. തന്നിമിത്തം, വിരമിച്ച ഒരു യു.എസ്. വൈസ് അഡ്മിറൽ ഏതാനും വർഷങ്ങൾക്കുമുമ്പ് പ്രസ്താവിച്ചതുപോലെ, “ശത്രുവിന്റെ ആക്രമണം കൂടാതെതന്നെ ആക്രമണം നടത്താനുള്ള അല്ലെങ്കിൽ തെറ്റിദ്ധാരണയാലോ അധികാരദുർവിനിയോഗത്താലോ അബദ്ധവശാലോ ഉള്ള ഒരു മിസൈൽ വിക്ഷേപണത്തിനുള്ള സാധ്യത ഇന്ന് മുമ്പെന്നത്തെയും പോലെതന്നെ വലുതാണ്.”
ന്യൂക്ലിയർ ക്ലബ്ബിലെ പുതുമുഖങ്ങൾ
മുഖ്യ ആണവായുധ ശേഖരം രണ്ട് ആണവ വൻശക്തികളുടെ കൈവശമാണ് ഉള്ളതെങ്കിലും ഗ്രേറ്റ് ബ്രിട്ടൻ, ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങളും ആണവ ശക്തികളാണ്. അടുത്തകാലത്ത് ഇന്ത്യയും പാക്കിസ്ഥാനും ന്യൂക്ലിയർ ക്ലബ്ബ് എന്ന് അറിയപ്പെടുന്ന ഈ പ്രഖ്യാപിത ആണവ ശക്തികളോടൊപ്പം ചേരുകയുണ്ടായി. ഇവ കൂടാതെ, ഇസ്രായേൽ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ആണവായുധങ്ങൾ ആർജിക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതായി—അല്ലെങ്കിൽ ഒരുപക്ഷേ ഇപ്പോൾത്തന്നെ കൈവശപ്പെടുത്തിയിരിക്കുന്നതായി—മിക്കപ്പോഴും വർണിക്കപ്പെടുന്നു.
പുതിയ അംഗങ്ങൾ അടക്കം ന്യൂക്ലിയർ ക്ലബ്ബിലുള്ള ഏതെങ്കിലും രാജ്യം ഉൾപ്പെടുന്ന രാഷ്ട്രീയ തർക്കം ഒരു ആണവ യുദ്ധത്തിനു തിരികൊളുത്തിയേക്കാം. “ക്യൂബൻ മിസൈൽ പ്രതിസന്ധിക്കു ശേഷം രണ്ടു രാഷ്ട്രങ്ങളെ ഒരു ആണവ യുദ്ധത്തോട് ഏറ്റവും അടുത്തുകൊണ്ടുവന്നിട്ടുള്ളത് . . . ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രതിസന്ധിയാണ്” എന്ന് ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക്ക് സയന്റിസ്റ്റ്സ് വിശദീകരിക്കുന്നു. 2002-ന്റെ ആദ്യഭാഗത്ത് പ്രശ്നം വളരെ രൂക്ഷമായപ്പോൾ അനേകം ആളുകൾ ആണവ ആക്രമണ ഭീതി എന്താണെന്ന് അനുഭവിച്ചറിഞ്ഞു.
ഇതു കൂടാതെ, കൂട്ട നാശം വിതയ്ക്കുന്ന മറ്റു മാരകായുധങ്ങൾ വികസിപ്പിച്ചെടുത്തിട്ടുള്ളതും അണ്വായുധം പ്രയോഗിക്കാനുള്ള സാധ്യത വർധിപ്പിച്ചിരിക്കുന്നു. “ശത്രുവിന്റെ പക്കലുള്ള ജൈവായുധങ്ങളും രാസായുധങ്ങളും മറ്റു കൂട്ട നശീകരണ ആയുധങ്ങളും നശിപ്പിക്കാനായി ആണവായുധങ്ങൾ ഉപയോഗിക്കാനുള്ള സാധ്യത” അമേരിക്കൻ ആണവ യുദ്ധതന്ത്രത്തിന്റെ ഭാഗമായി തീർന്നിരിക്കാം എന്ന് പെന്റഗണിന്റെ ഒരു രഹസ്യ റിപ്പോർട്ട് ചർച്ച ചെയ്തുകൊണ്ട് ദ ന്യൂയോർക്ക് ടൈംസ് പ്രസ്താവിച്ചു.
