യുവജനങ്ങൾ ചോദിക്കുന്നു . . .
വിവാഹത്തിനു മുമ്പുള്ള ലൈംഗികത എനിക്ക് എങ്ങനെ ഒഴിവാക്കാനാകും?
“മുമ്പ് സ്കൂളിൽവെച്ചു കണ്ടുമുട്ടിയിരുന്ന ഒരു ആൺകുട്ടിയുമായി 19 വയസ്സുള്ളപ്പോൾ ഞാൻ സെക്സിലേർപ്പെട്ടു. അതേത്തുടർന്ന് എനിക്കുണ്ടായ മനോവിഷമത്തിന്റെ തീവ്രത പറഞ്ഞറിയിക്കാൻ വയ്യ. വിലകെട്ടവളാണെന്ന ചിന്ത എന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.”—ലേസി.a
“ദുർന്നടപ്പു” അഥവാ പരസംഗം “വിട്ടു ഓടുവിൻ” എന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 6:18) എന്നാൽ, ചുരുക്കം ചില യുവജനങ്ങൾ മാത്രമേ ബൈബിളിന്റെ ഈ വാക്കുകൾ അനുസരിക്കാൻ മനസ്സൊരുക്കം കാണിക്കുകയും തങ്ങൾ വിവാഹിതരാകുന്നതുവരെ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്നുള്ളൂ. ലേസിയെ പോലെയുള്ള ചിലർ തങ്ങളുടെ ആഗ്രഹങ്ങൾക്കു വഴിപ്പെടുകയും മനസ്സാക്ഷിക്കുത്തും ഹൃദയവേദനയും വരുത്തിവെക്കുകയും ചെയ്തിരിക്കുന്നു.
ഒരുവന്റെ ലൈംഗിക പ്രചോദനങ്ങൾ നിയന്ത്രിക്കുക എളുപ്പമല്ല എന്നതു ശരിയാണ്. കൗമാരം തളിർക്കുമ്പോൾ (ഇംഗ്ലീഷ്) എന്ന പാഠപുസ്തകം പറയുന്നതനുസരിച്ച്, താരുണ്യത്തിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങൾ നിസ്സംശയമായും “അതുമായി ബന്ധപ്പെട്ട വർധിച്ച ലൈംഗിക പ്രചോദനങ്ങൾക്ക്” കാരണമാകുന്നു. പോൾ ഇപ്രകാരം സമ്മതിക്കുന്നു: “ചിലപ്പോൾ പ്രത്യക്ഷത്തിൽ യാതൊരു കാരണവുമില്ലാതെ സെക്സിനെ കുറിച്ചുള്ള ചിന്തകൾ എന്റെ മനസ്സിലെത്തുന്നു.”
എന്നാൽ, “[കൗമാരക്കാരുടെ] പെരുമാറ്റത്തിന്റെ കാരണക്കാരായി ഹോർമോണുകളെ മാത്രം പഴിചാരുന്നത് കാര്യങ്ങളുടെ വളച്ചൊടിക്കലാണ്,” ശിശുരോഗവിഭാഗം പ്രൊഫസർ ഹൗവർഡ് കൂളിൻ പറയുന്നു. സാമൂഹിക ഘടകങ്ങൾക്കും ഇതിൽ ഒരു പങ്കുണ്ട് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതേ, സാമൂഹിക ഘടകങ്ങൾക്ക്, വിശേഷിച്ചും സമപ്രായക്കാരിൽനിന്നുള്ള സ്വാധീനത്തിന് കൗമാരപ്രായക്കാരെ ശക്തമായി പിടിമുറുക്കാൻ കഴിയും.
