ബൈബിളിന്റെ വീക്ഷണം
ഒരേയൊരു സത്യദൈവമേ ഉള്ളോ?
മോലേക്ക്, അസ്തോരെത്ത്, ബാൽ, ദാഗോൻ, മേരോദാക്, ഇന്ദ്രൻ, ബുധൻ, അർത്തെമിസ് എന്നിവർ ബൈബിളിൽ പേരു പരാമർശിച്ചിരിക്കുന്ന ദേവീദേവന്മാരിൽ ചിലരാണ്. (ലേവ്യപുസ്തകം 18:21; ന്യായാധിപന്മാർ 2:13; 16:23; യിരെമ്യാവു 50:2; പ്രവൃത്തികൾ 14:12; 19:24) എന്നിരുന്നാലും തിരുവെഴുത്തുകൾ യഹോവയെ മാത്രമേ സർവശക്തനായ ദൈവം എന്നു വിശേഷിപ്പിക്കുന്നുള്ളൂ. ഒരു ജയഗീതത്തിൽ, ഇങ്ങനെ പാടുന്നതിന് മോശെ തന്റെ ജനത്തിനു നേതൃത്വം നൽകി: “യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ?”—പുറപ്പാടു 15:11.
വ്യക്തമായും, മറ്റെല്ലാ ദൈവങ്ങളെക്കാളും ഉന്നതമായ ഒരു സ്ഥാനമാണ് ബൈബിൾ യഹോവയ്ക്കു നൽകുന്നത്. അങ്ങനെയെങ്കിൽ ഈ മറ്റു ദൈവങ്ങൾ എന്തു പങ്കാണു വഹിക്കുന്നത്? അവരും കാലങ്ങളായി ആരാധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റ് അസംഖ്യം ദൈവങ്ങളും, സർവശക്തനാം ദൈവമായ യഹോവയെക്കാളും ശക്തി കുറഞ്ഞ യഥാർഥ ദൈവങ്ങളാണോ?
ഭാവനാസൃഷ്ടികൾ മാത്രം
യഹോവയെ ഏകസത്യദൈവമായി ബൈബിൾ തിരിച്ചറിയിക്കുന്നു. (സങ്കീർത്തനം 83:18; യോഹന്നാൻ 17:3) ദൈവത്തിന്റെ സ്വന്തം വാക്കുകൾ പ്രവാചകനായ യെശയ്യാവ് ഇങ്ങനെ രേഖപ്പെടുത്തി: “എനിക്കുമുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.”—യെശയ്യാവു 43:10, 11.
മറ്റ് എല്ലാ ദൈവങ്ങളും യഹോവയെക്കാൾ താഴ്ന്നവരാണെന്നു മാത്രമല്ല, മിക്കവയും നിലകൊള്ളുന്നുപോലുമില്ല—അവ മനുഷ്യന്റെ ഭാവനാസൃഷ്ടികൾ മാത്രമാണ്. ബൈബിൾ ഈ ദൈവങ്ങളെ വിശേഷിപ്പിക്കുന്നത് “കാണ്മാനും കേൾപ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്ത . . . , മനുഷ്യരുടെ കൈപ്പണി” എന്നാണ്. (ആവർത്തനപുസ്തകം 4:28) യഹോവ മാത്രമാണ് സത്യദൈവമെന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു.
യഹോവയെ അല്ലാതെ മറ്റേതെങ്കിലും ദൈവത്തെ ആരാധിക്കുന്നതിനെതിരെ തിരുവെഴുത്തുകൾ കർശനമായ മുന്നറിയിപ്പു നൽകുന്നതിൽ അതിശയിക്കാനില്ല. ഉദാഹരണത്തിന്, മോശെക്കു നൽകപ്പെട്ട പത്തു കൽപ്പനകളിൽ ആദ്യത്തേതിൽ, അന്യദൈവങ്ങളെ ആരാധിക്കരുതെന്നു പുരാതന ഇസ്രായേൽ ജനത്തോടു നിർദേശിക്കപ്പെട്ടു. (പുറപ്പാടു 20:3) എന്തുകൊണ്ട്?
ഒന്നാമതായി, നിലകൊള്ളുകപോലും ചെയ്യാത്ത ഒരു ദൈവത്തെ വണങ്ങുന്നത് സ്രഷ്ടാവിന് അങ്ങേയറ്റം നിന്ദ വരുത്തുന്നു. ഇത്തരം വ്യാജദൈവങ്ങളുടെ ആരാധകരെ ബൈബിൾ ഇങ്ങനെ വിശേഷിപ്പിക്കുന്നു: “ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു.” (റോമർ 1:25) മിക്കപ്പോഴും ഇത്തരം സാങ്കൽപ്പിക ദൈവങ്ങളെ പ്രതിനിധീകരിക്കുന്നത്, പ്രകൃതിയിൽ കാണപ്പെടുന്ന ലോഹമോ മരമോ പോലുള്ള വസ്തുക്കൾകൊണ്ട് ഉണ്ടാക്കപ്പെടുന്ന വിഗ്രഹങ്ങളാണ്. ആരാധനാമൂർത്തികളിൽ പലതും ഇടിമുഴക്കം, സമുദ്രങ്ങൾ, കാറ്റ് എന്നിവ പോലുള്ള പ്രകൃതിയിലെ ചില സംഗതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ഇത്തരം വ്യാജദൈവങ്ങളെ ആരാധിക്കുന്നത് നിശ്ചയമായും സർവശക്തനായ ദൈവത്തോടുള്ള കടുത്ത അനാദരവാണ്.