ഐക്യനാടുകളിൽ 2001 സെപ്റ്റംബർ 11-ന് ഉണ്ടായ ഭീകരാക്രമണം മറ്റൊരു ആണവ ഭീഷണിയെ കുറിച്ച് മുഴുലോകത്തെയും ബോധവാന്മാരാക്കി. ഭീകര സംഘടനകൾ ആണവായുധങ്ങൾ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്നതായി—ഒരുപക്ഷേ ഇപ്പോൾത്തന്നെ വികസിപ്പിച്ചെടുത്തിട്ടുള്ളതായി—അനേകം ആളുകൾ കരുതുന്നു. അത് എങ്ങനെ സാധ്യമാണ്?
ഭീകരരും ആണവ മാലിന്യ നിർമിത ബോംബുകളും
കരിഞ്ചന്തയിൽ വിൽക്കപ്പെടുന്ന സാധനങ്ങൾ ഉപയോഗിച്ച് ഒരു ആണവ ബോംബു നിർമിക്കുക സാധ്യമാണോ? ടൈം മാസിക പ്രസ്താവിക്കുന്ന പ്രകാരം സാധ്യമാണ് എന്നാണ് ഉത്തരം. ആണവ ഭീകരവാദത്തിന് തടയിടാനായി രൂപീകരിക്കപ്പെട്ട ഒരു സംഘത്തെ സംബന്ധിച്ച് ആ മാസിക റിപ്പോർട്ടു ചെയ്തു. “ഒരു ശരാശരി ഇലക്ട്രോണിക് സ്റ്റോറിൽ വാങ്ങാൻ കിട്ടുന്ന സാങ്കേതികവിദ്യയും കരിഞ്ചന്തയിൽ വിൽക്കപ്പെടുന്നതരം ആണവ ഇന്ധനവും” ഉപയോഗിച്ച് “ഒരു ഡസനിലധികം” നാടൻ ബോംബുകൾ “നിർമിക്കാൻ” ഇന്നുവരെ ഈ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്.
ആണവ നിരായുധീകരണവും ആണവായുധ ഭാഗങ്ങളുടെ അഴിച്ചുമാറ്റലും ആണവ സാമഗ്രികളുടെ മോഷണ സാധ്യത വർധിപ്പിച്ചിട്ടുണ്ട്. “സദാ കാവലുള്ള മിസൈലുകളിൽനിന്നും ബോംബർ വിമാനങ്ങളിൽനിന്നും അന്തർവാഹിനികളിൽനിന്നും ആയിരക്കണക്കിന് റഷ്യൻ ആണവായുധങ്ങൾ അഴിച്ചെടുത്ത് സുരക്ഷിതത്വം കുറഞ്ഞ ആയുധപ്പുരകളിൽ ശേഖരിച്ചുവെക്കുന്നതു നിമിത്തം അവ കൊടുംഭീകരരെ പ്രലോഭിപ്പിക്കുന്ന ലക്ഷ്യങ്ങളായി മാറുന്നു” എന്ന് ടൈം മാസിക പറയുന്നു. അഴിച്ചു മാറ്റി വെച്ചിരിക്കുന്ന ആണവായുധ ഭാഗങ്ങൾ ഒരു ചെറിയ കൂട്ടം ആളുകൾ കൈക്കലാക്കുകയും അവ വീണ്ടും കൂട്ടിച്ചേർക്കുകയും ചെയ്യുന്നെങ്കിൽ ആ കൂട്ടത്തിന് പെട്ടെന്നുതന്നെ ന്യൂക്ലിയർ ക്ലബ്ബിന്റെ ഭാഗമായിത്തീരാൻ കഴിയും!