ഒരു എഴുത്തുകാരിയായ പട്രിഷ ഹെർഷ് വേറിട്ട ഒരു വിഭാഗം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “യുവജനങ്ങൾ തങ്ങളുടേതായ ഒരു സമൂഹം കെട്ടിപ്പടുത്തിരിക്കുന്നു. . . . സമപ്രായക്കാരുടേതായ ഒരു കൂട്ടം എന്നതിൽ കവിഞ്ഞ്, [മുതിർന്നവരിൽനിന്ന്] ഒറ്റപ്പെട്ട, സ്വന്തമായ മൂല്യങ്ങളും സദാചാര സംഹിതകളും നിയമങ്ങളും ഒക്കെയുള്ള ഒരു സമൂഹം.” പക്ഷേ, ഇന്നത്തെ അനേകം യുവജനങ്ങളുടെയും “സദാചാര സംഹിതകളും” “നിയമങ്ങളും” പലപ്പോഴും ലൈംഗിക പ്രചോദനങ്ങൾക്കു വഴിപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നവയാണ്, അല്ലാതെ അവയെ നിയന്ത്രിക്കാൻ സഹായിക്കുന്നവയല്ല. അതിനാൽ അനേകർക്ക് വിവാഹത്തിനു മുമ്പുള്ള ലൈംഗികതയിൽ ഏർപ്പെടാനുള്ള സമ്മർദം തോന്നിയേക്കാം.
എന്നിരുന്നാലും, ക്രിസ്ത്യാനികളായ യുവജനങ്ങൾ എല്ലാത്തരത്തിലുമുള്ള പരസംഗത്തിൽനിന്ന് ഒഴിഞ്ഞിരിക്കാൻ ജ്ഞാനപൂർവം ഉറച്ച തീരുമാനം എടുത്തിരിക്കുന്നു. എന്തെന്നാൽ, ‘ജഡത്തിന്റെ പ്രവൃത്തികളിൽ’ ഒന്ന് എന്ന നിലയിൽ ദൈവം അതിനെ കുറ്റം വിധിക്കുന്നുവെന്ന് അവർക്കറിയാം.b (ഗലാത്യർ 5:19) എന്നാൽ, കടുത്ത സമ്മർദങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങൾക്ക് എങ്ങനെ ചാരിത്രശുദ്ധി കാത്തുസൂക്ഷിക്കാൻ കഴിയും?
ജ്ഞാനികളായ സുഹൃത്തുക്കളെ അന്വേഷിക്കുക
സാമൂഹിക സമ്മർദങ്ങൾക്കു നിങ്ങളെ മോശമായ വിധത്തിൽ സ്വാധീനിക്കാൻ കഴിയുമെങ്കിൽ നല്ല സുഹൃത്തുക്കൾക്കു നിങ്ങളെ നല്ല വിധത്തിൽ സ്വാധീനിക്കാൻ കഴിയും എന്നതാണ് രസകരമായ വസ്തുത. ബൈബിളും അതുതന്നെയാണു പറയുന്നത്: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും.” (സദൃശവാക്യങ്ങൾ 13:20; 1 കൊരിന്ത്യർ 15:33, NW) ലോകാരോഗ്യ സംഘടനയിൽനിന്നുള്ള ഒരു റിപ്പോർട്ടു ശ്രദ്ധിക്കുക: “മാതാപിതാക്കൾ, സ്നേഹമുള്ള മുതിർന്ന മറ്റാളുകൾ, സമപ്രായക്കാർ എന്നിവരുമായി അർഥവത്തായ ബന്ധങ്ങൾ നെയ്തെടുത്തിട്ടുള്ളവരും . . . ജീവിതത്തിന് ഒരു ചട്ടക്കൂടും നിശ്ചിത പരിധികളും നൽകപ്പെട്ടിട്ടുള്ളവരും . . . ആയ കൗമാരപ്രായക്കാർ ലൈംഗികതയിൽ ഏർപ്പെട്ടു തുടങ്ങാനുള്ള സാധ്യത കുറവാണ്.”