സ്രഷ്ടാവിന് വ്യാജദൈവങ്ങളോടും അവയുടെ പ്രതിമകളോടും വെറുപ്പാണ്. എന്നിരുന്നാലും, ഇത്തരം വ്യാജദൈവങ്ങളെ മെനഞ്ഞെടുത്തിരിക്കുന്ന ആളുകളോടാണ് പ്രധാനമായും ദൈവം അപ്രീതിയുടെ വാക്കുകൾ ചൊരിഞ്ഞിരിക്കുന്നത്. അവന്റെ വികാരങ്ങൾ പിൻവരുന്ന വാക്കുകൾ ശക്തമായി പ്രതിഫലിപ്പിക്കുന്നു: “ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു. അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല; അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല. അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.”—സങ്കീർത്തനം 135:15-18.
യഹോവയെ അല്ലാതെ വേറെ ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ ആരാധിക്കുന്നതിനെതിരെ ബൈബിൾ കർശനമായ മുന്നറിയിപ്പു നൽകുന്നതിനു മറ്റൊരു കാരണം കൂടെയുണ്ട്. അത്തരം ആരാധന സമയത്തിന്റെയും ശ്രമത്തിന്റെയും വലിയ അളവിലുള്ള പാഴാക്കലായിരിക്കും. പ്രവാചകനായ യെശയ്യാവ് ഉചിതമായി ഇങ്ങനെ പ്രസ്താവിച്ചു: “ഒരു ദേവനെ നിർമ്മിക്കയോ ഒന്നിന്നും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാർക്കുകയോ ചെയ്യുന്നവൻ ആർ?” (യെശയ്യാവു 44:10) ബൈബിൾ ഇങ്ങനെയും പറയുന്നു: “ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂർത്തികളത്രേ.” (സങ്കീർത്തനം 96:5) വ്യാജദൈവങ്ങൾ നിലകൊള്ളുന്നില്ല, ഇല്ലാത്തതിനെ ആരാധിക്കുന്നതുകൊണ്ട് ഒരു നേട്ടവും ഇല്ല.
യേശുവും ദൂതന്മാരും പിശാചും
തിരുവെഴുത്തുകൾ ചില സന്ദർഭങ്ങളിൽ യഥാർഥ വ്യക്തികളെ ദൈവങ്ങളെന്നു പരാമർശിക്കുന്നുണ്ട്. എന്നിരുന്നാലും, സൂക്ഷ്മമായ പരിശോധന വ്യക്തമാക്കുന്നത് ഈ സന്ദർഭങ്ങളിൽ “ദൈവം” എന്ന പദം, ഈ വ്യക്തികൾ ദൈവങ്ങളെന്ന നിലയിൽ ആരാധിക്കപ്പെടേണ്ടവരാണെന്നു സൂചിപ്പിക്കുന്നില്ല എന്നാണ്. ബൈബിൾ എഴുതപ്പെട്ട മൂല ഭാഷകളിൽ, ശക്തനായ ഒരു വ്യക്തിയെയോ ദിവ്യനായ അല്ലെങ്കിൽ സർവശക്തനായ ദൈവവുമായി അടുത്തു ബന്ധമുള്ള ഒരു വ്യക്തിയെയോ കുറിക്കുന്നതിനുവേണ്ടിയും “ദൈവം” എന്ന പദം ഉപയോഗിച്ചിരുന്നു.
ഉദാഹരണത്തിന്, ചില ബൈബിൾ വാക്യങ്ങൾ യേശുക്രിസ്തുവിനെ ദൈവമെന്നു പരാമർശിക്കുന്നു. (യെശയ്യാവു 9:6, 7; യോഹന്നാൻ 1:1, 18) അതിന്റെ അർഥം യേശുവിനെ ആരാധിക്കണം എന്നാണോ? യേശുതന്നെ ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവമായ യഹോവയെ കുമ്പിട്ടു, അവനെ മാത്രം ഉപാസിക്കാവു.” (ലൂക്കൊസ് 4:8, ഗുണ്ടർട്ട് ബൈബിൾ) വ്യക്തമായും, യേശു ശക്തനും ദിവ്യപ്രകൃതമുള്ളവനും ആണെങ്കിലും ആരാധിക്കപ്പെടേണ്ട ഒരുവനായി ബൈബിൾ അവനെ ചിത്രീകരിക്കുന്നില്ല.