ന്യൂക്ലിയർ ക്ലബ്ബിൽ ചേരുന്നതിന് ഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഒരു ബോംബുണ്ടാക്കേണ്ട ആവശ്യം പോലുമില്ല എന്ന് പീസ് മാസിക സമർഥിക്കുന്നു. അണുവിഘടന ശേഷിയുള്ള യുറേനിയമോ പ്ലൂട്ടോണിയമോ മതിയായ അളവിൽ തരപ്പെടുത്തുക മാത്രമേ ആവശ്യമായിട്ടുള്ളൂ. മാസിക ഇപ്രകാരം പ്രസ്താവിക്കുന്നു: “ആധുനിക ആയുധ നിർമാണത്തിന് ഉപയോഗിക്കാവുന്ന യുറേനിയം കൈവശമുള്ള തീവ്രവാദികൾക്ക് അതിൽ പാതി ഭാഗം മറ്റേ പാതിയിലേക്ക് വെറുതെ എറിഞ്ഞുകൊണ്ട് ഒരു സ്ഫോടനം ഉണ്ടാക്കാൻ കഴിയും.” അതിന് എത്രത്തോളം സമ്പുഷ്ട ആണവ പദാർഥം ആവശ്യമാണ്? മാസിക പറയുന്ന പ്രകാരം “മൂന്നു കിലോഗ്രാം [ഏഴ് പൗണ്ട്] മതിയാകും.” 1994-ൽ ചെക്ക് റിപ്പബ്ലിക്കിൽവെച്ച് അറസ്റ്റിലായ കള്ളക്കടത്തുകാരിൽനിന്നു പിടിച്ചെടുത്തത് ഇത്രയുംതന്നെ തൂക്കംവരുന്ന ആയുധ നിർമാണക്ഷമമായ ആണവ പദാർഥമായിരുന്നു!
ആണവ മാലിന്യങ്ങൾക്കുതന്നെ മറ്റൊരു തരത്തിലുള്ള ആണവായുധമായിത്തീരാൻ കഴിയും. “റേഡിയോ ആക്ടീവതയുള്ള മാലിന്യത്തിന്റെയും സാധാരണ സ്ഫോടക വസ്തുക്കളുടെയും മാരക സമ്മിശ്രമാണ് വിദഗ്ധരുടെ വലിയ തലവേദന” എന്ന് ദി അമേരിക്കൻ സ്പെക്ടേറ്റർ എന്ന മാസിക പറയുന്നു. ഇത്തരത്തിലുള്ള ആയുധങ്ങൾ അഥവാ റേഡിയോ ആക്ടീവതയുള്ള പദാർഥങ്ങൾ ചിതറിക്കപ്പെടുന്നതിന് ഇടയാക്കുന്ന ഉപാധികൾ ‘ഡേർട്ടി ന്യൂക്സ്’ അഥവാ ആണവ മാലിന്യ നിർമിത ബോംബുകൾ എന്ന് അറിയപ്പെടുന്നു. അവ എത്രത്തോളം അപകടകാരികളാണ്? “ലക്ഷ്യസ്ഥാനങ്ങളെ സ്ഫോടനത്താലും ചൂടിനാലും നശിപ്പിക്കുന്നതിനു പകരം അവയെ വിഷലിപ്തമാക്കുക എന്ന ഉദ്ദേശ്യത്തിൽ ശക്തമായ റേഡിയോ ആക്ടീവതയുള്ള പദാർഥങ്ങൾ വിതറുന്നതിന്” ഇത്തരം ബോംബുകളിൽ “സാധാരണ സ്ഫോടക വസ്തുക്കൾ” ഉപയോഗിക്കുന്നു എന്ന് ഐഎച്ച്റ്റി ആസാഹി ഷിംബുൺ എന്ന വർത്തമാനപത്രം വിശദീകരിക്കുന്നു. അത് ഇങ്ങനെ തുടരുന്നു: “ആളുകളുടെ മേൽ അതിനുള്ള ദോഷഫലങ്ങളിൽ അണുപ്രസരണം മൂലമുള്ള രോഗങ്ങൾ മുതൽ വേദന സഹിച്ച് ഇഞ്ചിഞ്ചായി