നിങ്ങളുടെ മാതാപിതാക്കളുമായി അർഥവത്തായ ബന്ധങ്ങൾ ഉണ്ടായിരിക്കുന്നത് വിശേഷിച്ചും പ്രതിഫലദായകമായിരിക്കാൻ കഴിയും. ജോസഫ് ഇപ്രകാരം അനുസ്മരിക്കുന്നു: “സെക്സ് പരീക്ഷിച്ചുനോക്കാനുള്ള സമ്മർദങ്ങളെ ചെറുത്തുനിൽക്കാൻ എന്റെ മാതാപിതാക്കൾ എന്നെ തീർച്ചയായും സഹായിച്ചു.” അതേ, നിങ്ങളുടെ ജീവിതത്തിന് ദൈവവചനത്തിൽ അധിഷ്ഠിതമായ ചട്ടക്കൂടും നിശ്ചിത പരിധികളും വെക്കാൻ ദൈവഭക്തരായ നിങ്ങളുടെ മാതാപിതാക്കൾക്കു കഴിയും. (എഫെസ്യർ 6:2, 3) ചാരിത്രശുദ്ധി കാത്തുസൂക്ഷിക്കാനുള്ള നിങ്ങളുടെ ഉദ്യമങ്ങളെ പിന്തുണയ്ക്കാൻ അവർക്കാകും.
എന്നാൽ, മാതാപിതാക്കളോട് ലൈംഗിക കാര്യങ്ങളെ കുറിച്ചു സംസാരിക്കാൻ ആദ്യമൊക്കെ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നിയേക്കാം, ശരിയാണ്. എന്നാൽ നിങ്ങളുടെ വികാരങ്ങളെ അവർ എത്ര നന്നായി മനസ്സിലാക്കുന്നെന്ന് അറിയുമ്പോൾ നിങ്ങൾ അതിശയിച്ചുപോയേക്കാം. എന്തായിരുന്നാലും, അവരും ഒരിക്കൽ യുവജനങ്ങൾ ആയിരുന്നല്ലോ. അതുകൊണ്ട് സോണിയ എന്ന പെൺകുട്ടിക്ക് മറ്റു യുവജനങ്ങളോടു പറയാനുള്ളത് എന്താണെന്നോ: “നിങ്ങളുടെ മാതാപിതാക്കളെ സമീപിക്കുക. സെക്സിനെ കുറിച്ച് അവരോടു സംസാരിക്കാൻ നാണിക്കുകയോ മടിക്കുകയോ ചെയ്യരുത്.”
എന്നാൽ നിങ്ങളുടെ മാതാപിതാക്കൾ ബൈബിൾ നിലവാരങ്ങൾ പിൻപറ്റുന്നവർ അല്ലെങ്കിലോ? അപ്പോൾ, അവരോടുള്ള ബഹുമാനം നിലനിറുത്തിക്കൊണ്ടുതന്നെ നിങ്ങൾക്ക് കുടുംബത്തിനു പുറത്തുള്ള ആരിൽനിന്നെങ്കിലും സഹായം സ്വീകരിക്കേണ്ടതായി വന്നേക്കാം. മുമ്പ് പരാമർശിച്ച പോൾ പറയുന്നു: “പക്വതയുള്ള ക്രിസ്തീയ ദമ്പതികളിൽനിന്ന് ഇക്കാര്യത്തിൽ എനിക്കു വലിയ സഹായം ലഭിക്കുന്നു.” അമ്മ അവിശ്വാസിയായിരിക്കുന്ന കെൻജിക്കും സമാനമായ അഭിപ്രായമാണുള്ളത്. അവൾ പറയുന്നു: “ബുദ്ധിയുപദേശത്തിനായി, ഞാൻ ആത്മീയമായി ശക്തിപകരുന്ന പക്വതയുള്ളവരിലേക്കുതന്നെ നോക്കുന്നു.” പക്ഷേ അവൾ ഒരു മുന്നറിയിപ്പു നൽകുന്നു: “ഉറച്ച ധാർമിക നിലവാരങ്ങൾ ഇല്ലാത്ത ആളുകളെ ഞാൻ ഒഴിവാക്കുന്നു. അവർ എന്റെ അതേ മതവിശ്വാസങ്ങൾ പിൻപറ്റുന്നവരാണെന്ന് അവകാശപ്പെടുന്നവരാണെങ്കിൽ പോലും.”