ദൈവത്തെപ്പോലുള്ളവരെന്നു ദൂതന്മാരെയും പരാമർശിച്ചിരിക്കുന്നു. (സങ്കീർത്തനം 8:5, NW; എബ്രായർ 2:7) എങ്കിൽത്തന്നെയും, തിരുവെഴുത്തുകളിൽ ഒരിടത്തും ദൂതന്മാരെ വണങ്ങാൻ മനുഷ്യരോടു പറഞ്ഞിട്ടില്ല. വാസ്തവത്തിൽ ഒരു അവസരത്തിൽ, വൃദ്ധനായ യോഹന്നാൻ അപ്പൊസ്തലൻ ഒരു ദൂതന്റെ സാന്നിധ്യത്താൽ വിസ്മയഭരിതനാകുകയും ദൂതനെ ആരാധിക്കേണ്ടതിന് അവന്റെ കാൽക്കൽ വീഴുകയും ചെയ്തു. എന്നിരുന്നാലും ദൂതൻ ഇങ്ങനെ പ്രതികരിച്ചു: “അതരുതു . . . ദൈവത്തെ നമസ്കരിക്ക.”—വെളിപ്പാടു 19:10.
അപ്പൊസ്തലനായ പൗലൊസ് പിശാചിനെ “ഈ ലോകത്തിന്റെ ദൈവം” എന്നു വിശേഷിപ്പിച്ചു. (2 കൊരിന്ത്യർ 4:4) “ഈ ലോകത്തിന്റെ പ്രഭു” അല്ലെങ്കിൽ ഭരണാധികാരി എന്ന നിലയിൽ പിശാച് അസംഖ്യം വ്യാജദൈവങ്ങളുടെ ആരാധന ഉന്നമിപ്പിച്ചിരിക്കുന്നു. (യോഹന്നാൻ 12:31) അതുകൊണ്ട് മനുഷ്യനിർമിത ദൈവങ്ങൾക്ക് അർപ്പിക്കപ്പെടുന്ന എല്ലാ ആരാധനയും ഫലത്തിൽ സാത്താനാണ് അർപ്പിക്കപ്പെടുന്നത്. പക്ഷേ നമ്മുടെ ആരാധന അർഹിക്കുന്ന ഒരു ദൈവമല്ല സാത്താൻ. അവൻ ഒരു സ്വനിയമിത ഭരണാധികാരിയാണ്—അതിക്രമിച്ച് അധികാരം കൈവശപ്പെടുത്തുന്നവൻ. കാലാന്തരത്തിൽ അവനും വ്യാജ ആരാധനയുടെ സകല രൂപങ്ങളും തുടച്ചുനീക്കപ്പെടും. അതു സംഭവിക്കുമ്പോൾ മുഴു മനുഷ്യവർഗവും—അതേ, സകല സൃഷ്ടിയും—യഹോവയാണ് ജീവനുള്ള ഏകസത്യ ദൈവമെന്നു ശാശ്വതമായി അംഗീകരിക്കും.—യിരെമ്യാവു 10:10.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
◼ വിഗ്രഹാരാധനയെ സംബന്ധിച്ച് ബൈബിൾ എന്താണു പഠിപ്പിക്കുന്നത്?—സങ്കീർത്തനം 135:15-18.
◼ യേശുവും ദൂതന്മാരും ദൈവങ്ങളായി ആരാധിക്കപ്പെടണമോ?—ലൂക്കൊസ് 4:8.
◼ ആരാണ് ഏകസത്യദൈവം?—യോഹന്നാൻ 17:3.
[28, 29 പേജുകളിലെ ചിത്രങ്ങൾ]
പ്രതിമകൾ ഇടത്തുനിന്ന്: മറിയ, ഇറ്റലി; മായന്മാരുടെ ചോള ദേവൻ, മെക്സിക്കോയിലും മധ്യ അമേരിക്കയിലും; അസ്തോരെത്ത്, കനാൻ; മന്ത്രശക്തി ഉണ്ടെന്നു കരുതുന്ന ഒരു പ്രതിമ, സിയെറാ ലിയോൺ; ബുദ്ധൻ, ജപ്പാൻ; ചിക്കോമെക്കോയാറ്റ്ൽ, ആസ്ടെക്, മെക്സിക്കോ; പരുന്തിന്റെ മുഖമുള്ള ഹോറസ്, ഈജിപ്ത്; സീയൂസ്, ഗ്രീസ്
[കടപ്പാട്]
ചോള ദേവൻ, പരുന്തിന്റെ മുഖമുള്ള ഹോറസ്, സീയൂസ്: Photograph taken by courtesy of the British Museum