മരിക്കുന്നതു വരെ ഉൾപ്പെടുന്നു.” അനായാസം ലഭ്യമായ ആണവ മാലിന്യങ്ങൾ പ്രയോഗിക്കുന്നത് അത്രയധികം ഹാനി വരുത്തിവെക്കുകയില്ല എന്ന് ചിലർ പറയുന്നുണ്ടെങ്കിലും സമ്പുഷ്ട ആണവ പദാർഥങ്ങൾ കരിഞ്ചന്തയിൽ ലഭ്യമാണ് എന്നത് അനേകരെ ഉത്കണ്ഠാകുലരാക്കുന്നു. അടുത്ത പത്തു വർഷത്തിനുള്ളിൽ ആണവ ഭീകരവാദം പൊട്ടിപ്പുറപ്പെടുമെന്ന് അടുത്ത കാലത്തു നടത്തപ്പെട്ട ഒരു ആഗോള സർവേയിൽ പങ്കെടുത്ത 60 ശതമാനത്തിലധികം ആളുകളും അഭിപ്രായപ്പെട്ടു.
നിസ്സംശയമായും, ആണവ ഭീഷണി ലോകത്ത് ഇന്നും ഒരു യാഥാർഥ്യമാണ്. ബ്രിട്ടനിലെ ഗാർഡിയൻ വീക്ക്ലിയുടെ 2003 ജനുവരി 16-22 ലക്കം ഇപ്രകാരം അഭിപ്രായപ്പെട്ടു: “യുഎസ് അണ്വായുധങ്ങൾ ഉപയോഗിക്കാനുള്ള സാധ്യത ശീതയുദ്ധത്തിന്റെ ഇരുണ്ട നാളുകൾക്കു ശേഷമുള്ള ഏതൊരു സമയത്തെക്കാളും ഇന്ന് ഏറ്റവും അധികമാണ്. . . . ഒരു ആണവ യുദ്ധത്തെ ന്യായീകരിക്കുന്നതായി യുഎസ് കണക്കാക്കുന്ന സാഹചര്യങ്ങൾ അടിക്കടി വർധിച്ചുകൊണ്ടിരിക്കുന്നു.” തന്നിമിത്തം, പിൻവരുന്ന ചോദ്യങ്ങൾ വളരെ പ്രസക്തമാണ്: ഒരു ആണവ യുദ്ധം ഒഴിവാക്കാനാകുമോ? ആണവ ഭീഷണിയിൽനിന്നു മുക്തമായ ഒരു ലോകം വരുമെന്നു പ്രത്യാശിക്കുന്നതിന് എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ? അടുത്ത ലേഖനം ഈ ചോദ്യങ്ങളാണ് ചർച്ച ചെയ്യുന്നത്. (g04 3/8)
[6-ാം പേജിലെ ചതുരം]
രണ്ടാം ആണവ യുഗം?
ദ ന്യൂയോർക്ക് ടൈംസ് മാഗസിനിൽ എഴുതവേ, പംക്തിയെഴുത്തുകാരനായ ബിൽ കെല്ലർ (ഇപ്പോൾ ദ ന്യൂയോർക്ക് ടൈംസിന്റെ എക്സിക്യൂട്ടിവ് എഡിറ്റർ), രാഷ്ട്രങ്ങൾ രണ്ടാം ആണവ യുഗത്തിലേക്കു രംഗപ്രവേശം ചെയ്തിരിക്കുന്നതായി അഭിപ്രായപ്പെട്ടു. മുൻ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ സ്വന്തമായിത്തീർന്ന ആയുധങ്ങൾ ഉപേക്ഷിക്കാമെന്ന് യൂക്രെയിൻ സമ്മതിച്ച 1994 ജനുവരി വരെ ആയിരുന്നു ആദ്യയുഗം. ഒരു രണ്ടാം ആണവ യുഗത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് എന്തുകൊണ്ടാണ്?