ചിലപ്പോഴൊക്കെ, ക്രിസ്തീയ സഭയ്ക്കുള്ളിൽത്തന്നെ നിങ്ങളുടെ സഹവാസം ശ്രദ്ധിക്കേണ്ടത് അനിവാര്യമായിരുന്നേക്കാം. ഒരു വലിയ കൂട്ടത്തിൽ പലപ്പോഴും മാന്യമായ നടത്ത ഇല്ലാത്ത ചിലരെങ്കിലും ഉണ്ടായിരിക്കും എന്ന് ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു. (2 തിമൊഥെയൊസ് 2:20) നിങ്ങളുടെ സഭയിലെ ചില യുവജനങ്ങൾ ഫലത്തിൽ, ‘കപടക്കാർ’ അല്ലെങ്കിൽ തങ്ങളുടെ യഥാർഥ വ്യക്തിത്വം ഒളിച്ചുവെക്കുന്നവർ ആണെന്നു നിങ്ങൾ കണ്ടെത്തുന്നെങ്കിൽ എന്തു ചെയ്യണം? (സങ്കീർത്തനം 26:4) അത്തരക്കാരുമായി ചങ്ങാത്തം കൂടുന്നത് ഒഴിവാക്കുക. പകരം ധാർമികമായി ശുദ്ധിയുള്ള ഒരാളായി നിൽക്കാനുള്ള നിങ്ങളുടെ ദൃഢതീരുമാനത്തെ പിന്താങ്ങുന്നവരെ നിങ്ങളുടെ കൂട്ടുകാരാക്കുക.
ദ്രോഹകരമായ പ്രചാരണങ്ങളെ ചെറുക്കുക
പുസ്തകങ്ങൾ, മാസികകൾ, മ്യൂസിക് വീഡിയോകൾ, വീഡിയോ ഗെയിമുകൾ, സിനിമകൾ, ഇന്റർനെറ്റ് എന്നിവയിലൂടെ ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന കാമോദ്ദീപകമായ ചിത്രങ്ങൾ, ലൈംഗികച്ചുവയുള്ള ഗൂഢാർഥ പ്രയോഗങ്ങൾ എന്നിവയിൽനിന്നു സ്വയം രക്ഷിക്കാനും നിങ്ങൾ ചില നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. മാധ്യമങ്ങൾ വിവാഹപൂർവ ലൈംഗികതയെ ഗ്ലാമറുള്ളതും ആസ്വാദ്യവും യാതൊരു അപകടവുമില്ലാത്തതും ആയി ചിത്രീകരിക്കുന്നു. ഫലമോ? മുകളിൽ പരാമർശിച്ച കെൻജി ഇപ്രകാരം സമ്മതിക്കുന്നു: “സെക്സിനെ വളരെ ലാഘവത്തോടെ ചിത്രീകരിച്ചതും സ്വവർഗസംഭോഗത്തിന്റെ ധ്വനിയുള്ളതുമായ ഒരു ഷോ ഞാൻ കാണാനിടയായി. ഫലമോ? ഈ കാര്യങ്ങളെ യഹോവ എത്ര ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത് എന്ന കാര്യം ഞാൻ മറന്നുതുടങ്ങി.”
ജനപ്രിയ വിനോദങ്ങൾ പലപ്പോഴും വിവാഹത്തിനു മുമ്പുള്ള ലൈംഗികതയുടെ കയ്ക്കുന്ന യാഥാർഥ്യങ്ങൾക്കുമേൽ മൂടുപടമിടുന്നു എന്നതാണ് വാസ്തവം. അതേ, ആഗ്രഹിക്കാത്ത ഗർഭധാരണങ്ങൾ, പക്വതയെത്തുന്നതിനു മുമ്പേയുള്ള വിവാഹങ്ങൾ, ലൈംഗികമായി പകരുന്ന രോഗങ്ങൾ തുടങ്ങിയ പരിണതഫലങ്ങളെ അവ തന്ത്രപൂർവം മറച്ചുവെക്കുന്നു. അതുകൊണ്ട്, “തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറ”യുന്നതു കേട്ട് വഞ്ചിക്കപ്പെടരുത്.—യെശയ്യാവു 5:20.