കെല്ലർ ഇങ്ങനെ എഴുതുന്നു: “ഇന്ത്യയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഹിന്ദു ദേശീയവാദ ഭരണകൂടം 1998-ൽ രാജസ്ഥാൻ മരുഭൂമിയിൽ അഞ്ചു പരീക്ഷണ സ്ഫോടനങ്ങൾ നടത്തവേ മുഴങ്ങിക്കേട്ടത് രണ്ടാം ആണവ യുഗത്തിന്റെ പടഹധ്വനിയായിരുന്നു. രണ്ടാഴ്ചയ്ക്കു ശേഷം പാക്കിസ്ഥാനും അതുതന്നെ ചെയ്തു.” ആദ്യ ആണവ യുഗത്തിലെ പരീക്ഷണങ്ങളിൽനിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത് എന്താണ്? “ഒരു പ്രത്യേക മേഖലയെ മനസ്സിൽക്കണ്ട് വികസിപ്പിച്ച ആണവായുധങ്ങളായിരുന്നു ഇവ.”
ന്യൂക്ലിയർ ക്ലബ്ബിൽ രണ്ടു സജീവ അംഗങ്ങൾ കൂടി പ്രത്യക്ഷപ്പെട്ടത് ലോകത്തിന് കൂടുതലായ എന്തെങ്കിലും സുരക്ഷിതത്വം കൈവരുത്തുമോ? കെല്ലർ ഇപ്രകാരം തുടരുന്നു: “ആണവായുധങ്ങൾ നേടുന്ന ഓരോ പുതിയ രാജ്യവും ഒരു ആണവ രാഷ്ട്രം ഉൾപ്പെട്ട യുദ്ധത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.”—“ചിന്തനീയം” എന്ന തലക്കെട്ടുള്ള ലേഖനം, 2003 മേയ് 4 ലക്കം ദ ന്യൂയോർക്ക് ടൈംസ് മാഗസിൻ, പേജ് 50.
“ആറു പുതിയ ആണവ ബോംബുകൾ നിർമിക്കാൻ ആവശ്യമായ പ്ലൂട്ടോണിയം” ഉത്തര കൊറിയയുടെ കൈവശം ഉണ്ടായിരുന്നേക്കാം എന്ന വാർത്ത സാഹചര്യത്തെ പിന്നെയും സങ്കീർണമാക്കുന്നു. “പുതിയ ആണവായുധങ്ങൾ നിർമിക്കുന്നതിലും ഒരുപക്ഷേ അതിന്റെ വിജയം തെളിയിക്കുന്നതിനായി അവയിൽ ഒന്നിന്റെ പരീക്ഷണസ്ഫോടനം നടത്തുന്നതിലും ഉത്തര കൊറിയ വിജയംവരിക്കാനുള്ള സാധ്യത ഓരോ ദിവസവും വർധിച്ചുവരുകയാണ്.”—2003 ജൂലൈ 18-ലെ ദ ന്യൂയോർക്ക് ടൈംസ്.
[7-ാം പേജിലെ ചിത്രം]
“സ്യൂട്ട്കേസ്” പോലെ തോന്നിക്കുന്ന ഒരു ആണവ ബോംബിന്റെ മാതൃക ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ പ്രദർശിപ്പി ക്കുന്നു
[കടപ്പാട്]
AP Photo/Dennis Cook
[7-ാം പേജിലെ ചിത്രം]
ആക്രമണത്തെ കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പു നൽകുന്ന പഴയ കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവർത്തനക്ഷമത നഷ്ടമായിക്കൊണ്ടിരിക്കുന്നു
[കടപ്പാട്]
NASA photo
[5-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഭൂമി: NASA photo