സദൃശവാക്യങ്ങൾ 14:15-ലെ വാക്കുകൾ ഓർമിക്കുക: “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” നിങ്ങൾ വായിക്കുമ്പോഴോ ഇന്റർനെറ്റിൽ പരതുമ്പോഴോ ടിവി കാണുമ്പോഴോ ഒക്കെ ലൈംഗിക സൂചകമായതോ ലൈംഗിക ആഗ്രഹങ്ങളെ ഉത്തേജിപ്പിക്കുന്നതോ ആയ ചിത്രങ്ങൾ നിങ്ങളുടെ കൺമുന്നിലെത്തുന്നെങ്കിൽ ഉടനടി ആ പുസ്തകം അടയ്ക്കുക, അല്ലെങ്കിൽ കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്യുക, ടിവി ചാനൽ മാറ്റുക! എന്നിട്ട് നിങ്ങളുടെ ശ്രദ്ധ ആരോഗ്യാവഹമായ എന്തെങ്കിലും സംഗതികളിൽ കേന്ദ്രീകരിക്കുക. (ഫിലിപ്പിയർ 4:8) അങ്ങനെ ചെയ്യുകയാണെങ്കിൽ മോശമായ ആഗ്രഹങ്ങൾ നിങ്ങളുടെ ഉള്ളിൽ വേരിറങ്ങിത്തുടങ്ങുന്നതിനു മുമ്പേ നിങ്ങൾക്ക് അവയെ പിഴുതെറിയാൻ കഴിയും.—യാക്കോബ് 1:14, 15.
അനുരഞ്ജനപ്പെടുന്നതിലേക്കു നയിച്ചേക്കാവുന്ന സാഹചര്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക
നിങ്ങൾ ആരെങ്കിലുമായി ഡേറ്റിങ്ങിൽ ഏർപ്പെടുന്നുണ്ടോ? എങ്കിൽ ജാഗ്രത പാലിക്കേണ്ട ആവശ്യമുണ്ട്. ബൈബിൾ നമുക്ക് ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “ഹൃദയം എല്ലാററിനെക്കാളും കപടവും വിഷമവുമുള്ളത്.” (യിരെമ്യാവു 17:9) സ്നേഹപ്രകടനങ്ങൾ ലൈംഗിക ദുർനടത്തയിലേക്കു വഴിവിട്ടുപോകുക എളുപ്പമാണ്. അതുകൊണ്ട് ന്യായമായ മുൻകരുതലുകൾ സ്വീകരിക്കുക. ഉദാഹരണത്തിന്, മുതിർന്ന ഒരു വ്യക്തിയോടൊപ്പമോ ധാർമിക മൂല്യങ്ങളുള്ള ഒരു കൂട്ടത്തോടൊപ്പമോ ആയിരിക്കുമ്പോൾ ഡേറ്റിങ്ങിൽ ഏർപ്പെടുക. പ്രലോഭനത്തിന് ഇടയാക്കിയേക്കാവുന്ന ചുറ്റുപാടുകളിൽ നിങ്ങൾ രണ്ടുപേരും ഒറ്റയ്ക്കായിരിക്കുന്നത് ഒഴിവാക്കുക.
ഒരുപക്ഷേ, നിങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കാം, അതുകൊണ്ട് ചില ശാരീരിക സ്നേഹപ്രകടനങ്ങൾ ഒക്കെ ഉചിതമാണെന്നു നിങ്ങൾക്കു തോന്നിയേക്കാം. എങ്കിൽപ്പോലും, ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോർട്ട് ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “വിവാഹം ഉടൻതന്നെ നടക്കാനിരിക്കുമ്പോൾ സ്ത്രീകളിൽ ഭൂരിഭാഗവും, യാഥാസ്ഥിതിക ചുറ്റുപാടുകളിൽ ഉള്ളവർപോലും, വിവാഹപൂർവ ലൈംഗികതയിൽ ഏർപ്പെടുന്നതായി കാണുന്നു.”c അതുകൊണ്ട് നിങ്ങളുടെ സ്നേഹപ്രകടനങ്ങൾക്കു പരിധിവെക്കുക. വേണ്ടാത്ത ഹൃദയവേദനകൾ വരുത്തിവെക്കുന്നതിൽനിന്നു നിങ്ങളെത്തന്നെ സംരക്ഷിക്കുക.
എന്നാൽ പല യുവജനങ്ങളെയും, പ്രത്യേകിച്ച് കൊച്ചു പെൺകുട്ടികളെ, നിർബന്ധിച്ചോ ബലമായോ ലൈംഗികബന്ധത്തിനു വിധേയരാക്കാറുണ്ട് എന്നതു ഞെട്ടിക്കുന്ന ഒരു വസ്തുത ആയിരുന്നേക്കാം. ഒരു പഠനം അനുസരിച്ച്, “15 വയസ്സിനു മുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട യു.എസ്.-ലെ കൗമാരപ്രായക്കാരായ പെൺകുട്ടികളിൽ 60 ശതമാനം പേർ അതു ചെയ്തത് സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായിട്ടാണ്.” അതിക്രമികൾ പലപ്പോഴും തങ്ങളുടെ ശക്തി ഉപയോഗിച്ച് ഇരകളെ കീഴടക്കുന്നു. (സഭാപ്രസംഗി 4:1) ഉദാഹരണത്തിന്, ദാവീദ് രാജാവിന്റെ മകനായ അമ്നോന് തന്റെ അർധ സഹോദരിയായ താമാറിനോടു “പ്രേമം” തോന്നുകയും അവൻ സൂത്രത്തിൽ അവളെ ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിനു വിധേയയാക്കുകയും ചെയ്തു എന്ന് ബൈബിൾ പറയുന്നു.—2 ശമൂവേൽ 13:1, 10-16.
എന്നിരുന്നാലും ബലാത്സംഗമോ നിർബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ ഉള്ള ലൈംഗികബന്ധമോ തടയുക അസാധ്യം ആണെന്ന് ഇതിന് അർഥമില്ല. അപകടത്തിനെതിരെ ജാഗ്രതയോടെയിരിക്കുകയും അനുരഞ്ജനപ്പെടേണ്ടിവരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ഭീഷണി ഉയരുന്നപക്ഷം പെട്ടെന്ന് നടപടി സ്വീകരിക്കുകയും ചെയ്യുന്നത് നിങ്ങളെത്തന്നെ സംരക്ഷിക്കുന്നതിനു വളരെയധികം സഹായിക്കും.d
നിങ്ങളുടെ ഹൃദയത്തെ ‘ഏകാഗ്രമാക്കുക’
നാം ഇവിടെ ചർച്ച ചെയ്ത നിർദേശങ്ങൾ ചാരിത്രശുദ്ധി കാത്തുസൂക്ഷിക്കാനുള്ള പോരാട്ടത്തിൽ നിങ്ങളെ സഹായിക്കുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു. എന്നാൽ ആത്യന്തികമായി നിങ്ങളുടെ ഹൃദയത്തിലുള്ളത് എന്താണോ അതാണ് നിങ്ങളുടെ പെരുമാറ്റത്തെ നിർണയിക്കുക. “പരസംഗം . . . ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു” എന്ന് യേശു പറയുകയുണ്ടായി. (മത്തായി 15:19) അതുകൊണ്ട് ഈ അതിപ്രധാന സംഗതിയിൽ നിങ്ങൾ ‘അർധഹൃദയമുള്ളവരോ’ (ഉദാസീനരോ) ‘ഇരുഹൃദയമുള്ളവരോ’ (കാപട്യമുള്ളവർ) ആയിരിക്കാനുള്ള ചായ്വിനെ ചെറുത്തുനിൽക്കേണ്ടതുണ്ട്.—സങ്കീർത്തനം 12:2, NW; 119:113, NW.
നിങ്ങളുടെ ദൃഢതീരുമാനം ദുർബലമാകുന്നതായോ നിങ്ങളുടെ ഹൃദയത്തിൽ ഒരു ഏറ്റുമുട്ടൽ നടക്കുന്നതായോ നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നുന്നെങ്കിൽ “നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ” എന്ന് ദൈവത്തോട് അപേക്ഷിച്ച ദാവീദിനെപ്പോലെ നിങ്ങളും പ്രാർഥിക്കുക. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (സങ്കീർത്തനം 86:11) എന്നിട്ട്, ബൈബിളും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും പഠിച്ചുകൊണ്ടും പഠിച്ചതു ബാധകമാക്കിക്കൊണ്ടും നിങ്ങളുടെ പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കുക. (യാക്കോബ് 1:22) ലിഡിയ ഇപ്രകാരം പറയുന്നു: “‘ദുർന്നടപ്പുകാരൻ, അശുദ്ധൻ ഇവർക്കു ആർക്കും ദൈവത്തിന്റെ രാജ്യത്തിൽ അവകാശമില്ല’ എന്ന വസ്തുതയെ കുറിച്ച് എല്ലായ്പോഴും ഓർക്കുന്നത് ലൈംഗിക പ്രലോഭനങ്ങളെ ചെറുക്കാനുള്ള പ്രേരണ എനിക്കു നൽകുന്നു.”—എഫെസ്യർ 5:5.
വിവാഹത്തിനു മുമ്പുള്ള ലൈംഗികത ഒഴിവാക്കുക എളുപ്പമല്ലായിരിക്കാം. എന്നാൽ യഹോവയുടെ സഹായത്താൽ നിങ്ങൾക്ക് നിങ്ങളുടെ ചാരിത്രശുദ്ധി കാത്തുസൂക്ഷിക്കാനും അനേകം ഹൃദയവേദനകളിൽനിന്നും ക്ലേശങ്ങളിൽനിന്നും നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കാനും കഴിയും.—സദൃശവാക്യങ്ങൾ 5:8-12. (g04 8/22)
[അടിക്കുറിപ്പുകൾ]
a പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b ഞങ്ങളുടെ 2004 ആഗസ്റ്റ് 8 ലക്കത്തിലെ, “യുവജനങ്ങൾ ചോദിക്കുന്നു . . . വിവാഹത്തിനു മുമ്പുള്ള ലൈംഗികതയിൽ എന്താണ് തെറ്റ്?” എന്ന ലേഖനം കാണുക.
c യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ 29-ാം അധ്യായം കാണുക.
d ഇക്കാര്യത്തിൽ സഹായം ലഭ്യമാക്കുന്ന ചില നിർദേശങ്ങൾ ഞങ്ങളുടെ 1995 ആഗസ്റ്റ് 22, 2004 ജൂലൈ 8 എന്നീ ലക്കങ്ങളിലെ “യുവജനങ്ങൾ ചോദിക്കുന്നു . . .” എന്ന പംക്തിയിലെ “ലൈംഗികോപദ്രവം—എനിക്ക് സ്വയം എങ്ങനെ സംരക്ഷിക്കാനാവും?” “എന്നോടുള്ള ഈ മോശമായ പെരുമാറ്റം എങ്ങനെ തടയാം?” എന്നീ ലേഖനങ്ങളിൽ കാണാൻ കഴിയും.
[17-ാം പേജിലെ ചിത്രം]
നിങ്ങളുടെ വികാരങ്ങൾ മാതാപിതാക്കളുമായി ചർച്ച ചെയ്യുന്നത് ചാരിത്രശുദ്ധി കാത്തുസൂക്ഷിക്കാൻ നിങ്ങളെ സഹായിക്കും
[18-ാം പേജിലെ ചിത്രം]
ധാർമിക മൂല്യങ്ങളുള്ള ഒരു കൂട്ടത്തോടൊപ്പം ആയിരിക്കുമ്പോൾ ഡേറ്റിങ്ങിൽ ഏർപ്പെടുന്നത് സംരക്ഷണമായിരിക്കും